Pages

Tuesday, September 20, 2011

കൊമ്പാ, നിന്റെ സ്ഥാനം ഗ്യാലറിയിലാണ് .

വീട്ടിലെ പട്ടിണി മാറ്റാന്‍ ഗള്‍ഫില്‍ വേലക്കുപോയ മകന്‍ എങ്ങോ അലഞ്ഞുതിരിഞ്ഞു നടന്ന ഫിലിപ്പിനോ യുവതിയെ, വീട്ടുകാരെയും നാട്ടുകാരെയും പറ്റിക്കാന്‍ 'ശാലിനി മേനോന്‍' എന്ന ശാലീന നാമകരണവും നടത്തി കയ്യുംപിടിച്ചു വീട്ടില്‍കൊണ്ടുവന്നത് പോലെ, പേരില്‍ മാത്രമായൊരു കൊച്ചിയുമായി ഐ പി എല്‍ കളിക്കാന്‍ വന്ന കൊമ്പന്‍മാരെ കണ്ട അന്നുമുതലേ മലയാളിക്കൊരു സംശയമുണ്ടായിരുന്നു, ഇതെവിടം വരെ പോകുമെന്ന്. ഓരോ വര്‍ഷവും ബാങ്ക് ഗ്യാരന്‍റിയായി  അടയ്ക്കേണ്ട 156 കോടി രൂപയുടെ കാര്യത്തില്‍ അലംഭാവം കാണിക്കുന്നു എന്ന കാരണത്താല്‍ കൊച്ചി ടസ്കെഴ്സിന് ബി സി സി ഐ കൂച്ചുവിലങ്ങ് ഇട്ടതോടെ ആ സംശയത്തിന് അറുതിവന്നിരിക്കുന്നു.

ടീമിന് വേണ്ടി ആദ്യം രംഗത്ത്‌ വന്ന ശശി തരൂരും , പിന്നെ ലോക ഒളിമ്പിക്‌ അസോസിയേഷനെക്കാളും താരമൂല്യമുള്ള  കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലവന്‍ ടി സി മാത്യുവും ഇത് ടീം മാനേജ്മെന്റിന്റെ മാത്രം പിടിപ്പുകേടാണ് എന്ന് പറയുമ്പോള്‍ പുറമേനിന്ന് കളികാണുന്ന നമുക്ക് അതില്‍ തല പുകയ്ക്കേണ്ട കാര്യമില്ല. എങ്കിലും, വന്ന അന്ന് മുതല്‍ അടിസ്ഥാനസൌകര്യങ്ങളുടെ കാര്യത്തില്‍ കേരള ക്രിക്കറ്റ്‌ അസോസിയേഷനെയും, ഇല്ലാത്ത പലിശ കൊടുത്ത് വണ്ടി വാങ്ങാന്‍ ചെല്ലുമ്പോള്‍ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു വാങ്ങുന്ന ന്യൂ ജെനറേഷന്‍ ബാങ്കുകാരെ പോലെ വില്‍ക്കാത്ത ടിക്കറ്റിന് സീലടിക്കണം എന്നും പറഞ്ഞ്  നമ്മുടെ കൊച്ചി കോര്‍പ്പറേഷനെയും വെള്ളം കുടിപ്പിച്ച ആളുകളാണ് ഇവര്‍. ആ  ഗുജറാത്തികളുടെ ഇന്നത്തെ സ്ഥിതിയില്‍ ഒരു ശരാശരി മലയാളിയുടെ കുനുപ്പും കുന്നായ്മയുമുള്ള എനിക്ക് സന്തോഷമില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഈ ടീമില്‍ കണ്ണുംനട്ട് തിരോന്തരത്തും കൊച്ചിയിലും ആരെങ്കിലും വിലക്കോ പാട്ടത്തിനോ ഗ്രൗണ്ടിനു വേണ്ടി സ്ഥലം അന്വേഷിക്കുന്നുണ്ടെങ്കില്‍ ജസ്റ്റ്‌ വെയിറ്റ്.... ഈ മാസം അവസാനം വരുന്ന ബി സി സി ഐ- യുടെ അവസാനതീരുമാനം വരെ ഒന്ന് ക്ഷമിക്കൂ......

