Pages

Saturday, December 18, 2010

ഒരു പരോള്‍കാലം

വീണ്ടും ഒരു അവധിക്കാലം. കുബൂസിന്റെയും ചുട്ട കോഴിയുടെയും ഇടയില്‍നിന്നും,  എത്ര ചീത്ത കേട്ടാലും നാണമില്ലാതെ എന്നും  വെളുപ്പാന്‍  കാലത്ത് കുലുക്കി വിളിക്കുന്ന, താളബോധമില്ലാത്ത  മൊബൈല്‍ അലാറത്തിന്റെ ചെവി തുളക്കുന്ന  ശബ്ദത്തില്‍  നിന്നും, മണല്‍ക്കാറ്റിന്റെയും  വെള്ളിയാഴ്ച  ഉറക്കത്തിന്റെയും  ഇടയില്‍ നിന്ന് -- ഒരു ചെറിയ ഇടവേള!!.    

ഇവിടെ വന്ന അന്ന് മുതല്‍ നാട്ടിലേക്കു പോകാന്‍ അവസരം കിട്ടുന്ന ഓരോ അവധിക്കാലവും പണ്ടത്തെ മധ്യവേനലവധി പോലെയാണ്  . അവസാന പരീക്ഷയും കഴിഞ്ഞ് വീട്ടിലെത്തി സ്കൂള്‍ബാഗ് ഒരു മൂലയിലേക്കെറിഞ്ഞ് , പുറത്തേക്കു കുതിക്കാന്‍ വെമ്പുന്ന പഴയ സ്കൂള്‍ വിദ്യാര്‍ഥിയുടെ അതേ മാനസികാവസ്ഥ. ഇനി എത്ര തവണ പോയാലും അതിനൊരു മാറ്റമുണ്ടാകുമെന്ന് തോന്നുന്നുമില്ല.

