Pages

Monday, August 22, 2011

സ്വാതന്ത്ര്യത്തിന്റെ തിരുമുറിവുകള്‍


Anna Hazare says bring back the Black Money.
Do u know what will happen if 1,456 Lac Crores comes back ?

ജനലോക്‌പാല്‍ ബില്ലിന് വേണ്ടിയുള്ള  അണ്ണാ ഹസാരെയുടെ സമരത്തെ പിന്തുണയ്ക്കണമെന്നും പറഞ്ഞ് മേല്പറഞ്ഞ തലക്കെട്ടില്‍  ഫോര്‍വേഡ് ചെയ്തുകിട്ടിയ ഒരു ഈമെയില്‍ ആണ് ഈ പോസ്റ്റിന് ആധാരം. കുറച്ചധികം വിശദീകരണങ്ങളുമായി വന്ന ആ ഇമെയിലിലെ എനിക്ക് താല്പര്യം തോന്നിയ ഏതാനും വരികളും എന്റെ നാടന്‍ബുദ്ധിയില്‍ തോന്നിയ ഭയങ്കരമായ ചില ആശയങ്ങളും  താഴെ;
1. India Financially No.1
സന്തോഷം പകരുന്ന വാര്‍ത്തയാണ്. സ്വന്തം രാജ്യം സാമ്പത്തികമായി ഏറ്റവും മുമ്പില്‍ എത്തുന്നതില്‍ സന്തോഷിച്ചില്ലെങ്കില്‍ നാളെ ചരിത്രം എന്നെ ഒരു പക്ഷെ രാജ്യദ്രോഹി എന്ന് വിളിച്ചേക്കും.
2. Each district will get 60000 crores & each village will get 100 Crores
ഈ തുക കൃത്യമായി വീതം വെയ്ക്കരുത്. ബീഹാറിനും ഉത്തര്‍പ്രദേശിനും ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മുന്‍ഗണന കൊടുക്കണം.
3. No need to pay taxes for next 20 yrs.
ഇത് ഞാന്‍ ആദ്യം വിശ്വസിച്ചില്ല. പക്ഷെ, ഈ മെയില്‍ കഴിയുന്നത്ര ആളുകള്‍ക്ക് ഫോര്‍വേഡ് ചെയ്യണമെന്നും അത് വഴി അഴിമതിക്കെതിരായ സമരത്തില്‍ പങ്കാളിയാകണമെന്നും പറഞ്ഞ് എനിക്ക് അയച്ചു തന്ന ആള്‍ ഈ നികുതിയുടെ കാര്യത്തില്‍ വളരെയധികം താല്പര്യമുള്ളയാളാണ്. നികുതി എന്ന് കേള്‍ക്കുന്നത്തെ വെറുപ്പായ അദ്ദേഹം സ്വര്‍ണ്ണ കടകളില്‍ കയറിയാല്‍ ബില്ലില്ലാതെ മാത്രമേ സ്വര്‍ണം വാങ്ങൂ. സ്ഥലം വാങ്ങുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറക്കാനായി വിലയില്‍ കുറച്ചു കാണിക്കും.  കെട്ടിടങ്ങള്‍ പണിത് വില്‍ക്കുന്ന ആളായതിനാല്‍ കെട്ടിട നികുതി കുറയ്ക്കുന്നതിനായി മുനിസിപ്പാലിറ്റിയില്‍ ഫൈനല്‍ പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ ഉള്ള സൌകര്യങ്ങള്‍ കുറച്ചു കാണിക്കാന്‍ ശ്രമിക്കും. അങ്ങനെ ടാക്സ്‌ വിഷയത്തില്‍ ഒരു ഗവേഷണം തന്നെ നടത്തുന്ന അയാളുടെ വാക്കുകളെ അവിശ്വസിക്കേണ്ട കാര്യം എനിക്കില്ല.... ഞാനും വിശ്വസിക്കുന്നു. ഈ പറഞ്ഞ തുകയത്രയും തിരികെ ഇന്ത്യയിലേക്ക് വന്നാല്‍ നികുതി അടക്കേണ്ടി വരില്ല.
4. Petrol 25 Rs, Diesel 15 Rs, Milk 8 Rs.
എനിക്ക് ഏറ്റവും ആകര്‍ഷകമായി തോന്നിയ കാര്യം. എന്റെ നല്ല ഓര്‍മയിലെങ്ങും പെട്രോളിയം ഉല്പന്നങ്ങള്‍ ഇത്രയും താഴ്ന്ന വിലക്ക് കിട്ടിയതായി വിവരമില്ല. പാലിന്റെ കാര്യത്തില്‍ ഉണ്ടെന്നു തോന്നുന്നു. ഇന്ധനവില ഈ നിലവാരത്തിലേക്ക് പോയാല്‍ നമ്മുടെ ആവശ്യം കഴിഞ്ഞു വല്ലതും മിച്ചം വരികയാണേല്‍ ബാക്കി വരുന്നത് കയറ്റി അയയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കുറഞ്ഞപക്ഷം ഇന്ധനവില നമ്മുടേതിന് മുകളില്‍ നില്‍ക്കുന്ന ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എങ്കിലും.
