Pages

Sunday, November 13, 2011

ഒരു വയ്യാവേലിയുടെ ഓര്‍മ്മയ്ക്ക്‌

ഇക്കഴിഞ്ഞ വെക്കേഷന് നാട്ടിലേക്ക് പുറപ്പെടുന്നതിന്റെ തൊട്ടു തലേ ദിവസം. എമിറേറ്റ്സ് അനുവദിച്ചിരിക്കുന്ന നാല്‍പതു കിലോയുടെ ചെക്ക്‌-ഇന്‍ ബാഗേജിന്റെ പരിധിക്ക് പുറത്തേക്കു തള്ളി നില്‍ക്കുന്ന സാധനങ്ങള്‍ ഹാന്‍ഡ്‌ കാരിയിലേക്ക് ഇടിച്ചുകയറ്റി എങ്ങനെ എയര്‍ലൈന്‍ അധികൃതരെപറ്റിക്കാം എന്ന് ചിന്തിച്ചു തലപുണ്ണാക്കി ഇരിക്കുമ്പോഴാണ് മൊബൈല്‍ ഫോണ്‍ ശബ്ദിച്ചത്.

അങ്ങേ തലയ്ക്കല്‍ നാട്ടുകാരനായ മോയ്ദീനിക്ക. .... നാളെ നാട്ടിലേക്ക് പോകുന്നു എന്നറിഞ്ഞിട്ടുള്ള വിളിയാണ്. ചില്ലറ കുശലാന്വേഷണങ്ങള്‍ക്ക് ശേഷം ഫോണ്‍ വെക്കാന്‍ നേരം മൂപ്പരുടെ വക ക്ഷണം. "നീ വൈകിട്ട് റൂമിലേക്ക്‌ വാ.  ഭക്ഷണം കഴിച്ചു പിരിയാം".

വൈകിട്ട് പുള്ളിയുടെ റൂമില്‍ പോയാല്‍ ഞാന്‍ പെട്ട് പോകും. പല നാടുകളിലായി ഗള്‍ഫില്‍ പത്തു മുപ്പതു വര്‍ഷത്തിനു മുകളില്‍  പ്രാവാസ ജീവിതം പൂര്‍ത്തിയാക്കിയ ആളാണ്‌.പണ്ട് ഖോര്‍ഫുഖാനില്‍ ഉരുവില്‍ വന്നിറങ്ങിയ കാലം മുതലുള്ള ചരിത്രം വീണ്ടും  കേള്‍ക്കണം. പിന്നെ, തിരികെ വരാന്‍ നേരം നല്ല മുറ്റു വാടയുള്ള മട്ടണ്‍കറി കൂട്ടി ചോറ് കഴിക്കണം. രണ്ടിനും ഇന്നൊരു ബാല്യം ബാക്കിയില്ല എന്നില്‍ !!

"വൈകുന്നേരം ഞാന്‍ അല്പം തിരക്കിലായിരിക്കും. കുറച്ചു പര്‍ച്ചേസ് കൂടി ബാക്കിയുണ്ട്. നമുക്ക് വന്നിട്ട് കാണാം". ഞാന്‍ അല്പം വളഞ്ഞവഴിക്ക് പോയി.


"നാളെ വൈകിട്ടല്ലേ നീ പോകൂ? എങ്കില്‍ ഞാന്‍ നാളെ ഉച്ചയോടു കൂടി അങ്ങോട്ട്‌ വരാം. ഒന്നു രണ്ടു സാധനം തന്നു വിടാന്‍ ഉണ്ട് "

