Pages

Wednesday, February 23, 2011

ഒരു രാജിക്കത്ത് - തിരഞ്ഞെടുപ്പ് സ്പെഷ്യല്‍....

ഡിയര്‍ അറബീ,
ഞാന്‍ എന്റെ രാജി പ്രഖ്യാപിക്കുകയാണ് താങ്കളുടെ സ്ഥാപനത്തില്‍ നിന്നും.. എന്നെ  അടുത്തറിയാവുന്ന, എന്റെ മനസിലിരുപ്പ് നന്നായറിയാവുന്ന താങ്കള്‍ ഈ പ്രഖ്യാപനത്തില്‍ അര്‍മാദിച്ചു തുള്ളിച്ചാടും എന്നെനിക്കറിയാം ... കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലാ എന്ന് പറയുന്നത് പോലെ ഞാന്‍ പോയാല്‍ നിങ്ങളിവിടെ കിടന്നു നക്ഷത്രം എണ്ണുന്നത് ഞാനെന്റെ മനക്കണ്ണില്‍ കാണുന്നുണ്ട്. . നമ്മുടെ ആട് കമ്പനിയുടെ രൂപീകരണം മുതല്‍ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നിങ്ങള്‍ക്ക്  വേണ്ട നിയമ പ്രശ്നങ്ങള്‍ പറഞ്ഞു തന്നു കാത്തു രക്ഷിച്ച എന്റെ നാക്കിന്റെ ബലത്തെ ഈയിടെയായി നിങ്ങക്ക് വലിയ വിലയൊന്നും ഇല്ലാ എന്ന് കുറെ നാളായി എനിക്ക് മനസിലാകുന്നുണ്ട്..  എന്നോട് കാണിക്കുന്ന ഈ വിവേചനം ഞാന്‍ സഹിച്ചേനെ..  എന്റെ അമ്മാമേടെ അനിയത്തീടെ മകന്‍  ജോസുകുട്ടിയോട് നിങ്ങള്‍ കാണിച്ചത് ഒരു കാലത്തും എനിക്ക് സഹിക്കാന്‍ പറ്റില്ല.  നാട്ടില്‍ ഒരു ഗതിയും പരഗതിയും ഇല്ലാതെ നടന്ന അവന്‍ അവിടെ നിന്നാല്‍ പെഴച്ചു പോകും എന്ന് കുടുംബക്കാര്‍ പറഞ്ഞപ്പോളാണ്  ഇഷ്ടമില്ലതിരുന്നിട്ടും എന്റെ സ്വന്തം കാശു ചിലവാക്കി വിസ എടുത്ത് ഞാന്‍ കൊണ്ട് വന്നത്. . അവനു നിങ്ങള്‍ കൊടുത്തത് ഇവിടുത്തെ പൊള്ളുന്ന വെയിലില്‍ ഉള്ള പുറം പണി ആണെങ്കിലും നിങ്ങടെ അനുവാദമില്ലാതെ കൊണ്ട് വന്നതല്ലേ എന്ന് കരുതി ഞാന്‍ അങ്ങ് ക്ഷമിച്ചതാണ്.  എന്നോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ നിങ്ങള്‍ ആളുകളെ വിട്ട് അവന്റെ കയ്യും കാലും തല്ലി ഒടിച്ചതു എനിക്ക് ക്ഷമിക്കാന്‍ പറ്റുമോ? അവന്റെ 'ഇഖാമയും' കഷ്ടപ്പെട്ടു നേടിയ ഗള്‍ഫ്‌ ലൈസന്‍സും നിങ്ങടെ ആളുകള്‍ കീറി കളഞ്ഞത് എനിക്ക് മറക്കാന്‍ പറ്റുമോ? അവനെ പറ്റി ആളുകള്‍ എന്തെങ്കിലും ഇല്ലാവചനം നിങ്ങടെ അടുത്ത് വന്ന് ഓതി തന്നിട്ടുണ്ടേല്‍ ഞാനോ അവനോ എന്ത് പിഴച്ചു..?  ആടിന് കഞ്ഞി വെള്ളവും കൊണ്ട് വരുന്ന നിങ്ങടെ കേട്ട്യോള്‍ടെ അനിയത്തിയുടെ അടുത്ത് ഇത്രേം നാളായിട്ടും എന്തേലും കന്നംതിരിവ്‌ അവന്‍ കാണിച്ചിട്ടുണ്ടോ? എന്റെയും ഞാന്‍ കൊണ്ട് വന്ന ആളുകളുടെയും പുറത്തു മാത്രമല്ലേ ഉള്ളൂ നിങ്ങടെ ഈ കുതിര കയറ്റം?  നമ്മുടെ ഡല്‍ഹി ബ്രാഞ്ചിലെ ഫാമില്‍  ജോലി ചെയ്യുന്ന എന്റെ മകനെ കാണാന്‍ ഞാനൊന്ന് പോയപ്പോള്‍ , അവനെ അവിടുത്തെ മാനേജര്‍ ആക്കാനാണ് ഞാന്‍ പോയതെന്ന് നിങ്ങടെ സില്‍ബന്ധികള്‍ പറഞ്ഞു പരത്തിയില്ലേ?

