Pages

Monday, June 20, 2011

മരുപ്പച്ചകള്‍ തേടുന്നവര്‍


പാതയോരത്തെ മരത്തണലില്‍ സെന്റര്‍ സ്റ്റാന്‍ഡില്‍ കയറ്റി വെച്ചിരിക്കുന്ന ബൈക്കിലിരുന്ന് അയാള്‍ വെറുതെ കണ്ണാടിയിലേക്ക് നോക്കി. ഈയിടെയായി ഇത് പതിവുള്ളതാണ്. കസ്റ്റമേഴ്സിനെ കണ്ടിട്ടുള്ള തിരിച്ചുവരവുകളില്‍  ബൈക്ക്‌ ഏതെങ്കിലും മരത്തണലില്‍ ചേര്‍ത്തുനിര്‍ത്തി വെറുതെ അതിനുമുകളില്‍ കയറി ഇരിക്കുക. തിളച്ചുമറിയുന്ന ചൂടില്‍നിന്നും അല്പം രക്ഷ. പിന്നെ, തുടര്‍ച്ചയായ യാത്രകള്‍ മൂലം പുറത്തേക്ക് വളയുന്ന നട്ടെല്ലിനെ കുറച്ചു നേരം വിശ്രമിക്കാന്‍ വിടുക.  വെറുതെ അങ്ങനെ കണ്ണാടിയില്‍ നോക്കിയിരുന്നപ്പോള്‍ 'യുവാവായ തനിക്ക് പ്രായം കൂടി വരികയാണല്ലോ' എന്ന പതിവുചിന്ത ഉള്ളിലേക്ക് കടന്നുവന്നു.  കണ്ണിന് ചുറ്റുമുള്ള കറുത്ത വലയങ്ങള്‍ കൂടി വരുന്നു. പഴയ ആ തുടിപ്പും പ്രസരിപ്പും മുഖത്തുനിന്നും മായ്ഞ്ഞു തുടങ്ങിയിരിക്കുന്നു. തുടര്‍ച്ചായ ഹെല്‍മെറ്റ്‌ ഉപയോഗം മൂലമാകണം, മുടി കൂടുതലായി പോയി നെറ്റി കൂടുതലായി തെളിയുന്നു. ഇതിനെല്ലാം പുറമേ ഈയടുത്ത് തുടങ്ങിയിരിക്കുന്ന ചെറിയ പുറംവേദനയും.  ഇവിടുത്തെ ജോലി ഉപേക്ഷിച്ച് ഗള്‍ഫിലേക്ക് കടക്കണം എന്ന് കുറെ നാളായി കരുതുന്നു. അല്ലെങ്കിലും ഇന്ന് ആ തോന്നലുകള്‍ക്ക് ശക്തി കൂടും. രാവിലത്തെ കസ്റ്റമര്‍ വിസിറ്റ് അങ്ങനെ ഒരിടത്തേക്ക് ആയിരുന്നല്ലോ? പുറത്തു നിര്‍ത്തിയിട്ടിരുന്ന ആഡംബര കാറുകള്‍. ഒഫീസിനുള്ളിലെ  എയര്‍കണ്ടീഷന്‍റെ തണുപ്പില്‍ ഗള്‍ഫു പണം മുഖത്തും പ്രവര്‍ത്തിയിലും  നല്‍കിയ ചോരത്തിളപ്പുമായി രണ്ടു യുവാക്കളായ കസ്റ്റമേഴ്സ്. താനുമായുള്ള ചര്‍ച്ചകള്‍ക്കിടയില്‍ തന്നെ വരുന്ന  ഫോണ്‍ കോളുകളിലൂടെ സുഹൃത്തുക്കളുമായി പങ്കുവെക്കുന്ന ഗള്‍ഫ്‌ വിശേഷങ്ങള്‍. മനസ് നിറയെ ഗള്‍ഫ്‌ സ്വപ്നങ്ങളുമായി നടക്കുന്ന ഒരുവന്റെ ശ്രദ്ധ പതറാന്‍ ഇതൊക്കെ തന്നെ ധാരാളം..............ചിന്തകള്‍ കാടുകയറി തുടങ്ങിയിരിക്കുന്നു....ഇനിയും ഇരുന്നാല്‍ ശരിയാകില്ല. വീണ്ടും കിടക്കുന്നു ചെയ്തുതീര്‍ക്കാന്‍ ഇന്നത്തെ ജോലികള്‍ ബാക്കി. പതിവുപോലെ കാലുകള്‍ യാന്ത്രികമായി കിക്കറിലേക്ക് നീണ്ടു.
..................................................................................................................................................................
മണലാരണ്യത്തെ രണ്ടായി പകുത്തുകൊണ്ട് നേര്‍രേഖയില്‍ കടന്നുപോകുന്ന എക്സ്പ്രസ്സ് ഹൈവേ. അതിന്‍റെ ഒരു വശത്തുള്ള പെട്രോള്‍ സ്റ്റേഷന്‍റെ അല്‍പം തണലില്‍ ഒതുക്കിയിട്ടിരുന്ന കാറിനുള്ളിലെ കിടപ്പ് തുടങ്ങിയിട്ട് ഒരു മണിക്കൂര്‍ കഴിഞ്ഞിരിക്കുന്നു. അതികാലത്ത്  എഴുന്നേറ്റ് താമസസ്ഥലത്ത്നിന്നും ഏകദേശം അഞ്ഞൂറോളം കിലോമീറ്റര്‍ അകലെയുള്ള സ്വന്തം കമ്പനിയുടെ തന്നെ മറ്റൊരു പ്രോജക്ടിലേക്കുള്ള യാത്ര മാസത്തില്‍ രണ്ടോ മൂന്നോ തവണ പതിവുള്ളതാണ്. തിരികെ വരുന്ന വഴി ഉറക്കം വന്ന് കണ്ണുകള്‍ തൂങ്ങുമ്പോള്‍ ഏതെങ്കിലും പെട്രോള്‍ സ്റ്റേഷനില്‍ വണ്ടി ഒതുക്കി ഡ്രൈവിംഗ്സീറ്റ്  പുറകോട്ട് ചായ്ച്ച് കുറച്ചുനേരം വെറുതെ കിടക്കും. ചിലപ്പോള്‍ അല്‍പനേരം ഉറങ്ങിയാലായി. അല്ലെങ്കില്‍ ആ കിടക്കുന്ന കിടപ്പില്‍ മനസ് വെറുതെ മരുഭൂമിയില്‍ അലയുന്ന ഒട്ടകങ്ങളെ പോലെ എവിടെക്കെങ്കിലും സഞ്ചരിക്കും. ഒന്നിനും സമയമില്ലാത്ത ഈ പ്രവാസ ജീവിതത്തില്‍ മനസ്സില്‍ കുന്നുകൂടുന്ന ചിന്തകളെ കെട്ടഴിച്ച്‌ സ്വതന്ത്രമാക്കാന്‍ വിജനമായ ഈ മരുഭൂമിയോളം നല്ലയൊരു സ്ഥലം വേറെയില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. നാടും വീടും കുട്ടികളും എന്ന് വേണ്ട, ഒരു ശരാശരി മനുഷ്യന്‍ ഏറ്റവും മുന്തിയ പരിഗണന കൊടുക്കേണ്ട എല്ലാ കാര്യങ്ങളെക്കുറിച്ചും താന്‍ ഏറ്റവും കൂടുതല്‍ ആലോചിക്കുന്നതും വേവലാതിപ്പെടുന്നതും മരുഭൂമിയില്‍ കൂടിയുള്ള ഈ  യാത്രകളില്‍ ആണല്ലോ? നാട്ടില്‍ വെച്ച് നിസാരമായ ആരോഗ്യപ്രശ്നങ്ങളില്‍ ആവശ്യത്തിലധികം ആശങ്കപ്പെട്ടിരുന്ന താന്‍ ഇന്ന് ആ ഒരു കാര്യത്തില്‍ ഒഴികെ മറ്റെല്ലാ കാര്യങ്ങളിലും ആവശ്യത്തിലേറെ തല പുകക്കുന്നു.  ചിന്തകളുടെ ഒന്നാമത്തെ എപ്പിസോഡ് കഴിയാറായിരിക്കുന്നു. ഹാന്‍ഡ്‌ ബ്രേക്ക്‌ റിലീസ് ചെയ്ത്‌ ഗീയറിലിട്ട് കാര്‍ റോഡിലേക്കിറക്കി. എത്തിച്ചേരേണ്ട സ്ഥലത്തേക്കുള്ള ദൂരം 250 കിലോമീറ്റര്‍ എന്ന് മുന്നില്‍ കണ്ട നീല ബോര്‍ഡില്‍ തെളിഞ്ഞു. പക്ഷെ തനിക്കിനിയും അതിലേറെ ദൂരം സഞ്ചരിക്കാന്‍ ഉണ്ടെന്ന് തോന്നി. വീണ്ടും ഉറക്കം വന്ന് കണ്ണുകള്‍ അടഞ്ഞുപോകാതിരിക്കാന്‍ കാറിന്റെ ഡാഷ് ബോര്‍ഡ്‌ തുറന്ന് അല്പം ടൈഗര്‍ ബാം കണ്ണുകള്‍ക്ക്‌ തൊട്ടുമുകളിലായി നെറ്റിയിലേക്ക് തേച്ചു പിടിപ്പിച്ചു.
....................................................................................................................................................................
വണ്ടി പുറത്തു നിര്‍ത്തി ഫാബ്രിക്കേഷന്‍ ഷോപ്പിലേക്ക് നടക്കുമ്പോള്‍ സന്ധ്യ മയങ്ങാന്‍ തുടങ്ങിയിരുന്നു. തൊഴിലാളികള്‍ അന്നത്തെ ജോലിതീര്‍ത്ത് തങ്ങളുടെ കൂടാരങ്ങളിലേക്ക് മടങ്ങുവാനുള്ള വ്യഗ്രതയില്‍ ഓടിപ്പിടിച്ചുള്ള ജോലിയിലാണ്. ഒരു വശത്ത് രാത്രി ഷിഫ്റ്റ് നില്‍ക്കുന്ന വെല്‍ഡര്‍മാര്‍ അവരുടെ പണികളില്‍ മുഴുകിയിരിക്കുന്നു. സ്റ്റീല്‍ പൈപ്പും ചാനലുകളും ബീമുകളും എല്ലാം കത്തി ജ്വലിക്കുന്ന വെല്‍ഡിംഗ് റോഡിന്റെ സഹായത്തോടെ കൂടുതല്‍ ശക്തിയോടെ ഒന്നായി തീരുന്നത് കുറച്ചു നേരം നോക്കി നിന്നു. അവസാന ആന്തലോടെ അല്പം മങ്ങി കത്തി എരിഞ്ഞു തീരുന്ന റോഡുകള്‍ വെല്‍ഡിംഗ് ഹോള്‍ഡറില്‍ നിന്നും ഊരിമാറ്റി ഷോപ്പിന്റെ ഒരു മൂലയിലേക്ക് വലിച്ചെറിയുന്നത് കണ്ടപ്പോള്‍ സ്ഥിരം കാഴ്ചയുടെ മടുപ്പോടെ അയാള്‍ തല തിരിച്ചത് സൂപ്പര്‍വൈസറുടെ  മുഖത്തേക്ക്... "സാര്‍, വെല്‍ഡിംഗ് റോഡ്‌ കഴിയാറായി. പുതിയതിന് ഓര്‍ഡര്‍ കൊടുക്കാന്‍ പറയണം. കഴിഞ്ഞതവണ വന്നതത്ര ഗുണം പോരാ, ഒരുപാട് വെസ്റ്റ് ആയി" ......ഇത്രയും നാളത്തെ ഇവിടുത്തെ ജീവിതത്തിനിടയില്‍ എത്രയോ ഉരുക്കുകഷണങ്ങള്‍ ഒന്നായി തീരുന്നത് കണ്ടിരിക്കുന്നു. ഒരു മൂലയില്‍ കുന്നുകൂടുന്ന വെല്‍ഡിംഗ് റോഡുകളുടെ കണക്ക് എന്നെങ്കിലും താന്‍ എടുത്തിരുന്നോ? ഇനിയും എത്രയോ ഇരുമ്പ് കഷണങ്ങള്‍ വെല്‍ഡിംഗ് റോഡിന്റെ വരവും കാത്ത് ഇവിടെ കിടക്കുന്നു. സൂപ്പര്‍വൈസര്‍ പറഞ്ഞത് പോലെ ഇന്ന് തന്നെ ഓര്‍ഡര്‍ കൊടുക്കണം. നാളെ നാട്ടിലേക്ക് പോകാന്‍ ഉള്ളതാണ്. അതിനുമുമ്പ് ചെയ്തുതീര്‍ക്കാനുള്ള ജോലികളെല്ലാം ഒതുക്കണം. തിരികെ ഫാബ്രിക്കേഷന്‍ മാനേജര്‍ എന്നെഴുതിയിരിക്കുന്ന റൂമിലേക്ക്‌ നടക്കുമ്പോള്‍ മറ്റെല്ലാ ചിന്തകളും അയാളെ വിട്ടു പോയിരുന്നു.
....................................................................................................................................................