നാട്ടിലേക്ക്  പോകാനുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത് കഴിഞ്ഞാല്‍  പിന്നെ മനസ് തറയിലിട്ട റബ്ബര്‍ പന്ത് പോലെയാണ്. അങ്ങനെ തെന്നി തെറിച്ചുകൊണ്ടിരിക്കും.  തിരികെ  വരാന്‍  സമയമാകുമ്പോള്‍ അത് പൊറോട്ടക്ക്‌ കുഴച്ച് വെച്ച മൈദ മാവ് പോലെയാകും. വലിച്ചു പറിച്ചെടുക്കാന്‍ ശ്രമിച്ചാലും പറിഞ്ഞു വരാതെ ഒട്ടിയിരിക്കുന്ന അവസ്ഥ.അവസാനം ഒരു വിധം ഇവടെ തിരികെ എത്തിപ്പെട്ടാലോ ...വഴിയരികിലെ ചുവരുകളില്‍  പതിക്കുന്ന സിനിമ  പോസ്റ്ററിന്റെ പകുതി ഏതെങ്കിലുമൊക്കെ ആട് വന്നു തിന്ന്, ബാക്കി കീറിപറിഞ്ഞ്‌, ഒട്ടിപിടിച്ചു അവിടെ തന്നെ ഇരിക്കുന്നത് കണ്ടിട്ടില്ലേ...?എന്ന് പറഞ്ഞപോലെ പകുതി നാട്ടില്‍ തന്നെയായിരിക്കും...ബാക്കി പകുതി ആടിന്റെ വയറ്റിലായ പോസ്റ്റര്‍  പോലെ നമ്മുടെ കൂടെ ഇങ്ങു പോരും!!.
ഇതെന്റെ മാത്രം അവസ്ഥയാണെന്ന് തോന്നുന്നില്ല. നാട്ടില്‍ നിന്നും അകന്ന്, പ്രവാസ ജീവിതം സ്വയം വിധിച്ച ശിക്ഷയായി ഏറ്റുവാങ്ങി, നാടിന്‍റെ പച്ചപ്പും ബന്ധങ്ങളുടെ ഊഷ്മളതയും   മനസ്സില്‍ സൂക്ഷിക്കുന്ന  നല്ലൊരു ശതമാനം പ്രവാസി മലയാളികളുടെയും അവസ്ഥ. വിമാനം നെടുമ്പാശ്ശേരിക്ക് മുകളിലെത്തി, നിലം തൊടാനുള്ള വ്യഗ്രതയില്‍ ചെരിഞ്ഞും തിരിഞ്ഞും വലം വെച്ച്  പറക്കുമ്പോള്‍, കിളി വാതില്‍ പോലെയുള്ള ജാലകത്തില്‍ കൂടി വെളിയിലേക്ക് ആര്‍ത്തിയോടെ നോക്കുന്നവരെ കാണാം. കണ്ണെത്തുന്ന ദൂരത്തോളം തലയുയര്‍ത്തി നിക്കുന്ന തെങ്ങിന്‍തലപ്പുകളും   കാലടി പട്ടണത്തിന്റെ ഒരു വശത്ത്കൂടി, വളഞ്ഞ്‌ പുളഞ്ഞ്   നിശ്ചലമായതുപോലെ കിടക്കുന്ന പെരിയാറും കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളിലെങ്കിലും ഒരു ചെറു ചിരി വരാത്ത എത്ര പേരുണ്ടാകും? താഴെ കാണുന്നത് നമ്മുടെ സ്വന്തം കേരളമാണ്.  ചെക്ക്‌ പോയിന്റുകളില്‍ തിരിച്ചറിയല്‍ രേഖകള്‍  ആവശ്യമില്ലാത്ത, കുടി വെള്ളത്തിന്‌ കാശ് കൊടുക്കണ്ടാത്ത, (കൊച്ചീല് കൊടുക്കേണ്ടി വരും.. കാഞ്ഞിരപ്പള്ളീല്‍  അതിന്റെ ആവശ്യമില്ല)  കൈലി മുണ്ട് മടക്കി കുത്തി റോഡിലൂടെ ഞെളിഞ്ഞ് നടക്കാന്‍ സ്വാതന്ത്ര്യമുള്ള, സൌദിയേക്കാള്‍ രണ്ടര മണിക്കൂര്‍ മുമ്പേ കുതിക്കുന്ന നമ്മുടെ സ്വന്തം നാട്. കേന്ദ്ര നിയമ മന്ത്രിയുടെ വാക്കുകള്‍ മുഖവിലക്കെടുക്കാമെങ്കില്‍, ചൂണ്ടു വിരലില്‍ മഷി പുരട്ടി , സ്കൂളുകളുടെ മുമ്പില്‍ വരിയായി നിന്ന്, ഇനി വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മാമാങ്കങ്ങളില്‍ പ്രവാസികളായ നമുക്കും പങ്കാളികളാകാന്‍ പറ്റുന്ന, ഇന്ത്യ മഹാരാജ്യത്തിലെ തെക്കേ കോണില് 38863 ചതുരശ്രകിലോമീറ്റെര്‍  ചുറ്റളവില്‍ സഹ്യപര്‍വതത്തിനും അറബിക്കടലിനും ഇടക്ക് തിങ്ങി ഞെരുങ്ങി 'വികസിക്കാന്‍' കഴിയാതെ നെടുവീര്‍പ്പുകളുമായി കഴിയുന്ന ദൈവത്തിന്റെ സ്വന്തം നാട്.

പറഞ്ഞ് പറഞ്ഞ് കാടു കയറിയല്ലേ?...

എല്ലാതവണയും പോകുമ്പോള്‍ ചിന്തിക്കുന്നത് പോലെ ഇത്തവണയും ഒരുപാട് പദ്ധതികള്‍ മനസിലുണ്ട്.

'എല്‍ ഐ സി എജെന്റ് വരുമ്പോള്‍ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ച് വാചാലമാകണം! . ഓഹരി വിപണിയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച്    ഒരു ക്ലാസ്സ്‌ എടുത്ത് അവരുടെ വെറുപ്പ്‌ പിടിച്ച് പറ്റണം '. 

