Pages

Monday, June 20, 2011

മരുപ്പച്ചകള്‍ തേടുന്നവര്‍


പാതയോരത്തെ മരത്തണലില്‍ സെന്റര്‍ സ്റ്റാന്‍ഡില്‍ കയറ്റി വെച്ചിരിക്കുന്ന ബൈക്കിലിരുന്ന് അയാള്‍ വെറുതെ കണ്ണാടിയിലേക്ക് നോക്കി. ഈയിടെയായി ഇത് പതിവുള്ളതാണ്. കസ്റ്റമേഴ്സിനെ കണ്ടിട്ടുള്ള തിരിച്ചുവരവുകളില്‍  ബൈക്ക്‌ ഏതെങ്കിലും മരത്തണലില്‍ ചേര്‍ത്തുനിര്‍ത്തി വെറുതെ അതിനുമുകളില്‍ കയറി ഇരിക്കുക. തിളച്ചുമറിയുന്ന ചൂടില്‍നിന്നും അല്പം രക്ഷ. പിന്നെ, തുടര്‍ച്ചയായ യാത്രകള്‍ മൂലം പുറത്തേക്ക് വളയുന്ന നട്ടെല്ലിനെ കുറച്ചു നേരം വിശ്രമിക്കാന്‍ വിടുക.  വെറുതെ അങ്ങനെ കണ്ണാടിയില്‍ നോക്കിയിരുന്നപ്പോള്‍ 'യുവാവായ തനിക്ക് പ്രായം കൂടി വരികയാണല്ലോ' എന്ന പതിവുചിന്ത ഉള്ളിലേക്ക് കടന്നുവന്നു.  കണ്ണിന് ചുറ്റുമുള്ള കറുത്ത വലയങ്ങള്‍ കൂടി വരുന്നു. പഴയ ആ തുടിപ്പും പ്രസരിപ്പും മുഖത്തുനിന്നും മായ്ഞ്ഞു തുടങ്ങിയിരിക്കുന്നു. തുടര്‍ച്ചായ ഹെല്‍മെറ്റ്‌ ഉപയോഗം മൂലമാകണം, മുടി കൂടുതലായി പോയി നെറ്റി കൂടുതലായി തെളിയുന്നു. ഇതിനെല്ലാം പുറമേ ഈയടുത്ത് തുടങ്ങിയിരിക്കുന്ന ചെറിയ പുറംവേദനയും.  ഇവിടുത്തെ ജോലി ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് കടക്കണം എന്ന് കുറെ നാളായി കരുതുന്നു. അല്ലെങ്കിലും ഇന്ന് ആ തോന്നലുകള്‍ക്ക് ശക്തി കൂടും. രാവിലത്തെ കസ്റ്റമര്‍ വിസിറ്റ് അങ്ങനെ ഒരിടത്തേക്ക് ആയിരുന്നല്ലോ? പുറത്തു നിര്‍ത്തിയിട്ടിരുന്ന ആഡംബര കാറുകള്‍. ഒഫീസിനുള്ളിലെ  എയര്‍കണ്ടീഷന്‍റെ തണുപ്പില്‍ ഗള്‍ഫു പണം മുഖത്തും പ്രവര്‍ത്തിയിലും  നല്‍കിയ ചോരത്തിളപ്പുമായി രണ്ടു യുവാക്കളായ കസ്റ്റമേഴ്സ്. താനുമായുള്ള ചര്‍ച്ചകള്‍ക്കിടയില്‍ തന്നെ വരുന്ന  ഫോണ്‍ കോളുകളിലൂടെ സുഹൃത്തുക്കളുമായി പങ്കുവെക്കുന്ന ഗള്‍ഫ്‌ വിശേഷങ്ങള്‍. മനസ് നിറയെ ഗള്‍ഫ്‌ സ്വപ്നങ്ങളുമായി നടക്കുന്ന ഒരുവന്റെ ശ്രദ്ധ പതറാന്‍ ഇതൊക്കെ തന്നെ ധാരാളം..............ചിന്തകള്‍ കാടുകയറി തുടങ്ങിയിരിക്കുന്നു....ഇനിയും ഇരുന്നാല്‍ ശരിയാകില്ല. വീണ്ടും കിടക്കുന്നു ചെയ്തുതീര്‍ക്കാന്‍ ഇന്നത്തെ ജോലികള്‍ ബാക്കി. പതിവുപോലെ കാലുകള്‍ യാന്ത്രികമായി കിക്കറിലേക്ക് നീണ്ടു.