രാത്രി...യാത്രക്കുള്ള പെട്ടികളെല്ലാം അടുക്കിവെച്ച് കിടക്കാറായപ്പോള്‍ സമയം അര്‍ദ്ധരാത്രി കഴിഞ്ഞു. വൈകുന്നേരം യാത്രയാക്കാന്‍ വന്ന സുഹൃത്തുക്കള്‍ മടങ്ങിയപ്പോള്‍ തന്നെ ഒരുപാട് വൈകിയിരുന്നു. എല്ലാതവണയും നാട്ടിലേക്ക് പോകുന്നതിനുമുമ്പുള്ള ഒരുക്കങ്ങള്‍. ഇനി കിടക്കണം. അതിരാവിലെ പുറപ്പെടാനുള്ളതാണ്. ആ കിടപ്പില്‍ വീണ്ടും ഓര്‍മ്മകള്‍ ഓരോന്നായി ഫ്ലാഷ് ബാക്ക്‌ പോലെ കടന്നു വന്നു. വെറും അഞ്ചു വര്‍ഷത്തെ പദ്ധതിയിട്ട് നാട്ടില്‍ നിന്നും വിമാനം കയറിയ താനിപ്പോള്‍ ഇവിടെ പത്ത് കൊല്ലം തികക്കുന്നു. ഗള്‍ഫിലേക്ക് പോകാനുള്ള പദ്ധതി അറിയിച്ചപ്പോള്‍ ഭാര്യയുടെ ഭാഗത്തുനിന്നും ഉണ്ടായ ദുര്‍ബലമായ എതിര്‍പ്പിന്റെ സ്വരം. " ഇവിടെ ഇപ്പോള്‍ നമുക്കെന്തിന്റെ കുറവാണ് കടങ്ങള്‍ ഒന്നും അധികമില്ലല്ലോ?" ഏതൊരു ഭാര്യയും ഇങ്ങനെയൊക്കെ തന്നെയേ പറയൂ എന്ന് അറിയാമായിരുന്ന താന്‍ ഡൈനിംഗ് ടേബിളിന് മുകളില്‍ വെച്ച വെള്ളക്കടലാസിലേക്ക് ഓരോ മാസത്തെയും വരവ് ചെലവ് കണക്കുകള്‍ അക്കങ്ങളായി പെറുക്കി വെച്ച് കാണിച്ചു കൊടുത്തു. പാല്, പത്രം, കേബിള്‍, ചിട്ടി, പലചരക്ക്, അവിചാരിതമായി കടന്നുവരുന്ന ആശുപത്രി ചിലവുകള്‍...... ഇതെല്ലാം കൂടി കടിച്ചു പിടിച്ച് ബാലന്‍സ്‌ ചെയ്ത് കൊണ്ട് പോകാന്‍ മാത്രം സാധിക്കുന്ന തന്റെ മാസവരുമാനം. കാര്യങ്ങള്‍ ബോധ്യമായോ അതോ ബാലന്‍സ് ഷീറ്റ് ടാലിയാക്കാന്‍  ഓരോ മാസവും താന്‍ കാണിക്കുന്ന  ഞാണിന്‍മേല്‍ കളികളില്‍  ദൈന്യത തോന്നിയിട്ടാണോ എന്നറിയില്ല, എതിര്‍പ്പിന്റെ ശക്തി കുറഞ്ഞു. പക്ഷെ എന്നത്തേയുംപോലെ  കഴിഞ്ഞ തവണ പോയപ്പോഴും ചോദിച്ചു, ഇനി എങ്കിലും മടങ്ങിക്കൂടെ എന്ന്? അപ്പോഴും തന്റെ കയ്യില്‍ ഉത്തരമുണ്ടായിരുന്നല്ലോ? തുറന്നു വെച്ച ലാപ്ടോപ്പില്‍ നിന്നും എക്സെല്‍ ഷീറ്റ് തുറന്നു കാണിച്ചു. വളര്‍ന്നു വരുന്ന കുട്ടികളുടെ പഠന ചിലവുകള്‍, സ്കൂള്‍ വിദ്യാഭ്യാസത്തിന് ശേഷം എന്‍. ആര്‍. ഐ ക്വോട്ട വഴി എന്‍ജിനീയറിംഗിനും മെഡിസിനും സീറ്റ്‌ തരപ്പെടുത്താന്‍ കൊടുക്കേണ്ട ഭീമമായ തുക, ഭാവിയില്‍ മകളുടെ വിവാഹത്തിനായി കണ്ടെത്തേണ്ട പണം, ഇനിയും അടഞ്ഞു തീരാത്ത ഗാര്‍ഹിക വാഹന വായ്പകള്‍, മാസം തോറും അടക്കേണ്ട ഇന്‍ഷുറന്‍സ്‌ പ്രീമിയം ...  എക്സല്‍ ഷീറ്റ് താഴേക്ക് നീണ്ടു പോകുന്തോറും ഭാര്യയെ കാര്യങ്ങള്‍ പറഞ്ഞു പേടിപ്പിച്ച് മനസിലാക്കി കൊടുക്കുവാനുള്ള അദ്ധ്വാനവും കുറഞ്ഞു വന്നു. എങ്കിലും ചോദിച്ചു, ഇതെല്ലാം തീര്‍ന്നിട്ട് ഇനി ഒരു തിരിച്ചു വരവ് എന്നുണ്ടാകും? അതിന് തനിക്കുമില്ലല്ലോ മറുപടി!!!  ഒന്ന് മാത്രമറിയാം, ഒരിക്കല്‍ ഈ മണല്‍ക്കാടിന് നടുവില്‍ പെട്ടുപോയാല്‍ പുറത്തുകടക്കാനുള്ള വഴികള്‍ മറ്റുപലരെയും പോലെ തന്നെ തനിക്കും അഞാതമാണ് എന്ന് !!!!!!! വീശിയടിക്കുന്ന  ഓരോ പൊടിക്കാറ്റിന് ശേഷവും പുതിയ ഓരോ മണല്‍ക്കൂനകള്‍ മുമ്പില്‍ രൂപംകൊള്ളും. കണ്ണുകളില്‍ അടിച്ചുകയറിയ മണലുമായി ഒന്നുകില്‍ ആ കുന്നുകള്‍ക്ക് മുമ്പില്‍ വഴി തെറ്റി പകച്ചു നില്‍ക്കുന്നു . അല്ലെങ്കില്‍, ആ മണല്‍ക്കൂനകള്‍ മറികടന്ന് ഒരു മരുപ്പച്ചയെങ്കിലും അന്വേഷിക്കുവാനുള്ള ശേഷി ഇത്രയും ദൂരം അലഞ്ഞു നടന്ന കാലുകളിലേക്ക് വരുന്നില്ല.  കണ്ണുകളിലേക്ക് ഉറക്കം വരുന്നതിനു മുമ്പ് പണ്ടെവിടെയോ വായിച്ചത് ഒന്നുകൂടി ഓര്‍ത്തു..പലരും ബാധ്യതക്കാരായി ഗള്‍ഫിലേക്ക് വരുന്നില്ല. ഗള്‍ഫാണ് പലരെയും ബാധ്യതകാരാക്കുന്നത്.

