Anna Hazare says bring back the Black Money.
Do u know what will happen if 1,456 Lac Crores comes back ?
ജനലോക്പാല്‍ ബില്ലിന് വേണ്ടിയുള്ള അണ്ണാ ഹസാരെയുടെ സമരത്തെ പിന്തുണയ്ക്കണമെന്നും പറഞ്ഞ് മേല്പറഞ്ഞ തലക്കെട്ടില്‍ ഫോര്‍വേഡ് ചെയ്തുകിട്ടിയ ഒരു ഈമെയില്‍ ആണ് ഈ പോസ്റ്റിന് ആധാരം. കുറച്ചധികം വിശദീകരണങ്ങളുമായി വന്ന ആ ഇമെയിലിലെ എനിക്ക് താല്പര്യം തോന്നിയ ഏതാനും വരികളും എന്റെ നാടന്‍ബുദ്ധിയില്‍ തോന്നിയ ഭയങ്കരമായ ചില ആശയങ്ങളും താഴെ;
1. India Financially No.1
സന്തോഷം പകരുന്ന വാര്‍ത്തയാണ്. സ്വന്തം രാജ്യം സാമ്പത്തികമായി ഏറ്റവും മുമ്പില്‍ എത്തുന്നതില്‍ സന്തോഷിച്ചില്ലെങ്കില്‍ നാളെ ചരിത്രം എന്നെ ഒരു പക്ഷെ രാജ്യദ്രോഹി എന്ന് വിളിച്ചേക്കും.
2. Each district will get 60000 crores & each village will get 100 Crores
ഈ തുക കൃത്യമായി വീതം വെയ്ക്കരുത്. ബീഹാറിനും ഉത്തര്‍പ്രദേശിനും ചില വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ക്കും മുന്‍ഗണന കൊടുക്കണം.
3. No need to pay taxes for next 20 yrs.
ഇത് ഞാന്‍ ആദ്യം വിശ്വസിച്ചില്ല. പക്ഷെ, ഈ മെയില്‍ കഴിയുന്നത്ര ആളുകള്‍ക്ക് ഫോര്‍വേഡ് ചെയ്യണമെന്നും അത് വഴി അഴിമതിക്കെതിരായ സമരത്തില്‍ പങ്കാളിയാകണമെന്നും പറഞ്ഞ് എനിക്ക് അയച്ചു തന്ന ആള് ഈ നികുതിയുടെ കാര്യത്തില്‍ വളരെയധികം താല്പര്യമുള്ളയാളാണ്. നികുതി എന്ന് കേള്‍ക്കുന്നത്തെ വെറുപ്പായ അദ്ദേഹം സ്വര്‍ണ്ണ കടകളില്‍ കയറിയാല്‍ ബില്ലില്ലാതെ മാത്രമേ സ്വര്‍ണം വാങ്ങൂ. സ്ഥലം വാങ്ങുമ്പോള്‍ സ്റ്റാമ്പ് ഡ്യൂട്ടി കുറക്കാനായി വിലയില്‍ കുറച്ചു കാണിക്കും. കെട്ടിടങ്ങള്‍ പണിത് വില്‍ക്കുന്ന ആളായതിനാല്‍ കെട്ടിട നികുതി കുറയ്ക്കുന്നതിനായി മുനിസിപ്പാലിറ്റിയില്‍ ഫൈനല്‍ പ്ലാന്‍ സമര്‍പ്പിക്കുമ്പോള്‍ ഉള്ള സൌകര്യങ്ങള്‍ കുറച്ചു കാണിക്കാന്‍ ശ്രമിക്കും. അങ്ങനെ ടാക്സ് വിഷയത്തില്‍ ഒരു ഗവേഷണം തന്നെ നടത്തുന്ന അയാളുടെ വാക്കുകളെ അവിശ്വസിക്കേണ്ട കാര്യം എനിക്കില്ല.... ഞാനും വിശ്വസിക്കുന്നു. ഈ പറഞ്ഞ തുകയത്രയും തിരികെ ഇന്ത്യയിലേക്ക് വന്നാല്‍ നികുതി അടക്കേണ്ടി വരില്ല.
4. Petrol 25 Rs, Diesel 15 Rs, Milk 8 Rs.
എനിക്ക് ഏറ്റവും ആകര്‍ഷകമായി തോന്നിയ കാര്യം. എന്റെ നല്ല ഓര്‍മയിലെങ്ങും പെട്രോളിയം ഉല്പന്നങ്ങള് ഇത്രയും താഴ്ന്ന വിലക്ക് കിട്ടിയതായി വിവരമില്ല. പാലിന്റെ കാര്യത്തില്‍ ഉണ്ടെന്നു തോന്നുന്നു. ഇന്ധനവില ഈ നിലവാരത്തിലേക്ക് പോയാല്‍ നമ്മുടെ ആവശ്യം കഴിഞ്ഞു വല്ലതും മിച്ചം വരികയാണേല്‍ ബാക്കി വരുന്നത് കയറ്റി അയയ്ക്കാനുള്ള നടപടികള്‍ സ്വീകരിക്കണം. കുറഞ്ഞപക്ഷം ഇന്ധനവില നമ്മുടേതിന് മുകളില്‍ നില്ക്കുന്ന ഏഷ്യന്‍ രാജ്യങ്ങളിലേക്ക് എങ്കിലും.
