Pages

Tuesday, November 23, 2010

കോവൈ പാട്ടി.

തൊണ്ണൂറ്റി ഒമ്പതിന്റെ പകുതിയോടി കൂടിയാണ് കോയമ്പത്തൂരില്‍ ഞാന്‍ പെട്ടിയും കിടക്കയും ആയി ലാന്‍ഡ്‌ ചെയ്യുന്നത്. എന്റെ ജീവിതത്തിലെ തൊഴിലിന് വേണ്ടിയുള്ള ആദ്യത്തെ പ്രവാസം. പാലക്കാട്‌ പഠിക്കുമ്പോള്‍, കൂട്ടുപാത ബി.പി.ല്‍  ജങ്ക്ഷനില്‍ വന്ന് അവിടെ നിര്‍ത്തുന്ന ബസിന് കയറി  പലതവണ പോയിട്ടുണ്ടെങ്കിലും അതൊന്നും ഇത് പോലെ വെല്ലുവിളി നിറഞ്ഞ ഒന്നല്ലായിരുന്നു. കോയമ്പത്തൂരെത്തും,  ചേരന്‍ ബൂക്സിലും മറ്റും കയറി ആവശ്യമുള്ള സാധനങ്ങള്‍ വാങ്ങും, അടുത്ത ഹോട്ടലില്‍ കയറി മസാല ദോശയുമടിച്ച്    കിട്ടുന്ന ബസിന് കേറി തിരികെ പോരും. അന്നൊന്നും വിചാരിച്ചിരുന്നില്ല കോഴ്സ് കഴിഞ്ഞ് തൊഴില് ചെയ്യാന്‍ ഇവിടേയ്ക്ക് വണ്ടി കയറേണ്ടി വരുമെന്ന്.


ഈ പോളിടെക്നിക്  എന്ന് പറഞ്ഞാല് റോക്കറ്റ് ടെക്നോളജി  ഒഴികെ ബാക്കി എല്ലാം പഠിപ്പിക്കുന്ന സ്ഥലമാണെന്നും, പഠിപ്പ് കഴിഞ്ഞാല്‍ നമ്മള്‍ വെറുതെ വീട്ടിലിരുന്നാല്‍ മതി തൊഴിലുടമകള്‍ നമ്മളെ അന്വേഷിച്ച് വന്ന് കൂട്ടികൊണ്ട് പൊക്കോളും,  എന്നൊക്കെയുള്ള  സുഹൃത്ത്‌ മനുവിന്റെ  വാക്ക് കേട്ടാണ് പ്രീ-ഡിഗ്രി കഴിഞ്ഞാല്‍ ഇതിന് ചേര്‍ന്നാല്‍ കൊള്ളാമെന്ന ആഗ്രഹം മനസ്സില്‍ മുളപൊട്ടുന്നത്. ഡിപ്ലോമ എടുത്ത് ദുബായിക്കും മസ്കറ്റിനും പോയ ബന്ധുക്കളുടെ 'സാക്ഷ്യം' അവന്‍ പറഞ്ഞപ്പോള്‍ നാടോടിക്കാറ്റില്‍ പശുവിനെ വില്‍ക്കാന്‍ വരുന്ന ശങ്കരാടിയുടെ മുഖം അവനില്‍ ദര്‍ശിക്കാന്‍ എനിക്ക് കഴിഞ്ഞു.


 അങ്ങനെ പാലക്കാട്ടെ  ഡിപ്ലോമ പഠിത്തവും  കഴിഞ്ഞ് വീട്ടിലെത്തി, മനു പറഞ്ഞത് പോലെ നമ്മളെ അന്വേഷിച്ച് ആരും വരാത്തതുകൊണ്ട് പതുക്കെ അടുത്ത ഘട്ടത്തിലേക്ക്  കടന്നു. മനോരമയില്‍ എല്ലാ ബുധനാഴ്ചയും വരുന്ന തൊഴില്‍ പരസ്യങ്ങള്‍ക്ക് ഒറ്റ പേജില്‍ 'ടൈപ്പ്റൈറ്ററില്‍' പ്രിന്റ്‌ ചെയ്ത ബയോഡാറ്റ അയക്കുക. അപ്പോളും തദ്ദേശീയമായ തൊഴിലിനോട് നമ്മള്‍ ഒരു അകലം പാലിച്ചിരുന്നു.പോളിടെക്നികില്‍ പഠിച്ച, യന്ത്രങ്ങളുടെ പ്രവര്‍ത്തനം അറിയാവുന്ന ഞാന്‍ എന്തിന് എന്റെ കരിയര്‍ സ്വന്തം നാടിനു വേണ്ടി പാഴാക്കണം. ദുബായിക്ക് പോയാല്‍ ഇവിടെ കിട്ടുന്ന ഒന്നിന് പത്ത് വെച്ച് കിട്ടില്ലേ? ഡിപ്ലോമാക്കാരന്റെ ഒരു പ്രൊഫൈലും പോളിയില്‍ വെച്ച് തന്നെ നമുക്ക് കിട്ടിയിരുന്നു. 'എഞ്ചിനിയെര്‍മാരെയും സ്കില്‍ഡ് ടെക്നീഷ്യന്മാരെയും കൂട്ടി ഇണക്കുന്ന കണ്ണികള്‍'. ഇനി എന്താ  അടുത്ത പണി എന്ന് ചോദിച്ച നാട്ടുകാരോട് ഞാന്‍ കുറെ നാള്‍ ഈ കണ്ണികളുടെ കാര്യം പറഞ്ഞു. അടുത്തുള്ള ഒരു ചേട്ടന്‍  "എന്ത് കണ്ണി ? കൂട്ടിയിണക്കാന്‍ നീയെന്താ കല്യാണ ബ്രോക്കെര്‍ ആണോ" എന്ന് ചോദിക്കും വരെ.




