Pages

Tuesday, July 19, 2011

അയാള്‍ കളംമാറി ചവിട്ടുകയാണ്

രാത്രി മുഴുവന്‍ മുറിയിലൂടെ അയാള്‍  എരിപൊരി സഞ്ചാരത്തിലായിരുന്നു. വൈകുന്നേരം മുതല്‍ തുടങ്ങിയ ആലോചനയും നടത്തവുമാണ്. ഇനിയും ഒരു തീരുമാനത്തില്‍ എത്താന്‍ കഴിഞ്ഞിട്ടില്ല. മുറിയുടെ ഒരു മൂലയില്‍ സിഗരറ്റ് കുറ്റികള്‍ ഒരു ചെറിയ കൂമ്പാരമായിരിക്കുന്നു. തീരുമാനമെടുക്കേണ്ട നിര്‍ണ്ണായക നിമിഷങ്ങളിലെല്ലാം താന്‍ ഒരു പരാജയമാണെന്ന് അയാള്‍ക്ക്‌ തോന്നി. പുതിയ മേച്ചില്‍പ്പുറങ്ങള്‍ തേടി അക്കരയ്ക്ക് പോയ പല സുഹൃത്തുക്കളും വിളി തുടങ്ങിയിട്ട് കുറച്ചു ദിവസങ്ങളായി. അവിടെ കിട്ടുന്ന സൗകര്യങ്ങളെക്കുറിച്ചും പുതിയ സുഹൃത്തുക്കളെപറ്റിയുമുള്ള നിറം പിടിപ്പിച്ച കഥകള്‍. ഓരോ ദിവസവും അവരുടെ സമ്മര്‍ദം ഏറി വരുന്നു. ഇനി പിടിച്ചു നില്‍ക്കാന്‍ കഴിയുമെന്ന് തോന്നുന്നില്ല. രാത്രിയുടെ ഏതോ യാമത്തില്‍ ഭ്രാന്തമായ ആവേശത്തോടെ തന്റെ ലാപ്ടോപ്‌ തുറന്ന്  ഫേസ്ബുക്കിന്റെ പലമൂലയിലായി ഉറക്കംതൂങ്ങിയിരിക്കുന്ന തന്റെ സുഹൃത്തുക്കളെ ചീത്ത വിളിച്ചോടിച്ചു. ഫാം വില്ലയിലെ കൃഷിയിടത്തില്‍ അരുമയോടെ പരിപാലിച്ചിരുന്ന കുലച്ച വാഴകള്‍ വെട്ടി നശിപ്പിച്ചു. തൊഴുത്തില്‍ മേഞ്ഞിരുന്ന ദിവസം ഇരുപത്തിനാല് ലിറ്റര്‍ പാല് തരുന്ന പശുക്കളെ അറവുകാരന് പിടിച്ചു കൊടുക്കാന്‍ എന്തിനും ഏതിനും ലൈക്കുന്ന സുഹൃത്തിനെ പറഞ്ഞേല്‍പ്പിച്ചു. ശേഷം, ഫേസ്ബുക്ക് ശക്തിയോടെ വലിച്ചടച്ച്‌ പാസ്‌വേഡ് പുറകിലത്തെ വാതില്‍ തുറന്ന് കിണറ്റിലേക്കെറിഞ്ഞു . ഫ്രിഡ്ജില്‍ നിന്നും ഒരു ഗ്ലാസ്‌ തണുത്ത വെള്ളവും കുടിച്ച് വീണ്ടും ലാപ്ടോപ്പിന് മുമ്പിലേക്ക് വന്ന അയാളുടെ മനസ് ഇപ്പോള്‍ ശാന്തമായിരുന്നു. തന്നെ വട്ടത്തില്‍ ആക്കാന്‍ കാത്തിരിക്കുന്ന ഗൂഗിള്‍ പ്ലസിന് അടുത്തേക്കുള്ള അയാളുടെ യാത്ര ആരംഭിക്കുകയായി.
----------------------------------------------------------------------------------------------------
ഫേസ്ബുക്കിന്റെ കടുത്ത ആരാധകര്‍ പ്രതിഷേധിക്കരുത്. ഇവിടെ നില്‍ക്കക്കള്ളിയില്ലാതെ വന്നാല്‍ ആ കിണര്‍ വറ്റിച്ച് പാസ്‌വേഡ് നമുക്ക് പുറത്തെടുക്കാം.