ഞെട്ടി എന്ന് മാത്രമല്ല ഞാന്‍ ഞെട്ടിത്തരിച്ചു. ഈ ഒന്നു രണ്ട് സാധനങ്ങള്‍ എന്ന് പറഞ്ഞാല്‍ ആ ഒന്നും രണ്ടും കൂടി ചെര്‍ത്തെഴുതുന്ന ഒരു പന്ത്രണ്ട്‌ കിലോയോളം
വരുമെന്ന് എനിക്കറിയാം.  മട്ടന്‍ കറിയും ലാത്തിയടിയും സഹിക്കാന്‍ കഴിയാഞ്ഞിട്ടാണ് വൈകിട്ട് തിരക്കായിരിക്കും എന്ന് പറഞ്ഞത്. അതിങ്ങനെ തിരിഞ്ഞു കൊത്തും എന്ന്  സ്വപ്നേപി കരുതിയില്ല.  ഇതിപ്പോ പൊട്ടിയെ കളഞ്ഞിട്ട് ഭ്രാന്തിയെ കെട്ടിയതുപോലെ ആയല്ലോ ഈശ്വരാ !!!!!!!!

നാട്ടിലേക്ക് പോകുന്ന പരിചയക്കാരുടെ കയ്യില്‍ എന്തെങ്കിലുമൊക്കെ കൊടുത്ത് വിട്ടില്ലെങ്കില്‍ ഉറക്കം വരാത്ത ഒരുപാട് ആളുകളുടെ ജനുസില്‍പെട്ട ആളാണ് 
മോയ്ദീനിക്ക. ഇത്രയും നാളത്തെ പ്രാവാസം കൊണ്ട് സമ്പാദിച്ചതില്‍ നല്ലയൊരു പങ്കും സാധന സാമഗ്രഹികളായി നാട്ടിലേക്കയച്ച് ഇനിയും ചെറിയ ഒരു 'ബക്കാലയുമായി'   ജീവിതം തള്ളി നീക്കുന്ന ഒരു ടിപ്പിക്കല്‍  പ്രവാസി മലയാളി !!!

കൂടെ കപ്പല് കയറിയവരില്‍ നല്ലൊരു പങ്കും  തിരികെ നാട്ടില്‍ പോയി സെറ്റില്‍ ചെയ്തിട്ടും, അറുപതാമത്തെ വയസിലും ലുമിനാര്‍ക്കിന്റെ ഡിന്നര്‍ സെറ്റ് (പൊട്ടുന്ന മുറക്ക്)‌,
സോണി ഹോം തീയേറ്റര്‍, സണ്‍ഗ്ലാസ്, മൊബൈല്‍ ഫോണ്‍  പിന്നെ  നാട്ടില്‍ നിന്നും കയറി വരുന്ന 'എക്സ്പോര്‍ട്ട് ക്വാളിറ്റി' കശുവണ്ടി പരിപ്പ്, ബദാം, ഏലക്ക എന്നിവ കൃത്യമായ ഇടവേളകളില്‍ വീട്ടുകാര്‍ക്കും മുള്ളി തെറിച്ച ബന്ധുക്കള്‍ക്കുമായി തിരിച്ച് എക്സ്പോര്‍ട്ട് ചെയ്യ്ത് സായൂജ്യമടയുന്ന വെരി കെയറിംഗ്, ലവിംഗ്, ജെന്റില്‍ എന്‍.ആര്‍.ഐ !!!

എണ്ണ കിനിഞ്ഞു തുടങ്ങിയ കാലത്ത് ഇവിടെ വന്നു, ഇനിയിപ്പോ ഈ എണ്ണ വറ്റിയിട്ടെ ഇവിടം കാലിയാക്കൂ എന്ന് ശഠിക്കുന്ന, നൂറ്റി അന്‍പതിനു മുകളില്‍ ഷുഗറും,
മുന്നൂറിനു മുകളില്‍ കൊളസ്ട്രോളും ഞരമ്പുകള്‍ പൊട്ടി തെറിക്കാന്‍ പാകത്തില്‍ ബ്ലഡ്‌ പ്രഷറുമുള്ള ഡീപ് റൂട്ടെഡ്‌, ഓര്‍ത്തഡോക്സ്‌ ഗള്‍ഫ്‌ മലയാളി !!!

