Pages

Wednesday, February 23, 2011

ഒരു രാജിക്കത്ത് - തിരഞ്ഞെടുപ്പ് സ്പെഷ്യല്‍....

ഡിയര്‍ അറബീ,
ഞാന്‍ എന്റെ രാജി പ്രഖ്യാപിക്കുകയാണ് താങ്കളുടെ സ്ഥാപനത്തില്‍ നിന്നും.. എന്നെ  അടുത്തറിയാവുന്ന, എന്റെ മനസിലിരുപ്പ് നന്നായറിയാവുന്ന താങ്കള്‍ ഈ പ്രഖ്യാപനത്തില്‍ അര്‍മാദിച്ചു തുള്ളിച്ചാടും എന്നെനിക്കറിയാം ... കണ്ണുള്ളപ്പോള്‍ കണ്ണിന്റെ വില അറിയില്ലാ എന്ന് പറയുന്നത് പോലെ ഞാന്‍ പോയാല്‍ നിങ്ങളിവിടെ കിടന്നു നക്ഷത്രം എണ്ണുന്നത് ഞാനെന്റെ മനക്കണ്ണില്‍ കാണുന്നുണ്ട്. . നമ്മുടെ ആട് കമ്പനിയുടെ രൂപീകരണം മുതല്‍ എല്ലാ പ്രതിസന്ധിഘട്ടങ്ങളിലും നിങ്ങള്‍ക്ക്  വേണ്ട നിയമ പ്രശ്നങ്ങള്‍ പറഞ്ഞു തന്നു കാത്തു രക്ഷിച്ച എന്റെ നാക്കിന്റെ ബലത്തെ ഈയിടെയായി നിങ്ങക്ക് വലിയ വിലയൊന്നും ഇല്ലാ എന്ന് കുറെ നാളായി എനിക്ക് മനസിലാകുന്നുണ്ട്..  എന്നോട് കാണിക്കുന്ന ഈ വിവേചനം ഞാന്‍ സഹിച്ചേനെ..  എന്റെ അമ്മാമേടെ അനിയത്തീടെ മകന്‍  ജോസുകുട്ടിയോട് നിങ്ങള്‍ കാണിച്ചത് ഒരു കാലത്തും എനിക്ക് സഹിക്കാന്‍ പറ്റില്ല.  നാട്ടില്‍ ഒരു ഗതിയും പരഗതിയും ഇല്ലാതെ നടന്ന അവന്‍ അവിടെ നിന്നാല്‍ പെഴച്ചു പോകും എന്ന് കുടുംബക്കാര്‍ പറഞ്ഞപ്പോളാണ്  ഇഷ്ടമില്ലതിരുന്നിട്ടും എന്റെ സ്വന്തം കാശു ചിലവാക്കി വിസ എടുത്ത് ഞാന്‍ കൊണ്ട് വന്നത്. . അവനു നിങ്ങള്‍ കൊടുത്തത് ഇവിടുത്തെ പൊള്ളുന്ന വെയിലില്‍ ഉള്ള പുറം പണി ആണെങ്കിലും നിങ്ങടെ അനുവാദമില്ലാതെ കൊണ്ട് വന്നതല്ലേ എന്ന് കരുതി ഞാന്‍ അങ്ങ് ക്ഷമിച്ചതാണ്.  എന്നോടുള്ള വൈരാഗ്യത്തിന്റെ പേരില്‍ നിങ്ങള്‍ ആളുകളെ വിട്ട് അവന്റെ കയ്യും കാലും തല്ലി ഒടിച്ചതു എനിക്ക് ക്ഷമിക്കാന്‍ പറ്റുമോ? അവന്റെ 'ഇഖാമയും' കഷ്ടപ്പെട്ടു നേടിയ ഗള്‍ഫ്‌ ലൈസന്‍സും നിങ്ങടെ ആളുകള്‍ കീറി കളഞ്ഞത് എനിക്ക് മറക്കാന്‍ പറ്റുമോ? അവനെ പറ്റി ആളുകള്‍ എന്തെങ്കിലും ഇല്ലാവചനം നിങ്ങടെ അടുത്ത് വന്ന് ഓതി തന്നിട്ടുണ്ടേല്‍ ഞാനോ അവനോ എന്ത് പിഴച്ചു..?  ആടിന് കഞ്ഞി വെള്ളവും കൊണ്ട് വരുന്ന നിങ്ങടെ കേട്ട്യോള്‍ടെ അനിയത്തിയുടെ അടുത്ത് ഇത്രേം നാളായിട്ടും എന്തേലും കന്നംതിരിവ്‌ അവന്‍ കാണിച്ചിട്ടുണ്ടോ? എന്റെയും ഞാന്‍ കൊണ്ട് വന്ന ആളുകളുടെയും പുറത്തു മാത്രമല്ലേ ഉള്ളൂ നിങ്ങടെ ഈ കുതിര കയറ്റം?  നമ്മുടെ ഡല്‍ഹി ബ്രാഞ്ചിലെ ഫാമില്‍  ജോലി ചെയ്യുന്ന എന്റെ മകനെ കാണാന്‍ ഞാനൊന്ന് പോയപ്പോള്‍ , അവനെ അവിടുത്തെ മാനേജര്‍ ആക്കാനാണ് ഞാന്‍ പോയതെന്ന് നിങ്ങടെ സില്‍ബന്ധികള്‍ പറഞ്ഞു പരത്തിയില്ലേ?