ഷുഗറിന്റെയും  കൊളസ്ട്രോളിന്റെയും അസ്കിതയില്‍  കഷ്ടപ്പെടുന്ന നിങ്ങള്‍ക്ക്  ആട്ടിന്‍പാലില്‍  'ഐസ്ക്രീം' കലര്‍ത്തി തന്ന ഹൈദരാലിയെ നിങ്ങള്‍ വെറും വെറുതെ വിട്ടില്ലേ? കണ്ണടച്ചിരുന്ന് പാലും ഐസ്ക്രീമും കഴിക്കുന്നത്‌ ആരും കാണുന്നില്ലാ എന്ന് കരുതരുത്. നമ്മുടെ ഫാമില്‍ നിന്നും മുട്ടനാടിനെ കട്ട് വിറ്റ്‌ ജയിലില്‍ പോയ രാമകൃഷ്ണനോട് പോലും നിങ്ങള്‍ കാണിക്കുന്ന സ്നേഹം കണ്ട് അസൂയകാരണം എന്റെ കണ്ണുകള്‍ നിറയുന്നു. അവനെ കാണാന്‍ ആഴ്ച്ചക്ക് ആഴ്ച്ചക്ക് 'ബുഖാരി റൈസും' ചുട്ട കോഴിയുമായി ജയിലില്‍ പോകാന്‍ നിങ്ങക്ക് യാതൊരു ഉളുപ്പുമില്ലല്ലോ? അതിനു ഞാന്‍ കൂടെ വരാത്തതാണോ എന്റടുത്തു ചാടിക്കടിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ച ഘടകം?!! നിങ്ങടെ കൂടെയുള്ള പൊറുതി ഞാന്‍ മതിയാക്കി..  നട്ടെല്ലുള്ളവന്‍ നാറിയാല്‍ പിന്നെ പരമ നാറിയാണെന്ന് മുരളി പണ്ടേതോ സിനിമയില്‍ പറഞ്ഞിട്ടുണ്ട്.. എന്നെ ആ പണിക്ക് കിട്ടില്ലാ.....

ഈ ബിസിനെസില്‍ നമ്മുടെ എതിരാളികളായ വിജയേട്ടനും  ബാലേട്ടനും ഒക്കെ ഈ വരുന്ന മെയ്‌ മാസത്തോടെ തുടങ്ങുന്ന  അവരുടെ കമ്പനിയില്‍ ആളെ എടുക്കുന്നുണ്ട് എന്ന് ഞാന്‍ പത്രത്തില്‍ കണ്ടു.."നൂറ്റി നാല്പതോളം" പേരെ ഇന്റര്‍വ്യൂ എടുത്ത് അതില്‍ നിന്നും "എഴുപത്തി ഒന്നോളം" ആള്‍ക്കാര്‍ എങ്കിലും ഉണ്ടെങ്കിലെ അവര്‍ക്ക് പുതിയ ആട് കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുള്ളൂ... നമ്മുടെ പോലെ വെളുത്ത് മെലിഞ്ഞ തൊലിഞ്ഞ ആടൊന്നുമല്ല അവരുടേത്... നല്ല 'ചുമന്നു' തുടുത്ത കൊഴുത്ത ആടുകള്‍..  ഞാന്‍ ഒന്ന് നോക്കട്ടെ.. ഇവടെ നിന്നും എത്ര പേരെ എന്റെ കൂടെ കൊണ്ട് പോകാന്‍ പറ്റുമെന്ന്.. താങ്കള്‍ തരുന്നതിനെക്കാളും ശമ്പളവും, ഡയറക്ടര്‍ ബോര്‍ഡില്‍ വൈസ്‌ ചെയര്‍മാന്‍ സ്ഥാനവും അവര്‍ എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.  ഈ വൈസ്‌ ചെയര്‍മാന്‍ എന്നുള്ളത് എന്റെ ഒരു 'അന്ത്യാഭിലാഷം' ആണെന്നുള്ളത് നാട്ടിലെങ്ങും പാട്ടാണല്ലോ? പിന്നെ എന്തിനു  ഞാന്‍ ഇവിടുത്തെ ആട്ടിന്‍ തൊഴുത്തിന്റെ പിന്നാമ്പുറത്ത് ആട്ടിന്‍ കാട്ടവും ഉരുട്ടി സമയം കളയണം.. പൊട്ടിയെ കളഞ്ഞിട്ട് ഭ്രാന്തിയെ കെട്ടുന്നത് പോലെയാകും അത് എന്ന് എന്നെ പലരും ഉപദേശിക്കുന്നുണ്ട്..  എന്നെ ഞാന്‍ അല്ലാതെ മറ്റൊരാള്‍ ഉപദേശിക്കുന്നത് പണ്ടേ ഇഷ്ടമില്ലാത്തതിനാല്‍ അത് ഞാന്‍ ദേ , ഈ ചെവിയില്‍ കൂടി കേട്ട് മറ്റേ ചെവിയില്‍  കൂടി പുറത്തു വിട്ടു.

ഇനി ഒന്ന് കൂടി ഞാന്‍ പറഞ്ഞേക്കാം..അവിടുത്തെ പരീക്ഷയില്‍ ഞാന്‍ തോല്‍ക്കുകയോ, അവര്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ ആള്‍ക്കാരെ കിട്ടുകയോ ചെയ്‌താല്‍ ഞാന്‍ തിരികെ വരും...അന്നേരം ഞാന്‍ ഈ പറഞ്ഞതൊക്കെ ചുമ്മാ മനസ്സില്‍ വെച്ച് എന്നോട്  പെരുമാറിയേക്കരുത് !!!. പണ്ട് മുടിയനായ പുത്രന്‍ തിരികെ വന്നപ്പോള്‍ ചെയ്തത് പോലെ, ഇവിടുത്തെ ഏറ്റവും വലിപ്പമുള്ള - ദേ ആ നില്‍ക്കുന്ന ചെമ്മരിയാടിനെ തന്നെ ബിസ്മിയും ചൊല്ലി അറുത്ത് എന്റെ അണ്ണാക്കില്‍ വെച്ച് തരണം..

ബാക്കി എല്ലാം വിധി പോലെ..
എന്ന് ഇത്രയും നാള്‍ നിങ്ങടെ സ്വന്തമായിരുന്ന........

