Pages

Saturday, December 18, 2010

ഒരു പരോള്‍കാലം

വീണ്ടും ഒരു അവധിക്കാലം. കുബൂസിന്റെയും ചുട്ട കോഴിയുടെയും ഇടയില്‍നിന്നും,  എത്ര ചീത്ത കേട്ടാലും നാണമില്ലാതെ എന്നും  വെളുപ്പാന്‍  കാലത്ത് കുലുക്കി വിളിക്കുന്ന, താളബോധമില്ലാത്ത  മൊബൈല്‍ അലാറത്തിന്റെ ചെവി തുളക്കുന്ന  ശബ്ദത്തില്‍  നിന്നും, മണല്‍ക്കാറ്റിന്റെയും  വെള്ളിയാഴ്ച  ഉറക്കത്തിന്റെയും  ഇടയില്‍ നിന്ന് -- ഒരു ചെറിയ ഇടവേള!!.    

ഇവിടെ വന്ന അന്ന് മുതല്‍ നാട്ടിലേക്കു പോകാന്‍ അവസരം കിട്ടുന്ന ഓരോ അവധിക്കാലവും പണ്ടത്തെ മധ്യവേനലവധി പോലെയാണ്  . അവസാന പരീക്ഷയും കഴിഞ്ഞ് വീട്ടിലെത്തി സ്കൂള്‍ബാഗ് ഒരു മൂലയിലേക്കെറിഞ്ഞ് , പുറത്തേക്കു കുതിക്കാന്‍ വെമ്പുന്ന പഴയ സ്കൂള്‍ വിദ്യാര്‍ഥിയുടെ അതേ മാനസികാവസ്ഥ. ഇനി എത്ര തവണ പോയാലും അതിനൊരു മാറ്റമുണ്ടാകുമെന്ന് തോന്നുന്നുമില്ല.

നാട്ടിലേക്ക്  പോകാനുള്ള ടിക്കറ്റ്‌ ബുക്ക്‌ ചെയ്ത് കഴിഞ്ഞാല്‍  പിന്നെ മനസ് തറയിലിട്ട റബ്ബര്‍ പന്ത് പോലെയാണ്. അങ്ങനെ തെന്നി തെറിച്ചുകൊണ്ടിരിക്കും.  തിരികെ  വരാന്‍  സമയമാകുമ്പോള്‍ അത് പൊറോട്ടക്ക്‌ കുഴച്ച് വെച്ച മൈദ മാവ് പോലെയാകും. വലിച്ചു പറിച്ചെടുക്കാന്‍ ശ്രമിച്ചാലും പറിഞ്ഞു വരാതെ ഒട്ടിയിരിക്കുന്ന അവസ്ഥ.അവസാനം ഒരു വിധം ഇവടെ തിരികെ എത്തിപ്പെട്ടാലോ ...വഴിയരികിലെ ചുവരുകളില്‍  പതിക്കുന്ന സിനിമ  പോസ്റ്ററിന്റെ പകുതി ഏതെങ്കിലുമൊക്കെ ആട് വന്നു തിന്ന്, ബാക്കി കീറിപറിഞ്ഞ്‌, ഒട്ടിപിടിച്ചു അവിടെ തന്നെ ഇരിക്കുന്നത് കണ്ടിട്ടില്ലേ...?എന്ന് പറഞ്ഞപോലെ പകുതി നാട്ടില്‍ തന്നെയായിരിക്കും...ബാക്കി പകുതി ആടിന്റെ വയറ്റിലായ പോസ്റ്റര്‍  പോലെ നമ്മുടെ കൂടെ ഇങ്ങു പോരും!!.
ഇതെന്റെ മാത്രം അവസ്ഥയാണെന്ന് തോന്നുന്നില്ല. നാട്ടില്‍ നിന്നും അകന്ന്, പ്രവാസ ജീവിതം സ്വയം വിധിച്ച ശിക്ഷയായി ഏറ്റുവാങ്ങി, നാടിന്‍റെ പച്ചപ്പും ബന്ധങ്ങളുടെ ഊഷ്മളതയും   മനസ്സില്‍ സൂക്ഷിക്കുന്ന  നല്ലൊരു ശതമാനം പ്രവാസി മലയാളികളുടെയും അവസ്ഥ. വിമാനം നെടുമ്പാശ്ശേരിക്ക് മുകളിലെത്തി, നിലം തൊടാനുള്ള വ്യഗ്രതയില്‍ ചെരിഞ്ഞും തിരിഞ്ഞും വലം വെച്ച്  പറക്കുമ്പോള്‍, കിളി വാതില്‍ പോലെയുള്ള ജാലകത്തില്‍ കൂടി വെളിയിലേക്ക് ആര്‍ത്തിയോടെ നോക്കുന്നവരെ കാണാം. കണ്ണെത്തുന്ന ദൂരത്തോളം തലയുയര്‍ത്തി നിക്കുന്ന തെങ്ങിന്‍തലപ്പുകളും   കാലടി പട്ടണത്തിന്റെ ഒരു വശത്ത്കൂടി, വളഞ്ഞ്‌ പുളഞ്ഞ്   നിശ്ചലമായതുപോലെ കിടക്കുന്ന പെരിയാറും കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളിലെങ്കിലും ഒരു ചെറു ചിരി വരാത്ത എത്ര പേരുണ്ടാകും? താഴെ കാണുന്നത് നമ്മുടെ സ്വന്തം കേരളമാണ്.  ചെക്ക്‌ പോയിന്റുകളില്‍ തിരിച്ചറിയല്‍ രേഖകള്‍  ആവശ്യമില്ലാത്ത, കുടി വെള്ളത്തിന്‌ കാശ് കൊടുക്കണ്ടാത്ത, (കൊച്ചീല് കൊടുക്കേണ്ടി വരും.. കാഞ്ഞിരപ്പള്ളീല്‍  അതിന്റെ ആവശ്യമില്ല)  കൈലി മുണ്ട് മടക്കി കുത്തി റോഡിലൂടെ ഞെളിഞ്ഞ് നടക്കാന്‍ സ്വാതന്ത്ര്യമുള്ള, സൌദിയേക്കാള്‍ രണ്ടര മണിക്കൂര്‍ മുമ്പേ കുതിക്കുന്ന നമ്മുടെ സ്വന്തം നാട്. കേന്ദ്ര നിയമ മന്ത്രിയുടെ വാക്കുകള്‍ മുഖവിലക്കെടുക്കാമെങ്കില്‍, ചൂണ്ടു വിരലില്‍ മഷി പുരട്ടി , സ്കൂളുകളുടെ മുമ്പില്‍ വരിയായി നിന്ന്, ഇനി വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മാമാങ്കങ്ങളില്‍ പ്രവാസികളായ നമുക്കും പങ്കാളികളാകാന്‍ പറ്റുന്ന, ഇന്ത്യ മഹാരാജ്യത്തിലെ തെക്കേ കോണില് 38863 ചതുരശ്രകിലോമീറ്റെര്‍  ചുറ്റളവില്‍ സഹ്യപര്‍വതത്തിനും അറബിക്കടലിനും ഇടക്ക് തിങ്ങി ഞെരുങ്ങി 'വികസിക്കാന്‍' കഴിയാതെ നെടുവീര്‍പ്പുകളുമായി കഴിയുന്ന ദൈവത്തിന്റെ സ്വന്തം നാട്.