ഷുഗറിന്റെയും  കൊളസ്ട്രോളിന്റെയും അസ്കിതയില്‍  കഷ്ടപ്പെടുന്ന നിങ്ങള്‍ക്ക്  ആട്ടിന്‍പാലില്‍  'ഐസ്ക്രീം' കലര്‍ത്തി തന്ന ഹൈദരാലിയെ നിങ്ങള്‍ വെറും വെറുതെ വിട്ടില്ലേ? കണ്ണടച്ചിരുന്ന് പാലും ഐസ്ക്രീമും കഴിക്കുന്നത്‌ ആരും കാണുന്നില്ലാ എന്ന് കരുതരുത്. നമ്മുടെ ഫാമില്‍ നിന്നും മുട്ടനാടിനെ കട്ട് വിറ്റ്‌ ജയിലില്‍ പോയ രാമകൃഷ്ണനോട് പോലും നിങ്ങള്‍ കാണിക്കുന്ന സ്നേഹം കണ്ട് അസൂയകാരണം എന്റെ കണ്ണുകള്‍ നിറയുന്നു. അവനെ കാണാന്‍ ആഴ്ച്ചക്ക് ആഴ്ച്ചക്ക് 'ബുഖാരി റൈസും' ചുട്ട കോഴിയുമായി ജയിലില്‍ പോകാന്‍ നിങ്ങക്ക് യാതൊരു ഉളുപ്പുമില്ലല്ലോ? അതിനു ഞാന്‍ കൂടെ വരാത്തതാണോ എന്റടുത്തു ചാടിക്കടിക്കാന്‍ നിങ്ങളെ പ്രേരിപ്പിച്ച ഘടകം?!! നിങ്ങടെ കൂടെയുള്ള പൊറുതി ഞാന്‍ മതിയാക്കി..  നട്ടെല്ലുള്ളവന്‍ നാറിയാല്‍ പിന്നെ പരമ നാറിയാണെന്ന് മുരളി പണ്ടേതോ സിനിമയില്‍ പറഞ്ഞിട്ടുണ്ട്.. എന്നെ ആ പണിക്ക് കിട്ടില്ലാ.....

ഈ ബിസിനെസില്‍ നമ്മുടെ എതിരാളികളായ വിജയേട്ടനും  ബാലേട്ടനും ഒക്കെ ഈ വരുന്ന മെയ്‌ മാസത്തോടെ തുടങ്ങുന്ന  അവരുടെ കമ്പനിയില്‍ ആളെ എടുക്കുന്നുണ്ട് എന്ന് ഞാന്‍ പത്രത്തില്‍ കണ്ടു.."നൂറ്റി നാല്പതോളം" പേരെ ഇന്റര്‍വ്യൂ എടുത്ത് അതില്‍ നിന്നും "എഴുപത്തി ഒന്നോളം" ആള്‍ക്കാര്‍ എങ്കിലും ഉണ്ടെങ്കിലെ അവര്‍ക്ക് പുതിയ ആട് കമ്പനി രജിസ്റ്റര്‍ ചെയ്യാന്‍ പറ്റുള്ളൂ... നമ്മുടെ പോലെ വെളുത്ത് മെലിഞ്ഞ തൊലിഞ്ഞ ആടൊന്നുമല്ല അവരുടേത്... നല്ല 'ചുമന്നു' തുടുത്ത കൊഴുത്ത ആടുകള്‍..  ഞാന്‍ ഒന്ന് നോക്കട്ടെ.. ഇവടെ നിന്നും എത്ര പേരെ എന്റെ കൂടെ കൊണ്ട് പോകാന്‍ പറ്റുമെന്ന്.. താങ്കള്‍ തരുന്നതിനെക്കാളും ശമ്പളവും, ഡയറക്ടര്‍ ബോര്‍ഡില്‍ വൈസ്‌ ചെയര്‍മാന്‍ സ്ഥാനവും അവര്‍ എനിക്ക് വാഗ്ദാനം ചെയ്തിട്ടുണ്ട്.  ഈ വൈസ്‌ ചെയര്‍മാന്‍ എന്നുള്ളത് എന്റെ ഒരു 'അന്ത്യാഭിലാഷം' ആണെന്നുള്ളത് നാട്ടിലെങ്ങും പാട്ടാണല്ലോ? പിന്നെ എന്തിനു  ഞാന്‍ ഇവിടുത്തെ ആട്ടിന്‍ തൊഴുത്തിന്റെ പിന്നാമ്പുറത്ത് ആട്ടിന്‍ കാട്ടവും ഉരുട്ടി സമയം കളയണം.. പൊട്ടിയെ കളഞ്ഞിട്ട് ഭ്രാന്തിയെ കെട്ടുന്നത് പോലെയാകും അത് എന്ന് എന്നെ പലരും ഉപദേശിക്കുന്നുണ്ട്..  എന്നെ ഞാന്‍ അല്ലാതെ മറ്റൊരാള്‍ ഉപദേശിക്കുന്നത് പണ്ടേ ഇഷ്ടമില്ലാത്തതിനാല്‍ അത് ഞാന്‍ ദേ , ഈ ചെവിയില്‍ കൂടി കേട്ട് മറ്റേ ചെവിയില്‍  കൂടി പുറത്തു വിട്ടു.