'പത്ത് പേരെ ഒന്നിച്ച്‌ കിട്ടിയാല്‍ കേരളത്തിലെ റോഡുകളുടെ ശോചനീയവസ്ഥയെയും      ഗള്‍ഫിലെ  റോഡുകളുടെ  നിര്‍മ്മാണ വൈദഗ്ധ്യത്തെയും പറ്റി ഒരു കവല പ്രസംഗം   നടത്തണം.!!  "ഒരു പരിഷ്കാരി വന്നിരിക്കുന്നു" എന്ന് അവര്‍ മനസിലെങ്കിലും പറയുമല്ലോ....'

 'പിന്നെയും സമയം ബാക്കിയുണ്ടല്ലോ'!!.

'ബാങ്ക് മാനേജരെ ചെന്ന് കണ്ട് എന്‍. ആര്‍ . ഐ  അക്കൌണ്ടിന്റെ ബലത്തില്‍ ഒരു ലോണ് ചോദിക്കാം. കിട്ടിയാല്‍ മുസ്‌ലി  പവെര്‍ എക്സ്ട്രായുടെ ഡീലര്‍ഷിപ്പിന് ശ്രമിക്കണം. പരസ്യത്തിന്റെ ഒരു ഫ്രീക്വെന്‍സി  വെച്ച്  നോക്കീട്ട് ഇതിലും നല്ല ഒരു വരുമാനമാര്‍ഗം വേറെ കാണാന്‍ കഴിയില്ല'.

'അല്ലെങ്കില്‍ ഏതെങ്കിലും നാട്ട് വൈദ്യന്മാരെ കൂട്ട് പിടിച്ച് കുടവയര്‍  കുറക്കാനുള്ള എണ്ണയുടെ 'പേര് ' കണ്ടു പിടിക്കണം'. 'എണ്ണ  ആര്‍ക്ക് വേണമെങ്കിലും ഉണ്ടാക്കാമല്ലോ?'

'അന്തിയുറങ്ങുന്ന വീടും പറമ്പും വിറ്റിട്ടായാലും കുഴപ്പമില്ല ..ഏതെങ്കിലും നിയമന ദല്ലാളന്‍മാരെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ ജോലി കിട്ടുമോന്ന് നോക്കണം'!! .     
  
ഇതിലെല്ലാം പരാജയപ്പെട്ടാല്‍ സൌദിയുടെ ഇനിയങ്ങോട്ടുള്ള  വികസനപാതയില്‍ എന്റെ തുടര്‍സേവനം ഉണ്ടായിരിക്കും.

'മുമ്പ് പറഞ്ഞ മൈദാ മാവിന്റെ  പരുവത്തിലുള്ള  കനം തൂങ്ങുന്ന, വിങ്ങുന്ന മനസുമായി കുബൂസിന്റെയും ഷവര്‍മയുടെയും ലോകത്തില്‍'...

' സര്‍വൈവല്‍ ഓഫ് ദി ഫിറ്റെസ്റ്റ് '!!!!......................... 

 'അപ്പോള്‍ പിന്നെ...പാസ്പോര്‍ട്ടില്‍ എക്സിറ്റ് സ്റ്റാമ്പ് പതിയേണ്ട സമയമാകുന്നു'.........വീണ്ടും കാണാം.....

29 comments:

നൌഫല്‍ ഹുസൈന്‍ said...

നല്ലൊരു പരോള്‍ ആശംസിക്കുന്നു... (കോടതിയില്‍ ആള്‍ ജാമ്യം കൊടുത്തിടുണ്ടല്ലോ ? )

രമേശ്‌അരൂര്‍ said...