പറഞ്ഞ് പറഞ്ഞ് കാടു കയറിയല്ലേ?...

എല്ലാതവണയും പോകുമ്പോള്‍ ചിന്തിക്കുന്നത് പോലെ ഇത്തവണയും ഒരുപാട് പദ്ധതികള്‍ മനസിലുണ്ട്.

'എല്‍ ഐ സി എജെന്റ് വരുമ്പോള്‍ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ച് വാചാലമാകണം! . ഓഹരി വിപണിയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച്    ഒരു ക്ലാസ്സ്‌ എടുത്ത് അവരുടെ വെറുപ്പ്‌ പിടിച്ച് പറ്റണം '. 

'പത്ത് പേരെ ഒന്നിച്ച്‌ കിട്ടിയാല്‍ കേരളത്തിലെ റോഡുകളുടെ ശോചനീയവസ്ഥയെയും      ഗള്‍ഫിലെ  റോഡുകളുടെ  നിര്‍മ്മാണ വൈദഗ്ധ്യത്തെയും പറ്റി ഒരു കവല പ്രസംഗം   നടത്തണം.!!  "ഒരു പരിഷ്കാരി വന്നിരിക്കുന്നു" എന്ന് അവര്‍ മനസിലെങ്കിലും പറയുമല്ലോ....'

 'പിന്നെയും സമയം ബാക്കിയുണ്ടല്ലോ'!!.

'ബാങ്ക് മാനേജരെ ചെന്ന് കണ്ട് എന്‍. ആര്‍ . ഐ  അക്കൌണ്ടിന്റെ ബലത്തില്‍ ഒരു ലോണ് ചോദിക്കാം. കിട്ടിയാല്‍ മുസ്‌ലി  പവെര്‍ എക്സ്ട്രായുടെ ഡീലര്‍ഷിപ്പിന് ശ്രമിക്കണം. പരസ്യത്തിന്റെ ഒരു ഫ്രീക്വെന്‍സി  വെച്ച്  നോക്കീട്ട് ഇതിലും നല്ല ഒരു വരുമാനമാര്‍ഗം വേറെ കാണാന്‍ കഴിയില്ല'.

'അല്ലെങ്കില്‍ ഏതെങ്കിലും നാട്ട് വൈദ്യന്മാരെ കൂട്ട് പിടിച്ച് കുടവയര്‍  കുറക്കാനുള്ള എണ്ണയുടെ 'പേര് ' കണ്ടു പിടിക്കണം'. 'എണ്ണ  ആര്‍ക്ക് വേണമെങ്കിലും ഉണ്ടാക്കാമല്ലോ?'

'അന്തിയുറങ്ങുന്ന വീടും പറമ്പും വിറ്റിട്ടായാലും കുഴപ്പമില്ല ..ഏതെങ്കിലും നിയമന ദല്ലാളന്‍മാരെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ ജോലി കിട്ടുമോന്ന് നോക്കണം'!! .     
  
ഇതിലെല്ലാം പരാജയപ്പെട്ടാല്‍ സൌദിയുടെ ഇനിയങ്ങോട്ടുള്ള  വികസനപാതയില്‍ എന്റെ തുടര്‍സേവനം ഉണ്ടായിരിക്കും.

