Pages

Tuesday, January 18, 2011

ബൂര്‍ഷ്വാ...റീ ലോഡഡ് .

സ്വന്തമായി ഒരു സ്ഥാപനം വേണം. ഒരു തൊഴിലുടമയാകണം. എന്റെ 'ശിരോമണ്ഡലത്തില്‍' ഈ ചിന്ത ഉദിച്ചത് ഇന്നോ ഇന്നലെയോ ഒന്നുമല്ല. പഴയ ആ കോയമ്പത്തൂര്‍ ജീവിതകാലത്തെ എന്റെ 'കന്നി തൊഴിലിനിടക്ക് ' തന്നെ ഒരു 'അര മുതലാളിയെങ്കിലും'ആയിത്തീരണം എന്ന ബൂര്‍ഷ്വാ ചിന്ത എന്റെ മനസിന്റെ ആഴങ്ങളില്‍ കിടന്ന് പുകയാന്‍ തുടങ്ങിയിരുന്നു. 

തൊഴിലാളി വര്‍ഗം എന്ന് പറയുന്നത് മുതലാളി വര്‍ഗത്തിന് കുതിര കേറാന്‍ പറ്റിയ ഒരു ഉപകരണമാണെന്നും,    തൊഴിലാളിയായി   ജീവിക്കുന്നവന്‍ ആജീവനാന്തം  അങ്ങനെതന്നെയായിരിക്കും എന്ന ധാരണയോ മിഥ്യാധാരണയോ എന്നില്‍ ബലപ്പെട്ടത്‌ എന്റെ കരിയറിലെ ആ മധുവിധു നാളുകളില്‍ തന്നെയായിരുന്നു. ഫാക്ടറി മാനേജറുടെ തന്നിഷ്ടവും താന്‍പോരിമയും സ്വജനപക്ഷപാതവും നിറഞ്ഞ തീരുമാനങ്ങളാണോ എന്റെ ഉള്ളില്‍ ഇങ്ങനെ ഒരു ദുരാഗ്രഹത്തിന്റെ വിത്ത് പാകിയത് എന്നറിയില്ല. അല്ലെങ്കില്‍ ഒരു പക്ഷെ യൂണിറ്റ്‌ മാനേജര്‍ അണ്ണാച്ചിയുടെ തൊഴിലാളി വിരുദ്ധ, തുഗ്ലക്ക്‌ മോഡല്‍ പരിഷ്ക്കാരങ്ങളാവം!!.

മുല്ലപെരിയാര്‍  ഇന്നത്തേത് പോലെ അന്നും '136 അടിക്ക്' മുകളില്‍ നിറഞ്ഞ് കവിഞ്ഞ്‌ തമിഴനും മലയാളിക്കുമിടയില്‍ നീറി പുകഞ്ഞിരുന്നോ എന്നെനിക്കറിയില്ല. ചെന്തമിഴ് തോട്ടങ്ങളില്‍ ഉണ്ടാകുന്ന മുല്ലപ്പൂവിനും മുരിങ്ങകായ്ക്കും കേരളത്തിന്റെ ചെക്പോസ്റ്റുകളില്‍   ' വാറ്റ്‌ ' ചുമത്തിയിരുന്നോ എന്നും അറിയില്ല. മലയാളി ജീവനക്കാരെ കാണുമ്പോഴെല്ലാം  പഴയ 'യെസ്ഡി ബൈക്ക്' റേയ്സ് ചെയ്യുമ്പോള്‍ ഉള്ളപോലെയുള്ള ഒരുമാതിരി ശബ്ദം അവര്‍ പുറപ്പെടുവിച്ചിരുന്നു. 