5. No need to pay electricity bill. .
വൈദ്യുതിചാര്‍ജ് ഇന്നോ നാളെയോ ചിലപ്പോള്‍ കൂട്ടിയേക്കും ഇനി ഒരുപക്ഷേ കൂട്ടുകയേ ഇല്ല എന്നും പറഞ്ഞു നടക്കുന്ന മന്ത്രി ആര്യാടന് മുഹമ്മദിന്റെ ചമ്മിയ മുഖം ഞാന്‍ സ്വപ്നം കാണാന്‍ തുടങ്ങി. ആദ്യം ഇതും വിശ്വസിക്കാന്‍ പ്രയാസം തോന്നി. പക്ഷെ, ഞാന്‍ മുമ്പ് പറഞ്ഞ ആള്‍ക്ക് ടാക്സ് കാര്യത്തില്‍ എന്ന പോലെ വൈദ്യുതി ബില്ലിന്റെ കാര്യത്തിലുമുള്ള അമിത ഉത്കണ്ഠ ഇതും എന്നെ വിശ്വസിക്കാന്‍ പ്രേരിപ്പിച്ചു. വൈദ്യുതി പോസ്റ്റില്‍ നിന്നും നേരിട്ട് വൈദ്യുതി മോഷ്ടിച്ച് യോഗാഭ്യാസങ്ങള്‍ കാണിക്കുന്നവര്‍ ഇനി എന്തുകാര്യത്തില്‍ ആത്മനിര്‍വൃതി നേടും എന്ന കാര്യത്തില്‍ അല്പം ആശങ്കയില്ലാതെ ഇല്ല.
6. Indian borders will become more stronger than the China Wall.
അതിര്‍ത്തി സംരക്ഷണത്തിന് കൂടുതല്‍ പട്ടാളക്കാരെ നിയമിക്കാന്‍ കഴിയും എന്നാണെന്ന് തോന്നുന്നു. നല്ലത്. നമ്മുടെ അതിരുകള്‍ ബലവത്തായതായി മാറും. കൂടുതല്‍ ആളുകള്‍ക്ക് തൊഴില്‍ ലഭിക്കും. സന്തോഷിക്കുന്നു.
7. 1500 Oxford like Universities can be opened.
ഹോഓഓഓ........... രണ്ടു തവണ വായിച്ചിട്ടേ വിശ്വസിച്ചുള്ളൂ.....നമ്മുടെ രാഷ്ട്രീയ നേതാക്കള്‍ ഇനി എന്തിന്റെ പേരില്‍ മക്കളെ പുറത്ത് വിട്ടു പഠിപ്പിക്കും? ഈ ഓക്സ്ഫോര്‍ഡ് മോഡല്‍ യൂണിവേര്സിറ്റികള് കേരളത്തിന് കൊടുക്കരുത്. അഥവാ ആരെങ്കിലും ചോദിച്ചാല്‍ ആദ്യം ആ സ്വാശ്രയപ്രശ്നം പരിഹരിച്ചു വരാന്‍ പറഞ്ഞ് ആട്ടിയോടിക്കണം.
8. 28,000 kms Rubber road (like in Paris) can be made.
പാരിസ് വരെ പോകണ്ട.. തണുപ്പ് അല്പം കൂടുതലാണ്. കുറഞ്ഞത് ആ സേലം- കോയമ്പത്തൂര്‍ പോലെയെങ്കിലുമുള്ളത് മതി.
9. 2,000 hospitals (with all facilities) all medicine Free.
എങ്കില്‍ ഈ ജനലോക്പാലിന്റെ പരിധിയില്‍ മരുന്ന് കമ്പനികളെയും മെഡിക്കല്‍ സ്റ്റോര്‍ ഉടമകളെയും കൊണ്ട് വരണം. അല്ലെങ്കില്‍ കൃത്രിമ മരുന്ന് ക്ഷാമം ഉണ്ടാക്കുന്ന ആ പതിവ് പരിപാടി ഇവിടെ ആവര്‍ത്തിക്കും. അങ്ങനെ ഇതിന്റെ ഗുണഫലം ജനങ്ങളിലേക്ക് എത്തുകയുമില്ല.
10. 95 crore people will have their own house.
സുനാമി ഫണ്ട് പിരിച്ചവര്‍ക്കൊക്കെ തന്നെയാകുമോ ഇതിന്റെയും ചുമതല? ചെങ്ങറ, മൂലമ്പള്ളി, നന്ദിഗ്രാം ഇവര്‍ക്കൊക്കെ മുന്‍ഗണന കൊടുക്കണം.
പത്തു പേര്‍ക്ക് ഈ ഇമെയില്‍ ഫോര്‍വേഡ് ചെയ്തു കൊടുക്കണം എന്നാണ് ആ സുഹൃത്ത് ആവശ്യപ്പെട്ടിരിക്കുന്നത്. ഇത് വരെയും ഞാന്‍ ആര്‍ക്കും അയച്ചിട്ടില്ല. പത്തു പേരുടെ അഭിപ്രായം അറിഞ്ഞിട്ടാകാം എന്ന് കരുതി. അതും കഴിഞ്ഞു സ്വന്തം കണ്ണാടിയിലെ എന്റെ പ്രതിബിംബം ഒന്ന് നോക്കി ഞാനും അഴിമതി വിരുദ്ധ പോരാട്ടത്തിന് ഇറങ്ങും. എന്റെ പ്രതിബിംബം എനിക്ക് വ്യക്തമായി കാണാന്‍ കഴിഞ്ഞെങ്കില്‍ മാത്രം. അല്ലെങ്കില്‍ ഒരു പക്ഷെ കത്തിച്ചു നെഞ്ചോട് ചേര്‍ത്തുപിടിക്കുന്ന മെഴുകുതിരിയുടെ ചൂട് തട്ടി രോമം കരിയുന്നത് മാത്രമായിരിക്കും ഫലം.