ഇനി ഒന്ന് കൂടി ഞാന്‍ പറഞ്ഞേക്കാം..അവിടുത്തെ പരീക്ഷയില്‍ ഞാന്‍ തോല്‍ക്കുകയോ, അവര്‍ക്ക് ആവശ്യത്തില്‍ കൂടുതല്‍ ആള്‍ക്കാരെ കിട്ടുകയോ ചെയ്‌താല്‍ ഞാന്‍ തിരികെ വരും...അന്നേരം ഞാന്‍ ഈ പറഞ്ഞതൊക്കെ ചുമ്മാ മനസ്സില്‍ വെച്ച് എന്നോട്  പെരുമാറിയേക്കരുത് !!!. പണ്ട് മുടിയനായ പുത്രന്‍ തിരികെ വന്നപ്പോള്‍ ചെയ്തത് പോലെ, ഇവിടുത്തെ ഏറ്റവും വലിപ്പമുള്ള - ദേ ആ നില്‍ക്കുന്ന ചെമ്മരിയാടിനെ തന്നെ ബിസ്മിയും ചൊല്ലി അറുത്ത് എന്റെ അണ്ണാക്കില്‍ വെച്ച് തരണം..

ബാക്കി എല്ലാം വിധി പോലെ..
എന്ന് ഇത്രയും നാള്‍ നിങ്ങടെ സ്വന്തമായിരുന്ന........

മാത്തുക്കുട്ടി---സാര്‍..,
പാലക്കര.
--------------------------------------------------------------------------------------------------------------- 

47 comments:

ഷബീര്‍ - തിരിച്ചിലാന്‍ said...

ഞാനും ഒരു രാജിക്കത്ത് എഴുതാനുള്ള പരിപാടിയിലായിരിന്നു. ഇവിടെ പട്ടിണി കിടന്ന് ചാവുന്നതിലും ഭേതമല്ലേ നാട്ടില്‍ പോയി വല്ല പനിയും പിടിച്ച് ചാവുന്നത്. ഏതായാലും ഒരു മാത്ര്ക കിട്ടി... :D

Jazmikkutty said...

ഹത് ശരി ..അറബിക്ക് ഇത്ര നല്ല മലയാളത്തില്‍ കത്തെഴുതിയതിന്റെ ഗുട്ടന്‍സ് ഇതാണല്ലേ..? പോയിട്ട് ബരുമ്മോ മുട്ടാനാടിനെ ബിസ്മിയും കൂട്ടി അറക്കാന്‍!!! നടക്കട്ടെ നടക്കട്ടെ..(രസകരമായി എഴുതി.)

രമേശ്‌ അരൂര്‍ said...

അച്ഛന്‍ :പരിശുദ്ധമായ പള്ളി മുറ്റത്തു നിന്ന് ആരാടാ ....മകനെ തെറി പറയുന്നത് ?
മത്തായി :അച്ചോ അതെല്ലാം ഈ ഇടവകക്കാരു ...മക്കളുടെ കുത്തിത്തിരിപ്പാണ്..അതല്ലാതെ ഞാനൊരു .....പറഞ്ഞില്ല എന്റ പൊന്നച്ചോ !