അത് ഒരു പക്ഷെ ഇഷ്ടമില്ലാത്ത ജോലി എന്റെ തലയില്‍ കെട്ടിവെച്ചു തന്ന മാനേജ്മെന്റിനോടുള്ള രോഷത്തില്‍ നിന്നും പിറവികൊണ്ട എന്റെ സംശയം മാത്രമായിരുന്നിരിക്കാം. കോഴ്സ് കഴിഞ്ഞ്, റോഡ്‌ റോളര്‍ മുതല്‍ നാസയുടെ 'സ്പേസ് ഷട്ടില്‍' വരെ  അഴിച്ചു റിപ്പയര്‍ ചെയ്ത്  നശിപ്പിക്കാനുള്ള ആത്മവിശ്വാസവുമായി ചെന്ന എന്റെ കൈകളിലേക്ക്  വെര്‍ണിയറും, സ്ക്രൂഗേജും, ബോര്‍ഗേജും  തന്ന് പാവപ്പെട്ട തമിഴ്മക്കളുടെ അദ്ധ്വാനത്തിന്റെ 'ക്വാളിറ്റി ചെക്ക്‌ ' ചെയ്യുവാന്‍ പറഞ്ഞാല്‍ എനിക്കെങ്ങനെ ദഹിക്കും? ഇനി അഥവാ എനിക്ക് ദഹിച്ചാല്‍ തന്നെ ത്രെഡ് ചെയ്ത പുരികം പോലെയുള്ള പോടിമീശയുമായി വന്ന 'മലയാളത്ത് പയ്യന്റെ' വിളയാട്ടം ലെവന്മാര്‍ സമ്മതിച്ചു തരുമോ?അത് കൊണ്ട് ആദ്യ ആഴ്ചകളില്‍ തന്നെ ഞാനും അവരുമായി ഒരു 'കോയമ്പത്തൂര്‍ കരാര്‍' ഒപ്പ് വെച്ചു. ഇന്‍സ്ട്രുമെന്റ്സ് വെച്ചുള്ള ഗുണനിലവാര നോട്ടം വേണ്ട. എല്ലാം ഒരു 'കണ്മതി' മതി. അല്ലെങ്കിലും പണ്ടേ എന്റെ കണ്ണുകളെ എനിക്ക് വിശ്വാസമായിരുന്നു. ബംഗ്ലൂര്‍ക്ക് കയറ്റിവിട്ട 'ഷിപ്മെന്റ്' പോയതിന്റെ ഇരട്ടി വേഗതയില്‍ തിരികെ വരുന്നിടം വരെ എന്റെ ഈ 'കണ്ണേറ്' കൊണ്ടുള്ള ചെക്കിംഗ് തുടര്‍ന്നു.

അന്ന് മുതല്‍ എന്നെ കാണുമ്പോള്‍ 'യെസ്ഡി ബൈക്കുകളില്‍' നിന്നും പതിവുള്ള ഇരമ്പലുകള്‍ക്ക് പുറമേ കരിയും പുകയും വമിച്ചു തുടങ്ങി. സേലം - കോയമ്പത്തൂര്‍ ഹൈവേയില്‍ ഇടയ്ക്കിടെ കാണുന്ന വരകള്‍ പോലെ, കറുത്ത്  ഇരുണ്ട ശരീരത്തില്‍ വെട്ടിന്റെയും കുത്തിന്റെയും പാടുകളുണ്ടായിരുന്ന  യൂണിറ്റ്‌ മാനേജര്‍, ഫാക്ടറി ഉടമകളുമായി മുള്ളിത്തെറിച്ച ബന്ധത്തില്‍ കിട്ടിയ സിക്സ് പാക്‌ തഴമ്പ്  - എവിടെയാണെന്ന് പറയേണ്ടല്ലോ - എന്നെ കാണിച്ചു ബോധ്യപ്പെടുത്തുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.  രു ചിന്ന മുതലാളിയെങ്കിലും ആകണം  എന്ന എന്റെ സ്വപ്നത്തിന്റെ രണ്ടാം ഘട്ടം ഈ ഭയത്തില്‍ നിന്നും ആരംഭിക്കുകയായിരുന്നു.