.........................................................................................................
അഴിമതി തുടച്ചു നീക്കേണ്ട അര്‍ബുദം ആണെന്ന കാര്യത്തില്‍ തര്‍ക്കമില്ല. സമരം നടത്തുന്നവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യാനും ആളല്ല. പക്ഷെ അതിനെതിരെയുള്ള സമരങ്ങള്‍ ഒരു ജനാധിപത്യ വ്യവസ്ഥിതിയെ അപ്പാടെ അവിശ്വാസത്തില്‍ എടുത്തുകൊണ്ടാവരുത്. സ്കൂള്‍ കുട്ടികള്‍ ബസിന് കല്ലെറിയുന്ന കൌതുകത്തോടെയും ലാഘവത്തോടെയും, ഈ അടുത്തു ചില രാജ്യങ്ങളില്‍ നടന്നത് പോലെ ഒരു ജനകീയ വിപ്ലവം സ്വപ്നം കാണുന്നവര്‍ ഉണ്ടാകാം. പക്ഷേ, അടി ഒന്ന് പതറിയാല്‍ ചാടി വീഴാന്‍ തക്കം പാര്‍ത്തിരിക്കുന്ന വേട്ടപട്ടികള്‍ നമുക്ക് ചുറ്റിനും ഉണ്ടെന്ന കാര്യം വിസ്മരിക്കരുത്. എല്ലാം കഴിഞ്ഞ് ബ്രെഡും വെള്ളവുമായി വരുന്ന ഹെലികോപ്റ്ററുകള്‍ക്ക് നേരെ ഇരു കയ്യുമുയര്‍ത്തി മേലോട്ടും നോക്കി നില്ക്കുമ്പോള് ചെയ്തു പോയ തെറ്റിന് പശ്ചാത്തപിക്കാന്‍ സമയം കിട്ടിയെന്നു വരില്ല.
52 comments:
ഹാഷിക്കെ ,
സത്യായിട്ടും കൊതിച്ചു പോയിട്ടോ ഇതൊക്കെ നടക്കാന്‍ . സ്വപ്നം കാണാന്‍ തന്നെ എന്ത് രസാണ്. എത്ര മനോഹരമായ നടക്കാത്ത സ്വപ്നം.
നല്ല സ്റ്റയിലന്‍ സംഭവങ്ങളാണ് ഓരോന്നിനും താഴെ എഴുതിയത്.
ഇഷ്ടായി.
ഹഹഹ് ഇത് കലക്കി എല്ലാവരും അവനവനു ആവുന്ന അ ഴി മതി നടത്തുന്നുണ്ട് അപ്പോള്‍ പിന്നെ ആര്‍ക്കും ലോക്പാല്‍ സമരത്തെ പിന്തുണക്കാന്‍ ധാര്‍മികത ഇല്ല
അവര്‍ പുലികള്‍ ആയതു കൊണ്ട് നന്നായി കാക്കുന്നു സാധാരണക്കാരന് ചെറിയ സ്റ്റാമ്പ് ഡ്യുട്ടി യും ഒരു ബള്‍ബ് കത്താനുള്ള കരണ്ടും ഒക്കെ കക്കുന്നു സ്വാഭാവികം ഹല്ലപിന്നെ
കൊള്ളാം നല്ല ആശയം.. ഇത് ആരും കാണണ്ട.. :)
നാലാള് ശ്രദ്ധിക്കുന്ന ഏതു സംഭവം വന്നാലും അതിനെ പിന്തുണച്ചും പ്രതികൂലിച്ചും കുറെ "പ്രതിഭകള്‍" ഇറങ്ങും "ആധികാരിക" രേഖകളുമായി! അതിലൊന്നാണ് ഹസാരെ സമരത്തോട് അനുബന്ധിച്ച് വീശിയടിക്കുന്ന ഈ മെയില്‍ സുനാമിയും .
അതില്‍ പറയുന്ന കണക്കുകളും സംഖ്യകളും എവിടുന്ന് കിട്ടി എന്നൊന്നും ആരും ചോദിച്ചു പോകരുത് ..മുന്‍പൊരിക്കല്‍ രാജ്യത്തെ രാഷ്ട്രീയ നേതാക്കളുടെ ആസ്തിയെക്കുറിച്ചു ഒരു മെയില്‍ വരികയുണ്ടായി ..അതെല്ലാം കൂടി ചേര്‍ത്താല്‍ ലോക ബാങ്കിന് ഇന്ത്യ തിരിച്ചടക്കാനുള്ളത്ര തുക ഉണ്ടത്രേ ! വേറെയും ചില അത്ഭുതങ്ങള്‍ അതില്‍ പറയുന്നുണ്ട് ..
ഹാ ഹാ ...എന്ത് നല്ല നടക്കാത്ത സ്വപ്നങ്ങള്‍!!
സമരം തുടങ്ങിയതുമുതല്‍ എനിക്കും കിട്ടുന്നുണ്ട് ഇത് പോലെയുള്ള മെയിലുകള്‍. അവസാന വാചകം ഇഷ്ടപ്പെട്ടു കേട്ടോ.........