'ലിഫ്റ്റ്‌ ടെക്നോളജിയും ഫയര്‍ & സേഫ്ടിയും പഠിച്ചാലെ' വിദേശത്ത് ഡിമാണ്ട് ഉള്ളൂ എന്ന് തിരിച്ചറിഞ്ഞ ഞാനങ്ങനെ അവസാനം അളിയന്റെ സഹായത്തോടെ മേല്പറഞ്ഞ കോയമ്പത്തൂരില്‍ ഒരു ത്രിസന്ധ്യക്ക്‌ എത്തിച്ചേര്‍ന്ന്, വെങ്കിടെശ്വര ഗ്രൂപ്പിന്റെ ആവാരമ്പാളയത്തുള്ള  യൂണിറ്റില്‍ സൂപ്പര്‍വൈസര്‍  അസിസ്റ്റന്റ്‌ ‍ ആയി എന്റെ തൊഴില്‍ ജീവിതത്തിന് നാന്ദി കുറിച്ചു. ‍


 ആദ്യത്തെ നാലഞ്ചു ദിവസം കമ്പനി ചിലവില്‍ അടുത്തുള്ള ലോഡ്ജില്‍ താമസിക്കാനുള്ള സൗകര്യം  ചെയ്തു തരുമ്പോള്‍ തന്നെ യൂനിറ്റ് മാനേജര്‍ അണ്ണാച്ചി പറഞ്ഞിരുന്നു എത്രയും വേഗം താമസസ്ഥലം വേറെ  നോക്കികൊള്ളണമെന്ന്. ഒരാഴ്ച കഴിഞ്ഞിട്ടും എനിക്കാ കാര്യത്തില്‍ വേണ്ടത്ര ശുഷ്കാന്തി  പോരാ എന്ന് തോന്നിയിട്ടാവണം പുള്ളി എന്നെ വിളിച്ച് ചെവിയില്‍ ആ സ്വകാര്യം പറഞ്ഞത്. " ഇനി അവിടെ താമസിച്ചാല്‍ വാടക സ്വന്തം ശമ്പളത്തീന്ന്   കൊടുത്തോണം". അങ്ങനെ  വന്നാല്‍ ഈ കച്ചോടത്തില്‍ ലാഭം ലോഡ്ജുകാരന്‍ അണ്ണാച്ചിക്ക് മാത്രമേ കാണൂ എന്ന് തിരിച്ചറിഞ്ഞ ഞാന്‍ അന്ന് തന്നെ ഓഫീസ് ബോയ്‌ മണിയെ കൂട്ടി പുതിയ ആവാസവ്യവസ്ഥിതി തേടിയുള്ള യാത്ര ആരംഭിച്ചു.