ആരോടും പറയാതെ,  സൈലന്‍റ് മോഡില്‍ വൈബ്രേഷന്‍ ഇട്ടു കൊണ്ട് നടന്നിരുന്ന  ഒരിക്കലും നടക്കില്ലാ എന്ന് കരുതിയിരുന്ന എന്റെ സ്വപ്നത്തിന് ചിറക് മുളക്കുന്നത്, യൂണിറ്റിലേക്ക് കാസ്റ്റിംഗ് പ്ലേറ്റ് വിതരണം ചെയ്തു കൊണ്ടിരുന്ന സ്ഥാപനത്തിലെ സെയില്‍സ്‌ എക്സിക്യൂട്ടീവ് - എന്റെ അതെ സ്വപ്നങ്ങളുമായി നടന്നിരുന്ന  പാലക്കാടുകാരന്‍ കിഷോറിനെ പരിചയപ്പെട്ടപ്പോള്‍ മുതലാണ്‌. ആദ്യ കണ്ടുമുട്ടലില്‍ തന്നെ ഞങ്ങള്‍ പരസ്പരം ഹൃദയം കൈ മാറി.  ജീവിക്കുകയാണെങ്കില്‍ ഇനി സ്വന്തം തൊഴില് ചെയ്ത്. 

തുടര്‍ ചര്‍ച്ചകള്‍ക്കായി ഞങ്ങള്‍ കര്‍പ്പകം കോംപ്ലക്സ്‌ തിരഞ്ഞെടുത്തു. 'ഗംഗ, യമുനാ, കാവേരിയില്‍' വന്ന മുതല്‍വനും പടയപ്പയുമെല്ലാം മാറി മാറി കണ്ട് പടക്ക കച്ചവടം മുതല്‍ തുമ്മലില്‍ നിന്നും നെടുവീര്‍പ്പില്‍ നിന്നും വൈദ്യുതി  ഉല്‍പ്പാദിപ്പിക്കുന്നത് വരെ ചര്‍ച്ച ചെയ്തു. കുറെ ദിവസങ്ങള്‍ നീണ്ട മാരത്തോണ്‍ ചര്‍ച്ചകള്‍ക്കൊടുവില്‍ 'ഗണപതിയില്‍'പൂട്ടികിടക്കുന്ന കാസ്റ്റിംഗ് യുണിറ്റ്‌ വാടകക്കെടുക്കാന്‍ തീരുമാനമെടുത്ത് ഞങ്ങള്‍ താല്‍ക്കാലികമായി പിരിഞ്ഞു.  കാസ്റ്റ് അയണ്‍ മൌള്‍ഡിംഗ് എന്നുള്ളത് കോയമ്പത്തൂരില്‍ അന്ന് കുടില്‍ വ്യവസായമാണ് (ഇപ്പോളത്തെ അവസ്ഥ എന്താണെന്ന് അറിയില്ല). കാള വണ്ടികളിലും ട്രാകടര്‍ ട്രെയിലറുകളിലും വിവിധ ഫാക്ടറികളിലേക്ക് ഇത് കയറ്റി കൊണ്ട് പോകുന്നത് പതിവ് കാഴ്ചയും.

അന്ന് മുതല്‍ എന്റെ നടപ്പിലും എടുപ്പിലും ചില മാറ്റങ്ങള്‍ കണ്ടു തുടങ്ങി. എന്റെ സ്വപ്നങ്ങളിലേക്ക് ധീരുഭായി അംബാനി മുതല്‍ വാറന്‍ ബഫെ അടക്കമുള്ളവര്‍ കടന്നു വന്നു. ഗണപതിയിലെ ഞങ്ങളുടെ യൂണിറ്റില്‍ നിന്നും കാസ്റ്റ്‌ അയണ്‍ പ്ലേറ്റുകളുമായി ഗേറ്റ് കടന്നു പോകുന്ന വാഹനങ്ങള്‍ പലപ്പോഴും കോയമ്പത്തൂരിന്റെ വീഥികളില്‍ ഗതാഗത തടസ്സം ഉണ്ടാക്കി. റബ്ബര്‍ മരങ്ങളുടെ നിഴല്‍ വീണു കിടക്കുന്ന കാഞ്ഞിരപ്പള്ളിയിലെ റോഡുകളില്‍കൂടി രണ്ടായിരം മോഡല്‍ പുതിയ മാരുതി തൌസന്‍റ്  ഞാന്‍  ഡ്രൈവ് ചെയ്തു പോകുന്നത്  സ്വപ്നം കണ്ട് പല രാത്രികളിലും എണീറ്റിരുന്ന് ചിരിച്ചു.