കൊള്ളാം. പത്തുപേര്‍ക്ക് ഈ മെയില്‍ അയച്ചില്ലെങ്കില്‍ എന്ത് സംഭവിക്കുമെന്നുണ്ടായിരുന്നോ?
ആരും പിടിച്ച് കൈ വെക്കാതെ നോക്കിക്കോ .......
കൊള്ളാം പെട്രോളിനും പാലിനും ഇത്ര കുറഞ്ഞാല്‍ ..പാവങ്ങള്‍ കഞ്ഞി കുടിക്കാമായിരുന്നു...ഒന്നും നടക്കില്ല എന്ന് അറിയാം വെറുതെ ഒരു ഹസാരെ ..നാടിനെ കുട്ടിചോരാക്കാന് വീണ്ടും ഒരു ജന്മം
"..ജോലി ചെയ്ത് ജീവിയ്ക്കാനാണെങ്കിൽ വല്ല ഗൾഫൈൽങ്ങാനും ഞാൻ പോകില്ലേ..അറ്റ് ലീസ്റ്റ്, തമിഴ്നാട്ടിലെങ്കിലും..", എന്ന് ഒരു മലയാളം സീരിയലിൽ ആരോ പറഞ്ഞതോർക്കുന്നു.
ഇത്തരം വാഗ്ദാനങ്ങളുടെ മനശാസ്ത്രവും ഇത് തന്നെ..
ഹാഷിഖിന്റെ ഹിറ്റ് പോയിന്റ് #3.
ഇതൊക്കെ വായിച്ചിട്ടും മോഹിച്ചു പോയില്ലെന്നോ !! പത്തുപേര്‍ക്ക് ഈ മെയില്‍ ഫോര്‍വേഡ് ചെയ്തില്ലെന്നോ !!! ഇത്രയ്ക്ക് അവിശ്വാസം പാടില്ല ഹാഷിക്കേ.. :) ഏതായാലും ആ അവിശ്വാസത്തില്‍ നിന്നും ഉണ്ടായ ഈ പോസ്റ്റ് കലക്കിട്ടോ :))
കറിയൊക്കെ നന്നായിട്ടുണ്ട്. പക്ഷേങ്കില് മുസ്ലിയാര്‍ക്ക് ഇങ്ങട്ട് പാരണ്ട.
:)
സമരം ഇപ്പോള്‍ ഇവന്റ് മാനേജ്മെന്റ് ഗ്രൂപ്പിനെ ഏല്‍പ്പിച്ചിരിക്കുന്നു. പാട്ടും കൂത്തും ഡാന്‍സുമായി ഡല്‍ഹി നഗരം ഇപ്പോള്‍ അവര്‍ കയ്യടക്കിയിരിക്കുകയാണ് . പബ്ലിസിറ്റി കമ്മറ്റി ഇത് ജനങ്ങളിലേക്ക് എത്തിക്കുന്നതിനു ഇതുപോലെയുള്ള മെയിലുകള്‍ അയക്കുന്നു. അപ്പോള്‍ അല്പം എരിവും പുളിയുമെല്ലാം വേണ്ടി വരും.
ഇത് ആരെങ്കിലും 'ദേവപ്രശ്നം'നടത്തി കിട്ടിയതാണോ?
2,000 hospitals (with all facilities) all medicine Free.
2000 എനുള്ളത് രണ്ടു ലക്ഷം എന്നാക്ക്യാല് നന്നാവും!
Best wishes
ഹും..! മനുഷ്യനു സ്വപ്നം കാണുന്നേനൊക്കെ ഒരു പരിധിയില്ലേ..!
കൂടുതലു മേലോട്ടു കേറല്ലേ മക്കളേ...!കല്ലും മുള്ളും കുപ്പിച്ചില്ലും ..ആകെ ദുര്‍ഘടം.
പിടിവിട്ടാലോ.. തലേം കുത്തി താഴെ..!
ഈ നല്ല ചിന്തകള്‍ക്ക് ആശംസകള്‍..!!
@ ചെറുവാടി - എനിക്കും കൊതിയാകുന്നുണ്ട്. വീണ്ടും വരുന്നു ഇതുപോലെയുള്ള മെയിലുകള്‍.പലരും അയക്കുന്ന കണക്കുകളില്‍ ഏറ്റക്കുറച്ചില്‍ കാണുന്നു...........
@കൊമ്പന് - സംഭവം വളരെ ലളിതം. സമരത്തെ ആര്‍ക്കും പിന്തുണയ്ക്കാം. സ്വന്തം കൈകള്‍ കഴുകി വൃത്തിയാക്കിയത്തിനു ശേഷം.
@mad|മാഡ്-എല്ലാവരും കാണട്ടെ. ഇനി എങ്ങാനും നടന്നാല്‍ ഇതിന്റെയൊക്കെ സൃഷ്ടാവിനെ പിടിച്ചു നിര്‍ത്തി ചോദിക്കാമല്ലോ......!!
@ രമേശ് അരൂര്‍ -പറഞ്ഞത് വളരെ കറക്റ്റ്. ഈ കണക്ക് കൂട്ടുന്നവരെയെല്ലാം പിടിച്ച് ധനകാര്യവകുപ്പിലെ ഏതെന്കിലും ഉന്നതസ്ഥാനങ്ങളില്‍ ഇരുത്തണം എന്നാണ് അഭിപ്രായം.