'മുമ്പ് പറഞ്ഞ മൈദാ മാവിന്റെ  പരുവത്തിലുള്ള  കനം തൂങ്ങുന്ന, വിങ്ങുന്ന മനസുമായി കുബൂസിന്റെയും ഷവര്‍മയുടെയും ലോകത്തില്‍'...

' സര്‍വൈവല്‍ ഓഫ് ദി ഫിറ്റെസ്റ്റ് '!!!!......................... 

 'അപ്പോള്‍ പിന്നെ...പാസ്പോര്‍ട്ടില്‍ എക്സിറ്റ് സ്റ്റാമ്പ് പതിയേണ്ട സമയമാകുന്നു'.........വീണ്ടും കാണാം.....

Saturday, December 11, 2010

അടിച്ചു മോനെ....അടിച്ചു

പ്രിയപ്പെട്ട സ്നേഹിതാ, 

'ഈ ഇമെയില്‍ താങ്കളുടെ തപാല്‍ പെട്ടിക്കകത്ത് കാണുമ്പോള്‍ താങ്കള്‍ ഒരു പക്ഷെ സന്തോഷം കൊണ്ട് പൊട്ടിക്കരഞ്ഞ്   തുള്ളിചാടുമായിരിക്കും'.  'സുഹൃത്തുക്കളെ സമ്പാദിക്കാനും, ഫോളോ ചെയ്യാനുമൊക്കെ ഒന്ന് ഉറക്കെ തുമ്മുന്ന സമയം പോലും ആവശ്യമില്ലാത്ത ഈ കാലത്ത് ഞാനും താങ്കളുമായി ഒരു ബന്ധം സ്ഥാപിക്കുന്നതിന് ഒരു ആമുഖത്തിന്റെ അവശ്യം ഉണ്ടെന്ന് തോന്നുന്നില്ല. എങ്കിലും ഞാന്‍ എന്നെ പരിചയപ്പെടുത്തട്ടെ'...

"ഞാന്‍ റിക്കാര്‍ഡോ ശാമുവേല്‍ അന്റോണിയോ. മധ്യ അമേരിക്കയിലെ എല്‍സാല്‍വദോര്‍ എന്ന കൊച്ചു രാജ്യത്തിലെ പ്രമുഖമായ ഒരു ബാങ്കിന്റെ മേലധികാരി". വേട്ടവന്‍ മൂക്കില്‍ പിടിക്കുന്നത്‌ പോലെ വളച്ചു കെട്ടാതെ ഞാന്‍ കാര്യത്തിലേക്ക് കടക്കാം.   ഇറാഖിലുള്ള, ഖലീല്‍ അല്‍ ജബ്ബാര്‍ എന്ന ഒരു എണ്ണ ബ്രോക്കെര്‍ വഴിയാണ് ഞങ്ങടെ രാജ്യത്തേക്ക് അവിടെനിന്നും ബാരല്‍ കണക്കിന് ക്രൂഡ് ഓയില്‍ വന്നു കൊണ്ടിരുന്നത്.  പേരിലെ ഗാംഭീര്യം ബുദ്ധിയുടെ അളവ് കോലല്ല എന്ന് എനിക്ക് ഈയിടെയാണ് ബോധ്യമായത്. അല്ലെങ്കില്‍ ക്രൂഡ് ഓയില്‍ ഇടപാടില്‍ കമ്മീഷന്‍ ഇനത്തില്‍    അയാള്‍ക്ക് കിട്ടിയ എണ്‍പത്  ലക്ഷം അമേരിക്കന്‍ ഡോളര്‍ ഞങ്ങളുടെ രാജ്യത്ത് തന്നെ സ്ഥിര നിക്ഷേപമായി ഇടാന്‍ തോന്നില്ലല്ലോ?..അതും എന്നെ പോലെ ഒരു മൂന്നാംകിട ഫ്രോഡ് തലപ്പത്ത് കേറിയിരിക്കുന്ന ബാങ്കില്‍...

പത്ത് വര്‍ഷം  മുമ്പ് ബാങ്കില്‍ ഇട്ട  'ടി' യാന്റെ നിക്ഷേപം മൂന്ന് വര്‍ഷം കഴിഞ്ഞപ്പോഴേ 'മച്യുരിറ്റി'     ആയതാണ്.   ഇന്ന്  'പ്രയപൂര്‍ത്തിയായി' ബാങ്ക്  നിറഞ്ഞു  നിക്കുന്നു.  അതിങ്ങനെ ഇവിടെ കിടന്ന് പെറ്റുപെരുകി , ബാങ്ക് നിങ്ങടെ  ഞെളിയംപറമ്പ് പോലെ വൃത്തികേടാകേണ്ട  എന്ന് കരുതിയാണ് ഞാന്‍ രേഖകളില്‍ പറഞ്ഞിരിക്കുന്ന വിലാസത്തില്‍ ബന്ധപ്പെട്ടത്. അവിടെ നിന്നും കിട്ടിയ മറുപടി എന്റെ കണ്ണുകളെ ഈറനണിയിക്കാന്‍ പോന്നതായിരുന്നു . ഒരു കൊല്ലം മുമ്പ് ഞങ്ങള്‍ക്കുള്ള എണ്ണയുമായി ഒരു കൊതുമ്പ് വള്ളത്തില്‍ പുറപ്പെട്ട അദ്ദേഹം സൊമാലിയന്‍ കടല്‍കൊള്ളക്കാരുടെ കയ്യിലകപ്പെട്ടു. അവര്‍ ചോദിച്ച ഭീമമായ മോചനദ്രവ്യം കൊടുക്കാന്‍ യുദ്ധത്തിന്റെ വറുതിയില്‍ കഴിയുന്ന ഇറാഖ് ഭരണകൂടം    തയ്യാറായില്ല. ഒരാഴ്ചക്ക് ശേഷം ഖലീല്‍ അല്‍ ജബ്ബാര്‍ എന്ന എണ്ണ ബ്രോക്കെര്‍ ആ കടല്‍ കൊള്ളക്കാരുടെ കൈകളാല്‍ കൊല്ലപ്പെട്ടു.