5. No need to pay electricity bill. .
വൈദ്യുതിചാര്‍ജ്‌ ഇന്നോ നാളെയോ  ചിലപ്പോള്‍ കൂട്ടിയേക്കും ഇനി ഒരുപക്ഷേ കൂട്ടുകയേ ഇല്ല എന്നും പറഞ്ഞു നടക്കുന്ന മന്ത്രി ആര്യാടന്‍ മുഹമ്മദിന്റെ ചമ്മിയ മുഖം ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി. ആദ്യം ഇതും വിശ്വസിക്കാന്‍ പ്രയാസം തോന്നി. പക്ഷെ, ഞാന്‍ മുമ്പ് പറഞ്ഞ ആള്‍ക്ക് ടാക്സ്‌ കാര്യത്തില്‍ എന്ന പോലെ വൈദ്യുതി ബില്ലിന്റെ കാര്യത്തിലുമുള്ള അമിത ഉത്കണ്ഠ ഇതും എന്നെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു. വൈദ്യുതി പോസ്റ്റില്‍ നിന്നും നേരിട്ട് വൈദ്യുതി മോഷ്ടിച്ച് യോഗാഭ്യാസങ്ങള്‍ കാണിക്കുന്നവര്‍ ഇനി എന്തുകാര്യത്തില്‍ ആത്മനിര്‍വൃതി നേടും എന്ന കാര്യത്തില്‍ അല്പം ആശങ്കയില്ലാതെ ഇല്ല.
6. Indian borders will become more stronger than the China Wall.
അതിര്‍ത്തി സംരക്ഷണത്തിന് കൂടുതല്‍ പട്ടാളക്കാരെ നിയമിക്കാന്‍ കഴിയും എന്നാണെന്ന് തോന്നുന്നു. നല്ലത്. നമ്മുടെ അതിരുകള്‍ ബലവത്തായതായി മാറും. കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. സന്തോഷിക്കുന്നു.
7. 1500 Oxford like Universities can be opened.
ഹോഓഓഓ........... രണ്ടു തവണ വായിച്ചിട്ടേ വിശ്വസിച്ചുള്ളൂ.....നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഇനി എന്തിന്റെ പേരില്‍ മക്കളെ പുറത്ത്‌ വിട്ടു പഠിപ്പിക്കും? ഈ ഓക്സ്ഫോര്‍ഡ് മോഡല്‍ യൂണിവേര്‍സിറ്റികള്‍ കേരളത്തിന്‌ കൊടുക്കരുത്. അഥവാ ആരെങ്കിലും ചോദിച്ചാല്‍ ആദ്യം ആ സ്വാശ്രയപ്രശ്നം പരിഹരിച്ചു വരാന്‍ പറഞ്ഞ് ആട്ടിയോടിക്കണം.
8. 28,000 kms Rubber road (like in Paris) can be made.
പാരിസ് വരെ പോകണ്ട.. തണുപ്പ് അല്പം കൂടുതലാണ്. കുറഞ്ഞത് ആ സേലം- കോയമ്പത്തൂര്‍ പോലെയെങ്കിലുമുള്ളത് മതി.
9. 2,000 hospitals (with all facilities) all medicine Free.
എങ്കില്‍ ഈ ജനലോക്‌പാലിന്റെ പരിധിയില്‍ മരുന്ന് കമ്പനികളെയും മെഡിക്കല്‍ സ്റ്റോര്‍ ഉടമകളെയും കൊണ്ട് വരണം. അല്ലെങ്കില്‍ കൃത്രിമ മരുന്ന് ക്ഷാമം ഉണ്ടാക്കുന്ന ആ പതിവ് പരിപാടി ഇവിടെ ആവര്‍ത്തിക്കും. അങ്ങനെ ഇതിന്റെ ഗുണഫലം ജനങ്ങളിലേക്ക് എത്തുകയുമില്ല.
10. 95 crore people will have their own house.
സുനാമി ഫണ്ട് പിരിച്ചവര്‍ക്കൊക്കെ തന്നെയാകുമോ ഇതിന്റെയും ചുമതല? ചെങ്ങറ, മൂലമ്പള്ളി, നന്ദിഗ്രാം ഇവര്‍ക്കൊക്കെ മുന്‍ഗണന കൊടുക്കണം.