47 comments:

Hashiq said...

നാട്ടിലേക്കുള്ള യാത്രക്ക് തൊട്ടുമുമ്പ് ഒരു ചെറിയ കഥ... ഇത് കഥയാണോ അതോ ഞാനടക്കം പലരുടെയും അനുഭവം ആണോ എന്ന് ചോദിച്ചാല്‍ അറിയില്ല.....
(ബ്ലോഗ്‌ ഡിസൈന്‍ ചെയ്ത കൂതറ ഹാഷിമിന് പ്രത്യേകം നന്ദി)

അലി said...

ബാധ്യതക്കാരായി ആരും ഗള്‍ഫിലേക്ക് വരുന്നില്ല. ഗള്‍ഫാണ് പലരെയും ബാധ്യതകാരാക്കുന്നത്.
ഈ പറഞ്ഞത് പരമസത്യം.

ഇത് കഥയല്ല, പ്രവാസത്തിന്റെ നേർക്കുപിടിച്ച കണ്ണാടി.
ആശംസകൾ!

മൻസൂർ അബ്ദു ചെറുവാടി said...

നന്നായി ഹാഷിക്ക് .
ഒരു കഥയായി വായിച്ചു പോകേണ്ട ഒന്നല്ലിത്.
കുറെ അനുഭവങ്ങളുടെ , തിരിച്ചറിവുകളുടെ ചിത്രം.
വളരെ മനോഹരമായി പറഞ്ഞിട്ടുണ്ട്.
ആശംസകള്‍

Jazmikkutty said...

കണ്ണുകളിലേക്ക് ഉറക്കം വരുന്നതിനു മുമ്പ് പണ്ടെവിടെയോ വായിച്ചത് ഒന്നുകൂടി ഓര്‍ത്തു..പലരും ബാധ്യതക്കാരായി ഗള്‍ഫിലേക്ക് വരുന്നില്ല. ഗള്‍ഫാണ് പലരെയും ബാധ്യതകാരാക്കുന്നത്.
ഈ വരികളില്‍ എല്ലാം ഉണ്ടല്ലോ ഹാഷിക്... നന്നായി എഴുതിയിരിക്കുന്നു..ശുഭയാത്ര!

Salini Vineeth said...

ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു.പ്രവാസ ജീവിതത്തെ പറ്റി അധികം ഒന്നും അറിയില്ലെങ്കിലും കഥ ഇഷ്ടപ്പെട്ടു. ഒരു കണക്കിന് പറഞ്ഞാല്‍ ഞാനും പ്രവാസി തന്നെ. ഇന്ത്യയില്‍ ആണെന്നെ ഉള്ളൂ... നല്ല എഴുത്ത് തുടര്‍ന്നും എഴുതുക. ആശംസകള്‍!

വാഴക്കോടന്‍ ‍// vazhakodan said...

ബാധ്യതക്കാരായി ആരും ഗള്‍ഫിലേക്ക് വരുന്നില്ല. ഗള്‍ഫാണ് പലരെയും ബാധ്യതകാരാക്കുന്നത് !!!!

അദ്ദാണ് ഹാഷിക്കേ കാര്യം!നന്നായി എഴുതി!

ഷബീര്‍ - തിരിച്ചിലാന്‍ said...

പ്രവാസ ജീവിതത്തിന്റെ പച്ചയായ ആവിഷ്കാരം. വളരെ ഹൃദയസ്പര്‍ശിയായി പറഞ്ഞു.
നമ്മുടെ വരുമാനത്തിനനുസരിച്ച് നാട്ടിലെ കുടുംബത്തിന്റെ ജീവിതനിലവാരം ഉയരുന്നതും, നാട്ടില്‍ നില്‍ക്കാന്‍ തീരുമാനിച്ചാല്‍ കുടുംബത്തെ ഉയര്‍ന്ന ആ ജീവിതനിലവാരത്തില്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്തതുമാണ് പ്രവാസിയെ പ്രവാസിയായി തന്നെ തുടരാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകം.

മനോഹരം... ശുഭയാത്ര... മഴയും, പുഴയും, കുളവും, മീന്‍പിടുത്തവുമെല്ലാം ആസ്വദിക്കൂ...

രമേശ്‌ അരൂര്‍ said...

കണ്ടും കൊണ്ടും അനുഭവിക്കുന്ന കാര്യങ്ങള്‍ തന്നെ ,,,,അപ്പോള്‍ ഇനി മടങ്ങി വരവ് ഉണ്ടാകും അല്ലെ ...പോയി വരുക ...വണ്ടിയോടിക്കുമ്പോള്‍ സ്ഥിരമായി ഉറക്കം വരുന്ന പതിവ് എനിക്കും ഉണ്ട് ,,ഇനി ടൈഗര്‍ ബാം പരീക്ഷിച്ചു നോക്കണം ...കണ്ണ് പൊള്ളി തുറക്കാന്‍ പറ്റാതെ വണ്ടി വല്ലിടത്തും പോയി ഇടിക്കാതിരുന്നാല്‍ മതി ..:)

ശ്രീജിത് കൊണ്ടോട്ടി. said...