@ ഒരു ദുബായിക്കാരന് -.എന്ത് നല്ല നടക്കാത്ത സ്വപ്നങ്ങള്‍!! അത്രയെ ഉള്ളൂ.......
@Safeer - അവസാന വാചകത്തില്‍ പറഞ്ഞത് പോലെ സംഭവിക്കാതെ ഇരിക്കട്ടെ.
@- സോണി - സോണി പറഞ്ഞപ്പോഴാണ് ഞാനും അതിന്റെ അപകടം മനസിലാക്കുന്നത്. മെയിലില്‍ ഒന്ന് കൂടി പോയി നോക്കി. ഭാഗ്യം. അയച്ചില്ലെങ്കില്‍ ധനനഷ്ടം, മാനഹാനി, അപമൃത്യു ഒന്നും പറയുന്നില്ല :-)
വായിക്കാനും കേള്‍ക്കാനുമൊക്കെ എന്തൊരു രെസമാ....................................................................................................................................
utopia is the name of that country
എനിക്കും കിട്ടുന്നുണ്ട് SMS കളും മെയിലുകളും.എവിടെ ചെന്നാലും ഹസാരെയും അഴിമതി വിരുദ്ധരും... റേഷന്‍ കാര്‍ഡിന് എന്നെ ഏഴുതവണ നടത്തിച്ച കോഴിക്കോട്ടെ താലുക് സപ്ലൈ ആപ്പീസിലെ ഉദ്യോഗസ്ഥ പുംഗവന്മാരും കഴിഞ്ഞദിവസം (എട്ടാം തവണ) ചെന്നപ്പോള്‍ കൂട്ടം കൂടിയിരുന്ന് ഹസാരെ ചര്‍ച്ച നടത്തുന്നു.അഴിമതിമുക്ത സമൂഹം സ്വപ്നം കാണുന്നു. സുഖകരമായ ചര്‍ച്ചക്ക് തടസമുണ്ടാക്കിക്കൊണ്ട് ഇടക്കിടക്ക് റേഷന്‍ കാര്‍ഡിന്റെ കാര്യം പറഞ്ഞു വരുന്ന പാവങ്ങളെ മുരട്ടു ന്യായങ്ങള്‍ പറഞ്ഞു തിരിച്ചയക്കുന്നു....
എന്റെ അമ്മനാടേ....
വായിച്ചിട്ടെനിക്ക് സന്തോഷം കൊണ്ടിരിക്കാൻ വയ്യേ...
എന്തൊക്കെ പറഞ്ഞാലും ഇല്ലെങ്കിലും ലോകത്തിൽ ഏറ്റവും കൂടുതൽ നന്മകൾ വിളയുന്നത് പണ്ട് മുതൽ ഇന്ന് വരെ ഇമ്മടെ ഇന്ത്യാമഹാരാജ്യത്താണ് പോലും...!
ഇത്രയും നല്ലനല്ല വിവരങ്ങൾ ഭക്ത്യാദരപൂർവ്വം ആദ്യം പത്തുപേർക്കയയ്ക്കുക, അവർ പത്തുവീതം നൂറുപേർക്ക്. നൂറ് ആയിരവും, അങ്ങനെയങ്ങനെ ഭാരതമക്കളാകമാനം ഇതു വായിച്ച് ഉൾപ്പുളകം കൊള്ളട്ടെ. ആദ്യം ‘അഴിമതി’ ഇല്ലാതാക്കാനുള്ള പ്രവണത എല്ലാവർക്കുമുണ്ടാകട്ടെ, അതിനുശേഷം സ്വപ്നഗോപുരങ്ങൾ കെട്ടിപ്പൊക്കാം. നല്ല വിവരണം. (അതിരിക്കട്ടെ, എനിക്കൊരു ഡ്യൂപ്ലിക്കേറ്റ് സട്ടിഫിക്കറ്റ് ഒപ്പിച്ചുതരാൻ പറ്റുമോ? മെഡിക്കൽ കോളേജിൽ ഒരു ഡോക്റ്ററായി കയറാനാണേ, മറ്റാരും അറിയേണ്ട.)
ഇന്നാലും ഒന്ന് ഫോര്‍വേഡ് ചെയ്യായിരുന്നു ചിലപ്പോ ശരിക്കും ബിരിയാണി കൊടുത്താലോ
അഴിമതിക്കെതിരായ വിശുദ്ധയുദ്ധത്തിൽ ചില സ്വാർത്ഥമതികളെയും ഒപ്പം കൂട്ടാനുള്ള ഒരു ചീപ് നമ്പർ ആണെന്നു കരുതിയാൽ മതി...
"വെറുതേ ഈ മോഹങ്ങള്‍ എന്നറിഞ്ഞിട്ടും ....
വെറുതേ മോഹിക്കുവാന്‍ മോഹം ........"
--------------------------------
ഞെട്ടണ്ട ,,,നെഞ്ചത്ത് കയ് വെക്കുകയും വേണ്ട !!കാരണം ഇത് എന്റെ വരികളല്ല ,,ഓ എന്‍ വി സാറിന്റെയാ...ഈ പോസ്റ്റിലെ മോഹങ്ങള്‍ക് നല്ല ഒരു അടിക്കുറിപ്പ് ഇതാണെന്നു തോന്നി !!