കമ്പനിയില്‍  നിന്നും  ഒരു കിലോമീറ്റര്‍ അകലെ ഒരു പാട്ടി ( 'പാ'ക്ക് ദീര്‍ഘമുണ്ടല്ലോ അല്ലെ?)‍ വീടുകള്‍ വാടകയ്ക്ക്  കൊടുക്കുന്നുണ്ടെന്നും  പറഞ്ഞാണ് മണി പിറ്റേന്ന് ഉച്ചയോടു കൂടി എന്നെയും കൂട്ടി അവിടെ എത്തിയത്. കോയമ്പത്തൂരിന്റെ റിയല്‍എസ്റ്റേറ്റ്‌ മേഖലയില്‍ ആവാരംപാളയത്തിന്റെ   സാധ്യതകളെക്കുറിച്ചും, അടുത്തിടെ ഉണ്ടായ ബോംബ്‌ സ്ഫോടനത്തിനു ശേഷം വരത്തന്മാര്‍ക്ക് ഇവിടെ ഒരു മുറി കിട്ടാനുള്ള പ്രയാസത്തെകുറിച്ചും 'ഗ്രാന്റ്മ' കൂലംകഷമായി ഒരു ക്ലാസ്സ്‌ എടുത്തു. തന്റെ ഉത്പന്നത്തിന് വിപണി മൂല്യം കൂട്ടാനുള്ള അവരുടെ ആ ഒരു 'ഇത്' എനിക്ക് മനസിലായെങ്കിലും മറ്റു നിവൃത്തി ഇല്ലാത്തതിനാല്‍ പറഞ്ഞ വാടക  മാസത്തിന്  അഞ്ഞൂറ് കാ വെച്ച് മൂന്നു മാസത്തെ അഡ്വാന്‍സ്‌ കൊടുത്തു കച്ചോടം ഉറപ്പിച്ചു.  സായാന്കാലം വന്നോളൂ മുറി ക്ലീന്‍ ചെയ്തു 'റെഡി പണ്ണി' ഇടാം എന്നാ പാട്ടിയുടെ വാക്ക് കേട്ട് ഈ നഗരത്തില്‍ ഒരു വാസസ്ഥലം കിട്ടിയ സന്തോഷത്തില്‍ മണിയുടെ ചേതക്കിന്റെ പുറകില്‍ കയറി ഞാന്‍ തിരികെ പോന്നു. 




വൈകുന്നേരം അത്യാവശ്യം വേണ്ട ജംഗമ വസ്തുക്കളുമായ് എത്തിയ എനിക്ക് എന്റെ ഒറ്റമുറി കൊട്ടാരത്തിന്റെ വാതില്‍ തുറന്നത്തെ അത്ര സുഖകരമല്ലാത്ത ഒരു മണം അവിടെ തങ്ങി നില്‍ക്കുന്നത് പോലെ തോന്നി. അകത്തു കയറി ലൈറ്റ് ഇട്ടപ്പോള്‍ എന്റെ ആ തോന്നല്‍ വെറും തോന്നലല്ല എന്ന് മനസിലായി. ഇപ്പോള്‍ ഏതാണ്ട് നമ്മുടെ നാട്ടിലെ കന്നുകാലി കൂട്ടിനകത്ത്‌ നില്‍ക്കുന്ന പ്രതീതി. 'അപ്പോള്‍ ഇത്രയും നാള്‍ ഇവരിത് കന്നുകാലിക്കൂടായാണോ ഉപയോഗിച്ചിരുന്നത്,  അതോ എന്നെ കണ്ടിട്ട്  ഒരു കന്നുകാലി ലുക്ക്‌ ഇവര്‍ക്ക് ഫീല്‍ ചെയ്തോ എന്നൊക്കെയുള്ള എന്റെ ആത്മഗതത്തിനു ഫുള്‍ സ്റ്റോപ്പ്‌ ഇട്ടതു റൂമിലേക്ക്‌ കയറി വന്ന മണിയാണ്. തള്ള ഞങ്ങള്‍ പോയ ഉടനെ മുറി വൃത്തിയാക്കി ചാണകം തളിച്ചതാണ്. അത് ഇവിടെ ഒരു പതിവാണ്. എന്ത് മനോഹരമായ ആചാരം. എങ്കില്‍ ഇത് ഞാന്‍ ഇവിടെ നിന്നും താമസം മാറി പോകുമ്പോള്‍ അല്ലെ ഇത് വേണ്ടത് എന്നൊക്ക എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു.  കുറച്ചു വല്ലോം ആയിരുന്നേല് ‍കുഴപ്പമില്ലായിരുന്നു. ഇത് തറ മുഴുവന്‍ ഏതാണ്ട് പേസ്റ്റ് രൂപത്തില്‍ ഒഴിച്ചിട്ടുണ്ട്. ഇത്രയും ചാണകമുണ്ടെല്‍ എന്റെ വീട്ടിലെ വാഴക്കും ചേമ്പിനുമൊക്കെ ഒരു കൊല്ലം ഇടാന്‍ പറ്റും. പറഞ്ഞിട്ട് കാര്യമില്ല..രാത്രി ഉറങ്ങിയെ പറ്റൂ. .