പ്രവാസ ചിന്തകള്‍ ഹൃദയസ്പര്‍ശിയായി അവതരിപ്പിച്ചു. ഇത് വെറും കഥയല്ല. പ്രവാസിയുടെ ജീവിതം തന്നെയാണ് ഇവിടെ വരച്ചിട്ടത്..

" കണ്ണുകളിലേക്ക് ഉറക്കം വരുന്നതിനു മുമ്പ് പണ്ടെവിടെയോ വായിച്ചത് ഒന്നുകൂടി ഓര്‍ത്തു..പലരും ബാധ്യതക്കാരായി ഗള്‍ഫിലേക്ക് വരുന്നില്ല. ഗള്‍ഫാണ് പലരെയും ബാധ്യതകാരാക്കുന്നത്."

ഏറെക്കുറെ ഇതുതന്നെയാണ് സംഭവിക്കുന്നത്. പ്രതീക്ഷയോടെ കടല്‍ കടന്നു വന്ന് , അവസാനം നിരാശയോടെ, വലിയ കടബാധ്യതകളുമായി തിരിച്ചു പോകേണ്ടിവരുന്ന നിരവധിപേര്‍ ഉണ്ടല്ലോ ഈ പ്രവാസ ഭൂമിയില്‍ .. !!

നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.. :)

Muralee Mukundan , ബിലാത്തിപട്ടണം said...

“ഇതെല്ലാം തീര്‍ന്നിട്ട് ഇനി ഒരു തിരിച്ചു വരവ് എന്നുണ്ടാകും?

അതിന് ആർക്കുമില്ല ഒരു മറുപടി !

ഒന്ന് മാത്രമറിയാം...

ഒരിക്കല്‍ ഈ മണല്‍ക്കാടിന് നടുവില്‍ പെട്ടുപോയാല്‍ പുറത്തുകടക്കാനുള്ള വഴികള്‍ മറ്റുപലരെയും പോലെ തന്നെ എല്ലാവർക്കും അജ്ഞാതമാണ് എന്ന് !!!“

അസ്സലായിട്ടുണ്ട് കേട്ടൊ ഹാഷിക്ക്

ഈ നാല് എപ്പിസോഡുകളിൽ കൂടി പറഞ്ഞുവന്ന ഒരു കാര്യം ശരിയാണ് ...

വിദേശത്തുള്ള പ്രവാസമാണ് ഓരൊ പ്രവാസിയേയും ബാധ്യതക്കരനാക്കുന്നത്..!

ഇസ്മായില്‍ കുറുമ്പടി (തണല്‍) shaisma@gmail.com said...

ഇതിലെ വരികള്‍ വല്ലാതെ വിയര്‍പ്പ് മണക്കുന്നു!!
എയര്‍കണ്ടീഷനില്‍ ഇരുന്നു ശീലിച്ചതിനാല്‍ എനിക്കിത് അസഹനീയമാണ്.
(ഈ 'നരകക്കോഴികളെ' ഓര്‍ത്തതിനു സല്യുട്ട്)

നാട്ടില്‍ പുറത്തേക്കു പോകുമ്പോള്‍ ഒരു ക്യാമറയും കൂടെ കരുതുക. കേമറക്കണ്ണിനോപ്പം താങ്കളുടെ കണ്ണും കാതും കൂടി തുറന്നു വക്കുക. തിരിച്ചുവന്നു ഞങ്ങളെ വിരുന്നൂട്ടുക. ആശംസകള്‍.

Prabhan Krishnan said...

ഹാഷിക്,
ഒരു ശരാശരി പ്രവാസിയുടെ ചിന്തകള്‍, ആവലാതികള്‍ എല്ലാം തുറന്നു കാട്ടുന്ന കഥ..! കഥയല്ലിത് ജീവിതം..!!വളരെയിഷ്ട്ടപ്പെട്ടു..!!
ഒത്തിരിയാശംസകള്‍..!

ഇതും ഒരു പ്രവാസിക്കഥ..ഒന്നു നോക്കൂ http://pularipoov.blogspot.com/2010/12/blog-post_26.html

Ismail Chemmad said...

ഒരു പ്രവാസിയായത്‌ കൊണ്ടു ഞാനിത് കഥയായി വായിക്കുന്നില്ല ഹാഷിക് . അല്ലെങ്കില്‍ തന്നെ ഇത് കഥയല്ലല്ലോ ...
പച്ചയായ ജീവിതത്തിന്റെ ആവിഷ്കാമല്ലേ?
by Ismail chemmad

ente lokam said...

വീണ്ടും ഓര്‍മിപ്പിക്കുന്നു
മറക്കാന്‍ ‍ മനപ്പൂര്‍വം
ആഗ്രഹിക്കുന്നവ ...


വന്നു പോയില്ലേ ..ഇനി തിരിച്ചു
പോവാന്‍ ഒത്താല്‍ മതി ആയിരുന്നു ..
അതും ഒരു ചിന്ത ..വെറുതെ ..
അതല്ലേ വേണ്ടെന്നു വെയ്ക്കാന്‍
eluppam ..ആശംസകള്‍ Hashiq ..

പോയി വന്നു വീണ്ടും എഴ്തൂ ..
വിശേഷങ്ങള്‍ ..!!

ajith said...

ഒരു നല്ല കഥയൊക്കെ പറഞ്ഞുതന്നിട്ട് നാട്ടിലേയ്ക്ക് പോവാണല്ലേ? സന്തോഷകരമായ ഒരവധിക്കാലം ആശംസിക്കുന്നു.

(...വെല്‍ഡിംഗ് റോഡ്, പൈപ്പ്, സ്റ്റീല്‍, ആംഗിള്‍ ബാര്‍...നമ്മുടെ ഏരിയയില്‍ വന്നാണ് കളി )

HAINA said...

പോയി വരൂ..

തൂവലാൻ said...

എല്ലാവരും ഗൾഫിൽ വന്ന് ബാധ്യതക്കാരാകുന്നു…സത്യം….കുറെ നുണയും..നല്ല അവതരണവും

ചെറുത്* said...

