Pages

Sunday, December 5, 2010

കൊച്ചിക്കെന്താ കൊമ്പില്ലേ?

എല്ലാ അഗ്നി പരീക്ഷകളെയും അതി ജീവിച്ച്,  ബി സി സി ഐ നടത്തിയ കാവിലെ പാട്ട് മത്സരത്തിലും, ആല്‍തറയിലെ ചെസ് മത്സരത്തിലും കഴിവ് തെളിയിച്ച് കൊച്ചി ടീം ഐ.പി.എല്‍ നാലാം സീസണില്‍  പാഡണിഞ്ഞ്  ഗാര്‍ഡ് എടുക്കാന്‍ ഇറങ്ങുന്നു എന്ന വാര്‍ത്തയില്‍ കൂടുതല്‍ മലയാളിക്ക് അര്‍മാദിക്കാന്‍ എന്ത് വേണം?

ഇതിനും വേണ്ടി എന്ത് തെറ്റാ മലയാളി ബി സി സി ഐ എന്ന ഇന്ത്യയിലെ മഹാപ്രസ്ഥാനത്തോട്‌ ചെയ്തത്? നമ്മുടെ സ്വന്തം ഗോപുമോനെ കയ്യില്‍ പന്തും കൊടുത്ത് 'രാജ്യത്തിന്‍റെ അഭിമാനം' കാക്കാന്‍ എറിയാന്‍ വിട്ടതോ? അതോ സമുദ്ര നിരപ്പില്‍ നിന്നും രണ്ടടി താഴ്ത്തി ഗ്രൌണ്ട് ഉണ്ടാക്കി ഓസ്ട്രെലിയക്കാരെ കളിയ്ക്കാന്‍ വിളിച്ചിട്ട് മഴയാണെന്നും പറഞ്ഞു ഞണ്ടും കൊഞ്ചും കരിമീനും കൊടുത്ത് കളിപ്പിക്കാതെ വിട്ടതോ?    
       
കൊച്ചി ഐ.പി.എല്‍ ടീമിന്റെ ഉടമസ്ഥത സംബന്ധിച്ച തര്‍ക്കം പരിഹരിക്കുന്നില്ലാ എന്ന കാരണം പറഞ്ഞ്,  ഒരൊറ്റ പന്ത് പോലും എറിയാതെ, തേര്‍ഡ് അമ്പയറുടെ തീരുമാനത്തിന് കാക്കാതെ, ഐ.പി.എല്‍ നാലാം സീസണില്‍നിന്നും  കൊച്ചിയെ റണ്‍ഔട്ട്‌ആക്കാന്‍ പഠിച്ച പണി  പതിനെട്ടും  നോക്കിയില്ലേ നിങ്ങള്‍?  നിങ്ങള്‍ ഈ  ഐ.പി.എല്‍ ഗവേ‍ണിങ് കൌണ്‍സില്‍ ഇടയ്ക്കിടെ ചേര്‍ന്ന് ഞങ്ങളെ പേടിപ്പിച്ചു മാനസികമായി തളര്‍ത്തി , കാര്യം നേടിയെടുക്കാം എന്ന് വിചാരിച്ചോ? അങ്ങനെ എന്തെങ്കിലും സംഭവിച്ചിരുന്നേല്‍ ഞങ്ങള്‍, എനിക്ക് പിറക്കാതെ പോയ ഉണ്യാണല്ലോ മകനെ നീ എന്നും പറഞ്ഞ് ടീവിക്ക് മുമ്പിലിരുന്ന് മൂക്ക് പിഴിഞ്ഞ്, വടക്കേ ഇന്ത്യന്‍ ടീമിന്റെ കളി കാണേണ്ടി വരില്ലായിരുന്നോ?


