Pages

Thursday, March 31, 2011

കല്‍ക്കട്ടയില്‍ കരയിച്ചതിന് മുംബൈയില്‍ കാണിച്ചു തരാം.

ദേ,കയ്യെത്തും ദൂരെയുണ്ട്
തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ പാക്കിസ്ഥാന്റെ ജീവിതം പിന്നെയും ബാക്കി !!!!!!ഫൈനലിന് മുമ്പ് നടന്ന 'ഫൈനലില്‍' പാക്കിസ്ഥാനെ വാഗ ബൌണ്ടറിക്ക് മുകളിലൂടെ സിക്സര്‍ പറത്തി  ഇന്ത്യ മറ്റൊരു ലോകകപ്പ് വിജയം എന്ന ലക്‌ഷ്യത്തിലേക്ക് ഒരു പടി മാത്രം അകലെ എത്തി നില്‍ക്കുന്നു.....ഇന്ത്യ - പാക്‌ ലോകകപ്പ്‌ പോരാട്ടത്തിന്റെ വിധി മാറ്റി എഴുതുമെന്ന പാക്കിസ്ഥാന്റെ വെല്ലുവിളി മൊഹാലിയിലും പാഴ്വാക്ക് മാത്രമായി മാറിയിരിക്കുന്നു. ഇന്ത്യന്‍ ബൌളര്‍മാരുടെ കൃത്യതയാര്‍ന്ന പന്തുകളില്‍ (അങ്ങനെയൊക്കെയും സംഭവിക്കും വല്ലപ്പോഴും) പാക്‌ ബാറ്റ്സ്മാന്മാര്‍ ഒരോരുത്തരായി കൂടാരം കയറുമ്പോള്‍ പാക്‌ പ്രധാനമന്ത്രി ചോദിച്ചിട്ടുണ്ടാകണം... "നല്ലത് പോലെ കലക്കി ഒരു ഗ്ലാസ്‌ കൂടി തരട്ടെ" എന്ന് !!

രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ ആദ്യമായി ഏറ്റുമുട്ടുന്ന ലോകകപ്പ് ഫൈനല്‍, ആതിഥേയരായ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ആദ്യ ഫൈനല്‍  തുടങ്ങിയ  പ്രത്യേകതകളുള്ള ഈ മത്സരത്തില്‍ ഒരു 'ലങ്കാ ദഹനത്തിനായി'  നമുക്ക് കാത്തിരിക്കാം... ഇരു ടീമുകളുടെയും ഇത് വരെയുള്ള പ്രകടനം കണക്കിലെടുത്താല്‍ കലാശ പോരാട്ടത്തിലെ വിജയികളെ പ്രവചിക്കാന്‍ പ്രയാസപ്പെടേണ്ടി വരും. പക്ഷേ ഒന്നുറപ്പുണ്ട്....  ഇന്ത്യ ഈ ടൂര്‍ണമെന്റില്‍ നേരിട്ട മറ്റേത് ടീമിനെക്കാളും ഒരു പടി മുന്നിലാണ് ശ്രീലങ്ക... ഇന്ത്യ ക്വാര്‍ട്ടറില്‍ നേരിട്ട ഓസ്ട്രേലിയയെക്കാളും സെമിയില്‍ ഇന്നലെ തോല്‍പ്പിച്ച പാക്കിസ്ഥാനെക്കാളും ശക്തമായ എതിരാളികള്‍... കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ ഓസ്ട്രേലിയക്കൊപ്പം ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെച്ച മറ്റൊരു ടീമുണ്ടാകില്ല..  (കൈ മടക്കി പന്ത്  'എറിയുന്ന'  രണ്ട് ബൌളര്‍മാര്‍ അവരുടെ ടീമില്‍ ഉള്ളതാണ് ഈ പ്രകടനത്തിന് കാരണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല)