 മണി പോയ ഉടനെ ഞാന്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചു .  കയ്യിലുണ്ടായിരുന്ന ബോഡി സ്പ്രേ പകുതിയോളം റൂമില്‍ അടിച്ചിട്ടും തൃപ്തിയാകാതെ ഒരു ബക്കറ്റില്‍ കാല്‍ ‍ ഭാഗം വെള്ളം എടുത്ത് ഒരു പിയെര്‍സും ഒരു സിന്തോളും സമാസമം പതപ്പിച്ചു അമ്മച്ചിയുടെ ചാണക കോട്ടിനു മുകളില്‍ മറ്റൊരു കോട്ടടിച്ചു ഞാന്‍.   അപ്പോള്‍ ഈ മാസത്തെ മൊത്തം വാടക 500  + പിയെര്‍സിന്റെ 20   + സിന്തോളിന്റെ 10  = 530 ക. ഇങ്ങനെ കണക്കു കൂട്ടി ഒരു വിധത്തില്‍ ഉറങ്ങി നേരം വെളുപ്പിച്ചു.


ഇതവിടം കൊണ്ട് അവസാനിച്ചിരുന്നെങ്കില്‍ കുഴപ്പമില്ലായിരുന്നു. രാവിലെ ജോലിക്ക് പോകുമ്പോള്‍ മുറ്റത്തിന്റെ ഒരു വശത്തുള്ള സിമെന്റ് തിണ്ണയില്‍ വെറ്റില  മുറുക്കി കൊണ്ടിരുന്ന പാട്ടിയുടെ കയ്യില്‍ എന്റെ താക്കോല്‍ ഏല്പിച്ചിട്ട് കേടായ ട്യൂബ് മാറി ഇടാന്‍ പറയാന്‍ എനിക്ക് ഏത് സമയത്താണ് തോന്നിയിരിക്കുക? ഇടി വെട്ടിയവന്റെ തലയില്‍ പാണ്ടി ലോറി കേറിയെന്നു പറയുന്നപോലെയാണ് വൈകുന്നേരം കാര്യങ്ങള്‍ എന്നെ കാത്തിരുന്നത്. തലേന്ന് വാടക അഡ്വാന്‍സായി കൊടുത്ത് എന്റെ  പേരില്‍കൂട്ടിയ, തലേന്ന് രാത്രി ഞാന്‍ പിയേര്‍സ് + സിന്തോള്‍ 50:50  മിശ്രിതം തളിച്ച് ശുദ്ധി വരുത്തിയ എന്റെ  മുറിയില്‍ പൂര്‍വാധികം ശക്തിയില്‍ അവര്‍ 'വളപ്രയോഗം' നടത്തിയിരിക്കുന്നു. ഇത്തവണ തറയില്‍ മാത്രമല്ല, ഭിത്തിയിലും സ്റ്റാന്‍ഡില്‍ കിടന്ന എന്റെ   ഷര്‍ട്ടിലുമെല്ലാം കുറേശ്ശെ പച്ച നിറം കാണാനുണ്ട്. കുറ്റം പറയരുതല്ലോ- വളരെ ഭംഗിയായി അവര്‍ അവരുടെ ജോലി തീര്‍ത്തിരിക്കുന്നു.  ഞങ്ങടെ നാട്ടില്‍ റബ്ബറിന് തുരിശടിക്കുന്നവര്‍ക്ക് പോലും ഇത്രയും 'പെര്‍ഫെക്ഷന്‍'  ഞാന്‍ കണ്ടിട്ടില്ല.


മുറി പൂട്ടി അടുത്ത പിയെര്‍സിനായി ഞാന്‍ കടയിലേക്ക് നടക്കുമ്പോള്‍ 'ചാണകത്തോട് ആസക്തി' കൂടുതലുള്ള ആ സ്ത്രീ എന്നെയും നോക്കി ഒരു കള്ള ചിരിയും ചിരിച്ച് രാവിലത്തെ 'സെയിം' തിണ്ണയിലിരുന്നു വെറ്റില ചവക്കുന്നുണ്ടായിരുന്നു.  