പറഞ്ഞത് പോലെ പിറ്റേ ദിവസം ഉച്ച തിരിഞ്ഞ് കയ്യിലൊരു ഇടത്തരം പെട്ടിയുമായി ആള്‍ എത്തി.പെട്ടിയെന്ന് പറയുമ്പോള്‍ ചില പഴയ മലയാള
സിനിമകള്‍ക്കുള്ളിലെ സിനിമകളില്‍ കാണുന്ന നായികമാരുടെ പുറകെ എര്‍ത്തായി കൂടുന്നവര്‍ തൂക്കി നടക്കുന്നതുപോലെയുള്ള ചതുരാകൃതിയിലുള്ള ഒരു നീല പെട്ടി.

ഈ പെട്ടി ഇവിടെയൊക്കെ ഞാന്‍ മുമ്പും കണ്ടിട്ടുണ്ട്. ഡുവല്‍കോര്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച, ഐസും മറ്റും കൊണ്ടുപോകാന്‍ ഉപയോഗിക്കുന്ന പെട്ടി.പക്ഷെ
ഇങ്ങനെയൊരു പെട്ടിയില്‍ എന്ത് ഐറ്റം നമ്പര്‍ ആയിരിക്കും മൊയ്ദീനിക്ക എനിക്കായി കരുതിയിട്ടുണ്ടാവുക? എന്നെ ആകാംക്ഷയുടെ മുള്‍മുനയില്‍ അധികനേരം നിര്‍ത്താതെ പുള്ളി തന്നെ പെട്ടി തുറന്നു കാണിച്ചു.

അകത്തേക്ക് നോക്കിയ എന്റെ മേലാസകലം ഒരു കുളിര് കോരി. നിരനിരയായി നല്ല കോഴിക്കോടന്‍ ഹല്‍വാ മുറിച്ചു വെച്ചത് പോലെ മീന്‍ കഷണങ്ങള്‍.ചുറ്റിനും നിരവധി പ്ലാസ്റ്റിക്‌ കൂടുകളില്‍ ഐസ് കഷണങ്ങള്‍.


"നല്ല ഒന്നാന്തരം 'ഹമൂര്‍' ആണ്. ആറു കിലോ അടുത്തു വരും. ഇന്നലെ രാത്രി തന്നെ വെട്ടി ഉപ്പും മഞ്ഞളും ഒക്കെ തേച്ചുപിടിപ്പിച്ച് ഫ്രീസറില്‍ വെച്ചതാ. ഇപ്പൊ പുറത്തെടുത്തതെ ഉള്ളൂ... കവറിനകത്ത് ഐസും വെച്ചിട്ടുണ്ട്. തണുപ്പ് നിന്നോളും".


ഹമൂര്‍ എന്ന് വെച്ചാല്‍ ഇവിടെ അറബികള്‍ക്ക് പ്രിയപ്പെട്ട, നല്ല രുചിയുള്ള ഒരിനം മത്സ്യം. കിലോക്ക് ഏതാണ്ട് അമ്പതു റിയാല്‍ അടുത്തു വില വരും. ഈ മീനും ചുമന്നു
കൊണ്ട് ഞാന്‍ എങ്ങോട്ട് പോകാനാണ്?

കൂടുതല്‍ ചോദ്യങ്ങള്‍ ഇല്ലാതെ തന്നെ പെട്ടിയുടെ ഉടയോന്‍ കാര്യങ്ങള്‍ വിശദീകരിച്ചു. എയര്‍പോര്‍ട്ടില്‍ നിന്നും ഞാന്‍ പോകുന്ന വഴിയിലാണ് ഉടയോന്റെ മകളുടെ വീട്.

മകള്‍ മൂന്നു മാസം ഗര്‍ഭിണിയാണ്.ഈ മത്സ്യ സമ്പത്ത് തട്ടുകേട്‌ കൂടാതെ അവരുടെ വീട്ടില്‍ എത്തിക്കണം. മകള്‍ക്ക് വേണ്ടി മാത്രമല്ല, കുറച്ചു നാള്‍ ഗള്‍ഫ് നാടുകളില്‍ ജോലിചെയ്തിട്ടുള്ള മകളുടെ അമ്മായി അപ്പനും കൂടി വേണ്ടിയാണത്രെ ഇത് !!!!!