മാത്തുക്കുട്ടി---സാര്‍..,
പാലക്കര.
--------------------------------------------------------------------------------------------------------------- 

Tuesday, February 8, 2011

'എ ജേര്‍ണി വിത്ത്‌ ഔസേപ്പച്ചന്‍ '

സൌദിക്കും ബഹ്റൈനും ഇടക്കുള്ള കടല്‍ പാലം കടന്ന് ബഹ്റൈനില്‍ നിന്നും ദിവസേനയുള്ള വിദേശ എയര്‍ലൈനുകളെ ആശ്രയിക്കുക...നാട് പിടിക്കുന്നതിന് ദമ്മാമില്‍ ഉള്ളവര്‍ മിക്കവാറും സ്വീകരിക്കുന്ന മാര്‍ഗം...കോസ് വേയിലെ ബ്ലോക്കില്‍ അല്പസമയം കിടന്നാലും വേണ്ടില്ല- കാലം തെറ്റി പെയ്യുന്ന മഴ പോലെ തോന്നുമ്പോള്‍ മാത്രം പറക്കുന്ന എയര്‍ ഇന്ത്യയുടെ വരവും കാത്ത് മാനത്തേക്ക് കണ്ണും നട്ടിരിക്കേണ്ടല്ലോ!! ഇതാകുമ്പോള്‍ പറഞ്ഞ സമയത്ത് പോകും.കൊച്ചീല്‍ ഇറങ്ങേണ്ടവനെ കോഴിക്കോട് കൊണ്ട് ഇറക്കില്ല....കോഴിക്കോട് ഇറങ്ങേണ്ടവനെ തിരുവനന്തപുരത്ത് ഇറക്കി കൊച്ചുവേളി റെയില്‍വേ സ്റ്റേഷന്‍ ചൂണ്ടി കാണിച്ച് പരശുറാം പിടിച്ച് വടക്കോട്ട്‌ പൊക്കോളൂ എന്നും പറയില്ല...

ഇതെല്ലാം മനസ്സില്‍ കണ്ടാണ് രണ്ട് വര്‍ഷം മുമ്പൊരു വെക്കേഷന്‍ കാലം കൊച്ചിക്കുള്ള ടിക്കെറ്റുമെടുത്ത് ഞാന്‍ അവിടെനിന്നുള്ള ബഹ്റൈന്‍ - കൊച്ചി ഫ്ലൈറ്റിന് കയറിയത്. ക്രിസ്തുമസ്സും ന്യൂ ഇയറുമെല്ലാം ഒന്നിച്ചു വരുന്നത് കൊണ്ട് സാമാന്യം നല്ല തിരക്കുള്ള സമയം. ഒരു കയ്യില്‍ ഹാന്‍ഡ്‌ ബാഗും മറു കയ്യില്‍ ബഹ്‌റൈന്‍ ഡ്യൂട്ടി ഫ്രീയിലെ 'കുപ്പികളുമായി' യാത്രക്കാര്‍ ഒന്നൊന്നായി കടന്നു വന്നു കൊണ്ടിരുന്നു. എറ്റവും അവസാനമായി നിലാവത്ത് അഴിച്ചു വിട്ട പിടക്കോഴിയെ പോലെ തന്റെ സീററ് അന്വേഷിച്ച് അതിലെയും ഇതിലേയും ഒക്കെ അലഞ്ഞു നടന്ന ഒരാള്‍ എയര്‍ ഹോസ്റ്റെസിന്റെ അകമ്പടിയോടെ എന്റെ അരികില്‍ വന്നിരുന്നു. വന്നപാടെ തന്റെ കയ്യിലുണ്ടായിരുന്ന 'കുപ്പി സഞ്ചി'കുലുങ്ങാതെ ഭദ്രമായി മുകളില്‍ വെച്ചു. ശേഷം ദയനീയമായി എന്നെ ഒന്ന് നോക്കി. ആ കടാക്ഷം മുമ്പ് പലരില്‍ നിന്നും പലപ്പോഴും എറ്റുവാങ്ങിയിട്ടുള്ളതിനാല്‍ ചോദിക്കാതെ തന്നെ ഞാന്‍ എഴുന്നേറ്റ് ഏതാണ്ട് പത്തു പന്ത്രണ്ടു കിലോ വരുന്ന അദ്ദേഹത്തിന്റെ 'ഹാന്‍ഡ്‌ ബാഗ് ' എടുത്തു കാബിനിലേക്ക് വെച്ചു. എന്റെ കൊച്ചി വരെയുള്ള യാത്രക്ക് ഇണയായി, തുണയായി കിട്ടിയ ആളല്ലേ? സീറ്റ്‌ ബെല്‍റ്റ്‌ പറിച്ചെടുത്ത് വീട്ടില്‍ കൊണ്ട് പോകുമെന്ന് തോന്നിയപ്പോള്‍ ഞാനതും ഇട്ടു കൊടുത്തു. ഇപ്പോള്‍ അദ്ദേഹത്തിന്റെ മുഖത്ത് അല്പം ആശ്വാസം.ഒരു മിനിട്ട് കണ്ണടച്ചിരുന്നു.  അതിനു ശേഷം എന്റെ നേരെ തിരിഞ്ഞു..

"എന്റെ പേര് ഔസേപ്പ്..കട്ടപ്പനയാ വീട്.  മോന്റടുത്ത് വിസിറ്റിങ്ങിനു വന്നിട്ട് പോകുവാ...മോന്റെ പെരെന്നെതാ"? ആ ഒരൊറ്റ ശ്വാസത്തിലുള്ള തുറന്നു പറച്ചിലില്‍ തന്നെ ഇന്നത്തെ എന്റെ യാത്ര നിദ്രാവിഹീനമാകുമെന്ന് എതാണ്ടുറപ്പായി..