ഹാഷിക്കിന്റെ നര്‍മം വായിച്ചപ്പോള്‍ ഈ കഥയാണ്‌ ഓര്മ വന്നത് ...പാവം മാത്തുക്കുട്ടി അയാള്‍ എന്ത് തെറ്റ് ചെയ്തിട്ടാ ആ അറബി അങ്ങനെ കണ്ണീല്‍ ചോരയില്ലാതെ പീഡിപ്പിച്ചത് ? നീ രാജി വയ്ക്ക് മാത്തുക്കുട്ടീ ..മറ്റേ കമ്പനിയില്‍ എങ്ങനെ വരും എന്ന് നോക്കാല്ലോ...കാര്യം പത്തു രൂപ കൂടുതല്‍ ശമ്പളം കിട്ടുമെന്നോര്‍ത്തല്ലല്ലോ നീ അങ്ങോട്ട്‌ പോകുന്നത് ..അറബി കമ്പനീടെ എതിരാളി ആണേലും അവര്‍ മലയാളികള്‍ അല്ലയോ ! അവര്‍ക്കൊരാപത്തു വരുമ്പോള്‍ നമ്മളല്ലിയോ
ഒരു "കൈസഹായം "ചെയ്യേണ്ടിയത് ..ഹല്ലാ പിന്നെ ...

മൻസൂർ അബ്ദു ചെറുവാടി said...

നല്ലൊരു രസികന്‍ പോസ്റ്റ്‌ ഹാഷിക്ക് .
നര്‍മ്മത്തിന്റെ പള്‍സ്‌ അറിഞ്ഞുള്ള രചന.
ഇഷ്ടപ്പെട്ടു.

TPShukooR said...

അവസാനം ഇന്നസെന്റ് വന്ന പോലെ ഒരു വരവുണ്ടാകും... കാത്തിരുന്നു കാണാം
അല്ല ഇത് ആര്‍ക്കോ ഇട്ടു വെച്ചത് പോലുണ്ടല്ലോ... ആരായാലും തിരിച്ചടിക്കും. നോക്കിക്കോ.

ente lokam said...

ha..അങ്ങ് ചെല്ല് ..എന്‍റെ മാത്തുകുട്ടി ...
മൂന്നാന്‍ പറഞ്ഞ പോലെ "ഈ പറഞ്ഞത് അല്ലാതെ" വേറെ ഒന്നും കാണത്തില്ല പെണ്ണിന്റെ ദേഹത്ത് കേട്ടോ..
കാര്യം കാണാന്‍ ഞങ്ങള് പലതും പറയും.തിരികെ വന്നാല്‍
ചെമ്മരി ആട് പോയിട്ട് ആടിന്റെ പൂട പോലും കാണില്ല...സംഗതി കലക്കി....ആശയം കൊള്ളാം...ഇനി ഇപ്പൊ voter
കാര്‍ഡ്‌ റെഡി ആക്കി നോക്കി ഇരുന്നോ നാട്ടില്‍ ചെന്നാല്‍ electionu നില്‍ക്കാം...

കൂതറHashimܓ said...

അഹഹഹഹ
കലക്കി
കേരളത്തിന്റെ തലസ്ഥാനം ഇപ്പോ ഗള്‍ഫാണോ
എന്തായാലും അറബി താരതമ്യം കലക്കി

കൂടുമാറ്റം വോട്ടിനായി മാത്രമെന്ന് ഇപ്പോ കെരളത്തില്‍ എല്ലാര്‍ക്കും മനസ്സിലാകും മാഷേ

ഇനി ഇപ്പോ അറബി വാതില്‍ക്കല്‍ അടിയാവും ല്ലേ ഒഴിയാനും പുതുതായി കൂടാനും.

എന്തായാലും ആടുകള്‍ ഒത്തിരി ഉണ്ടല്ലോ... 140 ഫാമും ഉണ്ട്. മേക്കട്ടെ എല്ലാരും കൂടി

zephyr zia said...

ഹൈദരാലിയോടും രാമകൃഷ്ണനോടും ഉള്ള സ്നേഹമൊന്നും മാത്തുക്കുട്ടിക്കു കിട്ടില്ല... രാജിക്കത്ത് കൊടുക്കുന്നത് തന്നെയാ നല്ലത്...

ബിഗു said...

:) അടിപൊളി രാജിക്കത്ത്.

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

"ഹെന്റെ മാത്തുകുട്ടിച്ചായനുണ്ടായിരുന്നേല്‍..."

എന്നു പറഞ്ഞു ആ അറബി കരയണത് നമുക്ക് കാണാം

അച്ചായന്‍ ധൈര്യായിട്ട് രാജിക്ക് കത്ത്
അല്ല രാജിക്കത്ത് കൊടുക്കന്നേയ്...