ഇതൊക്കെ നടക്ക്വോ...ഇന്ത്യയില്‍ അല്ലെ ..അതാ ഒരു സംശയം.
ഇതേപോലെ ഇടയ്ക്കിടെ ഓരോന്ന് മെയിലായ് കിട്ടാറുണ്ട്,ഇതും കിട്ടി, പക്ഷെ ഇത്രക്കൊന്നും കടന്നു ചിന്തിച്ചില്ല എന്നതാണ് സത്യം,ഇതൊന്നും നടക്കാന്‍ പോകുന്നില്ലെങ്കിലും ഹസാരെയെ കൊണ്ടുണ്ടാവുന്നത് നമുക്ക് കാത്തിരുന്നു കാണാം, വരാനുള്ളത് വഴിയില്‍ തങ്ങില്ല എന്നല്ലേ..
എത്ര സുന്ദരമായ നടക്കാത്ത സ്വപ്നങ്ങള്‍!! ഇതെന്താ വിജയാ നമ്മള്‍ക്ക് നേരെത്തെ തോന്നാഞ്ഞത്? :-))പിന്നെ, സിദ്ധിക്ക് ചേട്ടാ, ഹസാരെയെക്കൊണ്ട് സാധിക്കുന്നത് ഇപ്പോഴേ ഞാന്‍ പറയാം. BJP ക്കാരെ അധികാരത്തില്‍ കയറ്റും. അത്ര തന്നെ. :-)
@ പ്രദീപ് കുമാര്‍ -ഞാന്‍ പറയാന്‍ ഉദേശിച്ചത് താങ്കള്‍ക്ക് നേരിട്ട് അനുഭവപ്പെട്ടു. നാട്ടിലായാലും വിദേശത്തായാലും ഇത് തന്നെയാണ് മൊത്തത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഒരു വശത്തു നിന്നും കൈക്കൂലിയും കള്ളപ്പണവും സ്വീകരിക്കുക. നാട്ടില്‍ സര്‍ക്കാര്‍ മേഖലയില്‍ ഉള്ളവര്‍ കൈക്കൂലി വാങ്ങുന്നുവെങ്കില്‍ വിദേശത്ത് സ്വകാര്യ മേഖലകളില്‍ ഉള്ളവരും വാങ്ങുന്നു. അത്രയെ ഉള്ളൂ വ്യത്യാസം. എന്നിട്ട് അതിന്റെ വീതത്തില്‍ നിന്നും വയര്‍ നിറയുമ്പോള്‍ ഹസാരെക്ക് പിന്തുണ പ്രഖ്യാപിച്ച് ജനപ്രതിനിധികളെ തെറി പറയുക. നിങ്ങളില്‍ പാപം ചെയ്യാത്തവന് കല്ലെറിയാന്‍ പറഞ്ഞാല്‍ ഒരു പക്ഷെ രാംലീലാ മൈതാനത്ത് ഹസാരെയും രണ്ടോ മൂന്നോ ആള്‍ക്കാരും മാത്രമാകും അവശേഷിക്കുക.
@ സിദ്ധീക്ക - കാത്തിരിക്കാന്‍ എല്ലാവരും തയ്യാറാണ്. പക്ഷെ ഹസാരെക്ക് മാത്രം ഒന്നിനും സമയമില്ല. ഞാന്‍ പിടിച്ച മുയലിന് മൂന്ന് കൊമ്പെന്ന വാശിയിലാണ് മൂപ്പര്. നിയമം ഹസാരെ പറയും. പഴുതുകള്‍ പുള്ളി തന്നെ അടക്കും. പാര്‍ലമെന്റില്‍ MP-മാര്‍ എല്ലാവരും കൂടി അദ്ദേഹം പറയുന്ന സമയത്ത് തന്നെ ഇത് കയ്യടിച്ചു പാസാക്കണം....അത്രയെ ഉള്ളൂ ഈ നാടകത്തില്‍ അവരുടെ റോള്‍. ഇതെന്തു നീതിയാ? ഇതാര് സൂപ്പര്‍ അംബേദ്കറോ? ഷാബു പറഞ്ഞത് പോലെ ഹസാരെയെക്കൊണ്ട് BJP-യെ അധികാരത്തിലേക്ക് നയിക്കാന്‍ സാധിച്ചാലും കുഴപ്പമില്ലായിരുന്നു. അതും ജനങ്ങള്‍ തെരഞ്ഞെടുത്തത് ആണല്ലോ എന്ന് സമാധാനിക്കാം. ജനാധിപത്യ വ്യവസ്ഥിതിയുടെ ഭാഗം ആണല്ലോ എന്നും. പക്ഷെ അതിനും അപ്പുറത്തേക്ക് കാര്യങ്ങള്‍ പോകാതിരുന്നാല്‍ മതി.
ഇത് നല്ല തമാശ.പറയാൻ വന്നത് കുരുങ്ങി.സമരപന്തലിൽ.
ഇമെയില്‍ വിപ്ലവം അല്ലെ. മുല്ലപ്പൂ വിപ്ലവം എന്നൊക്കെ
പറയുന്നപോലെ. ഇമെയില്‍ അവിടെ നില്ക്കട്ടെ.