എന്റെ തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇദ്ദേഹത്തിന്റെ കുടുംബം ഇറാഖ്  യുദ്ധകാലത്ത്  അമേരിക്കന്‍ സൈന്യത്തിന്റെ ബോംബിങ്ങില്‍ പണ്ടേ കൊല്ലപ്പെട്ടതാണെന്നും, അതുകൊണ്ടാണ് തന്റെ നിക്ഷേപത്തിന്റെ അവകാശികളായിട്ടു   ആരെയും നിര്‍ദേശിക്കാതിരുന്നതെന്നും ബോധ്യമായി..(എന്തൊരു ശുഷ്കാന്തി എന്ന് മനസ്സില്‍ പറഞ്ഞോ?)

ആ ഒരു 'ലൂപ് ഹോളാണ്' ഇങ്ങനെ ഒരു മെയില്‍ താങ്കള്‍ക്ക് അയക്കാന്‍ എന്നെ പ്രേരിപ്പിച്ചത്. ഇത്രയും കൊല്ലം ഞാന്‍ ഈ രഹസ്യം കൊണ്ട് നടന്നു. ഇനിയും വയ്യ...എന്റെ ലോല ഹൃദയത്തിന് ഇതില്‍ കൂടുതല്‍ താങ്ങാനുള്ള സ്ടോറേജ്  കപ്പാസിറ്റി ഇല്ല.

ഈ കഥകളൊന്നും ഞാനല്ലാതെ മറ്റൊരു മനുഷ്യകുഞ്ഞും ഇത് വരെ അറിഞ്ഞിട്ടില്ല. ഈ രാജ്യത്തെ പുതിയ സാമ്പത്തിക നയമനുസരിച്ച് ഇങ്ങനെ ആളില്ലാതെ കിടക്കുന്ന നിക്ഷേപങ്ങള്‍ സര്‍ക്കാരിന് ഖജനാവിലേക്ക് കണ്ടു കെട്ടാം. ഇത്രയും വലിയ ഒരു സംഖ്യ അങ്ങനെ വെറുതെ ആര്‍ക്കും ഉപകാരപ്പെടാതെ ഖജനാവിലേക്ക് പോകുന്നത് മനസാക്ഷിയുള്ള ആര്‍ക്കെങ്കിലും സഹിക്കാന്‍ പറ്റുമോ? വല്ല അനാഥ കുഞ്ഞുങ്ങളുമായിരുന്നേല്‍ ഏതെങ്കിലും അമ്മതൊട്ടിലിലും കൊണ്ടിടാമായിരുന്നു. അത് പോലെയാണോ 'അനാഥ നിക്ഷേപം'?

മേല്പറഞ്ഞ ജബ്ബാറിന്റെയോ അയാളുടെ സ്ഥാപനത്തിന്റെയോ  വ്യാപാര  പങ്കാളിയെന്ന് പറഞ്ഞ്  ആവശ്യമായ  രേഖകള്‍ ഹാജരാക്കുന്നവരുടെ വിദേശ അക്കൌണ്ടിലേക്ക്  ഈ പണം   ട്രാന്‍സ്ഫര്‍ ചെയ്യാനുള്ള അധികാരം  മേലധികാരി എന്ന നിലയില്‍ എന്നില്‍ നിക്ഷിപ്തമാണ്.     അതിനുള്ള  രേഖകളും മറ്റും എന്റെ ഇപ്പോഴത്തെ പിടിപാടും  സ്വാധീനവും ഉപയോഗപ്പെടുത്തി  നിഷ്പ്രയാസം  സാധിച്ചെടുക്കാവുന്നതേയുള്ളൂ .


ഇവിടെയാണ് താങ്കളുടെ സഹായം എനിക്ക് ആവശ്യമായി വന്നിരിക്കുന്നത്. മേല്പറഞ്ഞ രേഖകള്‍ കൃത്രിമമായി ഉണ്ടാക്കുന്നതിന് താങ്കളുടെ ബാങ്ക് അക്കൌണ്ട്  വിവരങ്ങള്‍, ക്രെഡിറ്റ്‌ കാര്‍ഡ്‌ നമ്പര്‍ ,    നിക്ഷേപത്തിന്റെ -ദശാംശം പൂജ്യം അഞ്ചു  ശതമാനം-, അതായത് വെറും നാലായിരം  ഡോളര്‍    തുടങ്ങിയവ ആവശ്യമായി വരും. താല്പര്യം ഉണ്ടെങ്കില്‍ ഇതിനൊരു മറുപടി അയച്ചാല്‍ രേഖകളും തുകയും എത്തിക്കേണ്ട വിധം ഞാന്‍ അടുത്ത മെയിലില്‍ അറിയിക്കാം.