..................................................................................................................................................................
മണലാരണ്യത്തെ രണ്ടായി പകുത്തുകൊണ്ട് നേര്‍രേഖയില്‍ കടന്നുപോകുന്ന എക്സ്പ്രസ്സ് ഹൈവേ. അതിന്‍റെ ഒരു വശത്തുള്ള പെട്രോള്‍ സ്റ്റേഷന്‍റെ അല്‍പം തണലില്‍ ഒതുക്കിയിട്ടിരുന്ന കാറിനുള്ളിലെ കിടപ്പ് തുടങ്ങിയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. അതികാലത്ത്  എഴുന്നേറ്റ് താമസസ്ഥലത്ത്നിന്നും ഏകദേശം അഞ്ഞൂറോളം കിലോമീറ്റര്‍ അകലെയുള്ള സ്വന്തം കമ്പനിയുടെ തന്നെ മറ്റൊരു പ്രോജക്ടിലേക്കുള്ള യാത്ര മാസത്തില്‍ രണ്ടോ മൂന്നോ തവണ പതിവുള്ളതാണ്. തിരികെ വരുന്ന വഴി ഉറക്കം വന്ന് കണ്ണുകള്‍ തൂങ്ങുമ്പോള്‍ ഏതെങ്കിലും പെട്രോള്‍ സ്റ്റേഷനില്‍ വണ്ടി ഒതുക്കി ഡ്രൈവിംഗ്സീറ്റ്  പുറകോട്ട് ചായ്ച്ച് കുറച്ചുനേരം വെറുതെ കിടക്കും. ചിലപ്പോള്‍ അല്‍പനേരം ഉറങ്ങിയാലായി. അല്ലെങ്കില്‍ ആ കിടക്കുന്ന കിടപ്പില്‍ മനസ് വെറുതെ മരുഭൂമിയില്‍ അലയുന്ന ഒട്ടകങ്ങളെ പോലെ എവിടെക്കെങ്കിലും സഞ്ചരിക്കും. ഒന്നിനും സമയമില്ലാത്ത ഈ പ്രവാസ ജീവിതത്തില്‍ മനസ്സില്‍ കുന്നുകൂടുന്ന ചിന്തകളെ കെട്ടഴിച്ച്‌ സ്വതന്ത്രമാക്കാന്‍ വിജനമായ ഈ മരുഭൂമിയോളം നല്ലയൊരു സ്ഥലം വേറെയില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നാടും വീടും കുട്ടികളും എന്ന് വേണ്ട, ഒരു ശരാശരി മനുഷ്യന്‍ ഏറ്റവും മുന്തിയ പരിഗണന കൊടുക്കേണ്ട എല്ലാ കാര്യങ്ങളെക്കുറിച്ചും താന്‍ ഏറ്റവും കൂടുതല്‍ ആലോചിക്കുന്നതും വേവലാതിപ്പെടുന്നതും മരുഭൂമിയില്‍ കൂടിയുള്ള ഈ  യാത്രകളില്‍ ആണല്ലോ? നാട്ടില്‍ വെച്ച് നിസാരമായ ആരോഗ്യപ്രശ്നങ്ങളില്‍ ആവശ്യത്തിലധികം ആശങ്കപ്പെട്ടിരുന്ന താന്‍ ഇന്ന് ആ ഒരു കാര്യത്തില്‍ ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും ആവശ്യത്തിലേറെ തല പുകക്കുന്നു.  ചിന്തകളുടെ ഒന്നാമത്തെ എപ്പിസോഡ് കഴിയാറായിരിക്കുന്നു. ഹാന്‍ഡ്‌ ബ്രേക്ക്‌ റിലീസ് ചെയ്ത്‌ ഗീയറിലിട്ട് കാര്‍ റോഡിലേക്കിറക്കി. എത്തിച്ചേരേണ്ട സ്ഥലത്തേക്കുള്ള ദൂരം 250 കിലോമീറ്റര്‍ എന്ന് മുന്നില്‍ കണ്ട നീല ബോര്‍ഡില്‍ തെളിഞ്ഞു. പക്ഷെ തനിക്കിനിയും അതിലേറെ ദൂരം സഞ്ചരിക്കാന്‍ ഉണ്ടെന്ന് തോന്നി. വീണ്ടും ഉറക്കം വന്ന് കണ്ണുകള്‍ അടഞ്ഞുപോകാതിരിക്കാന്‍ കാറിന്റെ ഡാഷ് ബോര്‍ഡ്‌ തുറന്ന് അല്പം ടൈഗര്‍ ബാം കണ്ണുകള്‍ക്ക്‌ തൊട്ടുമുകളിലായി നെറ്റിയിലേക്ക് തേച്ചു പിടിപ്പിച്ചു.