ആലുവാ പുഴയിലെ കുഴികളില്‍ നിന്നും വെള്ളമെടുത്ത് കൊച്ചിയുടെ പ്രാന്ത പ്രദേശങ്ങളില്‍ നിന്നും ശേഖരിക്കുന്ന കുപ്പികളില്‍ നിറച്ച്  ഒന്നിന് ഇരുപത് രൂപ മാത്രം ഈടാക്കുന്ന കുടിവെള്ള കച്ചവടം,  ഇരുപത്തഞ്ചു ഗ്രാം ബസ്മതി അരികൊണ്ടുണ്ടാക്കി  വെറും നൂറ്റി അമ്പത് രൂപക്ക് വയറ്  നിറയെ കഴിക്കാന്‍ പറ്റുന്ന ബിരിയാണി കിറ്റ് നിര്‍മ്മാണം എന്ന് തുടങ്ങി കേരളത്തിന്റെ, വിശേഷാല്‍ കൊച്ചിയുടെ അടുത്ത അഞ്ചു വര്‍ഷത്തെ വികസന സ്വപ്‌നങ്ങള്‍ ഞങ്ങള്‍ നെയ്ത് കൂട്ടിയത് ഈ ടീമില്‍ കണ്ണും നട്ടായിരുന്നു.

ഈ  പാലം ഒന്ന് കടന്നുകിട്ടീട്ട് വേണം നിങ്ങടെ മുഖത്ത് നോക്കി രണ്ട് 'കൂരായണാ  കൂരായണാ'   വിളിക്കാന്‍ എന്ന് കരുതി ഞങ്ങള്‍ ക്ഷമിച്ചിരിക്കുകയായിരുന്നു ഇത്രയും നാള്.  നിങ്ങള് പറഞ്ഞ കാശ് നയാ പൈസാ കുറയാതെ എണ്ണിത്തന്നല്ലേ  ഞങ്ങള്‍ ടീം മേടിച്ചത്? ഈ ഞങ്ങള്‍ എന്ന് പറയുമ്പോള്‍ 'ഏത് ഞങ്ങള്‍, ഏത്  മലയാളി' എന്ന് തിരിച്ച് ചോദിക്കരുത്. ഈ പങ്ക്കച്ചവടത്തില്‍ മരുന്നിനൊരു മലയാളിയെ ഉള്ളൂ എന്നറിയാം. എന്നാലും 'ഞങ്ങള്‍' ഞങ്ങടെ ടീം എന്ന് നെഞ്ചത്ത് കൈ വെച്ചങ്ങ് പറയും.  


ആയിരത്തി നാനൂറ് കോടി രൂപക്ക് മുകളില്‍ മുടക്കിയ ടീമിന്റെ തര്‍ക്കം പരിഹരിക്കാന്‍ നിങ്ങള്‍ ഞങ്ങക്ക് വെറും ഒന്നോ രണ്ടോ മാസത്തെ സമയമല്ലേ തന്നത്? എയര്‍പോര്‍ട്ട്‌ ഉണ്ടാക്കുന്ന കാര്യത്തിലൊഴികെ മറ്റെന്ത് കാര്യത്തിലും തീരുമാനമെടുക്കാന്‍ ‍ ഞങ്ങള്‍ക്ക് കുറഞ്ഞതൊരു പത്ത് കൊല്ലം വേണമെന്ന് നിങ്ങള്‍ക്കറിയാവുന്നതല്ലേ?  ദുബായിക്കാരന്‍ ഫരീദ് റഹ്മാന്‍ ഞങ്ങടെ പിന്നാലെ നടക്കാന്‍ തുടങ്ങീട്ട് എത്ര കൊല്ലമായി? വിഴിഞ്ഞം തുറുമുഖത്തിന്റെ ചര്‍ച്ച ഞങ്ങള്‍ തുടങ്ങീട്ടു വര്‍ഷമെത്ര ആയെന്നറിയോ നിങ്ങള്‍ക്ക്  ?എന്തിന് ഈ പറഞ്ഞ കൊച്ചിയില്‍ ഒരു മെട്രോ റെയില്‍ വരാനുള്ള സാഹചര്യം  ഒത്തു വന്നിട്ട് അതിനെ പറ്റി ഞങ്ങള്‍ കൂലംകഷമായി   പഠിച്ചുകൊണ്ടിരിക്കുന്നതെയുളളൂ.  (ഇതിന്റെ എല്ലാം കൂടെ പരീക്ഷ എന്നാണോ?)എന്‍ഡോസള്‍ഫാന്‍ വിഷത്തിന്റെ ദുരിതവും പേറി ജീവഛവമായി ജീവിക്കുന്ന അനേകം പൗരന്‍മാരെയും  അവരുടെ തലമുറകളെയും വഞ്ചിച്ചുകൊണ്ട്,  മണ്ണും വായുവും ജലവും മലിനമാക്കുന്ന കീടനാശിനിയെക്കുരിച്ചു ഒരു വ്യാഴ വട്ടത്തിലേറെയായി പഠനശിബിരങ്ങള്‍ തന്നെ നടത്തിയിട്ടും തീരുമാനമെടുക്കാന്‍ ഞങ്ങള്‍ക്കായിട്ടില്ല.