ഈയൊരു ദൌത്യത്തിന് എങ്ങനെ ഞാന്‍ തന്നെ തിരഞ്ഞെടുക്കപ്പെട്ടു എന്ന് താങ്കള്‍ ഒരു പക്ഷെ വിസ്മയം കൂറിയേക്കാം. അറബിയുടെ ചവിട്ടും കുത്തുമേറ്റ്  , മണലാരണ്യത്തില്‍ കിടന്ന് കഷ്ടപ്പെട്ട് , മാനസികനില തന്നെ തെറ്റി അവസാനം ബ്ലോഗ്‌ എഴുതാന്‍ വരെ തുടങ്ങിയ നീ തന്നെയല്ലേ കുട്ടാ     ഇതിനേറ്റവും   അനുയോജ്യന്‍?  പ്രൊഫൈല്‍ ഫോട്ടോയിലെ മുഖത്ത് കണ്ട ദൈന്യഭാവം എനിക്ക് എങ്ങനെ മറക്കാന്‍ പറ്റും....

താല്പര്യമുണ്ടെങ്കില്‍ മുമ്പോട്ടുള്ള ഓരോ ചുവടും വളരെ ശ്രദ്ധിച്ചു വേണം.സ്പെക്ട്രതിന്റെയും ആദര്‍ശിന്റെയും നാട്ടുകാരനെ ഞാനായിട്ട് നീന്തല്‍ പഠിപ്പിക്കേണ്ട  കാര്യമില്ല എന്നറിയാം.  രക്ഷപെട്..   കൂട്ടത്തില്‍ എന്നെയും മറക്കല്ല്...കിട്ടുന്ന തുകയുടെ നേര്‍ പാതി ഞാന്‍ എടുത്തിട്ടേ തരൂ... അവസാനം കാര്യം നടന്നു കഴിയുമ്പോള്‍ വെറുതെ ബാര്‍ഗൈന്‍ ചെയ്യാന്‍ ഇടവരുത്..
മറുപടി പ്രതീക്ഷിക്കുന്നു...

സ്നേഹപൂര്‍വ്വം...
റിക്കാര്‍ഡോ ശാമുവേല്‍ അന്റോണിയോ....

Sunday, December 5, 2010

കൊച്ചിക്കെന്താ കൊമ്പില്ലേ?

എല്ലാ അഗ്നി പരീക്ഷകളെയും അതി ജീവിച്ച്,  ബി സി സി ഐ നടത്തിയ കാവിലെ പാട്ട് മത്സരത്തിലും, ആല്‍തറയിലെ ചെസ് മത്സരത്തിലും കഴിവ് തെളിയിച്ച് കൊച്ചി ടീം ഐ.പി.എല്‍ നാലാം സീസണില്‍  പാഡണിഞ്ഞ്  ഗാര്‍ഡ് എടുക്കാന്‍ ഇറങ്ങുന്നു എന്ന വാര്‍ത്തയില്‍ കൂടുതല്‍ മലയാളിക്ക് അര്‍മാദിക്കാന്‍ എന്ത് വേണം?

ഇതിനും വേണ്ടി എന്ത് തെറ്റാ മലയാളി ബി സി സി ഐ എന്ന ഇന്ത്യയിലെ മഹാപ്രസ്ഥാനത്തോട്‌ ചെയ്തത്? നമ്മുടെ സ്വന്തം ഗോപുമോനെ കയ്യില്‍ പന്തും കൊടുത്ത് 'രാജ്യത്തിന്‍റെ അഭിമാനം' കാക്കാന്‍ എറിയാന്‍ വിട്ടതോ? അതോ സമുദ്ര നിരപ്പില്‍ നിന്നും രണ്ടടി താഴ്ത്തി ഗ്രൌണ്ട് ഉണ്ടാക്കി ഓസ്ട്രെലിയക്കാരെ കളിയ്ക്കാന്‍ വിളിച്ചിട്ട് മഴയാണെന്നും പറഞ്ഞു ഞണ്ടും കൊഞ്ചും കരിമീനും കൊടുത്ത് കളിപ്പിക്കാതെ വിട്ടതോ?    
       
കൊച്ചി ഐ.പി.എല്‍ ടീമിന്റെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നില്ലാ എന്ന കാരണം പറഞ്ഞ്,  ഒരൊറ്റ പന്ത് പോലും എറിയാതെ, തേര്‍ഡ് അമ്പയറുടെ തീരുമാനത്തിന് കാക്കാതെ, ഐ.പി.എല്‍ നാലാം സീസണില്‍നിന്നും  കൊച്ചിയെ റണ്‍ഔട്ട്‌ആക്കാന്‍ പഠിച്ച പണി  പതിനെട്ടും  നോക്കിയില്ലേ നിങ്ങള്‍?  നിങ്ങള്‍ ഈ  ഐ.പി.എല്‍ ഗവേ‍ണിങ് കൌണ്‍സില്‍ ഇടയ്ക്കിടെ ചേര്‍ന്ന് ഞങ്ങളെ പേടിപ്പിച്ചു മാനസികമായി തളര്‍ത്തി , കാര്യം നേടിയെടുക്കാം എന്ന് വിചാരിച്ചോ? അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നേല്‍ ഞങ്ങള്‍, എനിക്ക് പിറക്കാതെ പോയ ഉണ്യാണല്ലോ മകനെ നീ എന്നും പറഞ്ഞ് ടീവിക്ക് മുമ്പിലിരുന്ന് മൂക്ക് പിഴിഞ്ഞ്, വടക്കേ ഇന്ത്യന്‍ ടീമിന്റെ കളി കാണേണ്ടി വരില്ലായിരുന്നോ?