പത്തു പേര്‍ക്ക് ഈ ഇമെയില്‍ ഫോര്‍വേഡ് ചെയ്തു കൊടുക്കണം എന്നാണ് ആ സുഹൃത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് വരെയും ഞാന്‍ ആര്‍ക്കും അയച്ചിട്ടില്ല. പത്തു പേരുടെ അഭിപ്രായം അറിഞ്ഞിട്ടാകാം എന്ന് കരുതി. അതും കഴിഞ്ഞു സ്വന്തം കണ്ണാടിയിലെ എന്റെ പ്രതിബിംബം ഒന്ന് നോക്കി ഞാനും അഴിമതി വിരുദ്ധ പോരാട്ടത്തിന് ഇറങ്ങും. എന്റെ പ്രതിബിംബം എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞെങ്കില്‍ മാത്രം. അല്ലെങ്കില്‍ ഒരു പക്ഷെ കത്തിച്ചു നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന മെഴുകുതിരിയുടെ ചൂട് തട്ടി രോമം കരിയുന്നത് മാത്രമായിരിക്കും ഫലം.

.........................................................................................................
അഴിമതി തുടച്ചു നീക്കേണ്ട അര്‍ബുദം ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല.  സമരം നടത്തുന്നവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാനും ആളല്ല.  പക്ഷെ അതിനെതിരെയുള്ള സമരങ്ങള്‍  ഒരു ജനാധിപത്യ വ്യവസ്ഥിതിയെ അപ്പാടെ അവിശ്വാസത്തില്‍ എടുത്തുകൊണ്ടാവരുത്.  സ്കൂള്‍ കുട്ടികള്‍ ബസിന് കല്ലെറിയുന്ന കൌതുകത്തോടെയും ലാഘവത്തോടെയും,  ഈ അടുത്തു ചില രാജ്യങ്ങളില്‍ നടന്നത്  പോലെ ഒരു ജനകീയ വിപ്ലവം സ്വപ്നം കാണുന്നവര്‍ ഉണ്ടാകാം. പക്ഷേ, അടി ഒന്ന് പതറിയാല്‍ ചാടി വീഴാന്‍ തക്കം പാര്‍ത്തിരിക്കുന്ന വേട്ടപട്ടികള്‍ നമുക്ക് ചുറ്റിനും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. എല്ലാം കഴിഞ്ഞ് ബ്രെഡും വെള്ളവുമായി വരുന്ന ഹെലികോപ്റ്ററുകള്‍ക്ക് നേരെ ഇരു കയ്യുമുയര്‍ത്തി മേലോട്ടും നോക്കി നില്‍ക്കുമ്പോള്‍ ചെയ്തു പോയ തെറ്റിന് പശ്ചാത്തപിക്കാന്‍ സമയം കിട്ടിയെന്നു വരില്ല.