ഹാഷിക്ക് ..ഒരു ദിവസം പിന്നാലെ ഞാനും നാട്ടിലേക്ക് .ടിക്കറ്റ് 21 നാണ് എയര്‍ ഇന്ത്യ .രാത്ര്രി .
പ്രവാസിയുടെ ആകാംക്ഷ ..നാട് അണയാനുള്ള
വ്യഗ്രത സ്വപ്‌നങ്ങള്‍ ..എല്ലാം തികഞ്ഞ എഴുത്ത് ..പോയ്‌ വരാം ...ആശംസകള്‍

റാണിപ്രിയ said...

നാട്ടിലേക്ക്(ദൈവത്തിന്റെ സ്വന്തം)സ്വാഗതം ..........

pravasi said...

ഊഷ്മളമായൊരവധിക്കാലം നേരുന്നു...

jayanEvoor said...

ഹ!!
ആശംസകൾ!
നാട്ടിൽ പണിയൊന്നും ശരിയാകാതെ പോട്ടെ!
എങ്കിലല്ലേ, തിരിച്ചുപോകാനാവൂ!

Naushu said...

ആശംസകൾ!

sreelal said...

കാശു കൊടുക്കാതെ വെള്ളം കുടിക്കുന്ന കാഞ്ഞിരപ്പള്ളിക്കാരാ ...നന്നായിട്ടുണ്ട് എഴുത്ത്...പോയി വരൂ..

rajeev said...

8863 ചതുരശ്ര കിലോമീറ്റെര്‍ .. ഈ കണക്ക് എവിടെ നിന്ന് കിട്ടി.സാറ്റലൈറ്റ് സര്‍വേ ആണോ? ആശംസകള്‍....

appachanozhakkal said...

'അല്ലെങ്കില്‍ ഏതെങ്കിലും നാട്ട് വൈദ്യന്മാരെ കൂട്ട് പിടിച്ച് കുടവയര്‍ കുറക്കാനുള്ള എണ്ണയുടെ 'പേര് ' കണ്ടു പിടിക്കണം'.
അബദ്ധത്തിലെങ്ങാനും കണ്ടുപിടിക്കുകയാണെങ്കില്‍, എനിക്കിത്തിരി അയച്ചു തരണം.

ചെറുവാടി said...

ഹാഷിക്ക്,
നല്ലൊരു രസികന്‍ പോസ്റ്റ്‌. പറഞ്ഞപോലെ ഞാനും അനുഭവിക്കുന്ന ഒരു വികാരമാണത്. നാട്ടില്‍ പോകാന്‍ ഉറച്ചു കഴിഞ്ഞാല്‍ പിന്നെ മനസ്സ് എവിടെയും നില്‍ക്കാത്ത ഒരവസ്ഥ. പിന്നവിടെയെത്താതെ സമാധാനം ഈ വഴി വരില്ല.
നല്ല നര്‍മ്മങ്ങളും നല്ല ഭാഷയുമായി നന്നായെഴുതി.
ആശംസകള്‍

മുരളീമുകുന്ദൻ ബിലാത്തിപട്ടണം BILATTHIPATTANAM. said...

മൂക്കുമുട്ടോളം തിന്നിട്ട്,കുടവയർ വന്നിട്ട്,കുബ്ബൂസിന് കുറ്റം....
എന്തായാലും നാട്ടിൽ പോയി ആ നന്മകൾ തൊട്ടറിഞ്ഞുവരൂ

ഹാഷിക്ക് said...

നൌഫല്‍, ആള്‍ ജാമ്യം വേണ്ട....ഇതൊക്കെ സ്വന്തം ജാമ്യത്തില്‍ ഇറങ്ങി വരാവുന്ന കേസല്ലേ?

രെമേശേട്ടാ...താങ്ക്സ്...നാട്ടില്‍ കുറച്ചു ദിവസം കാണുമെന്നു കരുതുന്നു.

റാണിപ്രിയ , പ്രവാസി , നൌഷു...നന്ദി...

ജയന്‍ ഡോക്ടര്‍..ഇത് അവസാനം കറങ്ങി തിരിഞ്ഞു അല്ലെങ്കിലും ഇവിടെ തന്നെ വരും..വന്നതിനും അഭിപ്രായത്തിനും നന്ദി..........