....................................................................................................................................................................
വണ്ടി പുറത്തു നിര്‍ത്തി ഫാബ്രിക്കേഷന്‍ ഷോപ്പിലേക്ക് നടക്കുമ്പോള്‍ സന്ധ്യ മയങ്ങാന്‍ തുടങ്ങിയിരുന്നു. തൊഴിലാളികള്‍ അന്നത്തെ ജോലിതീര്‍ത്ത് തങ്ങളുടെ കൂടാരങ്ങളിലേക്ക് മടങ്ങുവാനുള്ള വ്യഗ്രതയില്‍ ഓടിപ്പിടിച്ചുള്ള ജോലിയിലാണ്. ഒരു വശത്ത് രാത്രി ഷിഫ്റ്റ് നില്‍ക്കുന്ന വെല്‍ഡര്‍മാര്‍ അവരുടെ പണികളില്‍ മുഴുകിയിരിക്കുന്നു. സ്റ്റീല്‍ പൈപ്പും ചാനലുകളും ബീമുകളും എല്ലാം കത്തി ജ്വലിക്കുന്ന വെല്‍ഡിംഗ് റോഡിന്റെ സഹായത്തോടെ കൂടുതല്‍ ശക്തിയോടെ ഒന്നായി തീരുന്നത് കുറച്ചു നേരം നോക്കി നിന്നു. അവസാന ആന്തലോടെ അല്പം മങ്ങി കത്തി എരിഞ്ഞു തീരുന്ന റോഡുകള്‍ വെല്‍ഡിംഗ് ഹോള്‍ഡറില്‍ നിന്നും ഊരിമാറ്റി ഷോപ്പിന്റെ ഒരു മൂലയിലേക്ക് വലിച്ചെറിയുന്നത് കണ്ടപ്പോള്‍ സ്ഥിരം കാഴ്ചയുടെ മടുപ്പോടെ അയാള്‍ തല തിരിച്ചത് സൂപ്പര്‍വൈസറുടെ  മുഖത്തേക്ക്... "സാര്‍, വെല്‍ഡിംഗ് റോഡ്‌ കഴിയാറായി. പുതിയതിന് ഓര്‍ഡര്‍ കൊടുക്കാന്‍ പറയണം. കഴിഞ്ഞതവണ വന്നതത്ര ഗുണം പോരാ, ഒരുപാട് വെസ്റ്റ് ആയി" ......ഇത്രയും നാളത്തെ ഇവിടുത്തെ ജീവിതത്തിനിടയില്‍ എത്രയോ ഉരുക്കുകഷണങ്ങള്‍ ഒന്നായി തീരുന്നത് കണ്ടിരിക്കുന്നു. ഒരു മൂലയില്‍ കുന്നുകൂടുന്ന വെല്‍ഡിംഗ് റോഡുകളുടെ കണക്ക് എന്നെങ്കിലും താന്‍ എടുത്തിരുന്നോ? ഇനിയും എത്രയോ ഇരുമ്പ് കഷണങ്ങള്‍ വെല്‍ഡിംഗ് റോഡിന്റെ വരവും കാത്ത് ഇവിടെ കിടക്കുന്നു. സൂപ്പര്‍വൈസര്‍ പറഞ്ഞത് പോലെ ഇന്ന് തന്നെ ഓര്‍ഡര്‍ കൊടുക്കണം. നാളെ നാട്ടിലേക്ക് പോകാന്‍ ഉള്ളതാണ്. അതിനുമുമ്പ് ചെയ്തുതീര്‍ക്കാനുള്ള ജോലികളെല്ലാം ഒതുക്കണം. തിരികെ ഫാബ്രിക്കേഷന്‍ മാനേജര്‍ എന്നെഴുതിയിരിക്കുന്ന റൂമിലേക്ക്‌ നടക്കുമ്പോള്‍ മറ്റെല്ലാ ചിന്തകളും അയാളെ വിട്ടു പോയിരുന്നു.