സ്മാര്‍ട്ട്‌ സിറ്റി ചര്‍ച്ചകളിലെ കള്ള് കുടിയും (ഇത് ഞാന്‍ പറഞ്ഞതല്ല, മുഖ്യമന്ത്രി പറഞ്ഞതാ) തമ്മില്‍ തല്ലുമില്ലാതെ ഞങ്ങളുടെ തുടര്‍ ചര്‍ച്ചകള്‍ കുറേക്കാലം മുമ്പോട്ടു പൊയ് - ഒരു സുപ്രഭാതത്തില്‍ തമിഴ്നാട്ടിലെ വ്യവസായ സംരംഭം ഉപേക്ഷിച്ച്, വെളുത്ത വസ്ത്രം അണിഞ്ഞ ഏതോ താടകയെ കെട്ടി ലണ്ടന് കുടിയേറാനുള്ള എന്റെ പാര്‍ട്ട്ണറുടെ തീരുമാനം ഞാന്‍ അറിയുന്നിടം വരെ.

ആ സംഭവത്തിന്‌ ശേഷം എന്റെ വ്യവസായ വാണിജ്യ സ്വപ്നങ്ങള്‍ക്ക് ഞാന്‍ 'മൊറൊട്ടോറിയം' പ്രഖ്യാപിച്ചു. മുതലാളി വര്‍ഗം എന്നത് ജീവനക്കാരുടെ ചോര ഊറ്റിക്കുടിക്കുന്ന അട്ടകളാണെന്നും താല്‍ക്കാലിക കാര്യസാധ്യത്തിന് വേണ്ടി അവരോട് കൂറ് പുലര്‍ത്തുന്ന തൊഴിലാളികള്‍    'കുലംകുത്തികളാണെന്നും' വിശ്വസിച്ചു. എന്റെ ഉള്ളിലെ അടിച്ചമര്‍ത്തപ്പെട്ട തൊഴിലാളിക്ക് വലതുപക്ഷത്ത് നിന്നും  ഇടതുപക്ഷ വ്യതിയാനം സംഭവിക്കുന്നുണ്ടോ  എന്ന് ഞാന്‍ സംശയിച്ചു..

ഒരുപാട് നാളുകള്‍ക്ക് ശേഷം ഇന്ന് മറ്റൊരു സുഹൃത്ത്‌, ചാരം മൂടികിടന്നിരുന്ന - അല്ലെങ്കില്‍ ഞാന്‍ പൂര്‍ണമായും ഉപേക്ഷിച്ചിരുന്ന- എന്റെ ആ പഴയ സ്വപ്നത്തിലേക്ക് ലിറ്ററിന് വെറും 0.45 റിയാല്‍ മാത്രം വിലയുള്ള പെട്രോള്‍ എടുത്ത് ഒഴിച്ചിരിക്കുന്നു. 

ആശയങ്ങള്‍ക്കും പദ്ധതികള്‍ക്കും വലിയ മാറ്റമില്ല. കൊയമ്പത്തൂരിന്റെ സ്ഥാനത്ത് സൗദി അറേബ്യ.കാസ്റ്റ് അയണിന്റെ സ്ഥാനത് ഹോട്ടല്‍ വ്യവസായം.കര്‍പ്പകം കോംപ്ലക്സില്‍ നിന്നും ലൊക്കേഷന്‍ തണുത്ത ജനുവരി കാറ്റ് വീശിയടിക്കുന്ന മണലാരണ്യത്തിലെ സ്മോകിംഗ് ഷെല്‍ട്ടറിലേക്ക് മാറിയിരിക്കുന്നു.  