ഉപജീവനമാര്‍ഗം തേടി കടല് കടന്ന മറ്റൊരു പേര്‍ഷ്യക്കാരന് തിരികെ കരപറ്റാനുള്ള വഴികള്‍ കണ്ട്കിട്ടട്ടെ.

നല്ലൊരു അവധിക്കാലം ആശംസിക്കുന്നു.

കൂതറHashimܓ said...

പ്രവാസ ടാലീഷീറ്റിനു എന്നും നീളം കൂടുതലായിരിക്കും അല്ലേ???


മലയാളത്തനിമയിലേക്ക്, മഴയുടെ താളത്തിലേക്ക് സ്വാഗതം.. :)

Lipi Ranju said...

നന്നായി പറഞ്ഞു ഹാഷിക്, ഒരു കഥയായി കാണാന്‍ കഴിയുന്നില്ല... അപ്പൊ, സന്തോഷത്തോടെ പോയി, കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കൂ... ശുഭ യാത്ര...

mayflowers said...

വളരെ അര്‍ത്ഥവത്തായ വരികള്‍.
ഒരു ചൊല്ലുണ്ട്,"ഉള്ളതും തിന്ന് ഉടുത്തതും പുതച്ച്..."
അക്കരെപ്പച്ചകളാണല്ലോ നമ്മെ എപ്പോഴും കെണിയില്‍ വീഴ്ത്തുന്നത്.
അവധിക്കാലം ആസ്വദിക്കൂ.

Yasmin NK said...

തട്ടും തടവുമില്ലാതെ വായിച്ചു.നന്നായി എഴുത്ത്. ശൈലി നന്നായി വരുന്നുണ്ട്. കുറച്ച് വായനക്കും കൂടെ സമയം കണ്ടെത്തൂ..അപ്പോള്‍ ഇനിയും നന്നാവും.

നാട്ടിലേക്ക് സ്വാഗതം.ഇത്തവണ പച്ചക്കറി വാങ്ങിയത് മാത്രല്ല കുറുമ്പടി പറഞ്ഞപോലെ കൂടുതല്‍ കാഴ്ചകളുമായ് മടങ്ങിവരൂ..
എല്ലാ ആശംസകളും. സുഖമായ് ഇരിക്കാന്‍ പ്രാര്‍ത്ഥിക്കുന്നു.

Akbar said...
This comment has been removed by the author.
Akbar said...

വളരെ നല്ല കുറിപ്പ് ഹാഷിക്ക് . ഒരര്‍ഥത്തില്‍ സ്വയം ഈട് നല്‍കപ്പെട്ട പണയവസ്തുവാണ് ഓരോ പ്രവാസിയും. ബാദ്ധ്യതകള്‍ തീര്‍ക്കാന്‍ കടല്‍ കടക്കുന്നവരുടെ മേല്‍ ബാദ്ധ്യതകള്‍ കുന്നു കൂടുകയാണ് പതിവ്. താങ്കള്‍ അതിനെ നന്നായി വരച്ചിട്ടു.

അപ്പോള്‍ നാട്ടിലേക്ക് പോകുന്നു അല്ലെ. സന്തോഷം നിറഞ്ഞ ഒരു അവധിക്കാലം ആശംസിക്കുന്നു.

യാദൃശ്ചികമാവാം വീണ്ടും ചില പ്രവാസ ചിന്തകള്‍ എന്ന മറ്റൊരു കുറിപ്പ് ഇവിടെയും കാണാം

Naushu said...

ഇതൊരിക്കലും ഒരു കഥയല്ല ഭായ്‌...
ഇത് നമ്മുടെ ജീവിതം തന്നെ....

Pushpamgadan Kechery said...

കഥ എന്നതില്‍ കൂടുതല്‍ ജീവിതാനുഭവം എന്ന തലത്തില്‍ എത്തിയിട്ടുണ്ട് ഈ രചന !
മണലാരണ്യത്തില്‍ ഒഴുകുന്ന വിയര്‍പ്പില്‍ എക്സല്‍ ഷീറ്റു കൂടി ആഡ് ചെയ്ത്‌ ചിന്തയുടെ അത്യുഷ്ണം പൊലിപ്പിച്ചിരിക്കുന്നു!
ഒടുവില്‍ ഉറക്കം വന്ന് കണ്ണുകള്‍ അടഞ്ഞുപോകാതിരിക്കാന്‍ അല്പം ടൈഗര്‍ ബാം കണ്ണുകള്‍ക്ക്‌ തൊട്ടുമുകളിലായി നെറ്റിയിലേക്ക് തേച്ചു പിടിപ്പിച്ചു.
പിന്നെ 'ഗള്‍ഫാണ് പലരെയും ബാധ്യതകാരാക്കുന്നത് 'എന്നൊരു ആശയവും !
നന്നായിരിക്കുന്നു ഈ രചന !
ആശംസകള്‍ ...

പട്ടേപ്പാടം റാംജി said...

ഒന്നോ രണ്ടോ കൊല്ലം. അതിനുശേഷം നാട്ടിലേക്ക്‌ തിരിക്കാം. അത് തന്നെ വരുംപോഴത്തെ എല്ലാവരുടെ ചിന്തയും. തുടര്‍ന്ന് സംഭവിക്കുന്ന ജീവിതരീതിയുടെ മാറ്റങ്ങള്‍ (സ്വാഭാവികമായി സംഭവിക്കുന്നത്)ഒരിക്കലും രക്ഷപെടാനാവാതെ ഇവിടെ തന്നെ തളച്ചിടുന്നു.
ഇതൊരു കഥയൊന്നും അല്ല, പരമാര്ത്തങ്ങള്‍.
ഹാഷിക്‌ ,നന്നായി പറഞ്ഞു.
അപ്പോള്‍ പോയി വരൂ.

Hashiq said...

അഭിപ്രായം അറിയിച്ച എല്ലാവര്‍ക്കും നന്ദി. നാട്ടിലെ നെറ്റ് ഇടയ്ക്കിടെ പണിമുടക്കുന്നു. അതുകൊണ്ട് ഓരോരുത്തരെയും പേരെടുത്ത് പറയുന്നില്ല.
@അക്ബര്‍ ചാലിയാര്‍..... അക്ബര്‍ക്ക, അതെ അത് യാദൃശ്ചികമായി സംഭവിച്ചതാണ്. പക്ഷെ ഞാന്‍ കൂടി വായിച്ച അടുത്തു വന്ന ഒരു പോസ്റ്റ്‌ ആണല്ലോ അത്... അതുകൊണ്ട് ഇത് ഒരു തെറ്റാണെന്ന് കരുതി പേര് ഞാന്‍ മാറ്റുന്നു... അഭിപ്രായത്തിന് വളരെ നന്ദി...(ഇന്നാണ് ഇത് വീണ്ടും തുറക്കാന്‍ പറ്റിയത്...)