ആ സ്കോര്‍ബോര്‍ഡില്‍ നോക്കിയാല്‍ ആരായാലും കരയും
പതിനഞ്ചു വര്ഷം മുമ്പ് കാണികള്‍ കളം നിറഞ്ഞാടിയ  ഒരു രാത്രിയില്‍, വിനോദ്‌ കാംബ്ലിയുടെ കണ്ണീര് വീണ ഈഡന്‍ ഗാര്‍ഡന്‍സില്‍  നിന്നും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്ലേക്ക് വണ്ടി കയറുമ്പോള്‍ മരതക ദ്വീപുകാരുടെ വിദൂര സ്വപ്നത്തില്‍ പോലും ഓസ്ട്രേലിയയെ തോല്‍പ്പിച്ചുകൊണ്ടുള്ള ഒരു ലോകകപ്പ്  ഉണ്ടായിരുന്നിരിക്കില്ല....ആദ്യ പതിനഞ്ചു ഓവറുകള്‍ 'സ്ഫോടനാത്മകമാക്കി'  ഏകദിന ക്രിക്കറ്റിന്റെ രൂപം മാറ്റിയെഴുതിയ ജയസൂര്യയും കലുവിതരണയും പിന്നെ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പ്രാപ്തനായിരുന്ന അരവിന്ദ ഡിസില്‍വയും അടങ്ങിയ ടീമായിട്ടുപോലും ക്രിക്കറ്റ്‌ പണ്ഡിതര്‍ അങ്ങനെ ഒരു അട്ടിമറി പ്രതീക്ഷിച്ചുമില്ല. അതാണ്‌ ശ്രീലങ്ക ... ശരാശരി കളിക്കാരെ വെച്ച് ലോകകപ്പ്‌ നേടുകയും അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സന്തുലിതമായ ഒരു ടീം കെട്ടിപ്പെടുക്കുകയും ചെയ്ത ടീം. ധോണിയും സംഘവും സൂക്ഷിച്ചേ മതിയാകൂ...!!!!!!!!!!

അന്ന് ഇരു ടീമില്ലും ഉണ്ടായിരുന്നവരില്‍, പതിനഞ്ചു വര്‍ഷത്തിന്റെ 'അധിക ചെറുപ്പം' നല്‍കിയ പ്രസരിപ്പുമായി നമ്മുടെ ടീമില്‍ സച്ചിന്‍ മാത്രം ഉണ്ട്. ശ്രീലങ്കന്‍ ടീമില്‍ മുരളിയും . ഒരു പക്ഷെ ഇനി ഒരു ലോകകപ്പ് കൂടി കളിക്കാന്‍ സച്ചിന്‍ ടീമിലുണ്ടാവാനുള്ള സാധ്യത വളരെ വിരളമാണ്....ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിച്ച്, കൂടുതല്‍ സെഞ്ചുറികള്‍ തികച്ച്, ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക എല്ലാ റെക്കോര്‍ഡുകളും തന്റെ ചെറിയ ശരീരത്തില്‍ കൊണ്ട് നടക്കുന്ന സച്ചിനെന്ന പ്രതിഭക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും നല്ല സമ്മാനം ആയിരിരിക്കും ഈ വിജയം. പക്ഷെ മറു വശത്തും ഇത് തന്നെയാണ് അവസ്ഥ... കൈക്കുള്ളില്‍ ചതി ഒളിപ്പിച്ച പന്തും കണ്ണുകളില്‍ കൌശലവുമായി വരുന്ന   മുത്തയ്യ മുരളീധരന്‍ എന്ന ലോകോത്തര സ്പിന്നെറും തന്റെ അവസാന ലോകകപ്പ്‌ അവിസ്മരണീയമാക്കുവാനായിരിക്കും ശ്രമിക്കുക...

കൈമെയ്‌ മറന്നു പോരാടിയാല്‍ കലാശക്കളികളില്‍ കലം ഉടക്കുന്നവര്‍ എന്ന പേരുദോഷം മായിച്ചു കളയാന്‍ പര്യാപ്തമായ ടീമാണ് നമ്മുടേത്. പക്ഷെ രണ്ടായിരത്തി മൂന്നില്‍ വാണ്ടറേഴ്സില്‍ ടോസ് കിട്ടിയത് മുതല്‍ കാണിച്ച മണ്ടത്തരങ്ങളില്‍ നിന്നും പാഠം പഠിക്കണം.  കൊല്ലം തോറും കൊണ്ടാടുന്ന  ഐ പി എല്‍ എന്ന ക്രിക്കെറ്റ് മാമാങ്കത്തില്‍ കാണിക്കുന്നതിന്റെ പകുതിയെങ്കിലും ആത്മാര്‍ഥത വാംങ്കഡെ സ്റ്റേഡിയത്തില്‍ പുറത്തെടുക്കണം. എങ്കില്‍ കപില്‍ ദേവിന് ശേഷം മൂന്നു തവണ ഇന്ത്യയെ ലോകകപ്പില്‍ നയിച്ച അസ്ഹറുദീനും, ഓരോ തവണ വീതം നയിച്ച ഗാംഗുലിക്കും ദ്രാവിഡിനും കഴിയാത്തത്‌ ധോണിയിലൂടെ നേടാന്‍ നമുക്ക് സാധിക്കും.