മരുമകള്‍ ഗര്‍ഭം ധരിച്ചാല്‍ അമ്മായിഅപ്പന് വ്യാക്കൂണ്‍ വരുമോ എന്ന് ചോദിക്കാനുള്ള ദേഷ്യം എനിക്കുണ്ടായിരുന്നു. ഈ പറയുന്ന വീട് എന്ന് പറഞ്ഞാല്‍
തൊഴിലുള്ളതും തൊഴില്‍രഹിതരുമായ പത്ത്പന്ത്രണ്ട് പേരുടെ വാസസ്ഥലമാണ്. അത്രയും അംഗങ്ങളുള്ള വീട്ടിലേക്ക് കേവലം ആറു കിലോ മീന്‍ എക്സ്പോര്‍ട്ട് ചെയ്‌താല്‍ വലിയ പള്ളിയില്‍ ഈച്ച കയറി പോകുന്നതിന് തുല്യമാണെന്ന് തന്നു വിടുന്നയാള്‍ക്കും അറിയാം. എങ്കിലും ഒരു രസം. ഏതായാലും ഞാന്‍ പോകുന്നു. എങ്കില്‍ പിന്നെ ഒരപ്പന്റെ സ്നേഹം ഹമൂര്‍ എന്ന മീനിന്‍റെ രൂപത്തില്‍ അവിടെ എത്തട്ടെ !!!!!!!!

അറുപതിന് മുകളില്‍ പ്രായം വരുന്ന ആ സീനിയര്‍ പ്രവാസിയെ നിരാശപ്പെടുത്താന്‍ എന്റെ മനസ് അനുവദിച്ചില്ല. മാതാവ് മീന്‍ കഴിക്കാത്തതിനാല്‍, പ്രോട്ടീനും‍, വിറ്റാമിനും ഇല്ലാതെ ഈ ഭൂമിയില്‍ പിറന്നു വീഴാന്‍ പോകുന്ന ഒരു ഗര്‍ഭസ്ഥശിശുവിന്‍റെ മുഖം ഞാന്‍ മനക്കണ്ണില്‍ കണ്ടു.‍ ഒമേഗ-3
ഫാറ്റി ആസിഡിന്റെ അഭാവത്തില്‍ കൊറോണറി ഡിസീസുമായി  മല്ലടിക്കുന്ന ആ അമ്മായിഅപ്പന്റെ ചിത്രം എന്നെ അസ്വസ്ഥനാക്കി. എമിറേറ്റ്സിനെ പറ്റിക്കാന്‍ തലപുകച്ചുകൊണ്ടിരുന്ന എന്റെ പെട്ടിയില്‍ നിന്നും  എട്ടു കിലോ 'ചൈനീസ്‌ ഐറ്റംസ് ' പുറത്തേക്ക് ചാടി. പകരം, വോട്ടെടുപ്പ് കഴിഞ്ഞ് സീല്‍ വെച്ച ബാലറ്റ് പെട്ടി പോലെ മാസ്ക്കിംഗ് ടേപ്പില്‍ പൊതിഞ്ഞ നീല പെട്ടിയടക്കം എട്ടു കിലോയോളം മോസ്റ്റ്‌ ഡെലീഷ്യസ്, ഹെല്‍ത്തി ഹമൂര്‍ ഉള്ളിലേക്ക് ഊളിയിട്ടു. പൊട്ടനെ ചട്ടന്‍ ചതിച്ചാല്‍ ചട്ടനെ മൊയ്ദീന്‍ ഇക്ക ചതിക്കും.... തീര്‍ച്ച !!!