Sunday, November 14, 2010

ഫസ്റ്റ് ബെല്‍

ഞാന്‍ ഇങ്ങനെ ഒരു ബ്ലോഗ്‌ തുടങ്ങിയിട്ട് എന്തു   സാഹിത്യം  മലമറിക്കാനാണെന്ന്  ദയവു ചെയ്ത് ആരും തെറ്റിദ്ധരിക്കരുത്. പേര് സൂചിപ്പിക്കുന്നത് പോലെ അത്ര വലിയ നടന്‍ കാഴ്ചകളൊന്നും നിങ്ങള്‍ക്കിവിടെ കാണാന്‍ കഴിഞ്ഞു എന്ന് വരില്ല. പേരിനായി മാത്രം ഒരു പേര്. എഴുതാന്‍ എനിക്കും , വായിക്കാന്‍ നിങ്ങള്‍ക്കും കരം കൊടുക്കെണ്ടാത്ത ഈ ' ബ്ലോഗുലകില്‍ ' ഇതങ്ങനെ പൊക്കോട്ടെ. ജോലിയുടെ ആവര്‍ത്തന വിരസതയില്‍, അല്‍പം നേരമ്പോക്കിന് വേണ്ടി  ബ്ലോഗുകളില്‍ നിന്നും ബ്ലോഗുകളിലേക്ക് പരതി നടക്കുന്നതിനിടക്ക്, ഇഷ്ടപെട്ട ഒരു പോസ്റ്റിനു  കമന്റ്‌ ഇടാനാണ് ഒരു ID ഉണ്ടാക്കിയത്. പിന്നെ വെറുതെ ഉള്ളിലേക്ക് കയറി നോക്കിയപ്പോള്‍ ഈ 'ബൂലോകത്ത്' ഇങ്ങനെ ഒരു സാധനം സ്വന്തമായി ഇല്ലാത്തവര്‍ എന്നെ പോലെ വളരെ കുറച്ചു പേരെ ഉള്ളൂ എന്ന് തോന്നി. ശബ്ദതാരാവലിയില്‍ ഉള്ള ഒരു വിധം എല്ലാ വാക്കുകള്‍ കൊണ്ടും വിവിധ രൂപത്തിലുള്ള ബ്ലോഗുകള്‍ പിറവി എടുത്ത കാര്യം അറിയാന്‍ എന്തേ ഇത്ര വൈകി...ഛെ...മോശം .ഭാവിയില്‍, ഇനി ഒരു ബ്ലോഗ്‌ സ്വന്തമായി ഇല്ലാത്തതിന്റെ പേരില്‍ എവിടെയും നമ്മള്‍ മാറ്റി നിര്‍ത്തപ്പെട്ടുകൂടാ. രണ്ടു കൊല്ലം മുമ്പ് ഹൌസിംഗ് ലോണിനു വേണ്ടി ബാങ്കില്‍ ചെന്നപ്പോള്‍ ഒരു പ്രവാസിയായ എന്നോട് ചോദിച്ച തിരിച്ചറിയല്‍ രേഖകള്‍ എന്തൊക്കെയായിരുന്നു? റേഷന്‍ കാര്‍ഡ്‌, ഇലക്ഷന്‍ കാര്‍ഡ്‌, പാന്‍ കാര്‍ഡ്‌ തുടങ്ങി വരേണ്യ വര്‍ഗ്ഗത്തിന്റെ മാത്രം കയ്യില്‍ കാണപ്പെടുന്ന ഒരു വിധം എല്ലാ രേഖകളും ചോദിച്ചു. ഇനി എന്തെങ്കിലും കാര്യത്തിനായി പോകുമ്പോള്‍ ബ്ലോഗര്‍ ID ഇല്ലാത്തതിന്റെ പേരില്‍ മാറി നില്‍ക്കേണ്ടല്ലോ.. കിടക്കട്ടെ ഒരെണ്ണം നമ്മുടെ അക്കൌണ്ടിലും.


ഇത് തുടര്‍ന്നും സഹിക്കേണ്ടി വരുമോ എന്നോര്‍ത്ത് ആരും പേടിക്കേണ്ട. കോയമ്പത്തൂര്‍  ഉണ്ടായിരുന്നപ്പോള്‍ പ്രഭാതങ്ങളില്‍ ക്രിക്കറ്റ്‌ നെറ്റ്  പ്രാക്ടീസിന്പോയത് പോലെ,  തൃശ്ശൂര്‍ താമസിക്കുമ്പോള്‍ യോഗ ക്ലാസിനു ചേര്‍ന്നത്‌ പോലെ, കൊച്ചിയില്‍ താമസിച്ചപ്പോള്‍ ജിമ്മില്‍ പോയത് പോലെ, ദമ്മാമില്‍ ഉണ്ടായിരുന്നപ്പോള്‍ വയറു കുറക്കാന്‍ കോര്‍ണിഷില്‍ നടക്കാന്‍ പോയത് പോലെ ...ആദ്യത്തെ ആവേശം കുറയുമ്പോള്‍ ഈ പണിയും ഞാന്‍ തനിയെ നിര്‍ത്തികൊള്ളാം....അത് വരെ സഹിക്കുമല്ലോ....