എന്തായാലും മുംബൈയിലെ കാണികള്‍ക്ക്  നല്ല ഒരു മത്സരം പ്രതീക്ഷിക്കാം.. ഒപ്പം കളി കഴിയുന്നത് വരെ ലങ്കയെ വെല്ലുവിളിക്കുകയും ആവാം.. കല്‍ക്കട്ടയില്‍ തോറ്റതിന് മുംബൈയില്‍  കാണിച്ചു തരാം... ഈഡന്‍ ഗാര്‍ഡനില്‍ കാംബ്ലി കരഞ്ഞത് പോലെ കരയരുത് ധോണീ...കരയിക്കുകയും ചെയ്യരുത്... ഇനി ഒരു ലോകകപ്പിന് കൂടി സച്ചിന് ബാല്യമില്ല !!!!


ധോണീ പ്ലീസ്...ഇത് പോലെ ഒന്നുകൂടി.
ഇനി അല്പം അന്ധവിശ്വാസം... ..എണ്‍പത്തി മൂന്നില്‍ കപിലിന്റെ ചെകുത്താന്മാര്‍ ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍ പ്രുഡന്‍ഷ്യല്‍  ലോകകപ്പ്‌ ഉയര്‍ത്തി പിടിക്കുമ്പോള്‍ ആ ടീമില്‍ അംഗമായി സുനില്‍ വല്‍സന്‍ എന്ന മറുനാടന്‍ മലയാളി ഉണ്ടായിരുന്നു...ഒറ്റ മല്‍സരം പോലും കളിക്കാതെ അദൃശ്യ സാനിധ്യമായി....ഇരുപത്തിയെട്ട് വര്‍ഷത്തിനു ശേഷം ഇന്ത്യ മറ്റൊരു ഫൈനല്‍ കളിക്കുമ്പോള്‍, ഒറ്റ മല്‍സരം മാത്രം കളിച്ച് പിന്നീട്  മറ്റൊരു അദൃശ്യ സാന്നിധ്യമായ ഒരാള്‍ മലായാളിയുടെ രൂപത്തില്‍ ടീമിലുണ്ട്...അപ്പോള്‍ ഈ ലോകകപ്പ്‌ ആര്‍ക്കാണ്...? നമുക്ക് തന്നെ...സൂക്ഷിക്കുക...ഒരുപക്ഷെ ഈ വരുന്ന ശനിയാഴ്ച വൈകുന്നേരം കൊച്ചി നഗരത്തില്‍ രൂക്ഷമായ ലഡ്ഡു ക്ഷാമം നേരിട്ടേക്കാം....
-----------------------------------------------------------------------------------------------------------------------------
സ്ട്രെയിറ്റ് ഡ്രൈവ് : യൂസുഫ്‌ റാസ ഗിലാനിയെ  കളി കാണാന്‍ മൊഹാലിക്ക് വിളിച്ചു വരുത്തി പച്ചപ്പട തോല്‍ക്കുന്നത് കാണിച്ചു കൊടുത്ത നമ്മുടെ പ്രധാനമന്ത്രി തന്റെ നയതന്ത്ര ചാതുര്യം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഓവറുകള്‍ക്കിടയില്‍ പരസ്യം വരുന്നത് പോലെ ഓരോ ഓവറുകള്‍ കഴിയുമ്പോഴും ഓരോരോ കരാറുകളില്‍ ഒപ്പിട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ കൈ കുഴഞ്ഞിട്ടുണ്ടാവണം ..(ഇത് കൊണ്ടൊക്കെ വല്ല ഗുണവുമുണ്ടോ എന്നാരും ചോദിക്കരുത്) . ഇനി ലങ്കന്‍ പ്രസിഡന്റിനെ  കൂടി മുംബൈക്ക് ക്ഷണിക്കണം. അങ്ങനെ ചൈനയുടെ തോളത്ത് കയ്യിട്ട് ഞെളിഞ്ഞു നടക്കുന്ന ലങ്കക്കാരനെ നമ്മുടെ വരുതിക്ക് കൊണ്ടുവരാന്‍ ക്രിക്കറ്റ് ബോളില്‍ നയതന്ത്രം ഒളിപ്പിച്ച് വെച്ചുള്ള  റിവേഴ്സ് സ്വിംഗ് എറിയണം .. എലിക്കെണിയില്‍ ചുട്ട തേങ്ങ വെച്ച് എലിയെ പിടിക്കുന്നത്‌ പോലെ...!!!!!!!!!!!