മന്തിയും, ഷവായയും, തലശ്ശേരി ബിരിയാണിയും ഒത്തൊരുമയോടെ ഒറ്റ അടുക്കളയില്‍ വേകുന്ന , സ്വദേശികളെയും വിദേശികളെയും ഒരു പോലെ ആകര്‍ഷിക്കാന്‍ പറ്റുന്ന തന്റെ ഉള്ളിലുള്ള മോഡേണ്‍ ഭക്ഷണശാലയുടെ ചിത്രം അയാള്‍ എന്റെ മുമ്പില്‍ വരച്ചു കാട്ടുന്നു. വിശന്നു പൊരിയുന്ന വയറുകള്‍ക്ക് ഭക്ഷണം കൊടുക്കുന്നത് പുണ്യമാണെന്നും, ദിലീപും ലാലേട്ടനുമെല്ലാം ഈ വ്യവസായം വഴി ആ പുണ്യം നേടാന്‍ 'ക്യൂ' നില്‍ക്കുന്നവരിലെ കണ്ണികളാണെന്നും അയാള്‍ പറയുന്നു. ഇന്ത്യ ഇന്ന് സാമ്പത്തിക രംഗത്ത്‌ കുതിച്ചുയരുന്ന ഒരു വന്‍ശക്തിയാണെന്നും,  ഇനിയുള്ള കാലം വെറുമൊരു 'എംപ്ലോയ്'  ആയി ഇവിടെ നിന്നാല്‍ തിരികെ ചെല്ലുമ്പോള്‍ നാട്ടിലെ സമ്പത്തിന്റെ കുത്തൊഴുക്കില്‍ അടി ഒലിച്ച് പോകുമെന്നും പറഞ്ഞ് എന്നെ പേടിപ്പിക്കുന്നു.. 

അയാളുടെ ആ 'നവ ലിബറല്‍' ആശയങ്ങളോട് മുഖം തിരിച്ചു നില്‍ക്കാന്‍ ഞാന്‍ ആവുന്നത്ര ശ്രമിക്കുന്നുണ്ട്. എങ്കിലും എത്ര നാള്‍ ആ പ്രലോഭനങ്ങളില്‍ വീഴാതെ പിടിച്ചു നില്‍ക്കാന്‍ എനിക്ക് പറ്റും? 

എന്റെ നേരെ നീട്ടിയിരിക്കുന്ന  ആ ഏദന്‍ പഴത്തില്‍ കൊത്തണോ വേണ്ടയോ എന്ന് ഞാന്‍ തീരുമാനിച്ചിട്ടില്ല. സമാന ചിന്താഗതിയുമായി നടക്കുന്ന  ഞങ്ങളില്‍  ആരാണ് സര്‍പ്പമെന്നും ആരാണ് ഹവ്വ എന്നും എനിക്കറിയില്ല. എന്നാല്‍ ഈ 'സ്വയംതൊഴില്‍'  എന്നുള്ളത് എനിക്ക് വിലക്കപെട്ട കനി അല്ല എന്ന് മാത്രം അറിയാം.

സംഗതി ഏതായാലും പത്ത് പതിനൊന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും എനിക്ക് ഉറക്കം നഷ്ടമായിരിക്കുന്നു. ഇനിയുള്ള എന്റെ രാത്രികള്‍ക്ക് 'മസാലദോശയുടെ മാദകഗന്ധം' ആയിരിക്കും. ഉറക്കത്തില്‍ ഒരു പക്ഷെ ഞാന്‍ കടുക് വറുത്ത് രാത്രിയില്‍ കുടിക്കാന്‍ വെച്ചിരിക്കുന്ന വെള്ളത്തില്‍ ഒഴിക്കുമായിരിക്കും. ബിരിയാണിയില്‍ നിന്നും പാറ്റയെ കിട്ടിയ കസ്റ്റമര്‍ എന്റെ കഴുത്തിന്‌ കുത്തിപ്പിടിച്ച് അലറിയേക്കാം.  വെളിച്ചെണ്ണക്ക് പകരം മൃഗ കൊഴുപ്പ്  ചേര്‍ത്ത് ഭക്ഷണം പാകം ചെയ്തതിന് അറബി പോലീസിന്റെ ചാട്ടയടി കൊള്ളേണ്ടി വന്നേക്കാം. എങ്കിലും ഞാന്‍ സമാധാനിക്കും. ഒരു 'എന്റെര്‍പ്രെണര്‍' ആയിത്തീരാനുള്ള  ഇത്രയും കാലത്തെ എന്റെ കാത്തിരിപ്പിന് ഇങ്ങനെയാണ് തിരശീല വീഴുന്നതെങ്കിലോ?!!