ശ്രീലാല്‍...സുഖമല്ലേ?

ഇസ്മായില്‍ കുറുമ്പടി (തണല്‍) said...

ഹാഷിക്കിന്റെ ഉള്ളില്‍ നല്ലൊരു എഴുത്തുകാരന്‍ മാത്രമല്ല ചിന്തകനും ഒളിഞ്ഞിരിക്കുന്നു എന്ന് ഈ ലേഖനം തെളിയിക്കുന്നു.
ഗള്‍ഫ്‌കാരില്‍ നിന്ന് നല്ല ചിന്തകളും കൃതികളും പുറത്തുവരുന്നത് ഗൃഹാതുരത്വം ഏറ്റവും കൂടുതല്‍ ഇവര്‍ അനുഭവിക്കുന്നതു കൊണ്ടാവാം. ഇല്ലായ്മയുടെ വല്ലായ്മ നമ്മെ ഇരുത്തി ചിന്തിപ്പിക്കുന്നുണ്ട്
(നാട്ടില്‍ പോയി വയറു'ഒട്ടാനുള്ള' എണ്ണ കണ്ടുപിടിച്ചാല്‍ ദയവായി എന്നെ അറിയിക്കുക. ഖത്തറിലെ ഡീലര്‍ ഞാന്‍ തന്നെ! struggle for existence)

arun kaipally said...

അക്കരെ നിക്കുമ്പോൾ ഇക്കരെ പച്ച എന്നു കേട്ടിട്ടുണ്ട്…..

ഹാഷിക്ക് said...

അച്ചായോ(അപ്പച്ചന്‍ ഒഴാക്കല്‍): എണ്ണയും നോക്കി ഇരിക്കാതെ കൈ വീശി രണ്ട് റൌണ്ട് നടക്കാന്‍ പാടില്ലേ...?

താങ്ക്സ് ചെറുവാടി, ഇത് തൊണ്ണൂറ് ശതമാനം പ്രവാസികളുടെയും അവസ്ഥയാണെന്നു തോന്നുന്നു...അല്ലെ?

മുരളിയേട്ടാ..എന്റെ കുടവയറില്‍ എനിക്ക് ടെന്‍ഷനേ ഇല്ലാ...ബട്ട്‌..നാട്ടുകാരുടെ കാര്യം ഓര്‍ക്കുമ്പോള്‍...ഞാന്‍ എന്താ മുരളിയേട്ടാ ഇങ്ങനെ....?

ഇസ്മായില്‍ ...വയറ് "ഒട്ടിപ്പോയാല്‍" തീര്‍ന്നില്ലേ എല്ലാം...? തല്‍ക്കാലം നമുക്ക് കുറച്ചു കുറയ്ക്കാം.."ഇല്ലായ്മയുടെ വല്ലായ്മ"...പ്രയോഗം നന്നായിട്ടുണ്ട്...

അരുണ്‍: ഇപ്പോള്‍ എല്ലാം ചുവപ്പയാണ് എനിക്ക് തോന്നുന്നത്...

ente lokam said...

പോയി വരൂ.കുറച്ചു പോസ്റ്റര്‍ കീറി കയ്യില്‍
പിടിച്ചോ..കുബ്ബൂസ് തീര്‍ന്നാല്‍...ആവശ്യം വരും..
ഡോക്ടര്‍ സാറ് പര്നജത് പോലെ ജോലി അവിടെ
കിട്ടാതെ പോട്ടെ..ഇനിയും നല്ല വരികള്‍ എഴുതാന്‍..
പിന്നെ പറഞ്ഞത് മറക്കണ്ട.ഞാന്‍ ദുബായില്‍ ഉണ്ട് കേട്ടോ.
ട്രാന്‍സിറ്റ് ഹോട്ടലില്‍ ടൂത്ത് പേസ്റ്റ് ഇല്ലെങ്കില്‍..!!!