ഞാന്‍ ആളെ ആകമാനം ഒന്ന് നോക്കി.അറുപത്തി അഞ്ചിനും എഴുപതിനുമിടയില്‍ പ്രായം.ദേഹം നിറയെ വാരി വലിച്ചടിച്ചിരിക്കുന്ന സ്പ്രേയും വിമാനത്തില്‍ കയറുന്നതിന് മുമ്പ് വലിച്ചു തള്ളിയ സിഗരറ്റും തമ്മില്‍ കൂടിക്കുഴഞ്ഞ രൂക്ഷഗന്ധം. ഏതാണ്ട് നാല്‍പ്പത്തി രണ്ടോളം ഇഞ്ച് വലിപ്പമുള്ള പാന്റ്സിനിടയിലേക്ക് പൊക്കിളിനും നെഞ്ചിനും ഇടക്ക് വെച്ച് അകത്തേക്ക് കടന്നു പോകുന്ന, നോക്കിയാല്‍ കണ്ണടിച്ച് പോകുന്ന ചുവപ്പും മെറൂണും കലര്‍ന്ന ഷര്‍ട്ട്. കഴുത്തിലെ ഒരു എട്ട് എട്ടര പവന്‍ തൂക്കം വരുന്ന മാല കാറ്റ് കൊള്ളിക്കാനായി പകുതി ഷര്‍ട്ടിന് വെളിയിലേക്ക് ഇട്ടിരിക്കുന്നു. കൂട്ടുപുരികം...തലയില്‍ കൊടുക്കാത്ത രോമം ദൈവം കൈകളിലും ഇരു ചെവികളിലുമായി കൊടുത്ത്‌ രോമ വിതരണം ബാലന്‍സ്  ചെയ്തിരിക്കുന്നു. ഒറ്റവാക്കില്‍
പറഞ്ഞാല്‍ , കട്ടന്‍ കാപ്പിയുടെ കളറും കാജാ ബീഡിയുടെ സുഗന്ധവും ഒത്തുചേര്‍ന്ന കട്ടപ്പനയുടെ  ഉല്‍പ്പന്നം!!!

കുറച്ചു നേരം ഞങ്ങള്‍ നാട്ടുകാര്യം പറഞ്ഞിരുന്നു. പത്തറുപത് കൊല്ലം മുമ്പ് തന്‍റെ അച്ഛന്റെ കാലത്ത് പാലായില്‍ നിന്നും സകുടുംബം കട്ടപ്പനക്ക് കുടിയേറിയ കഥ ഔസേപ്പ് ചേട്ടന്‍ പറഞ്ഞപ്പോള്‍ കാഞ്ഞിരപ്പള്ളിയിലെ റബ്ബര്‍ പാല്‍ ഉപേക്ഷിച്ച് ഒട്ടകപ്പാല് തേടി ഗള്‍ഫിലേക്ക് കുടിയേറിയ കഥ ഞാന്‍ പറഞ്ഞു. വര്‍ഷങ്ങള്‍ക്കുമുമ്പ് കൃഷിയിടത്തില്‍ ഇറങ്ങി വിളകള്‍ നശിപ്പിച്ച മ്ലാവിന്റെയും കാട്ടുപന്നിയുടെയും കഥ പുള്ളി പറഞ്ഞപ്പോള്‍, വേലിക്കെട്ടില്ലാത്ത അബ്ഖൈക്ക് - അല്‍ഹസ ഹൈവേയില്‍  വെച്ച് എന്റെ കാറിന് മുമ്പില്‍ ചാടിയ ഒട്ടകത്തിന്റെ കഥ ഞാന്‍ പകരം പറഞ്ഞു കേള്‍പ്പിച്ചു. കുടിയേറ്റ കര്‍ഷകര്‍ക്ക്  പട്ടയം കൊടുക്കാമെന്ന്  പറഞ്ഞ് പലതവണ നെടുങ്കണ്ടത്തിനും ഉടുമ്പന്‍ചോലക്കും വിളിപ്പിച്ച് പറ്റിച്ചു വിട്ട സര്‍ക്കാരുകളോട് ഔസേപ്പേട്ടന്‍ രോഷം പ്രകടിപ്പിച്ചപ്പോള്‍ , ഫാമിലി വിസാ കൊടുക്കാമെന്ന് പറഞ്ഞ് തൊഴിലാളികളെ  പറ്റിക്കുന്ന കമ്പനികളോടുള്ള രോഷം ഞാനും മുഷ്ടി ചുരുട്ടി പ്രകടിപ്പിച്ചു.  അങ്ങനെ ഒരു തള്ളിന്‌ രണ്ട് ഉന്ത് എന്ന സ്കോറിന് ഞാന്‍ ലീഡ്‌ ചെയ്യുമ്പോള്‍  ‍‍'കഴിക്കാനുള്ള വകയുമായി'  ഉന്തുവണ്ടിയും തള്ളിയെത്തിയ പെങ്കൊച്ചുങ്ങളുടെ പുറകെ ഗോള്‍മുഖം എനിക്കായി തുറന്നിട്ട്‌ തന്ന്  ഔസേപ്പ് ചേട്ടന്‍  പോയി.

സുരപാനത്തിന്റെ ആദ്യ പകുതിയില്‍ മറ്റെല്ലാ മലയാളികളെയും പോലെ തന്നെ ഔസേപ്പച്ചനും ഡീസന്റായിരുന്നു. ഒറ്റവലിക്ക് ഫസ്റ്റ് റൌണ്ട് ഫിനിഷ് ചെയ്ത ശേഷം  ഞാനിതെത്ര കണ്ടിട്ടുള്ള തറവാടിയാണെന്ന മട്ടില്‍ എന്റെ നേരെ തിരിഞ്ഞ്  എന്നെ വീണ്ടും ആ പഴയ കുടിയേറ്റക്കാലത്തേക്ക് കൂട്ടികൊണ്ടുപോയി സാഹസിക കഥകളുടെ കെട്ടഴിച്ചു.