സാധാരണ ഗതിയില്‍ കൃത്യം ആറു മണിക്ക് പുറപ്പെടുന്ന ദമ്മാം- ദുബായ് വിമാനം അമ്പത് മിനിറ്റ് വൈകിയാണ് അന്ന് യാത്ര പുറപ്പെട്ടത്‌. യാത്രയില്‍  ഒഴിവാക്കേണ്ട
അശുഭകരമായ വസ്തുക്കളുടെ പട്ടികയില്‍ ഒടുവിലത്തേതായി ഞാന്‍ മത്സ്യം എന്ന സമുദ്രോല്‍പ്പന്നം എഴുതി ചേര്‍ത്തു !!!!!!!

ഫ്ലൈറ്റിനുള്ളില്‍ ഇരുന്നിട്ട് എനിക്ക് ഇരിപ്പുറച്ചില്ല. ഒരു മണിക്കൂര്‍ മുപ്പത്തിയഞ്ച് മിനിറ്റാണ് ടിക്കറ്റ്‌ പ്രകാരം ദുബായ്‌ എയര്‍പോര്‍ട്ടില്‍ ട്രാന്‍സിറ്റ്‌ ടൈമായി
കിട്ടുന്നത്. ഇപ്പോഴത്തെ യാത്ര അമ്പതു മിനിറ്റ് വൈകിയും. അങ്ങനെ നോക്കിയാല്‍ രാത്രി 10.05- നുള്ള ദുബായ്- കൊച്ചി കണക്ഷന്‍ ഫ്ലൈറ്റ്‌ പിടിക്കണേല്‍ മൂന്നേമുക്കാല്‍ മൈല്‍ നീളമുള്ള ടെര്‍മിനലിനുള്ളില്‍കൂടി ഉസൈന്‍ ബോള്‍ട്ടിന്റെ റെക്കോര്‍ഡ്‌ തകര്‍ത്ത്  ഓടേണ്ടി വരും!!

എന്റെ തലച്ചോറിനുള്ളിലെ ഡിസാസ്റ്റര്‍ മാനേജ്മെന്റ് ഗ്രൂപ്പ് ഉണര്‍ന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. തത്ഫലമായി ഫ്ലൈറ്റ്‌ ലാന്‍ഡ്‌ ചെയ്‌താല്‍ അടിയന്തിരമായി
ചെയ്യേണ്ട കാര്യങ്ങളുടെ ഒരു രൂപരേഖ തയ്യാറായി. വിമാനം റണ്‍വേയില്‍ ഇറങ്ങി ഓട്ടത്തിന്റെ വേഗത കുറയ്ക്കുന്നതിന്‌ മുമ്പേ തന്നെ സീറ്റ് ബെല്‍റ്റ്‌ ഊരി മാറ്റി ചാടി എഴുന്നേറ്റ് മുകളില്‍ നിന്നും ഹാന്‍ഡ്‌ ബാഗേജ്‌ എടുക്കുക്ക. ശേഷം, ടാക്സിവേയില്‍ കൂടി ടെര്‍മിനല്‍ ലക്‌ഷ്യമാക്കിയുള്ള ഓട്ടത്തിനിടയില്‍ ധരിച്ചിരിക്കുന്ന ബെല്‍റ്റ്‌, പേഴ്സ്, മൊബൈല്‍ ഫോണ്‍ തുടങ്ങി സെക്യൂരിറ്റി ചെക്കിങ്ങില്‍ വര്‍ജിക്കേണ്ട വസ്തുക്കള്‍ ആ ബാഗിലേക്ക് മാറ്റുക. പിന്നീട്ട്, മുമ്പില്‍ നില്‍ക്കുന്ന ആളുകളുടെ കാലില്‍ ചവിട്ടിമെതിച്ച് ഏറ്റവും ആദ്യം വാതിലിന് അടുത്തെത്തുക. വാതില്‍ തുറന്ന് എയറോബ്രിഡ്ജ് ഘടിപ്പിച്ചു കഴിഞ്ഞാല്‍ ആ പാലത്തിലൂടെ ട്രാന്‍സിറ്റ്‌ ടെര്‍മിനല്‍ ലക്‌ഷ്യം വെച്ച് കുതിക്കുക. ഇത്രയും കാര്യങ്ങള്‍ സുഗമമായി നടത്തുവാന്‍ വേണ്ടി ഏതാണ്ട് മധ്യഭാഗത്തായിരുന്ന എന്റെ സീറ്റ് എയര്‍ഹോസ്റ്റസിനെ മണിയടിച്ചു മുന്‍ ഭാഗത്ത്  ഒഴിഞ്ഞുകിടന്ന ഒന്നിലേക്ക് മാറ്റി.