അമ്മായി അപ്പന്റെ തല തെറിപ്പിച്ചുകൊണ്ട്‌ (തരൂരിന്റെ മന്ത്രിസ്ഥാനം തന്നെയാണ് ഉദ്ദേശിച്ചത്) വന്നു കയറിയ വീട്ടില്‍ അമ്മായിഅമ്മയ്ക്കും മറ്റും സ്ഥിരം സ്വൈര്യക്കേട്‌ ഉണ്ടാക്കിയിരുന്ന മരുമകളെ സ്ത്രീധനബാക്കിയുടെ ഭാഗമായി ഭര്‍ത്താവ് തന്നെ ചവിട്ടി പുറത്താക്കിയതായി കണ്ടാല്‍ മതി. അല്ലെങ്കില്‍ പിന്നെ, ഭര്‍തൃവീട്ടില്‍ പീഡനം സഹിക്കവയ്യാതെ മരുമകള്‍ വട്ടിപ്പലിശക്ക് പണം കടം  കൊടുക്കുന്ന അണ്ണാച്ചിയുടെ കൂടെ ഒളിച്ചോടി എന്ന് നാട്ടുകാര്‍ പറയുന്നത് പോലെ കൊച്ചിയുടെ കൊമ്പന്‍മാര്‍ അഹമ്മദാബാദില്‍ പോയി കളിക്കുന്നത് ഈ സീസണില്‍ കാണേണ്ടി വരുമായിരുന്നു.

ഈ ടീം കൊച്ചി വിട്ട് പോയതുകൊണ്ട് കേരളത്തിന്റെ കായിഗരംഗത്ത് ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കാന്‍ പോകുന്നില്ല. ആത്യന്തികമായി നോക്കിയാല്‍ ഈ ടീം വന്നതുകൊണ്ട് ഏറ്റവും കൂടുതല്‍ കോട്ടവും നേട്ടവും ഉണ്ടായത് ശ്രീമാന്‍ ശശി തരൂരിന് മാത്രമായിരിക്കും. പിന്നെ, കീശയിലെ കാശിന്റെ ബലത്തില്‍ കേരളത്തിന്റെ പിച്ചില്‍ ക്യാപ്സൂള്‍ ക്രിക്കെറ്റിന്റെ വിത്തിറക്കാന്‍ വന്ന ചില പട്ടേലുമാര്‍ക്കും. അതുകൊണ്ട്, കേരളത്തിന് എന്തോ ഭീമമായ നഷ്ടം സംഭവിച്ചു എന്ന മട്ടിലുള്ള ചാനല്‍ ചര്‍ച്ചകളിലേക്കും, കൊമ്പന് മേയാന്‍ സ്പോര്‍ട്സ്‌ പേജ് വിട്ടുകൊടുത്ത പത്രങ്ങളിലേക്കും നമുക്ക് പോകാതിരിക്കാം.  മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമൊക്കെ ഒരു ബൂട്ട് പോലും വാങ്ങാന്‍  സഹായം കിട്ടാതെ  ഇടയ്ക്കു വെച്ച് പന്തുതട്ടുന്നത് നിര്‍ത്തി പോകുന്ന നല്ലനല്ല പ്രതിഭകളുണ്ട്.  കട്ടപ്പനയിലും രാജാക്കാടും, പിന്നെ പാലക്കാട്ടെ പറളിയിലുമെല്ലാം പഴംകഞ്ഞി കുടിച്ചുനിറച്ച അരവയറിന്റെ സമൃദ്ധിയില്‍ സ്കൂള്‍ കായികമേളയില്‍ നേട്ടങ്ങള്‍ കൊയ്യുന്ന മിടുക്കന്മാരും മിടുക്കികളുമുണ്ട്. കായികരംഗത്തെ ഉദ്ധരിക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ ഉണ്ടെങ്കില്‍ ചര്‍ച്ചകള്‍ ആ വഴിക്കുകൂടി ആവാം.  

ഓഫ്‌ ടോക് : ആനപ്പന്തി പൊളിച്ചു കളഞ്ഞ്, ശ്രീശാന്ത്‌ ഉള്‍പ്പെടയുള്ള കൊമ്പന്‍മാരെ തടിപിടിക്കാന്‍ കൊണ്ടുപോയാലും, തിരികെ വനത്തില്‍ മേയാന്‍ വിട്ടാലും വേണ്ടില്ല. ഇതിന്റെ പേരില്‍ ഇറക്കുമതി ചെയ്ത ഏതെങ്കിലും ചിയര്‍ ഗേള്‍സ്‌ കൊച്ചിയില്‍ ഉണ്ടെങ്കില്‍ പോകുന്ന പോക്കില്‍ അവരെ കൂടി പാക്ക്‌ ചെയ്തോണം. ‍ പ്ലീസ്‌..........