നന്നായി എഴുതീട്ടാ...

Hashiq said...

ഷബീറെ, നീ എന്തിനാ രാജി വെക്കുന്നെ...? നിനക്കും മുന്നണി മാറാന്‍ പരിപാടിയുണ്ടോ?

ജാസ്മിക്കുട്ടി..നമ്മളെന്തിനാ അറുക്കുന്നെ ? ആള്‍ക്കാര്‍ ഇങ്ങോട്ട് കൊണ്ട് തരില്ലേ?

രെമേഷേട്ടന്‍: അത്രയെ ഉള്ളൂ..അതാണ്‌ ക്ലാരിഫിക്കേഷന്‍..നമുക്ക് നമ്മുടെ കാര്യം..അവനും അവരും നീയും നിങ്ങളും ഒന്നുമില്ല...ഞാനും ഞങ്ങളും...അല്ലാതെ പിന്നെ എന്നതാന്നെ?
ചെറുവാടി....നന്ദി..
ഷുക്കൂര്‍, അടുത്ത ഇലക്ഷന്‍ കഴിയുമ്പോള്‍ ഇന്നസെന്റുമാരുടെ ഘോഷയാത്ര അല്ലെ? രണ്ടു വശത്തേക്കും...കറിവേപ്പിലകള്‍ നമ്മള്‍ എടുത്ത് കളയേണ്ട..തനിയെ പറന്നു നടന്നോളും

എന്റെ ലോകം...ആ കമെന്റ്റ്‌ ഇഷ്ടമായി...പെണ്ണിന്റെ ദേഹത്തില്ലെന്കില്‍ എന്താ? ഫിക്സ്ഡ് ഡെപോസിറ്റ് വേറെ കാണില്ലേ?

കൂതറHashimܓ ..ആടുമുണ്ട്..ഫാമുമുണ്ട്..പക്ഷെ പലര് കൂടിയാല്‍ വയറു നിറയില്ല...ആടിന്റെ അല്ല...നമ്മള്ടെ.....എത്ര അങ്ങോട്ട്‌ മേയിച്ചാലും..

Ismail Chemmad said...

ആഷിക് പോസ്റ്റ്‌ നന്നായി . നര്‍മത്തില്‍ ചാലിചെഴുതിയിരിക്കുന്നു.
പിന്നെ മാത്തുക്കുട്ടിച്ചായന്‍ അത് ചെയ്യുമോ? ഏയ്‌ ... എവിടുന്നു
മാത്തുക്കുട്ടിച്ചായന്റെ ഭീഷണി അതിനു തന്നെയാണെന്ന്. ഇതിനു ?
ദല്‍ഹി ബ്രാഞ്ചില്‍ മകന് തല്‍ക്കാലം ഒരു ഓഫീസ് ബോയ്‌ തസ്ഥികയെങ്കിലും
ഒപ്പിചെടുക്കള്‍ .

ബെഞ്ചാലി said...

രസികൻ രാജികത്ത്..

Kadalass said...

നർമ്മത്തോടെ വായിച്ചു....
കേൾക്കുമ്പോൾ അറബിക്കഥയും ആടുകളുമൊക്കെയായി തോന്നുമെങ്കിലും ‘കാര്യങ്ങൾ’ കുറെ പറഞ്ഞു.......

ആശംസക്ൾ!

കൊമ്പന്‍ said...

അറബിയുടെ ബര്യുടെ അനിയത്തി ആടിന് വെള്ളവുമായി വരുക ചിരിച്ചു മണ്ണ് കാപ്പി നല്ലര്സമായി വായിച്ചു

kARNOr(കാര്‍ന്നോര്) said...

കൊള്ളാം രസ്യന്‍

ishaqh ഇസ്‌ഹാക് said...

നല്ല നര്‍മ്മം :),മര്‍മ്മവും ഇഷ്ടമായി.
ആശംസകള്‍.

Liju John said...

പോകുന്നവരു പോകട്ടെ...കയറുന്നവര് കയറട്ടെ...ബെല്‍ കൊടുക്കാന്‍ സമയമാകുന്നു.
ഇഷ്ടമായി..കുറച്ചു കൂടി നീട്ടി എഴുതാമായിരുന്നു.

ajith said...

നല്ല മര്‍മ്മമുള്ള നര്‍മ്മം, നൂറ്റിനാല്പത് ജോലിക്കാരുടെ കാര്യമെത്തിയപ്പോഴാണ് സംഗതി അറബിയും ആടുമൊന്നുമല്ല വിഷയമെന്ന് മനസ്സിലായത്

വാഴക്കോടന്‍ ‍// vazhakodan said...