ചാണ്ടിച്ചൻ said...

ഹൃദയത്തില്‍ സ്പര്‍ശിച്ച കഥ...
അപ്പോ മയൂര പാര്‍ക്കില്‍ കാണാം!!!

കൊമ്പന്‍ said...

പച്ച ആയ ജീവിതത്തിന്‍ നേര്‍ ആവിസ്ക്കാരം യഥാര്ത്യങ്ങള്‍

ശ്രദ്ധേയന്‍ | shradheyan said...

നീ നാട്ടീ കിടന്നു നെറ്റില്‍ കെട്ടിമറിയേണ്ട. കിട്ടുന്ന സമയം അടിച്ചു പൊളി.. ബാക്കി വന്നിട്ട് പറയാം. ഈ എഴുതിയതൊക്കെ മറന്ന്, കുറച്ചു നാളുകലെങ്കിലും ജീവിക്കെടാ... :(

ishaqh ഇസ്‌ഹാക് said...

അവധിക്കാലം ആസ്വാദ്യകരമാക്കൂ....
ആശംസകളായിരം

A said...

നാട്ടിലെ മരത്തണലില്‍ ബൈക്ക് നിര്‍ത്തി വിശ്രമിയ്ക്കവേ കടല് കടക്കാന്‍ കൊതിച്ചു നെടുവീര്‍പ്പിടുന്ന യുവാവ്. താന്‍ ചെന്ന വീട്ടില്‍ കണ്ട ഗള്‍ഫ്‌ പളപളപ്പ് അയാളെ പിന്നെയും മോഹിപ്പിക്കുന്നു.
ഗള്‍ഫിലെ പൊള്ളുന്ന ചൂടില്‍ പാതയോരത്ത് വാഹനത്തില്‍ അല്‍പനേരം ക്ഷീണം മാറ്റാം എന്ന് മോഹിച്ചു വിശ്രമിക്കുന്ന അതേ യുവാവ്,
താരതമ്മ്യങ്ങളും, കണക്കുകൂട്ടലുകള്‍ക്കും ഒടുവില്‍ മരുഭൂമിയുടെ ശൂന്യതയിലേക്ക് നോക്കുമ്പോള്‍ കരിയുന്ന കണ്ണുകള്‍. അതി മനോഹരമായ, ആഖ്യാനത്തില്‍ ഹാഷിക്ക് ഈ ബിംബങ്ങള്‍ സമര്‍ത്ഥമായി വരച്ചിട്ടു. ഉത്തരമില്ലെങ്കിലും ഓരോ പ്രവാസിയും ഓരോ ദിവസവും സ്വയം ചോദിയ്ക്കുന്ന ചോദ്യങ്ങള്‍ വ്യഥകള്‍.

വി.എ || V.A said...

ഒരു പ്രവാസിയുടെ ജീവിതപശ്ചാത്തലം നല്ലതുപോലെ അവതരിപ്പിച്ചു. പിന്നെ, നാട്ടിൽ നിൽക്കുമ്പോൾ കൂടുതൽ ബാദ്ധ്യതകൾ വരുത്താതെ ശ്രദ്ധിക്കുക. ‘അവിടെയും കടം ഇവിടെയും കടം, അങ്ങനെയല്ലാതെ മറ്റെവിടെയാണ് ഒരിടം.?’ ഇനിയെത്ര തവണ വിമാനടിക്കറ്റുകൾ, കെട്ടുകൾ, യാത്രകൾ... എല്ലാ ചിന്തകളും ‘ഒതുക്കിവച്ച്’ ആശ്വാസത്തോടെ ആഘോഷിച്ചുവരൂ...വീണ്ടും കാണാം.....

അനശ്വര said...

പ്രവാസ ജീവിതം നന്നായി പറഞ്ഞു..വായനക്ക് നല്ല ഒഴുക്കുണ്ടായിരുന്നു..ആശംസകള്‍..

ബെഞ്ചാലി said...

nice post. congrats

ഭായി said...

ഒരു പ്രവാസിയുടെ ഒട്ടുമുക്കൽ വ്യഥകളും നല്ല കൈയ്യടക്കത്തോടെ പറയാൻ കഴിഞ്ഞു. നല്ല പോസ്റ്റ്, ഇഷ്ടമായി.

Biju Davis said...

ഹാഷിക്‌, ഞാൻ കുറച്ചു ദിവസം നാട്ടിലായിരുന്നു. ഇന്നാണു ഈ പോസ്റ്റ്‌ വായിയ്ക്കാനൊത്തത്‌. ഹൃദയ സ്പർശിയായ കഥ!

ഇവിടെ കഥാനായകനു ചുറ്റും വെൽഡിംഗ്‌ റോഡും, സ്റ്റീൽ പൈപ്പും,ഗ്രൈണ്ടറുമാണെങ്കിൽ, മറ്റൊരു പ്രവാസിയ്ക്ക്‌ കുഴിയെടുക്കലും, കേബിൾ വലിയുമാണു. വേറൊനുവൻ, ക്രെയിനിന്റെ കാബിനിൽ, കണ്ണുകൾ ബൂമിലും, കാതുകൾ എഫ്‌.എം റേഡിയോവിലും...എല്ലാവർക്കും പൊതുവായ ഒന്നുണ്ട്‌, പടവലം പോലെ നീളും എക്സെൽ ഷീറ്റ്‌...

കഥയിൽ ആകെയുള്ള സാന്ത്വനം, നായിക നായകന്റെ നന്മ ആഗ്രഹിയ്ക്കുന്നു, എന്നുള്ളതാണു...

തകർത്തു മോനെ, തകർത്തു....

ഒടിയന്‍/Odiyan said...