മുല്ല said...

നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.

Rohith Anchery said...

വായിക്കാന്‍ താമസിച്ചു. ഒരു നല്ല പോസ്റ്റ്... നാട്ടിലെത്തിക്കാണുമെന്ന് കരുതുന്നു.

mayflowers said...

ഗള്‍ഫില്‍ കഴിയുന്ന ഓരോ പ്രവാസിയും "ഇക്കരെയാണെന്റെ താമസം..അക്കരയാണെന്റെ മാനസം.."എന്ന പരുവത്തിലാണല്ലോ.
പൊറോട്ടയുടെ മാവിന്റെ ഉപമ രസമായി.

ഒരു നുറുങ്ങ് said...

EXIT കഴിഞ്ഞ് ഇനി ENTRY എന്നാണാവോ..
അല്ല,പരോള്‍ കഴിയാറായോ..?

വിരല്‍ത്തുമ്പ് said...

ആദ്യമായാണ്‌ ഇവിടെ വരുന്നത്....

എല്ലാം വായിക്കട്ടെ, എന്നിട്ട് കമന്റാം....

ഹാഷിക്ക് said...

എന്റെ ലോകം...എമിരേറ്റ്സ് ചതിച്ചില്ല...കൃത്യസമയത്ത് തന്നെ നാട് പിടിച്ചു.......പിന്നെ കുബൂസ് അങ്ങനെ പെട്ടെന്ന് തീരുമോ...? ചങ്കില്‍ കൊള്ളുന്ന കാര്യം പറയരുത്...'.പുതുവത്സരാശംസകള്‍

മുല്ല...നന്ദി...പുതുവത്സരാശംസകള്‍...

രോഹിത്..മെയ്‌ ഫ്ലവേര്‍സ്...പുതുവത്സരാശംസകള്‍...

ഒരു നുറുങ്ങ്...പരോള്‍ കഴിയാറായി വരുന്നു...വന്നതിനു നന്ദി....

വിരല്‍ തുമ്പ്...താങ്ക്സ്....

Aneesa said...

welcome to kerala

Aneesa said...

happy new year

salam pottengal said...

"നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത് കഴിഞ്ഞാല്‍ പിന്നെ മനസ് തറയിലിട്ട റബ്ബര്‍ പന്ത് പോലെയാണ്. അങ്ങനെ തെന്നി തെറിച്ചുകൊണ്ടിരിക്കും. തിരികെ വരാന്‍ സമയമാകുമ്പോള്‍ അത് പൊറോട്ടക്ക്‌ കുഴച്ച് വെച്ച മൈദ മാവ് പോലെയാകും. വലിച്ചു പറിച്ചെടുക്കാന്‍ ശ്രമിച്ചാലും പറിഞ്ഞു വരാതെ ഒട്ടിയിരിക്കുന്ന അവസ്ഥ."

How apt man. these are the mind of a gulf expatriate. you portrayed it so well. the feeling of exhilaration at the time of home arrival and the melancholy of the lonely heart at the time of going back to the desert are all said very well.
................
"ഇതിലെല്ലാം പരാജയപ്പെട്ടാല്‍ സൌദിയുടെ ഇനിയങ്ങോട്ടുള്ള വികസനപാതയില്‍ എന്റെ തുടര്‍സേവനം ഉണ്ടായിരിക്കും."

lekshmi. lachu said...

വായിക്കാന്‍ താമസിച്ചു...പുതുവത്സരാശംസകള്‍.

jayarajmurukkumpuzha said...

hridayam niranja puthuvalsara aashamsakal....

MT Manaf said...

പോക്കും വരവും എയര്‍ ഇന്ത്യയുടെ പീക്കലും
എല്ലാം നല്ലതിനാവട്ടെ ...
ഇതൊന്നു നോക്കിയേര്

ajith said...

രണ്ട് ജീവപര്യന്തം കഴിഞ്ഞു എനിക്ക്

Post a Comment

hashiq.ah@gmail.com