....................................................................................................................................................
രാത്രി...യാത്രക്കുള്ള പെട്ടികളെല്ലാം അടുക്കിവെച്ച് കിടക്കാറായപ്പോള്‍ സമയം അര്‍ദ്ധരാത്രി കഴിഞ്ഞു. വൈകുന്നേരം യാത്രയാക്കാന്‍ വന്ന സുഹൃത്തുക്കള്‍ മടങ്ങിയപ്പോള്‍ തന്നെ ഒരുപാട് വൈകിയിരുന്നു. എല്ലാതവണയും നാട്ടിലേക്ക് പോകുന്നതിനുമുമ്പുള്ള ഒരുക്കങ്ങള്‍. ഇനി കിടക്കണം. അതിരാവിലെ പുറപ്പെടാനുള്ളതാണ്. ആ കിടപ്പില്‍ വീണ്ടും ഓര്‍മ്മകള്‍ ഓരോന്നായി ഫ്ലാഷ് ബാക്ക്‌ പോലെ കടന്നു വന്നു. വെറും അഞ്ചു വര്‍ഷത്തെ പദ്ധതിയിട്ട് നാട്ടില്‍ നിന്നും വിമാനം കയറിയ താനിപ്പോള്‍ ഇവിടെ പത്ത് കൊല്ലം തികക്കുന്നു. ഗള്‍ഫിലേക്ക് പോകാനുള്ള പദ്ധതി അറിയിച്ചപ്പോള്‍ ഭാര്യയുടെ ഭാഗത്തുനിന്നും ഉണ്ടായ ദുര്‍ബലമായ എതിര്‍പ്പിന്റെ സ്വരം. " ഇവിടെ ഇപ്പോള്‍ നമുക്കെന്തിന്റെ കുറവാണ് കടങ്ങള്‍ ഒന്നും അധികമില്ലല്ലോ?" ഏതൊരു ഭാര്യയും ഇങ്ങനെയൊക്കെ തന്നെയേ പറയൂ എന്ന് അറിയാമായിരുന്ന താന്‍ ഡൈനിംഗ് ടേബിളിന് മുകളില്‍ വെച്ച വെള്ളക്കടലാസിലേക്ക് ഓരോ മാസത്തെയും വരവ് ചെലവ് കണക്കുകള്‍ അക്കങ്ങളായി പെറുക്കി വെച്ച് കാണിച്ചു കൊടുത്തു. പാല്, പത്രം, കേബിള്‍, ചിട്ടി, പലചരക്ക്, അവിചാരിതമായി കടന്നുവരുന്ന ആശുപത്രി ചിലവുകള്‍...... ഇതെല്ലാം കൂടി കടിച്ചു പിടിച്ച് ബാലന്‍സ്‌ ചെയ്ത് കൊണ്ട് പോകാന്‍ മാത്രം സാധിക്കുന്ന തന്റെ മാസവരുമാനം. കാര്യങ്ങള്‍ ബോധ്യമായോ അതോ ബാലന്‍സ് ഷീറ്റ് ടാലിയാക്കാന്‍  ഓരോ മാസവും താന്‍ കാണിക്കുന്ന  ഞാണിന്‍മേല്‍ കളികളില്‍  ദൈന്യത തോന്നിയിട്ടാണോ എന്നറിയില്ല, എതിര്‍പ്പിന്റെ ശക്തി കുറഞ്ഞു. പക്ഷെ എന്നത്തേയുംപോലെ  കഴിഞ്ഞ തവണ പോയപ്പോഴും