കുടിയേറ്റത്തിന്റെ ആദ്യകാലങ്ങളില്‍ അരവയറുമായി പള്ളിക്കൂടത്തില്‍ പോയിരുന്ന കുട്ടിക്കാലം പറഞ്ഞ് എന്നെ 'സെന്റി അടിപ്പിച്ചു'. സമ്പന്നതയിലേക്കുള്ള വളര്‍ച്ചയുടെ ഘട്ടത്തില്‍ ഏലത്തിന് മരുന്നടിക്കാന്‍ വന്ന തമിഴ് പെണ്ണുങ്ങളെ വളയ്ക്കാന്‍ നോക്കിയ കഥ പറഞ്ഞ് എന്നെ പുള്ളിയുടെ 'ഫോളോവേഴ്സ് ലിസ്റ്റില്‍' ഉള്‍പ്പെടുത്താന്‍ നോക്കി. മണ്ണിനെ സ്നേഹിക്കാത്ത ഞാനുള്‍പ്പടെയുള്ള തലമുറയെ കുറ്റപ്പെടുത്തി. 'മണ്ണിനോടും മലമ്പാമ്പിനോടും മല്ലടിച്ചാ അന്ന് കാടു കേറിക്കിടന്നിരുന്ന ആ സ്ഥലമൊക്കെ ഞങ്ങള്‍ പൊന്നാക്കി മാറ്റിയത്". ഉടയോന്‍ മുതല്‍ ലൌഡ് സ്പീക്കര്‍ വരെയുള്ള സിനിമകളില്‍ കേട്ടിട്ടുള്ള ഡയലോഗ് ആയതിനാല്‍  ഇത് രണ്ടു മൂന്നു തവണ ആവര്‍ത്തിച്ചപ്പോള്‍ എനിക്ക് കുറേശ്ശെ ബോറടിച്ചു തുടങ്ങി. "ഒരേക്കര്‍ സ്ഥലത്ത് എത്ര മലമ്പാമ്പ് വരെ ഉണ്ടായിരുന്നു?സഹി കെട്ട് ഞാന്‍ ഒരു തവണ ചോദിച്ചു..!! തലതെറിച്ചവനെന്ന് മനസ്സില്‍ പറഞ്ഞു കാണുമെങ്കിലും പിന്നെ കുറെ നേരത്തേക്ക് പുള്ളി മലകയറ്റ പുരാണം ഓഫ് ചെയ്തു വെച്ചു.

ആദ്യത്തെ ഡോസ് വയറ്റിലെത്തി പ്രതിപ്രവര്‍ത്തനം തുടങ്ങിയതോടെ ഔസേപ്പ് ചേട്ടന്റെ ഉള്ളിലെ ഉറങ്ങിക്കിടന്ന  കലാകാരന്‍ ചുവപ്പ് ഷര്‍ട്ടിന് അടിയില്‍നിന്നും വെളിയില്‍ ചാടി. തൊട്ടു നക്കാന്‍ അച്ചാര്‍ കൊടുക്കാത്ത
എയര്‍ ഹോസ്റ്റസിനെ 'നാവും-ഹോട്ടും-പിക്കിള്‍സും' തമ്മിലുള്ള കെമിസ്ട്രി പഠിപ്പിച്ചു. എനിക്ക് വേണ്ടാത്ത എന്റെ 'ക്വോട്ടാ'കൂടി പുള്ളിക്ക് വാങ്ങി കൊടുക്കാന്‍ പറഞ്ഞ് എന്റെ തുടകളില്‍ തോണ്ടാന്‍ തുടങ്ങി. അങ്ങനെ എന്റെ ശുപാര്‍ശയില്‍ കിട്ടിയ, എന്റെ വീതവും അകത്താക്കി അതുകൊണ്ടും മതിയാകാതെ ആ വഴി പോയ എല്ലാ ക്യാബിന്‍ ക്രൂവിനെയും വിളിച്ച് പിഞ്ചു കുട്ടികളെ പോലെ വാശി പിടിച്ചു. അവസാനം, വാശിയുടെ കാര്യത്തില്‍ ആറും അറുപതും ഒരു പോലെയാണെന്ന പഴംചൊല്ല് മനസിലാക്കിയ ഒരു റഷ്യന്‍ സുന്ദരി  'രണ്ടെണ്ണം' കൂടി മനസില്ലാ മനസോടെ ഒഴിച്ച് കൊടുത്തു.