ആലുവാ പുഴയിലെ കുഴികളില്‍ നിന്നും വെള്ളമെടുത്ത് കൊച്ചിയുടെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന കുപ്പികളില്‍ നിറച്ച്  ഒന്നിന് ഇരുപത് രൂപ മാത്രം ഈടാക്കുന്ന കുടിവെള്ള കച്ചവടം,  ഇരുപത്തഞ്ചു ഗ്രാം ബസ്മതി അരികൊണ്ടുണ്ടാക്കി  വെറും നൂറ്റി അമ്പത് രൂപക്ക് വയറ്  നിറയെ കഴിക്കാന്‍ പറ്റുന്ന ബിരിയാണി കിറ്റ് നിര്‍മ്മാണം എന്ന് തുടങ്ങി കേരളത്തിന്റെ, വിശേഷാല്‍ കൊച്ചിയുടെ അടുത്ത അഞ്ചു വര്‍ഷത്തെ വികസന സ്വപ്‌നങ്ങള്‍ ഞങ്ങള്‍ നെയ്ത് കൂട്ടിയത് ഈ ടീമില്‍ കണ്ണും നട്ടായിരുന്നു.

ഈ  പാലം ഒന്ന് കടന്നുകിട്ടീട്ട് വേണം നിങ്ങടെ മുഖത്ത് നോക്കി രണ്ട് 'കൂരായണാ  കൂരായണാ'   വിളിക്കാന്‍ എന്ന് കരുതി ഞങ്ങള്‍ ക്ഷമിച്ചിരിക്കുകയായിരുന്നു ഇത്രയും നാള്.  നിങ്ങള് പറഞ്ഞ കാശ് നയാ പൈസാ കുറയാതെ എണ്ണിത്തന്നല്ലേ  ഞങ്ങള്‍ ടീം മേടിച്ചത്? ഈ ഞങ്ങള്‍ എന്ന് പറയുമ്പോള്‍ 'ഏത് ഞങ്ങള്‍, ഏത്  മലയാളി' എന്ന് തിരിച്ച് ചോദിക്കരുത്. ഈ പങ്ക്കച്ചവടത്തില്‍ മരുന്നിനൊരു മലയാളിയെ ഉള്ളൂ എന്നറിയാം. എന്നാലും 'ഞങ്ങള്‍' ഞങ്ങടെ ടീം എന്ന് നെഞ്ചത്ത് കൈ വെച്ചങ്ങ് പറയും.  


ആയിരത്തി നാനൂറ് കോടി രൂപക്ക് മുകളില്‍ മുടക്കിയ ടീമിന്റെ തര്‍ക്കം പരിഹരിക്കാന്‍ നിങ്ങള്‍ ഞങ്ങക്ക് വെറും ഒന്നോ രണ്ടോ മാസത്തെ സമയമല്ലേ തന്നത്? എയര്‍പോര്‍ട്ട്‌ ഉണ്ടാക്കുന്ന കാര്യത്തിലൊഴികെ മറ്റെന്ത് കാര്യത്തിലും തീരുമാനമെടുക്കാന്‍ ‍ ഞങ്ങള്‍ക്ക് കുറഞ്ഞതൊരു പത്ത് കൊല്ലം വേണമെന്ന് നിങ്ങള്‍ക്കറിയാവുന്നതല്ലേ?  ദുബായിക്കാരന്‍ ഫരീദ് റഹ്മാന്‍ ഞങ്ങടെ പിന്നാലെ നടക്കാന്‍ തുടങ്ങീട്ട് എത്ര കൊല്ലമായി? വിഴിഞ്ഞം തുറുമുഖത്തിന്റെ ചര്‍ച്ച ഞങ്ങള്‍ തുടങ്ങീട്ടു വര്‍ഷമെത്ര ആയെന്നറിയോ നിങ്ങള്‍ക്ക്  ?എന്തിന് ഈ പറഞ്ഞ കൊച്ചിയില്‍ ഒരു മെട്രോ റെയില്‍ വരാനുള്ള സാഹചര്യം  ഒത്തു വന്നിട്ട് അതിനെ പറ്റി ഞങ്ങള്‍ കൂലംകഷമായി   പഠിച്ചുകൊണ്ടിരിക്കുന്നതെയുളളൂ.  (ഇതിന്റെ എല്ലാം കൂടെ പരീക്ഷ എന്നാണോ?)എന്‍ഡോസള്‍ഫാന്‍ വിഷത്തിന്റെ ദുരിതവും പേറി ജീവഛവമായി ജീവിക്കുന്ന അനേകം പൗരന്‍മാരെയും  അവരുടെ തലമുറകളെയും വഞ്ചിച്ചുകൊണ്ട്,  മണ്ണും വായുവും ജലവും മലിനമാക്കുന്ന കീടനാശിനിയെക്കുരിച്ചു ഒരു വ്യാഴ വട്ടത്തിലേറെയായി പഠനശിബിരങ്ങള്‍ തന്നെ നടത്തിയിട്ടും തീരുമാനമെടുക്കാന്‍ ഞങ്ങള്‍ക്കായിട്ടില്ല.