ഹാഷിക്കേ അങ്ങട് കലക്ക്!രസായിട്ടാ ഗെഡീ :)

പട്ടേപ്പാടം റാംജി said...

പുതിയൊരു മര്മ്മത്തിലൂടെ നര്‍മ്മം അവതരിപ്പിച്ചത്‌ വളരെ നന്നായിരിക്കുന്നു. 140ല്‍ ഒരു പകുതിയെങ്കിലും ഒത്താല്‍ മതി അല്ലെ. അല്ലെങ്കില്‍ പിന്നെ തിരിച്ച് വരുമ്പോള്‍ ബിരിയാണി തന്നെ വേണം...
ആശംസകള്‍.

MOIDEEN ANGADIMUGAR said...

കണ്ണടച്ചിരുന്ന് പാലും ഐസ്ക്രീമും കഴിക്കുന്ന അറബി. ഈ അറബി ആളു കൊള്ളാമല്ലോ..
ഇതു നമ്മുടെ ടീകോം ഫരീദ് അബ്ദുറഹ്മാന്റെ ആരെങ്കിലുമാണോ..?

എന്‍.ബി.സുരേഷ് said...

ആടു ജീവിതം വായിച്ചതിന്റെ ഒരു അഹങ്കാരമാണ് അറബിയോട് പയറ്റിയത്

നാമൂസ് said...

ഈ ഫാമില്‍ ആട് ജീവിതമല്ല. പകരം, കുറെ കഴുത്ത ജന്മങ്ങളാണുള്ളത്. മാത്രമോ ആലയില്‍ കെട്ടുന്ന എല്ലാ കാലികള്‍ക്കും പൂമെത്തയിലാണ് ശയനം. നയിക്കുന്ന ഇടയന്മാര്‍ ഒക്കെയും ചുരത്തുന്നതെല്ലാം സ്വിസ്സ് ബാങ്കിലാണ് ശേഖരിക്കപ്പെടുന്നത്‌. അവര്‍ അയവിറക്കുന്നതോ, കഴുതയുടെ കാമവും. ഇന്നവരുടെ വിസര്‍ജ്ജ്യം എന്‍റെ പുല്‍മെടിനെയും നശിപ്പിക്കുന്നു. ഇവിടെ, രാജിയാവേണ്ടത് ഈ നശിച്ച വ്യവസ്ഥിയോടുള്ള ഒത്തുതീര്‍പ്പില്‍ നിന്നാണ്.

ഹാഷിഖ്... ഇനി വല്ല അന്തക വിത്തും മുളപ്പിച്ചു തീറ്റിക്കാം ഈ കൂട്ടത്തെ...!!

ചാണ്ടിച്ചൻ said...

ആക്ഷേപഹാസ്യം വളരെ നന്നായി കേട്ടോ....
നര്‍മത്തിലെക്കുള്ള ഈ ചുവടുമാറ്റം കൊള്ളാം....ഇനി ഈ പാവം ഞങ്ങളൊക്കെ എന്ത് ചെയ്യും!!!

അലി said...

നൂറ്റിനാൽപ്പത് കൊഴുത്ത ആടുകളെ കൂട്ടി ഉടനെ ഒരു പുതിയ ഫാം തുടങ്ങാം. കറവ കുറവാണെങ്കിലും നന്നായി തീറ്റയെടുക്കുന്ന സൈസായിരിക്കും ഉറപ്പ്.

നന്നായി എഴുതി.

Muralee Mukundan , ബിലാത്തിപട്ടണം said...

ഈ ആട് കമ്പനിക്കാർക്കെല്ലാം ‘പാല യേരി മാണി ക്കത്തിന്റെ വിലയറിയാം....!
അതുകൊണ്ട് പുതിയ ആട് കമ്പനിയേതായാലും കിരീടത്തിലോ,ചെങ്കോലിലോ ഈ മാണി ക്യം പതിച്ചുവെച്ചിട്ടുണ്ടാകും കേട്ടൊ ഗെഡി

Hashiq said...

ചെമ്മാട്,
ബെന്ജാലി,
മുഹമ്മദ്‌ കുഞ്ഞി,
കൊമ്പന്‍,
ഇഷാഖ്,
കാര്‍ന്നോര്‍,
ലിജു,
അജിത്തേട്ടന്‍,
വാഴക്കോടന്‍....അഭിപ്രായം അറിയിച്ച എല്ലാര്‍ക്കും നന്ദി............

Hashiq said...