അത് കൂടി  കഴിഞ്ഞതോടെ ഔസേപ്പ് ചേട്ടന്‍ പൂര്‍വ്വാധികം ശക്തിപ്രാപിച്ചു . തോണ്ടലുകള്‍ക്ക് ഇപ്പോള്‍ ജെ സി ബി'യുടെ തുമ്പിക്കൈയുടെ ശക്തി.എന്നില്‍ നിന്നും കടം കൊണ്ട മദ്യത്തിന്റെ വീര്യം എന്റെ നേരെ തന്നെ പ്രയോഗിക്കുന്നു.വല്ലവന്റെയും സെറ്റ് പല്ല് കടം എടുത്ത് വെച്ച് അവനെ തന്നെ ഇളിച്ചു കാണിക്കുന്നത് പോലെ. മദ്യത്തിന്  ക്വോട്ട നിശ്ചയിച്ചിരിക്കുന്ന  എയര്‍ലൈന്‍സിനോടുള്ള അരിശത്തില്‍ കൂട്ട് പുരികങ്ങള്‍ വിറ കൊണ്ടു.  'നമ്മള് ചോദിക്കുന്നത് തരാതിരിക്കാന്‍ ഇതെന്താ ഇവളുമാര് വീട്ടീന്ന് കൊണ്ടുവരുന്നതാണോ?" പറന്നുകൊണ്ടിരിക്കുന്ന ഈ സാധനം എപ്പോള്‍ വേണേലും താഴോട്ട് പോകാം. കടലി വീണാ വെള്ളം കുടിച്ചു ചാകണം. കരയില്‍ വീണാല്‍ തീയില്‍ വെന്തു വെണ്ണീറാകും. അതിനിടക്കുള്ള ഈ സമയം കുടിച്ച് ഉല്ലസിച്ചു പോകുന്നതിനാ ഈ സുന്ദരിമാരെയൊക്കെ പണിക്കെടുതിരിക്കുന്നെ..!!  കട്ടപ്പനക്കും കുമളിക്കും മദ്ധ്യേ പ്രൈവറ്റ് ബസില്‍ തൂങ്ങി നടന്നിരുന്ന, വായുവില്‍ കൂടി തന്റെ രണ്ടാമത്തെ യാത്ര മാത്രം നടത്തുന്ന ആ  കര്‍ഷക ശ്രീയുടെ 'വ്യോമയാന വിജ്ഞാനകോശത്തില്‍' എനിക്ക് നേരിയ അസൂയ തോന്നി. എങ്കിലും കരിനാക്ക് വളച്ചു പറയുന്നതിനൊക്കെ ഒരു അതിരില്ലേ? സപ്തതി അടുത്തെത്തിയിരിക്കുന്ന  പുള്ളിക്കിനി 'മണ്ണടിശാലക്ക്' കുറച്ചു നേരത്തേ പോയാലും കുഴപ്പമില്ലാ. അത് പോലെയാണോ നമ്മുടെ കാര്യം? ഞാന്‍ പിണങ്ങി മുഖം വീര്‍പ്പിച്ചിരുന്നു. കുറെ നേരത്തേക്ക് പിന്നെ സംസാരം ഒന്നുമുണ്ടായില്ല..

ഒരു അര മണിക്കൂര്‍ കഴിഞ്ഞു കാണും... ഔസേപ്പ്‌ ചേട്ടന്‍ എന്നെ തോണ്ടി വിളിച്ചു.. "ഒന്ന് മുള്ളണം." അതിനിപ്പോ ഞാന്‍ എന്ത് ചെയ്യണം? കൊച്ചു കുട്ടിയൊന്നുമാല്ലല്ലോ എടുത്തു കൊണ്ടു പോയി മൂത്രമൊഴിപ്പിക്കാന്‍‍? ഞാന്‍ വഴി മാറി കൊടുത്തു. അല്ലാതെ പിന്നെ..?

ആദ്യകാല ബ്രേക്ക്‌ ഡാന്‍സുകാരുടെ  ഭിത്തിയില്‍ പിടിച്ചുള്ള സ്റ്റെപ്‌ പോലെ ഓരോ സീറ്റിലും പിടിച്ചു എണ്ണമെടുത്തുകൊണ്ട്  ടോയ്ലെറ്റ് ലകഷ്യമാക്കി പോയ ഔസേപ്പച്ചന് മുമ്പില്‍, ഭക്ഷണം കഴിഞ്ഞ് ഒന്നൊന്നിനും പോയാല്‍ കൊച്ചി എത്തുന്നതിന് മുമ്പ് ചെറിയ മയക്കമാകാമല്ലോ എന്ന് കരുതിയിരുന്നവരുടെ ഒരു ചെറിയ നിര പ്രതിബന്ധം സൃഷ്ടിച്ചിരുന്നു. ആ വരിയുടെ ഏറ്റവും അവസാനമായി നമ്മുടെ കര്‍ഷക ശ്രീമാന്‍ വിങ്ങുന്ന മനസുമായി (മനസല്ല അല്ലെ?) കുറച്ചു നേരം നിലയുറപ്പിച്ചു.. ഒരു മിനിറ്റ്‌ .. രണ്ട് മിനിറ്റ്‌..മൂന്നു മിനിറ്റ്‌ ..ക്യൂവിന്റെ നീളം കുറയുന്നില്ലാ എന്ന് മാത്രമല്ലാ 'ശങ്ക' അതിന്റെ പാരമ്യത്തില്‍ എത്തുകയും ചെയ്തു. സ്റ്റോറേജ് ബ്ലാഡറിന്‍റെ ഇലാസ്റ്റിസിറ്റി ഏതാണ്ട് പൂര്‍ണ്ണമായും പിടിവിട്ട് പോയിരുന്ന ഔസേപ്പച്ചന്  അതില്‍ കൂടുതല്‍ ക്ഷമിക്കാന്‍ പറ്റുമായിരുന്നില്ല!! ഉള്ളിലെ ഫുള്ളിന്റെ വീര്യം പുള്ളിയെ വെള്ളിയരഞ്ഞാണാം മാത്രം ഇട്ട് പാലായിലെ വീട്ടുമുറ്റത്ത്‌ ഓടിക്കളിക്കുന്ന നാല് വയസുകാരനിലേക്ക് കൊണ്ടു പോയി. ചവിട്ടിയിരുന്ന കാലിന്റെ അടിയില്‍ ഏതാനും നിമിഷങ്ങള്‍ക്കകം ഒരു ചെറിയ ജലാശയം രൂപപ്പെടുകയും പെപ്സി കുടിച്ചതിനു ശേഷമുള്ള 'ആഹാ' എന്ന ശബ്ദം ഔസേപ്പച്ചനില്‍  നിന്നും പുറപ്പെടുകയും ചെയ്തു..പിന്നെ, തനിക്ക് മുമ്പേ 'കാര്യസാധ്യത്തിനായി' വെറുതെ ക്യൂ നിന്ന് സമയം പാഴാക്കുന്ന 'പൊട്ടന്മാരെ' ഒന്ന് നോക്കി തിരിഞ്ഞു നടന്നു.