അത് ജോലിയില്ലാത്തവര്‍ ബോറടി മാറ്റാന്‍ കണ്ടെത്തുന്ന
ഒരു നേരം പോക്ക് മാത്രം. പണ്ട് മദീന പള്ളിയില്‍
ഇമാം ലോകാവസാനം ഈ വരുന്ന ഡിസംബര്‍
മുപ്പത്തിയൊന്നിനാണ് എന്നു സ്വപ്നം കണ്ടെന്നു
പറഞ്ഞു ഒരു നോട്ടീസ് വരാറുണ്ടെന്ന് കേട്ടിട്ടുണ്ട്.
അതിന്റെ കോപി എടുത്തു വിതരണം ചെയ്യാന്‍
ഉപദേശവും അതിന്റെ അവസാനം കാണും. അല്ലെങ്കില്‍
ദേവ പ്രശ്നം പോലൊരു ഭീഷണിയും.
വിഷയം ഹസാരെ സമരം ഏതെങ്കിലും തരത്തില്‍
അഴിമതി ഇന്ത്യയില്‍ ഇല്ലാതാക്കുമോ എന്നതാണ്? ഇന്ത്യന്‍
ഡി എന്‍ എ യില്‍ അലിഞ്ഞു ചേര്‍ന്ന ഒന്നാണ് അഴിമതി.
അത് ഒരു ബില്ല് കൊണ്ട് ഇല്ലാതാവുമെന്നു ആരെങ്കിലും
കരുതുന്നുണ്ടോ? ഹഷിക്കിന്റെ ചിന്തകള്‍ നന്നായി പറഞ്ഞു.
ഒരു വില്ലേജ് ആഫീസിലെയെങ്കിലും അഴിമതി നിറുത്തലാക്കി മാതൃക കാണിച്ചിട്ട് രാം ലീലാ മൈതാനത്ത് ലീലാവിലാസങ്ങൾ നടത്തിയിരുന്നെങ്കിൽ എത്ര നന്നായിരുന്നു.
ഞാൻ ഈ പോസ്റ്റ് തന്നെ പത്തുപേർക്ക് ഇ മെയിൽ അയക്കുകയാണ്...
ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ് ഈ പോസ്റ്റില്‍ പറഞ്ഞ മെയില്‍ ഇന്നലെയാണ് എനിക്ക് കിട്ടിയത്. ഇന്നിപ്പൊ ഈ പോസ്റ്റും. ഇഷ്ടപെട്ടു. ഇതെനിക്കയച്ചവന്. “ഉവ്വ, ഇപ്പ തന്നെ” എന്നൊരു റിപ്ലെയാണ് കൊടുത്തത്. ഉടനേ ഞാന്‍ ആ ഹസാരെ അണ്ണനെ പ്രതികൂലിക്കുന്നവനാണെന്ന് മനസ്സിലായി എന്നൊരു മറുപടിയും കിട്ടി. ഹോ!
എത്ര മനോഹരമായ നടക്കാത്ത സ്വപ്നം. ദാസനെയും വിജയനെയും ഒക്കെ വീണ്ടും ഓര്‍ത്തൂ പോകുന്നു.... എങ്ങാനും ഇത് നടന്ന് പോയാലോ.. !!
എല്ലാം നടക്കും.. :)
Well said hashiq
ഹൊ...ഇത്രയൊക്കെ കേട്ടാൽ ആരും ജനാതിപത്യത്തിനെതിരെ കൊടിപിടിച്ചു പോകും..:)
നല്ല കാഴ്ച്ചപ്പാട്
നടക്കാത്ത കാര്യങ്ങള്‍ ആണെങ്കിലും ഹഷിക്കിന്റെ അവതരണ രീതി ശരിക്കും സുഖിച്ചു .... മനകോട്ടയിലെങ്കിലും ഇത്തരം ഒരു സംഭവം തന്നു സുഖിപ്പിച്ചതിനു നന്ദി ....
പാലും തേനും ഒഴുകാൻ (ഒഴുക്കാൻ) പോകുന്ന പുതിയ കനാൻ ദേശം..!!
അല്ലാ..അപ്പൊ പത്തു പേര്‍ക്ക് അയച്ചാ ? ഹി ഹി
ഇങ്ങിനെ തോന്നാനും വേണം ഒരു ഭാഗ്യം!
എങ്കില്‍ ഈ ജനലോക്പാലിന്റെ പരിധിയില്‍ മരുന്ന് കമ്പനികളെയും മെഡിക്കല്‍ സ്റ്റോര്‍ ഉടമകളെയും കൊണ്ട് വരണം. അല്ലെങ്കില്‍ കൃത്രിമ മരുന്ന് ക്ഷാമം ഉണ്ടാക്കുന്ന ആ പതിവ് പരിപാടി ഇവിടെ ആവര്‍ത്തിക്കും. അങ്ങനെ ഇതിന്റെ ഗുണഫലം ജനങ്ങളിലേക്ക് എത്തുകയുമില്ല.
എനിക്കും ഇതിനോട് യോജിപ്പാണ്.എന്തുമാത്രം നിരോധിച്ച മരുന്നുകളാണ് കേരളത്തില്‍ വിറ്റഴിക്കുന്നതെന്നറിയാമോ?