 ഇതെല്ലാം നിങ്ങള്‍ക്കറിയാവുന്നതാണ് . എന്നിട്ട് വെറും  രണ്ടു മാസം സമയം തന്നിരിക്കുന്നു. ഏതായാലും കഴിഞ്ഞത് കഴിഞ്ഞു. ഒരു കേന്ദ്ര മന്ത്രിസ്ഥാനം ബലികൊടുത്തു മേടിച്ചെടുത്ത ടീമിന്റെ 'ആധാരം, അടിയാധാരം, കൈവശ സര്‍ട്ടിഫിക്കറ്റ്, കരമടച്ച  രസീത്'  ഇതൊന്നും ചോദിച്ച് മേലില്‍    ഞങ്ങടെ സ്റ്റേഡിയത്തിന്റെ   പരിധിയില്‍ പോലും വന്നു പോകരുത്.

കഴിഞ്ഞ ആറേഴു മാസങ്ങളായി  എന്തൊക്കെ ചര്‍ച്ചകളായിരുന്നു. കൊച്ചിക്ക് ഐ.പി.എല്‍  ടീം  കിട്ടി എന്നറിഞ്ഞത് മുതല്‍ മലയാളിയുടെ മനസ്സില്‍ ലഡ്ഡു പൊട്ടി തുടങ്ങിയതാണ്. എന്തൊക്കെയായിരുന്നു ബഹളം. റോണ്‍ഡിവു കണ്‍സോര്‍ഷിയം ഉടമകളായ ആങ്കര്‍ എര്‍തോ,  റോസി ബ്ലൂവോ, പരിണീ ഡവലപേഴ്സോ, എന്തിന്  മലയാളിയായ വിവേക് വേണുഗോപാലോ പോലും ഇതെങ്ങനെ ഒരു കരക്കടുപ്പിക്കും എന്ന് ചിന്തിച്ചു ഇത്രയും തലപുകച്ചിട്ടുണ്ടാകില്ല. വേദിയും ജേഴ്സിയും തൊട്ട് ടീം സെലക്ഷനില്‍ വരെ നമ്മള്‍ ഇടപെട്ടു, ചില കല്യാണ സദ്യകളില്‍  ഇടിച്ചു കയറുന്ന 'തോര്‍ത്തുകാരെ' പോലെ.  കൊച്ചി ടീമിന് ഒരു പേര് വേണമെന്ന ചര്‍ച്ച വന്നപ്പോള്‍ നമ്മള്‍ മലയാളികള്‍ മറ്റെല്ലാ ജോലിയും ഉപേക്ഷിച്ച് ഒരു പേര് അന്വേഷിച്ച് പരക്കം പാഞ്ഞു. കേരളത്തിന്റെ തീരങ്ങളില്‍ കിട്ടുന്ന മത്സ്യവര്‍ഗ്ഗത്തിന്റെ പേരിട്ടാല്‍ അത് നമ്മുടെ കയറ്റുമതി മേഖലക്ക്  ഒരു ഉണര്‍വായിരുക്കും എന്ന് 'വിവരമുള്ള' ആരോ പറഞ്ഞപ്പോള്‍ നമ്മള്‍ നീണ്ടകരയിലെയും, തോപ്പുംപടിയിലെയും , മീന്‍കുട്ടകള്‍ മുഴുവന്‍ മറിച്ചും തിരിച്ചുമിട്ട് അരിച്ചു പെറുക്കി. കൊച്ചിന്‍ "തിരുതയില്‍" തുടങ്ങി അവസാനം കൊച്ചിന്‍ ലോപ്സ്റ്റെര്‍ വരെയുള്ള നാമങ്ങള്‍ അവനോന്റെ കീശയുടെ കനമനുസരിച്ച് തിരഞ്ഞുപിടിച്ചു ഓണ്‍ലൈന്‍ വഴി മാധ്യമങ്ങള്‍ക്ക് അയച്ചു കൊടുത്തു.