കളി തോറ്റു കഴിഞ്ഞ് അരയില്‍ ഒരു വെളുത്ത ടവെലും കെട്ടി സാനിയ മിര്‍സാ പോകുന്നത് പോലെ, പുതയ്ക്കാന്‍ കൊടുത്ത ബ്ലാങ്കറ്റ്‌ നനഞ്ഞ പാന്റിസ്നു മുകളില്‍ ഉടുത്ത്  എന്റെ അടുത്ത് വന്നിരുന്ന ഔസേപ്പ് (ഇനി അങ്ങനയെ വിളിക്കൂ..ബഹുമാനം പോയി) പുറകില്‍ കേട്ട 'അയ്യേ ചവിട്ടല്ല് , അവിടെ വെള്ളമുണ്ട്'  എന്നൊക്കെയുള്ള ആള്‍ക്കാരുടെ ബഹളം തരിമ്പും മൈന്‍ഡ് ചെയ്തതേയില്ലാ.. ഞാന്‍ ഒന്ന് പാളി നോക്കി.. കട്ടപ്പന ആയാലും വിമാനം അയാലും ഒന്ന് മൂത്രമൊഴിക്കാന്‍ എനിക്കീ നടപ്പ് വഴി മാത്രം മതി എന്നൊരു പുച്ഛഭാവം ആ മുഖത്തുണ്ടോ? ആവോ!! ഇര എടുത്തത്തിനു ശേഷം വേരിനിടക്ക് കയറുന്ന പെരുമ്പാമ്പിനെ പോലെ, ശരീരം പരമാവധി ചുരുക്കി ആ പുണ്യാഹത്തില്‍ പങ്കാളിയാകാതെ തുറന്ന മൂക്കും അടഞ്ഞു പോകുന്ന കണ്ണുകളുമായി  ഞാനെന്റെ പകുതി സീറ്റിലേക്കൊതുങ്ങി.
Thursday, February 3, 2011

സ്മാര്‍ട്ട്‌ കൊച്ചി @ ദുബായ്.കോം

ഭൂമിക്ക് സ്വതന്ത്രാവകാശം എന്ന ബാലികേറാമല  ചാടി കടന്ന് സ്മാര്‍ട്ട്‌ സിറ്റിയിലൂടെ  കൊച്ചി 'സ്മാര്‍ട്ട്' ആകാന്‍ പോകുന്നു. ടീകോം 'റിയല്‍ എസ്റ്റേറ്റ് കമ്പനിയാണെന്നും' അങ്ങനെയുള്ളവര്‍ക്ക് ഇവിടെ ഭൂമി കൊടുക്കില്ലാ എന്നും പറഞ്ഞ് അഞ്ചു വര്‍ഷത്തോളം ഈ പദ്ധതി നീട്ടികൊണ്ട് പോയ, ഭരണത്തിന്റെ ' ഫൈനല്‍ ലാപ്പില്‍ സ്പ്രിന്റ് ചെയ്ത് ' ഓടാന്‍ ശ്രമിക്കുന്ന  വി എസ് സര്‍ക്കാര്‍ പോകുന്ന പോക്കില്‍ വരും തലമുറക്കും കേരളത്തിന്‌ ആകെയും നല്‍കിയ ഒരു നല്ല സംരംഭമായി ഇത് തീരട്ടെ എന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു.

ആയിരത്തി എഴുനൂറ് കോടി രൂപയോളം നിക്ഷേപവും തൊണ്ണൂറായിരത്തിലധികം  പേര്‍ക്ക് തൊഴില്‍സാധ്യതയും വാഗ്ദാനം ചെയ്ത് 2003 ല്‍ യു.ഡി.എഫ് സര്‍ക്കാര്‍ അവതരിപ്പിച്ച്, എല്‍.ഡി.എഫ് സര്‍ക്കാര്‍ 2007 മെയ് 13ന് ഒപ്പ് വെച്ച സ്മാര്‍ട്ട് സിറ്റി കരാര്‍ യാഥാര്‍ത്യമാകാന്‍  എങ്ങനെ ഇത്രയും നീണ്ടുപോയ്‌ എന്ന് വിദഗ്ധര്‍ തന്നെ ചിന്തിച്ച് തല പുകക്കട്ടെ... കൊച്ചിയില്‍ സ്മാര്‍ട്ട്‌സിറ്റി തുടങ്ങാന്‍ താല്‍പ്പര്യമറിയിച്ച് 2004 ജൂലായില്‍ കേരളത്തിലെത്തിയ ദുബായ് സംഘം, കൊച്ചിക്കും ദുബായിക്കുമിടയില്‍  പറന്ന ദൂരം നേരെ പറന്നിരുന്നെന്കില്‍ എത്ര വട്ടം ഭൂമിക്ക് വലം വെക്കാമായിരുന്നു? ഏതായാലും എല്ലാ പ്രതിബന്ധങ്ങളുമകന്ന്, തര്‍ക്കങ്ങള്‍ പറഞ്ഞു തീര്‍ത്ത് കൊച്ചി  'സുന്ദരമാകാന്‍' പോകുന്നു.'എട്ടുകാലി മമ്മൂഞ്ഞുമാര്‍ക്ക്' പഞ്ഞമില്ലാത്ത നമ്മുടെ നാട്ടില്‍  കൊച്ചിക്ക് കൈവന്നിരിക്കുന്ന ഈ 'സ്മാര്‍ട്ട്നെസ്സിനെ'ആരു വേണമെങ്കിലും സ്വന്തായി ഏറ്റെടുത്തോട്ടെ..ഇതിന്റെ പേരില്‍ രണ്ട് വോട്ടാണ് വേണ്ടതെങ്കില്‍ ഈ സൈബെര്‍ വാലിയുടെ പശ്ചാത്തലത്തില്‍ ചിരിച്ചുകൊണ്ടുനില്‍ക്കുന്ന സ്വന്തം തലയും കൊടിയുമുള്ള  ഫ്ലെക്സുകള്‍ വടക്ക് മഞ്ചേശ്വരം മുതല്‍ തെക്ക് പാറശാല വരെ ഉയര്‍ത്തിക്കോട്ടെ. പക്ഷേ, ഈ പദ്ധതിക്കൊപ്പം തന്നെ, അല്ലെങ്കില്‍ അതിനും മുമ്പേ തന്നെ ചെയ്തു തീര്‍ക്കേണ്ട ഒട്ടനവധി അടിസ്ഥാന പ്രശ്നങ്ങള്‍ കൂടി പരിഹരിക്കാനുള്ള 'മാസ്റ്റര്‍ പ്ലാന്‍' മനസിലെങ്കിലും വരച്ചിടണം.