രാംജി ചേട്ടന്‍, മൊയ്ദീന്‍, സുരേഷ് മാഷ്‌, നാമൂസ്‌,അലി...വായനക്ക് നന്ദി......
ചാണ്ടിക്കുഞ്ഞേ...ഞാന്‍ എന്തേലുമൊക്കെ എഴുതിയാല്‍ തീരുന്നതാണോ ചാണ്ടിച്ചന്റെ തെണ്ടിത്തരങ്ങള്‍---ഛെ---കുണ്ടാമണ്ടികളുടെ സ്റോക്ക്?...........(കൂടുതല്‍ കുണ്ടാമാണ്ടികള്‍യി കാത്തിരിക്കുന്നു)

മുരളിയേട്ടാ..."പാല യേരി മാണി ക്കം'...അത്രയും ബുദ്ധി എനിക്ക് പോയില്ല...അല്ലെങ്കില്‍ പോസ്റ്റിന്റെ പേര് തന്നെ അങ്ങനെ ആക്കാമായിരുന്നു...

ബോറന്‍ said...

ഷുഗറിന്റെയും കൊളസ്ട്രോളിന്റെയും അസ്കിതയില്‍ കഷ്ടപ്പെടുന്ന നിങ്ങള്‍ക്ക് ആട്ടിന്‍പാലില്‍ 'ഐസ്ക്രീം' കലര്‍ത്തി തന്ന ഹൈദരാലിയെ നിങ്ങള്‍ വെറും വെറുതെ വിട്ടില്ലേ?

ഇവിടെ എത്തീപ്പോഴാണ് കത്തീത്. നല്ല നിലവാരമുള്ള നര്‍മമുള്ള പോസ്റ്റ്‌. എനിക്ക് ഭയങ്കര ഇഷ്ടായീട്ടാ...

Naushu said...

മാത്തുക്കുട്ടിയുടെ തീരുമാനം വളരെ നല്ലതാ... രാജി വെക്കുകതന്നെയാ വേണ്ടത്....


നല്ല പോസ്റ്റ്‌...

A said...

മാത്തുക്കുട്ടിയുടെ നമ്പരുകള്‍ ആടുജീവിതമായി പറഞ്ഞപ്പോള്‍ അത് തിരിച്ചും മറിച്ചും ഉള്ള വായനക്ക് വക നല്‍കി. എന്ന് വെച്ചാല്‍, ലയിച്ചു ശക്തിയായി, വിഘടിച്ചു തോല്‍പ്പിച്ച് മുന്നലെത്തുന്നതിന്റെ സമകാലിക മുന്നണി, കുറുമുന്നണി നാടകങ്ങള്‍, ഉപമുഖ്യമന്ത്രി മോഹങ്ങള്‍.
ഇനി തിരിച്ചു വായിച്ചാല്‍ അതെ മലയാളി ശരിക്കും അറബിയോട് ചെയ്യുന്ന അവന്റെ കൂടെയുള്ളവനോട് ചെയ്യുന്ന പാരപരിപാടികള്‍.
എങ്ങിനെയും വായന സാധ്യമാക്കുന്ന നര്‍മ്മം മര്‍മ്മസ്പര്‍ശിയായി.

Hashiq said...

സെഫീര്‍ സിയാ, ബിഗു, മിഴിനീര്‍തുള്ളി,ബോറന്‍ , നൌഷൂ,...എല്ലാവര്ക്കും എന്റെ പാര്‍ട്ടിയുടെ പേരിലും എന്റെ സ്വന്തം പേരിലും നന്ദി.........
സലാം ഭായ്..മനസിലിരിപ്പും കായ്യിലിരിപ്പും ഞാന്‍ പറഞ്ഞതിനേക്കാള്‍ നന്നായി താന്കള്‍ പറഞ്ഞു..താങ്ക്സ്...

Pushpamgadan Kechery said...

കൊള്ളാം മാഷേ ..
അഭിനന്ദനങ്ങള്‍ ..

Yasmin NK said...

ആഹാ..ഞാനിപ്പഴാ ഇത് കാണുന്നത്. നന്നായ് കേട്ടോ. എല്ലാ ആശംസകളും

Unknown said...

ആക്ഷേപഹാസ്യം നല്ല രസകരമായി എഴുതി.
ഇത്തരം ചവിട്ടുനാടകങ്ങള്‍ ഇനിയും ധാരാളം കാണാം നമുക്ക്.

ആശംസകള്‍.

Anonymous said...