കൊച്ചിക്കൊപ്പം ടീം നേടിയ  സഹാറ പൂനെ വാരിയേഴ്സ്  കുതിരപ്പുറത്തു കുന്തവുമായ് പോകുന്ന കിടുക്കന്‍ ലോഗോയുമായ് കളിയ്ക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. നമ്മുടെ സ്വന്തം ലാലേട്ടനും പ്രിയദര്‍ശനും ടീമിനായി മുന്‍പോട്ടു വന്നപ്പോള്‍ മലയാള പടം പിടുത്തക്കാര്‍ക്ക് ഇത്രയും  കാശെവിടുന്നു കിട്ടാന്‍ എന്നും പറഞ്ഞു നമ്മള്‍ ചിരിച്ചു തള്ളി.  അല്ലെങ്കിലും വടക്കേ ഇന്ത്യക്കാരന്‍ പൈജാമയും കുര്‍ത്തയുമൊക്കെ ഇട്ടു വരുമ്പോള്‍ മലയാളി വെള്ളമുണ്ടും മടക്കി കുത്തി തിരിഞ്ഞോടുമാല്ലോ. ഞങ്ങള് സിനിമാക്കാര് ടീം കൊണ്ടുപൊയിരുന്നേല്‍ ‍കാണിച്ചു തരാമായിരുന്നു. ഫാന്‍സിനെ കയറ്റി ഗാലറി നിറച്ചേനെ. എതിരാളി ബാറ്റ് ചെയ്യാന്‍ വരുമ്പോള്‍ കൂകി വിളിച്ചു ഔട്ട്‌ ആക്കിയേനെ. അമ്മയില്‍ - ഛെ, നാക്ക് സ്ലിപ് ആയി- കെ.സി.എ യിൽ അംഗത്വം എടുക്കാത്തവന്റെ നെഞ്ചത്ത് എറിഞ്ഞു റിട്ടയെര്‍ഡ്  ഹര്‍ട്ട് ആക്കിയേനെ. ഏതായാലും നമ്മുടെ ടീമിന്റെ ജീവന്‍ നീട്ടി കിട്ടിയ സ്ഥിതിക്ക് തല്ക്കാലം സിനിമാക്കാരെ നമുക്ക് മറക്കാം. 
ഇത്രയും ചര്‍ച്ചകള്‍ ഇവിടെ നടന്ന സ്ഥിതിക്ക്, നമ്മള്‍ ‍ മലയാളികളുടെ മുമ്പില്‍ ബി സി സി ഐ മുട്ടുമടക്കിയ സ്ഥിതിക്ക്, ഈയുള്ളവന്റെ താഴെ പറയുന്ന  എളിയ അഭിപ്രായങ്ങള്‍ കൂടി ടീം മാനേജ്മെന്റ്  പരിഗണിക്കണമെന്ന് അപേക്ഷ;
  •  കൊച്ചിയും തിരുവനന്തപുരവും വേദികളായി തികയാതെ വന്നാല്‍  പാലായും പാലക്കാടും പൊന്നാനിയും പരിഗണിക്കണം. അങ്ങനെ നമുക്ക് 'മത മേലധ്യക്ഷന്മാരെ' കയ്യിലെടുക്കാം.
  •  ചിയര്‍ ഗേള്‍സിനെ കേരളത്തിന്റെ തനത് വസ്ത്രമായ സെറ്റ് സാരിയും ഉടുപ്പിച്ച്, മുല്ലപ്പൂവും ചൂടിച്ച്, തിരുവാതിരച്ചുവടുകളോടെ മൈതാനത്ത് മേയാന്‍ ഇറക്കിവിടണം.
  •  ചിയര്‍ ഗേള്‍സിന്റെ നിയമനത്തില്‍ പഴയകാല കിന്നാരതുമ്പികള്‍ക്കും  നിലവിലെ ഗേള്‍സിനും 50 : 50  എന്ന അനുപാതം കൊണ്ടുവരണം.
  •  ഇരുപത് ഓവര്‍ കഴിഞ്ഞുള്ള ഇടവേളകളില്‍ ജയരാജ്‌ വാര്യരുടെ കാരിക്കേച്ചര്‍ ഷോ നടത്തി ലോകമെമ്പാടുമുള്ള ടിവി പ്രേക്ഷകരെ കയ്യിലെടുക്കണം.
  •  നൈറ്റ്‌ പാര്‍ട്ടികളില്‍ മദ്യത്തിനു പകരം ഇളനീരും  കപ്പ പുഴുക്കും വിളമ്പണം. അങ്ങനെ ചെയ്താല്‍ കടം കൊണ്ട് വലയുന്ന കേരള കര്‍ഷകന്റെ കണ്ണീരോപ്പാം. 
  •  'അഴിമതിയുടെ കറ പുരളാത്ത, 'മോടിയില്ലാത്ത ലളിതമായ' ജീവിതം നയിച്ചിരുന്ന, ചിയര്‍ ഗേള്‍സ് എന്ന അപൂര്‍വ ജെനുസില്‍പ്പെട്ട   ജീവികളെ ലോകത്തിനു പരിചയപ്പെടുത്തിയ ഐ.പി.എല്‍  ഉപാന്ജാതാവിനെ  ടീമിന്റെ മുഖ്യരക്ഷാധികാരിയായി നിയമിക്കണം. ഹായ് ഹായ്...
തല്ക്കാലം ഇത്രയും മതി. ടീമിന്റെ ഘടന, ടീം അംഗങ്ങള്‍, ക്യാപ്ടന്‍, ടീമിനുള്ള ആഹാരക്രമം,സേവന വേതന വ്യവസ്ഥകള്‍  തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ നിര്‍ദേശങ്ങള്‍ പിന്നീട് തരാം.
ഡിസ്ക്ലെയിമര്‍: മേല്പറഞ്ഞ അഭിപ്രായങ്ങളില്‍ മനംനൊന്ത്, ഉടമകള്‍ ടീം പിരിച്ചു വിടുകയോ, അതല്ല വേദി പൊളിച്ചുമാറ്റി അഹമ്മദാബാദിലേക്ക് കൊണ്ട് പോവുകയോ ചെയ്താല്‍ ഈ പോസ്റ്റിട്ടവന് അതുമായി യാതൊരു ബന്ധവുമുണ്ടയിരിക്കുന്നതല്ല.
(ക്രിക്കെറ്റ് ബോര്‍ഡിന്‍റെ കാര്യത്തില്‍ അമ്പ്, വില്ല്, മലപ്പുറം കത്തി, ഒലക്കേടെ മൂട്, പവനായി ശവമായി എന്നൊക്കെ കൂടെ എഴുതണമെന്നുണ്ടായിരുന്നു. ഇത് കേട്ട് കേട്ട് ക്യാപ്ടന്‍ രാജുവും തിലകനും സഹികെട്ട് കാണുമെന്ന തിരിച്ചറിവ് അതില്‍ നിന്നും പിന്തിരിപ്പിച്ചു. )