 ഇതെല്ലാം നിങ്ങള്‍ക്കറിയാവുന്നതാണ് . എന്നിട്ട് വെറും  രണ്ടു മാസം സമയം തന്നിരിക്കുന്നു. ഏതായാലും കഴിഞ്ഞത് കഴിഞ്ഞു. ഒരു കേന്ദ്ര മന്ത്രിസ്ഥാനം ബലികൊടുത്തു മേടിച്ചെടുത്ത ടീമിന്റെ 'ആധാരം, അടിയാധാരം, കൈവശ സര്‍ട്ടിഫിക്കറ്റ്, കരമടച്ച  രസീത്'  ഇതൊന്നും ചോദിച്ച് മേലില്‍    ഞങ്ങടെ സ്റ്റേഡിയത്തിന്റെ   പരിധിയില്‍ പോലും വന്നു പോകരുത്.

കഴിഞ്ഞ ആറേഴു മാസങ്ങളായി  എന്തൊക്കെ ചര്‍ച്ചകളായിരുന്നു. കൊച്ചിക്ക് ഐ.പി.എല്‍  ടീം  കിട്ടി എന്നറിഞ്ഞത് മുതല്‍ മലയാളിയുടെ മനസ്സില്‍ ലഡ്ഡു പൊട്ടി തുടങ്ങിയതാണ്. എന്തൊക്കെയായിരുന്നു ബഹളം. റോണ്‍ഡിവു കണ്‍സോര്‍ഷിയം ഉടമകളായ ആങ്കര്‍ എര്‍തോ,  റോസി ബ്ലൂവോ, പരിണീ ഡവലപേഴ്സോ, എന്തിന്  മലയാളിയായ വിവേക് വേണുഗോപാലോ പോലും ഇതെങ്ങനെ ഒരു കരക്കടുപ്പിക്കും എന്ന് ചിന്തിച്ചു ഇത്രയും തലപുകച്ചിട്ടുണ്ടാകില്ല. വേദിയും ജേഴ്സിയും തൊട്ട് ടീം സെലക്ഷനില്‍ വരെ നമ്മള്‍ ഇടപെട്ടു, ചില കല്യാണ സദ്യകളില്‍  ഇടിച്ചു കയറുന്ന 'തോര്‍ത്തുകാരെ' പോലെ.  കൊച്ചി ടീമിന് ഒരു പേര് വേണമെന്ന ചര്‍ച്ച വന്നപ്പോള്‍ നമ്മള്‍ മലയാളികള്‍ മറ്റെല്ലാ ജോലിയും ഉപേക്ഷിച്ച് ഒരു പേര് അന്വേഷിച്ച് പരക്കം പാഞ്ഞു. കേരളത്തിന്റെ തീരങ്ങളില്‍ കിട്ടുന്ന മത്സ്യവര്‍ഗ്ഗത്തിന്റെ പേരിട്ടാല്‍ അത് നമ്മുടെ കയറ്റുമതി മേഖലക്ക്  ഒരു ഉണര്‍വായിരുക്കും എന്ന് 'വിവരമുള്ള' ആരോ പറഞ്ഞപ്പോള്‍ നമ്മള്‍ നീണ്ടകരയിലെയും, തോപ്പുംപടിയിലെയും , മീന്‍കുട്ടകള്‍ മുഴുവന്‍ മറിച്ചും തിരിച്ചുമിട്ട് അരിച്ചു പെറുക്കി. കൊച്ചിന്‍ "തിരുതയില്‍" തുടങ്ങി അവസാനം കൊച്ചിന്‍ ലോപ്സ്റ്റെര്‍ വരെയുള്ള നാമങ്ങള്‍ അവനോന്റെ കീശയുടെ കനമനുസരിച്ച് തിരഞ്ഞുപിടിച്ചു ഓണ്‍ലൈന്‍ വഴി മാധ്യമങ്ങള്‍ക്ക് അയച്ചു കൊടുത്തു.