ഒരു മണിക്കൂറോളം വൈകി ഒന്‍പത് മണിക്ക് ദുബായിയില്‍ ലാന്‍ഡ്‌ ചെയ്ത വിമാനത്തില്‍ നിന്നും മുന്‍കൂട്ടി നിശ്ചയിച്ചത്പോലെ ഓടിക്കിതച്ചെത്തിയ ഞാനടക്കം നാല്
യാത്രക്കാരുടെ ബോര്‍ഡിംഗ് പാസ്‌ തിരികെ വാങ്ങി  പുതിയതൊന്ന് തന്നുകൊണ്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന ഒരു ഇന്ത്യക്കാരന്‍ പറഞ്ഞു.

"സോറി, ഇന്ന് നിങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ കഴിയില്ല. നാളെ മറ്റൊരു ഫ്ലൈറ്റില്‍ സീറ്റ്‌ അറേഞ്ച് ചെയ്തിട്ടുണ്ട്. താമസിക്കാന്‍ ഹോട്ടലും." ഞാനൊഴികെ മറ്റു മൂന്നുപേരും ആ
ഓഫര്‍ സ്വീകരിച്ചു.

ഇതെന്തു ന്യായം? ഫ്ലൈറ്റ്‌ പുറപ്പെടാന്‍ ഇനിയും അന്‍പതു മിനിറ്റോളം സമയം ബാക്കിയുണ്ട്. ബോര്‍ഡിംഗ് പാസുമായി വന്ന എന്നെ എങ്ങനെ നിങ്ങള്‍ക്ക് തടയാനാ
വും? ആറ്റുനോക്കിയിരുന്ന വെക്കേഷനില്‍ നിന്നും ഒരു ഇരുപത്തിനാല് മണിക്കൂര്‍ കളയാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല. ഒടുവില്‍ അയാള്‍ പറഞ്ഞു. നിങ്ങള്‍ക്ക് വേണമെങ്കില്‍ ഇന്നത്തെ വിമാനത്തില്‍ പോകാം . പക്ഷെ ഇനി ലഗേജുകള്‍ മാറ്റി കയറ്റാന്‍ സമയമില്ല. ലഗേജു വേണമെങ്കില്‍ നാളത്തെ ഫ്ലൈറ്റില്‍ അയക്കാം...... എന്നോടുള്ള വാശിക്ക് ഒന്നാക്കിയതാണോ? എങ്കില്‍ വാശിയുടെ കാര്യത്തില്‍ ഞാനും പുറകിലല്ല, ലഗേജില്ലാതെ ഒറ്റക്കെങ്കില്‍ ഒറ്റയ്ക്ക്...... ലഗേജ് ഞാന്‍ പിന്നീട് കളക്ട് ചെയ്തോളാം......  ഇന്ന് തന്നെ പോകാന്‍ എനിക്ക് സമ്മത........... ഒരു വാശിക്ക് ഇത്രയും പറഞ്ഞു കഴിഞ്ഞപ്പോഴാണ് എന്നെ വിശ്വസിച്ച് ആ നീലപ്പെട്ടിയില്‍ എന്റെയൊപ്പം ഇറങ്ങിത്തിരിച്ച ഹാമൂറിനെക്കുറിച്ച് ഞാന്‍ ഓര്‍ത്തത്‌. ഒരു മകള്‍ക്കുള്ള അച്ഛന്റെ സ്നേഹമാണ് അത്. ആ സ്നേഹത്തെ  ഒറ്റക്കാക്കി ഞാന്‍ പോയാല്‍ എന്താവും സ്ഥിതി ? ഗള്‍ഫിലെ മിക്ക സ്ഥലങ്ങളിലും ഇപ്പോള്‍ അമ്പത് ഡിഗ്രിക്കും മുകളിലാണ് ചൂട്. ഇല്ല, ലഗേജ്‌ ഇല്ലാതെ പോകുന്ന പ്രശ്നം ഉദിക്കുന്നില്ല.