Saturday, January 8, 2011

നീതി സ്റ്റോര്‍

നിര നിരയായി കെട്ടി തൂങ്ങി കിടക്കുന്ന വഴക്കുലകളെ വകഞ്ഞ് മാറ്റി, അന്ന് രാവിലെ ഷേവ് ചെയ്ത എന്റെ മുഖം വാഴക്കായ്കളില്‍ മുട്ടാതെ അകത്തേക്ക് നീട്ടി പച്ചക്കറി കടക്കാരനോട് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു..
"ഒരു കിലോ സവാള, ഒരു കിലോ തക്കാളി, ഒരു കിലോ ബീന്‍സ്, അര കിലോ വെളുത്തുള്ളി"!!!!.... ഞൊടിയിടയില്‍ അവിടമാകെ ഒരു നിശബ്ദത..കഥാപ്രസംഗത്തിനിടക്ക് സിംബല്‍ അടിച്ച് കഴിഞ്ഞുള്ള രണ്ടു സെക്കന്റ്‌ പോലെ....കിരീടത്തില്‍ കീരിക്കാടന്‍ ജോസിനെ കാണിക്കുമ്പോള്‍ ബാക്ക് ഗ്രൌണ്ട് മ്യൂസിക്‌ നിലച്ചത് പോലെ...

ഏങ്ങി വലിഞ്ഞ് കത്തുന്ന നിലവിളക്കിന്റെ തിരിപോലെയിരുന്ന  കടക്കാരന്റെ മുഖം പെട്ടെന്ന് രണ്ട് കിലോയുടെ എണ്ണപ്പാട്ട വിളക്കിലേക്ക് മറിഞ്ഞു വീണത്‌ പോലെ ആളി കത്തി..കടയില്‍ പച്ചക്കറി  വാങ്ങാന്‍ നിന്നിരുന്ന കെട്ട് പ്രായം തികഞ്ഞതും കെട്ട് പൊട്ടിച്ച് പോയതുമായ പെണ്ണുങ്ങള്‍ ആരാധനയോടെ എന്നെ നോക്കി മന്ദഹസിച്ചു...ടച്  വുഡ്...

ഞാന്‍ വെറുതെ എന്റെ പോലീസ് സണ്‍ഗ്ലാസ് ഒന്ന് നേരെ വെച്ച്, സോഡിയാക്  ഷര്‍ടിന്റെ    കയ്യില്‍ ഒന്ന് മണത്തു നോക്കി..ഹും ...രാവിലെ അടിച്ച ചാനല്‍ നന്നായി വര്‍ക്ക്‌ ഔട്ട്‌ ചെയ്തു തുടങ്ങിയിരിക്കുന്നു.. വെറുതെയല്ല പെണ്ണുങ്ങള്‍  ഇങ്ങനെ തറച്ചു നോക്കുന്നത് ..            
(ആരും വെറുതെ ബാര്‍ഗൈന്‍ ചെയ്യരുത്..പോലീസ് ലോക്കലാവും, സോഡിയാക്  പീറ്റര്‍ ഇംഗ്ലണ്ടാവും, ചാനെല്‍ റോയല്‍ മിറേജാവും...)