കൊച്ചിക്കൊപ്പം ടീം നേടിയ  സഹാറ പൂനെ വാരിയേഴ്സ്  കുതിരപ്പുറത്തു കുന്തവുമായ് പോകുന്ന കിടുക്കന്‍ ലോഗോയുമായ് കളിയ്ക്കാന്‍ തയ്യാറെടുത്തു കഴിഞ്ഞു. നമ്മുടെ സ്വന്തം ലാലേട്ടനും പ്രിയദര്‍ശനും ടീമിനായി മുന്‍പോട്ടു വന്നപ്പോള്‍ മലയാള പടം പിടുത്തക്കാര്‍ക്ക് ഇത്രയും  കാശെവിടുന്നു കിട്ടാന്‍ എന്നും പറഞ്ഞു നമ്മള്‍ ചിരിച്ചു തള്ളി.  അല്ലെങ്കിലും വടക്കേ ഇന്ത്യക്കാരന്‍ പൈജാമയും കുര്‍ത്തയുമൊക്കെ ഇട്ടു വരുമ്പോള്‍ മലയാളി വെള്ളമുണ്ടും മടക്കി കുത്തി തിരിഞ്ഞോടുമാല്ലോ. ഞങ്ങള് സിനിമാക്കാര് ടീം കൊണ്ടുപൊയിരുന്നേല്‍ ‍കാണിച്ചു തരാമായിരുന്നു. ഫാന്‍സിനെ കയറ്റി ഗാലറി നിറച്ചേനെ. എതിരാളി ബാറ്റ് ചെയ്യാന്‍ വരുമ്പോള്‍ കൂകി വിളിച്ചു ഔട്ട്‌ ആക്കിയേനെ. അമ്മയില്‍ - ഛെ, നാക്ക് സ്ലിപ് ആയി- കെ.സി.എ യിൽ അംഗത്വം എടുക്കാത്തവന്റെ നെഞ്ചത്ത് എറിഞ്ഞു റിട്ടയെര്‍ഡ്  ഹര്‍ട്ട് ആക്കിയേനെ. ഏതായാലും നമ്മുടെ ടീമിന്റെ ജീവന്‍ നീട്ടി കിട്ടിയ സ്ഥിതിക്ക് തല്ക്കാലം സിനിമാക്കാരെ നമുക്ക് മറക്കാം. 
ഇത്രയും ചര്‍ച്ചകള്‍ ഇവിടെ നടന്ന സ്ഥിതിക്ക്, നമ്മള്‍ ‍ മലയാളികളുടെ മുമ്പില്‍ ബി സി സി ഐ മുട്ടുമടക്കിയ സ്ഥിതിക്ക്, ഈയുള്ളവന്റെ താഴെ പറയുന്ന  എളിയ അഭിപ്രായങ്ങള്‍ കൂടി ടീം മാനേജ്മെന്റ്  പരിഗണിക്കണമെന്ന് അപേക്ഷ;
  •  കൊച്ചിയും തിരുവനന്തപുരവും വേദികളായി തികയാതെ വന്നാല്‍  പാലായും പാലക്കാടും പൊന്നാനിയും പരിഗണിക്കണം. അങ്ങനെ നമുക്ക് 'മത മേലധ്യക്ഷന്മാരെ' കയ്യിലെടുക്കാം.
  •  ചിയര്‍ ഗേള്‍സിനെ കേരളത്തിന്റെ തനത് വസ്ത്രമായ സെറ്റ് സാരിയും ഉടുപ്പിച്ച്, മുല്ലപ്പൂവും ചൂടിച്ച്, തിരുവാതിരച്ചുവടുകളോടെ മൈതാനത്ത് മേയാന്‍ ഇറക്കിവിടണം.