പലപ്പോളും ഇത്തരം കണക്കുകള്‍ അസംഭാവ്യമായി നമുക്ക് തോന്നാം. പക്ഷെ നോക്കിയേ.. പത്തു ലക്ഷം കൊണ്ടൊരു കൊള്ളാവുന്ന വീടുണ്ടാക്കാം എങ്കില്‍ ഒരു കോടി കൊണ്ട് പത്തു വീടുകള്‍.. അപ്പോള്‍ രണ്ടും ലക്ഷം കോടിക്ക് ഇരുപതു ലക്ഷം വീടുകള്‍.. ഇതിലൊന്നും അതിശയോക്തിയില്ല ചങ്ങാതിമാരെ... ചിലര്‍ക്കൊക്കെ ഇതൊക്കെ കേള്‍ക്കുമ്പോള്‍ ചൊറിയും.. അവരോടു മാറിയിരുന്നു മാന്താന്‍ പറ... സംഗതി പോസ്റ്റ് നല്ല കലരായിട്ടുണ്ട് കേട്ടോ.. മാഷേ..
"പത്തു പേര്‍ക്ക് ഈ ഇമെയില്‍ ഫോര്‍വേഡ് ചെയ്തു കൊടുക്കണം എന്നാണ് ആ സുഹൃത്ത് ആവശ്യപ്പെട്ടിരിക്കുന്നത്"...........കഷ്ടായി ആ സുഹൃത്ത് പറഞ്ഞത് ഒട്ടും അംഗീകരിചില്ലാല്ലൊ അതു കഷ്ടായിട്ടോ ??
നമുക്ക് ചെയ്യാന്‍ ആവാത്തത് മറ്റ് ആരെങ്കിലും ചെയ്യണേ എന്ന
ഒരു ആശ.സിനിമ കാണുമ്പോള്‍ ഹീറോയോട് തോന്നുന്ന ആരാധന
പോലെ...
വില്ലജ് ഓഫ്സില് കരം അടക്കാന്‍ ചെന്ന എന്റെ കയ്യില്‍ നിന്നും
കാശ് വാങ്ങി ബാകി തരാതെ എന്റെ മുഖത്ത് പോലും നോക്കാതെ
ഒരു ആപീസ് ചെങ്ങാതി തിരക്കിട്ട് ഒരു പോക്ക്...എന്ത് എങ്കിലും അത്യാവശ്യം
ആണെന്ന് കരുതി ഞാന്‍ പോയി നോക്കിയപ്പോള്‍ അയാള്‍ തിണ്ണയില്‍
ഇറങ്ങി ഒരു മൂലയ്ക്ക് മാറി മാനം നോക്കുന്നു..എന്നേ മാത്രം നോക്കുന്നുമില്ല..
അന്നാ ഹസരെക്ക് പിന്തുണ പ്രഖ്യാപിക്കാന്‍ ഡല്‍ഹിക്ക് പോയാലോ എന്നാണോ
ആലോചന എന്ന് ചോദിക്കാന്‍ വായില്‍ വന്നു അപ്പൊ....(ഒരു പോസ്റ്റ് ആക്കാന്‍
വെച്ചതാ..ഇനിയിപ്പോ ഇവിടെ കിടക്കട്ടെ..എന്റെ വീതം ഒരു വോട്ട് അണ്ണന് )..
നന്നാവില്ല ഈ നാടു..എന്റെ കേരളം എത്ര സുന്ദരം..!!!ഇന്ത്യയും..!!!
ഒടുക്കം അതും കെട്ടടങ്ങി.
പെട്രോളിന്റെ കാര്യം പറഞ്ഞത് ആരാണെങ്കിലും അതൊരു കരിനാക്കായി പോയി. വില വീണ്ടും മുകളിലോട്ടു തന്നെ. വായിച്ച്, അഭിപ്രായം പറഞ്ഞ എല്ലാവര്ക്കും നന്ദി.
എന്തെങ്കിലും കിട്ടിയാല്‍ അതില്‍ കടിച്ചു തൂങ്ങുക എന്ന പ്രവണതയാണ് പൊതുവെയുള്ളത്.
ഇമയിലും ഹാസ്യത്മകമായ മറുപടികളും ഒരു പോലെ കലക്കി..ഇത്തരം ഇമയിലുകള്‍ കാര്യമാക്കി സംസാരിക്കുന്നവര്‍ പോലുമുണ്ട്..യാദാര്ത്ഥ്യവുമായി യാതൊരു ബന്ധവും പുലര്‍ത്താത്ത കാര്യങ്ങള്‍ എഴുതിപ്പിടിപ്പിക്കുന്നവരെ സമ്മതിച്ചേ മതിയാകൂ
പോസ്റ്റിന്റെ അവസാനത്തില്‍ ഹാഷിക്ക് പറഞ്ഞ കാര്യങ്ങള്‍ വളരെ വളരെ വാസ്തവം. ഒരു സംവിധാനത്തെ തച്ചുടക്കാന്‍ എളുപ്പമാണ്. പക്ഷെ അത് വിതക്കുന്ന ദുരിതങ്ങള്‍ അതി ഭയാനകമായിരിക്കും. പിന്നീട് പൂര്‍വ സ്ഥിതിയിലാക്കുക എളുപ്പമായിരിക്കില്ല. നമുക്ക് ചുറ്റും വട്ടമിടുന്ന കഴുകന്മാര് ഉണ്ടെന്നു ഓര്‍മ്മ വേണം. വികാരമല്ല, വിവേകമാണ് അഭികാമ്യം.
പിന്നെ പങ്കുവെച്ച സ്വപ്നങ്ങള്‍ നടക്കാത്തതെങ്കിലും നമുക്ക് നല്ല സ്വപ്നങ്ങള്‍ കണ്ടുറങ്ങാം.
Post a Comment
hashiq.ah@gmail.com