എല്ലാം ഈ പറഞ്ഞ തൂക്കം തന്നെ വേണോ...? കടക്കാരന്റെ ആര്‍ത്തിയോടെയുള്ള ചോദ്യം..ബ്ലഡി  പച്ചക്കറിക്കടക്കാരന്‍ ...എന്തറിയാം ഈ ഗള്‍ഫുകാരെ പറ്റി? പുച്ഛത്തോടെ ചുണ്ട് ഒരു കോണിലേക്ക് വളച്ച്‌ വെച്ച് തിരികെ ചോദിച്ചു...തന്റെ കേള്‍വിക്ക് എന്തേലും കുഴപ്പം..? ഐ മീന്‍ ..വേണ്ട വേണ്ട ...ഇംഗ്ലീഷ് വേണ്ട...ആളു പാവമാ ...ഞൊടിയിടയില്‍ വെളുത്ത കവറില്‍ പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ 'പ്രയോറിറ്റി  ബേസില്‍' മുമ്പിലെത്തി... കവര് കയ്യില്‍ വാങ്ങി നൂറിന്റെ ഒരു നോട്ടെടുത്ത് കടക്കാരന്റെ ത്രാസ്സിലേക്ക്  ഇട്ട് ധൃതിയില്‍ പുറത്തേക്കു നടന്ന എന്റെ പുറത്ത് തട്ടി കടക്കാരന്‍ വിളിച്ചു...ബാക്കി?...ബാക്കി വേണ്ട ചേട്ടന്‍ വെച്ചോ...ബാക്കി വാങ്ങുന്ന ശീലം എനിക്ക് പണ്ടേ ഇല്ല.. " ചേട്ടന്‍ വെച്ചോളാം അനിയന്‍ ആദ്യം ബാക്കി കാശ് തന്നിട്ട് പോ....രാവിലെ തല നിറച്ച് എണ്ണയും തേച്ച് വന്നപ്പോളേ തോന്നിയതാ മെനക്കേടാകുമെന്ന് . " മുന്നൂറ് രൂപേടെ സാധനോം വാങ്ങി 'നൂറ്  ഉലുവേം' തന്നിട്ട് പോകുന്നോ? ഹെയര്‍ ക്രീമും പച്ച വെളിച്ചെണ്ണയും തിരിച്ചറിയാന്‍ കഴിയാത്ത, വാളയാര്‍ ചുരം കടന്നു വരുന്ന തമിഴന്റെ ലോറികളുടെ ബലത്തില്‍ മാത്രം തന്റെ ബിസിനെസ്സ് സാമ്രാജ്യം കൊണ്ട് നടക്കുന്ന അയാള്‍ എന്റെ നേരെ കോമരം തുള്ളുന്നു..!!


എന്താ പറഞ്ഞെ? എന്താ പറഞ്ഞേന്ന്  ? അണിവിരളില്‍  തൂക്കാന്‍ മാത്രം കനം വരുന്ന ഇതിന് രൂപ മുന്നൂറോ? ഞെട്ടലോടെ തിരിഞ്ഞു നോക്കി..നേരെ നോക്കിയത് വില വിവര പട്ടികയിലേക്ക്... സവാള 80 .. വെളുത്തുള്ളി..260 .. ബാക്കി വായിക്കാന്‍ തോന്നിയില്ലാ..ഞാന്‍ ഇല്ലാത്ത ആറ് മാസം   സമയം നോക്കി സകലമാന സാധനങ്ങള്‍ക്കും വില കൂട്ടിയിരിക്കുന്നു...വെളുത്തുള്ളിയും സവാളയുമെല്ലാം കണ്ണാടി കൂട്ടിനുള്ളില്‍ വൃത്തിയോടെ സൂക്ഷിച്ചിരുന്ന ആ ശരാശരി വെജിറ്റബിള്‍ സെല്ലറോട് എനിക്ക് തോന്നിയ ആദ്യാനുരാഗം ഞൊടിയിടയില്‍ പകയായി മാറി.  സ്വന്തം നാടിനോടുള്ള ആത്മരോഷം കൊണ്ട് എന്റെ കണ്ണുകള്‍ ചുവന്നു..


"സാധനങ്ങള്‍ ഇങ്ങനെ വൃത്തിക്കും വെടിപ്പിനും കണ്ണാടി കൂട്ടിനുള്ളില്‍ വെച്ചിരിക്കുന്നു എന്ന് കരുതി തനിക്ക് തോന്നിയ പോലെ വില മേടിക്കാന്‍ ആര് തന്നു ലൈസെന്‍സ് " ??