  •  ചിയര്‍ ഗേള്‍സിന്റെ നിയമനത്തില്‍ പഴയകാല കിന്നാരതുമ്പികള്‍ക്കും  നിലവിലെ ഗേള്‍സിനും 50 : 50  എന്ന അനുപാതം കൊണ്ടുവരണം.
  •  ഇരുപത് ഓവര്‍ കഴിഞ്ഞുള്ള ഇടവേളകളില്‍ ജയരാജ്‌ വാര്യരുടെ കാരിക്കേച്ചര്‍ ഷോ നടത്തി ലോകമെമ്പാടുമുള്ള ടിവി പ്രേക്ഷകരെ കയ്യിലെടുക്കണം.
  •  നൈറ്റ്‌ പാര്‍ട്ടികളില്‍ മദ്യത്തിനു പകരം ഇളനീരും  കപ്പ പുഴുക്കും വിളമ്പണം. അങ്ങനെ ചെയ്താല്‍ കടം കൊണ്ട് വലയുന്ന കേരള കര്‍ഷകന്റെ കണ്ണീരോപ്പാം. 
  •  'അഴിമതിയുടെ കറ പുരളാത്ത, 'മോടിയില്ലാത്ത ലളിതമായ' ജീവിതം നയിച്ചിരുന്ന, ചിയര്‍ ഗേള്‍സ് എന്ന അപൂര്‍വ ജെനുസില്‍പ്പെട്ട   ജീവികളെ ലോകത്തിനു പരിചയപ്പെടുത്തിയ ഐ.പി.എല്‍  ഉപാന്ജാതാവിനെ  ടീമിന്റെ മുഖ്യരക്ഷാധികാരിയായി നിയമിക്കണം. ഹായ് ഹായ്...
തല്ക്കാലം ഇത്രയും മതി. ടീമിന്റെ ഘടന, ടീം അംഗങ്ങള്‍, ക്യാപ്ടന്‍, ടീമിനുള്ള ആഹാരക്രമം,സേവന വേതന വ്യവസ്ഥകള്‍  തുടങ്ങിയ കാര്യങ്ങളെക്കുറിച്ചുള്ള വിശദമായ നിര്‍ദേശങ്ങള്‍ പിന്നീട് തരാം.
ഡിസ്ക്ലെയിമര്‍: മേല്പറഞ്ഞ അഭിപ്രായങ്ങളില്‍ മനംനൊന്ത്, ഉടമകള്‍ ടീം പിരിച്ചു വിടുകയോ, അതല്ല വേദി പൊളിച്ചുമാറ്റി അഹമ്മദാബാദിലേക്ക് കൊണ്ട് പോവുകയോ ചെയ്താല്‍ ഈ പോസ്റ്റിട്ടവന് അതുമായി യാതൊരു ബന്ധവുമുണ്ടയിരിക്കുന്നതല്ല.
(ക്രിക്കെറ്റ് ബോര്‍ഡിന്‍റെ കാര്യത്തില്‍ അമ്പ്, വില്ല്, മലപ്പുറം കത്തി, ഒലക്കേടെ മൂട്, പവനായി ശവമായി എന്നൊക്കെ കൂടെ എഴുതണമെന്നുണ്ടായിരുന്നു. ഇത് കേട്ട് കേട്ട് ക്യാപ്ടന്‍ രാജുവും തിലകനും സഹികെട്ട് കാണുമെന്ന തിരിച്ചറിവ് അതില്‍ നിന്നും പിന്തിരിപ്പിച്ചു. ) 13 comments:

ഒഴാക്കന്‍. said...

നല്ല പ്രതികരണം

faisu madeena said...

കലക്കി ..എല്ലാം കൊണ്ടും ഗംഭീരമായിരുന്നു ..ചില സ്ഥലങ്ങളില്‍ അറിയാതെ ചിരിച്ചു പോയി ...ഇനിയും വരട്ടെ ഇത് പോലെയുള്ള ഐറ്റംസ്...

രമേശ്‌അരൂര്‍ said...

കൊച്ചിക്ക്‌ കൊമ്പുണ്ടേ അച്ചിക്കും കൊമ്പുണ്ടേ ..:)

Safeer said...

കൊള്ളാം ....കിടു ആയിട്ടുണ്ട് ...കുറെ ചിരിച്ചു...ഒപ്പം കുറെ ചിന്തിപ്പിക്കുകയും ചെയ്തു....നാടിന്‍റെ മെല്ലെ പോക്കിനെ പറ്റി......വീണ്ടും തട്ടുമല്ലോ..........

arun kaipally said...

നര്‍മ്മത്തില്‍ പൊതിഞ്ഞ വിമര്‍ശനങ്ങള്‍. ഉണ്ണിയപ്പത്തില്‍ എലിവിഷം വെക്കുന്നത് പോലെ...പിന്നെ, ഇപ്പോള്‍ ഈ ടീം നമുക്ക് തന്നത് നമ്മളോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല . മോഡി ചിരിക്കണ്ടല്ലോ എന്ന് കരുതി ആവണം....

ഹാഷിക്ക് said...

ഒഴാക്കന്‍, ഫൈസു...അഭിപ്രായത്തിനു നന്ദി....
രമേഷേട്ടാ.. കൊച്ചിക്കിനി ഡബിള്‍ കൊമ്പ് തന്നെ വരും...
സഫീര്‍..വീണു കിട്ടിയ വിഷയത്തില്‍ വെറുതെ കേറി കടിച്ചു എന്നേയുള്ളൂ.
അരുണ്‍ ...ഉണ്ണിയപ്പത്തില്‍ വെക്കാന്‍ എന്തിനാ എലിവിഷം..ഇപ്പോള്‍ എന്‍ഡോസള്‍ഫാന്‍ അല്ലെ ട്രെന്‍ഡ്?..

rajeev said...

വ്യവസ്ഥിതിയോടുള്ള രോഷ പ്രകടനമാണല്ലോ .
ഹാഷിക് അവസാനം പറഞ്ഞത് പോലെ തന്നെ ഒരു പക്ഷെ സംഭവിക്കും... വേദി കൈ വിട്ടു പോകും...മണ്ണും ചാരി ഇരുന്നവന്‍ പെണ്ണിനേം കൊണ്ട് പോകും !!

salam pottengal said...

First of all cricket is not a real sport game in its real sense. Secondly, in this age of crony-capitalism every form sports and politics and media has become just another tool for the corporate. Kochi can't be different.

lekshmi. lachu said...

കൊള്ളാം ....

Rohith Anchery said...

ഇതിന്റെ പിന്നിലെ ഉള്ളുകളികളെക്കുറിച്ച് കൂടി പറയാമായിരുന്നു... പോയ പോക്കില്‍ പലരെയും ഒന്ന് തോണ്ടി വിട്ടു അല്ലെ? നല്ല അവതരണം...keep it up....

ഹാഷിക്ക് said...

സലാം പറഞ്ഞതിനോട് യോജിക്കുന്നു. എന്തും കട്ടും വിറ്റും കാശാക്കുന്ന ഈ capitalist society -യില്‍ കായിക പ്രേമത്തിന് വലിയ സ്ഥാനമൊന്നുമില്ല. പിന്നെ, കോര്‍പറേറ്റുകളെ കുറ്റപ്പെടുത്തുന്നതില്‍ അര്‍ത്ഥമില്ല. അവര്‍ അവരുടെ നിലനില്‍പ്പ്‌ നോക്കുന്നു. സലാം പറഞ്ഞ ഈ അവിശുദ്ധ കൂട്ടുകെട്ടുകള്‍ ഉള്ളിടത്തോളം കാലം കാര്യസാദ്ധ്യം എളുപ്പമാണല്ലോ..

ലക്ഷ്മി, രാജീവ്‌ നന്ദി..........

Tomy said...

hashique..adipoli aayittundu...Hashique-il oru kalakaran olinjirikkunnathu sathyathil njan ippol thirichariyunnu..All the best :-)

ajith said...

ഇലയ്ക്കാടിനും വേണം ഒരു 20:20 ടീം

Post a Comment

hashiq.ah@gmail.com