ചോദിച്ചു, ഇനി എങ്കിലും മടങ്ങിക്കൂടെ എന്ന്? അപ്പോഴും തന്റെ കയ്യില്‍ ഉത്തരമുണ്ടായിരുന്നല്ലോ? തുറന്നു വെച്ച ലാപ്ടോപ്പില്‍ നിന്നും എക്സെല്‍ ഷീറ്റ് തുറന്നു കാണിച്ചു. വളര്‍ന്നു വരുന്ന കുട്ടികളുടെ പഠന ചിലവുകള്‍, സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം എന്‍. ആര്‍. ഐ ക്വോട്ട വഴി എന്‍ജിനീയറിംഗിനും മെഡിസിനും സീറ്റ്‌ തരപ്പെടുത്താന്‍ കൊടുക്കേണ്ട ഭീമമായ തുക, ഭാവിയില്‍ മകളുടെ വിവാഹത്തിനായി കണ്ടെത്തേണ്ട പണം, ഇനിയും അടഞ്ഞു തീരാത്ത ഗാര്‍ഹിക വാഹന വായ്പകള്‍, മാസം തോറും അടക്കേണ്ട ഇന്‍ഷുറന്‍സ്‌ പ്രീമിയം ...  എക്സല്‍ ഷീറ്റ് താഴേക്ക് നീണ്ടു പോകുന്തോറും ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞു പേടിപ്പിച്ച് മനസിലാക്കി കൊടുക്കുവാനുള്ള അദ്ധ്വാനവും കുറഞ്ഞു വന്നു. എങ്കിലും ചോദിച്ചു, ഇതെല്ലാം തീര്‍ന്നിട്ട് ഇനി ഒരു തിരിച്ചു വരവ് എന്നുണ്ടാകും? അതിന് തനിക്കുമില്ലല്ലോ മറുപടി!!!  ഒന്ന് മാത്രമറിയാം, ഒരിക്കല്‍ ഈ മണല്‍ക്കാടിന് നടുവില്‍ പെട്ടുപോയാല്‍ പുറത്തുകടക്കാനുള്ള വഴികള്‍ മറ്റുപലരെയും പോലെ തന്നെ തനിക്കും അഞാതമാണ് എന്ന് !!!!!!! വീശിയടിക്കുന്ന  ഓരോ പൊടിക്കാറ്റിന് ശേഷവും പുതിയ ഓരോ മണല്‍ക്കൂനകള്‍ മുമ്പില്‍ രൂപംകൊള്ളും. കണ്ണുകളില്‍ അടിച്ചുകയറിയ മണലുമായി ഒന്നുകില്‍ ആ കുന്നുകള്‍ക്ക് മുമ്പില്‍ വഴി തെറ്റി പകച്ചു നില്‍ക്കുന്നു . അല്ലെങ്കില്‍, ആ മണല്‍ക്കൂനകള്‍ മറികടന്ന് ഒരു മരുപ്പച്ചയെങ്കിലും അന്വേഷിക്കുവാനുള്ള ശേഷി ഇത്രയും ദൂരം അലഞ്ഞു നടന്ന കാലുകളിലേക്ക് വരുന്നില്ല.  കണ്ണുകളിലേക്ക് ഉറക്കം വരുന്നതിനു മുമ്പ് പണ്ടെവിടെയോ വായിച്ചത് ഒന്നുകൂടി ഓര്‍ത്തു..പലരും ബാധ്യതക്കാരായി ഗള്‍ഫിലേക്ക് വരുന്നില്ല. ഗള്‍ഫാണ് പലരെയും ബാധ്യതകാരാക്കുന്നത്.