"എന്ത് വൃത്തി ? എന്ത് വെടിപ്പ്? ഇത് അഖിലേന്ത്യാ തലത്തിലുള്ള വില വര്‍ധനയാണ് "..പിന്നെ കണ്ണാടികൂട് - വെളുത്തുള്ളിയുടെയും സവാളയുടെയും തൊലി പറന്നു പോയി എനിക്ക് കാപിറ്റല്‍ നഷ്ടം വന്നാല്‍ താന്‍ നികത്തുമോ ആ നഷ്ടം? ഒരു എക്കണോമിസ്റ്റിന്റെ  വാക്ക്ചാതുര്യത്തോടെയുള്ള    അയാളുടെ മറുപടിയില്‍ എനിക്ക് കാര്യങ്ങള്‍ കുറേശെ ബോധ്യമായി. 
"ഇനി എപ്പോള്‍ കുറയും ഇതിന്റെ ഒക്കെ മുടിഞ്ഞ വില?" ഇത്തവണ എന്റെ ശബ്ദം അല്പം താഴ്ന്നിരുന്നു..അതിന് കുറെ സമയം എടുക്കും..  ജനിതക വഴുതനങ്ങ വരാന്‍ പോകുന്നു..രണ്ടാം ഘട്ടത്തില്‍ ജനിതക സവോളയും മറ്റും വരും..അപ്പോള്‍ പ്രതീക്ഷിക്കാം.. അയാളുടെ വിശദീകരണം എനിക്ക് തൃപ്തിയായില്ല . അല്ലെങ്കില്‍ ജനിതക വിത്തുകളെ അവഗണിച്ച് കളഞ്ഞത്, അതിനെ പറ്റി കൂടുതല്‍ അറിയാതിരുന്നത്‌  അയാള്‍ക്ക് മറുപടി പറയാനുള്ള എന്റെ ആത്മവിശ്വാസത്തെ തളര്‍ത്തി കളഞ്ഞു. 


കുബൂസും ലെബാനും കഴിച്ചു മിച്ചം പിടിച്ച കാശ് ഇവിടെ രണ്ടാഴ്ച മാന്യമായി പച്ചക്കറി തിന്നാന്‍ പോലും തികയില്ല എന്ന സത്യം എന്നെ ഭ്രാന്ത് പിടിപ്പിച്ചു...ഇങ്ങനെ പോയാല്‍ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന ശരാശരി മലയാളി എങ്ങനെ കഞ്ഞി കുടിക്കും? എല്ലാവരും നാട്ടുകൂട്ടത്തില്‍ വിധി പറയുന്നവരുടെ  മക്കളും മരുമക്കളുമല്ലല്ലോ ?  നേരെ വീട്ടിലേക്കോടി...എന്നെ രാവിലെ ഇതിന് പറഞ്ഞു വിട്ട് ഫോര്‍ പീപ്പിള്‍സിന്റെ മുമ്പില്‍ നാണം കെടുത്തിയ   ഭാര്യ അടുക്കളയില്‍ കത്തിയുമായി എന്തോ പണിയിലാണ് ..ആ കത്തി  പിടിച്ചു വാങ്ങി ഞാന്‍ പുറത്തേക്കോടി..ആരേം ഒന്നും ചെയ്യല്ലേ എന്ന് കരഞ്ഞു ഭാര്യ പുറകെയും...പുറത്തേക്കിറങ്ങി...കുലച്ചു നിക്കുന്ന വാഴയുടെ ചുണ്ട് വെട്ടി ഭാര്യേടെ മുമ്പിലേക്കെറിഞ്ഞു..മുറ്റത്തിന്റെ  ഒരു വശത്ത് നിന്നിരുന്ന ചേമ്പിന്റെ താളും , പപ്പായയും  എല്ലാം നിമിഷ നേരം കൊണ്ട്  മുറ്റത്ത്‌ ഒരു ചെറിയ കൂനയായി. ...ഇനി ഞാന്‍ പോകുന്നത് വരെ വിറ്റാമിന്‍  എ മുതല്‍ ഇസഡ് വരെ തന്ന് എന്റെ ആരോഗ്യം  നോക്കേണ്ട ചുമതല  ഇതിന്റെ ഒക്കെ ചുമലില്‍....അല്ലെങ്കില്‍ കടക്കാരന്‍ പറഞ്ഞത് പോലെ ‘അന്തക വിത്തുകളുടെ’ സെക്കന്റ്‌ എഡീഷന്‍ വരട്ടെ...അത് വരെ ഇത് മതി...