നർമ്മത്തിൽ ചാലിച്ച് ചിലരുടെ മർമ്മത്തിൽ നോക്കിയുള്ള രാജിക്കത്തിനു അഭിനന്ദനങ്ങൾ.. ഹൈദരലിയുടെ കൂടെ ആളുകളുണ്ട് ..മാത്തുകുട്ടിച്ചായന്റെ കൂടെ ഫാമിൽ ആരെങ്കിലും കാണുമോ.. അതോ സഹോദരൻ ഷുക്കൂർ പറഞ്ഞപോലെ ഇന്നച്ചൻ തിരികെ വന്നപോലെ ആകുമോ???? ഏതായാലും നർമ്മം നന്നായി എഴുതി വളരെ നന്നായി .. ആടു ജീവിതം മനസ്സിലൂടെ കടന്നു പോയി.. മരുഭൂമിയും മണൽകാറ്റുമെല്ലാം.. കൂടെ നമ്മുടെ തലസ്ഥാന നഗരിയും.. ആശംസകൾ അഭിനന്ദനങ്ങൾ...

mayflowers said...

പോസ്റ്റ്‌ രസകരം..
പിന്നെ ഈ കളിയൊക്കെ അറബിയുടെ അടുത്ത് നടക്കുമോ?

Unknown said...

nannaayirikkunnu.

Anil cheleri kumaran said...

ഇവിടുത്തെ ഏറ്റവും വലിപ്പമുള്ള - ദേ ആ നില്‍ക്കുന്ന ചെമ്മരിയാടിനെ തന്നെ ബിസ്മിയും ചൊല്ലി അറുത്ത് എന്റെ അണ്ണാക്കില്‍ വെച്ച് തരണം..

ഹഹഹ.. ഉഷാർ..!

anupama said...

പ്രിയപ്പെട്ട ഹാഷിക്,

ആട് ജീവിതം വളരെ നന്നായി വായിച്ചിട്ടുണ്ടല്ലേ?

നര്‍മരസം നിറഞ്ഞ പോസ്റ്റ്‌ നന്നായി...രാഷ്ട്രീയം ഇത്രയും പ്രിയമാണെന്ന്,പാര്‍ട്ടി അറിയുന്നുണ്ടോ?ഒരു നല്ല പ്രവര്‍ത്തകനെ പാര്‍ട്ടി മിസ്സ്‌ ചെയ്യുന്നു.:)

...

സസ്നേഹം,

അനു

Hashiq said...

അനുപമ, ആട് ജീവിതം വായിച്ച ഒരുവന് നര്‍മ്മം എഴുതുവാന്‍ പോയിട്ട് നല്ല നര്‍മ്മ കേട്ടാല്‍ ഉള്ളു തുറന്നൊന്നു ചിരിക്കാന്‍ കൂടി കഴിഞ്ഞെന്നു വരില്ല......പലരുടെയും പലതരത്തിലുള്ള ആട് ജീവിതം കാണുന്ന പ്രവാസികളായ ഞങ്ങള്‍ക്ക് പ്രത്യേകിച്ച്.. ഈ മണലാരണ്യത്തിലെ ചതിക്കുഴിയില്‍ പെട്ട് നരകയാതന അനിഭവിച്ച ഒരു പ്രവാസിയുടെ ജീവിതം തന്നെയല്ലേ അത്?
പിന്നെ പാര്‍ട്ടിയും പാര്‍ട്ടിക്കാരും..ഉള്ളില്‍ രാഷ്ട്രീയബോധം മാത്രമേയുള്ളൂ..ഇടതും വലതുമൊക്കെ പണ്ടേ ഉപേക്ഷിച്ചു...വായനക്കും അഭിപ്രായത്തിനും നന്ദി..

അഭിപ്രായം അറിയിച്ച എല്ലാവര്ക്കും നന്ദി..........

ശ്രീ said...

കലക്കി

Shyl said...

ഹലോ ഹാഷിക് ബ്ലോഗ്‌ കലക്കിയിട്ടുണ്ട്..
ആദ്യം മനസ്സിലാവാന്‍ കുറച്ചു ബ്ബുദ്ധി മുട്ടി, ഒന്നുടെ വായിച്ചപ്പോ മനസ്സിലായി..
കലക്കീട്ടുണ്ട .. Good one..

//Shyl

Lipi Ranju said...

നല്ല രസികന്‍ പോസ്റ്റ്‌,
ഹാഷിക്ക് പറഞ്ഞപോലെ
ഇലക്ഷന്‍ കഴിയുമ്പോള്‍ എത്ര ഇന്നസെന്റുമാരെ കാണേണ്ടി വരുമോ എന്തോ!

ജയരാജ്‌മുരുക്കുംപുഴ said...

rasakaramayi ketto,.... bhavukangal.......

MT Manaf said...

രസിച്ചു... രസിച്ചു...

Post a Comment

hashiq.ah@gmail.com