പിസയും ബര്‍ഗെറും മാത്രം കഴിച്ച് മിനറല്‍ വാട്ടെറിലും സോഫ്റ്റ്‌ ഡ്രിങ്ക്സിലും മുഖം കഴുകുന്ന സൈബര്‍ കുഞ്ഞുങ്ങള്‍ കാക്കനാടിന്റെ താഴ്വാരത്തേക്ക് വരുമ്പോള്‍ സ്മാര്‍ട്ട് സിറ്റിയുടെ പേരില്‍ ആഡംബര ഫ്ലാറ്റുകളും വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകളും വന്നേക്കാം.മറ്റു സൈബര്‍ നഗരങ്ങളിലെ പോലെ രാത്രികാല ജീവിതത്തിലേക്ക് കൊച്ചിയും വഴുതി പോയേക്കാം. ഒരു കാര്യം അപ്പോഴും നമ്മള്‍ വിസ്മരിച്ചുകൂടാ.അടിസ്ഥാന സൌകര്യങ്ങളുടെ അപര്യാപ്തതയില്‍  ഈ 'സുന്ദര നഗരത്തിന്റെ പിന്നാമ്പുറങ്ങളില്‍' ജീവിക്കുന്ന ശരാശരി കൊച്ചിക്കാരുണ്ട്. ദിനംപ്രതി ജോലിക്ക് വേണ്ടിയും മറ്റനവധി ആവശ്യങ്ങള്‍ക്ക് വേണ്ടിയും ഈ നഗരത്തെ ആശ്രയിക്കുന്ന കൊച്ചിക്കാരല്ലാത്ത ആളുകളുണ്ട്.  കൊച്ചി 'സ്മാര്‍ട്ട്‌' ആകണമെങ്കില്‍ സ്മാര്‍ട്ട് സിറ്റി മാത്രം വന്നാല്‍ മതിയാകില്ല. അടിസ്ഥാന സൌകര്യങ്ങള്‍ അടിയന്തിര പ്രാധാന്യത്തോടെ നടപ്പാക്കണം.  തൂണുകളില്‍ ഓടുന്ന മെട്രോ വന്നില്ലെങ്കിലും കുഴപ്പമില്ല...കാലു തടഞ്ഞു വീഴാതെ നടക്കാനെങ്കിലും കൊച്ചിയുടെ പാതകള്‍ വികസിപ്പിച്ചാല്‍ മതി. കൊച്ചി കായലിനു കുറുകെ പാലം പണിത് ആകാശ നഗരം കൊണ്ട് വരുന്നതിനു മുമ്പ് ഓടകള്‍ക്ക് മുകളില്‍ രണ്ടു സ്ലാബ് എങ്കിലും പിടിച്ചിട്ട് കാല്‍നടക്കാരന്റെ കാല് കുടുങ്ങാതെ നോക്കണം.  വൈറ്റില ബസ്‌ സ്റേഷന്‍ വന്നില്ലെങ്കിലും കുഴപ്പമില്ല, കലൂര്‍ ബസ്റ്റാന്റിലെ പരമ്പരാഗത കുഴികളെങ്കിലും അടച്ചാല്‍ മതി!!!

എന്റെ തലമണ്ടയില്‍ വന്ന  പിന്തിരിപ്പന്‍ ആശയങ്ങളല്ല മുകളില്‍ പറഞ്ഞിരിക്കുന്നത്. എന്ത് വികസനം- അത് ഹൈടെക്‌ അയാലും അല്ലെങ്കിലും- ആര് കൊണ്ട് വന്നാലും അതിന്റെ ഒരു ചെറിയ അംശം ഗുണഫലം എങ്കിലും സാധാരണക്കാരനും കിട്ടട്ടെ എന്ന അതിമോഹത്തില്‍ നിന്നും , രണ്ടു വര്‍ഷത്തോളം കൊച്ചിയിലെ 'ഫുട്പാത്തുകളിലൂടെ' ബൈക്ക് ഓടിച്ച് നടന്ന
അനുഭവത്തില്‍ നിന്നും രൂപം കൊണ്ട ഒരു എളിയ പ്രതികരണം മാത്രം...!!!

മൂന്നോ നാലോ മാസങ്ങള്‍ക്ക് ശേഷം ഒരു ഭരണമാറ്റം ഉണ്ടായാലും, കേവലം രാഷ്ട്രീയനേട്ടങ്ങള്‍ക്ക് വേണ്ടി അനാവശ്യ വിവാദങ്ങളുണ്ടാക്കി, നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍ ആരും വിലങ്ങുതടിയാകില്ല എന്ന് എല്ലാ പ്രസ്ഥാനങ്ങളും ഒരു തീരുമാനമെടുക്കും എന്ന് പ്രത്യാശിക്കാം. ഒപ്പം, ഇനിയങ്ങോട്ടുള്ള കേരളത്തിന്റെ മൊത്തതിലുള്ള വികസനക്കുതിപ്പിന് സ്മാര്‍ട്ട് സിറ്റി ഒരു പ്രചോദനമാകും എന്നും...


ചിത്രം : ഗൂഗിള്‍.