എല്ലാവരും പോയി വരൂ എന്നു പറയുമ്പോള്‍ ഇവിടെ ഉള്ള ഞാന്‍ എന്ത് പറയാന്‍ ..എന്നാലും ഒരു വാക്ക്..."വന്ന വഴി തിരിച്ചു പോ..."..പ്രവാസിയുടെ ദു:ക്കം വളരെ നന്നായി അവതരിപ്പിച്ചു..ഞാന്‍ ഒരു പ്രവാസി അല്ലാത്തതിനാല്‍ കൂടുതല്‍ കത്തി പറയുന്നില്ല..

ഫൈസല്‍ ബാബു said...

വഴിയോരത്തെ പെട്രോള്‍ സ്റ്റേഷനില്‍ വണ്ടി നിര്‍ത്തി ..അര്‍ദ്ധമയക്കത്തില്‍ പേടിയാകറ്റാന്‍ സ്വപ്നങ്ങളെ കൂട്ടുപിടിക്കുന്ന ഒരു പാട് പേരെ ഞാന്‍ കണ്ടിട്ടുണ്ട്...ഉഗ്രനായി ...

anupama said...

പ്രിയപ്പെട്ട ഹാഷിക്ക്,
ഒരു പ്രവാസിയുടെ ദുഃഖം ഹൃദ്യമായി അവതരിപ്പിച്ചതിന് അഭിനന്ദനങ്ങള്‍!
''പലരും ബാധ്യതക്കാരായി ഗള്‍ഫിലേക്ക് വരുന്നില്ല. ഗള്‍ഫാണ് പലരെയും ബാധ്യതകാരാക്കുന്നത്.''
ഇപ്പോള്‍ നാട്ടില്‍ എത്തിയിരിക്കുമല്ലോ...മഴയില്‍ കുതിര്‍ന്ന ദിനങ്ങള്‍ ആസ്വദിക്കൂ....

സസ്നേഹം,
അനു

ബ്ലോഗന്‍ said...

ഇതൊരു കഥയാണെന്നു പറയല്ലേ ഹാഷിക്ക് ഭായ്.. ഇത് പലരുടെയും ജീവിത യാത്ഥാര്‍ത്യമാണ്. പച്ചയായ യാത്ഥാര്‍‌ഥ്യം. പറക്‍ഹ്ചിലിന്റെ മിഴുവന്‍ മിടിപ്പും ഉള്‍ക്കൊള്ളുന്ന ചിത്രവും. നന്നായി.

Arjun Bhaskaran said...

പ്രിയ ഹാഷിക് .. ഞാനും ഒരു പ്രവാസി തന്നെ.. ഗള്‍ഫ്‌ അല്ലെന്നു മാത്രം..എങ്കിലും വെറും അയ്യായിരം രൂപയിലും താഴെ വരുമാനത്തില്‍ ജീവിച്ചു പോന്ന എന്റെ കുടുംബത്തിന് ഇപ്പോള്‍ കല്യാണം, ഇരുപത്തിയെട്ട് , ചോറൂണ്, മാലയിടല്‍, പള്ള കാണല്‍ തുടങ്ങി ആയിരക്കണക്കിന് പരിപാടിയും, അതോടൊപ്പം സ്വര്‍ണവും, പണവുമോക്കെയായി പതിനായിരങ്ങള്‍ ആണ് ചെലവ്. ഒന്നും ഒഴിച്ച് കൂടാന്‍ ആകാതതാനെന്നു പറയുമ്പോള്‍ മറുത്തൊന്നും പറയാന്‍ കഴിയാതെ നിസഹായന്‍ ആയി നില്‍ക്കാനാണ് നമ്മുടെ യോഗം. ആരെയും നമുക്ക് കുറ്റം പറയാന്‍ പറ്റില്ല.. ബാധ്യത ഇല്ലാതെ വരുന്ന നമ്മെ ബാധ്യത ഉള്ളവര്‍ ആക്കുന്നത് പ്രവാസം തന്നെ :)

Villagemaan/വില്ലേജ്മാന്‍ said...

ഗള്‍ഫില്‍ വരുന്ന എല്ലാവര്ക്കും ഉള്ളതാണീ അഞ്ചു വര്‍ഷ കണക്കു...അഞ്ചു വര്ഷം നില്‍ക്കാം...പിന്നെ തിരിയെ പോകാം...അഞ്ചു വര്ഷം എന്നത് അതിനെ മൂന്നോ നാലോ മടങ്ങോ അതിലും ഏറെയോ ആവുന്നത് തികച്ചും സാധാരണം..

ആവശ്യങ്ങള്‍ തീരുന്നില്ലല്ലോ...

നല്ല പോസ്റ്റ്..ഇത് തന്നെ ജീവിതം..
എല്ലാ ഭാവുകങ്ങളും

Aadhi said...

ഹാഷിക്ക എന്തായാലും ഇവടെ ഉള്ള കാര്യങ്ങള്‍ വെച്ച് നോക്കണേല്‍ ഇനിയും ഉണ്ടാകുമല്ലോ കൂടുതല്‍ ...ഇതൊരു സാമ്പിള്‍ ആകും അല്ലെ

ഉസ്മാന്‍ പള്ളിക്കരയില്‍ said...

കഥയായി തോന്നിയില്ല.
പകരം പൊള്ളുന്ന സത്യങ്ങളുടെ ഉഷ്ണക്കാറ്റിന് അഭിമുഖമായി നിൽക്കുന്നപോലെ അനുഭവപ്പെട്ട വായാനാനുഭവം.

ജീവിതത്തിന്റെ വെല്ലുവിളികളെ നേരിടാനുറച്ച ഉത്തരവാദിത്തബോധമുള്ള യുവാവിന്റെ ചിന്തയുടേയും അനുഭവങ്ങളുടേയും വിവിധ ദശാസന്ധികളുടെ ക്രമാനുഗതമായ നൈരന്തര്യം അനുഭവവേദ്യമാക്കി.

നന്ദി.

khaadu.. said...

ഒന്ന് മാത്രമറിയാം, ഒരിക്കല്‍ ഈ മണല്‍ക്കാടിന് നടുവില്‍ പെട്ടുപോയാല്‍ പുറത്തുകടക്കാനുള്ള വഴികള്‍ മറ്റുപലരെയും പോലെ തന്നെ തനിക്കും അഞാതമാണ് എന്ന് !!!!!!!


പച്ചയായ ജീവിത സത്യം......

ആശംസകള്‍...

Post a Comment

hashiq.ah@gmail.com