തര്‍ക്കം മുറുകി. ഒടുവില്‍, ഗത്യന്തരമില്ലാതെ എന്നെ അയാള്‍ ഒരു കൌണ്ടറിലേക്ക് കൊണ്ട് പോയി. അവിടെ ഒരു ഫിലിപ്പിനോ യുവതിയും അറബ് വംശജനായ യുവാവും
മുമ്പില്‍  തുറന്നു വെച്ച ആപ്പിള്‍ ഐപാഡില്‍ ഓടുന്ന വീഡിയോ ദ്രിശ്യത്തിലേക്കും നോക്കി മുല്ലവള്ളിയും തേന്മാവും പോലെ ഇരിക്കുന്നു. അവരുടെ മുഖത്ത് മിന്നിമറയുന്ന നവരസങ്ങളില്‍ നിന്നും സ്ക്രീനില്‍ ഓടിക്കൊണ്ടിരിക്കുന്ന ദ്രിശ്യത്തിന്റെ ഗൌരവം എനിക്ക് പിടി കിട്ടി !!!

എന്നെ ചൂണ്ടികാട്ടിക്കൊണ്ട് കൂടെവന്നിരിക്കുന്നയാള്‍ കാര്യങ്ങളുടെ ഒരു കിടപ്പുവശം അവരെ പറഞ്ഞു മനസിലാക്കി.


" ഇവന്‍ ഉടുമ്പ് പിടിച്ചിരിക്കുന്നത് പോലെ പിടിച്ചിരിക്കുകയാണ്. എന്തെങ്കിലും ചെയ്യാതെ നിവൃത്തിയില്ല".


എന്റെ വരവും, അതും പോരാഞ്ഞ് അവരുടെ മുമ്പിലെ വീഡിയോ ദൃശ്യം കാണുവാനുള്ള ആകാംക്ഷയില്‍ കൌണ്ടറിനു മുകളിലൂടെ കഴുത്തു നീട്ടിയുള്ള എത്തിനോട്ടവും

മുല്ലവള്ളി-തേന്മാവിന് ഗ്രൂപ്പിന് തീരെ പിടിച്ചില്ല എന്ന് അവരുടെ മുഖഭാവത്തില്‍നിന്നും എനിക്ക് വ്യക്തമായി.  രതിനിര്‍വേദം സിനിമയില്‍ നായികയും നായകനും
സംസാരിച്ചുകൊണ്ട് നില്‍ക്കുന്ന സീനിലേക്ക് മുറ്റം തൂത്തുകൊണ്ട് നായികയുടെ അമ്മ കയറിവരുമ്പോള്‍ പ്രേക്ഷകര്‍ക്കുണ്ടാകുന്ന അതേ രോഷം ഞാന്‍ അവരുടെ മുഖത്തും കണ്ടു.

അഞ്ചു മിനിറ്റോളം നീണ്ട ചൂടേറിയ ചര്‍ച്ചക്കൊടുവില്‍ ഒത്തുതീര്‍പ്പു ഫോര്‍മുല ഉരുത്തിരിഞ്ഞു. ഏഴ് മണിക്കൂര്‍ കഴിഞ്ഞ് , രാവിലെ മൂന്നു മണിക്കുള്ള കൊച്ചി ഫ്ലൈറ്റിന്
ബോര്‍ഡിംഗ് പാസ്‌  തരാം. സമയ ക്ലിപ്തതയില്‍ തുടങ്ങി കഴിക്കാന്‍ തരുന്ന വടയുടെ വലിപ്പത്തിലും എയര്‍ഹോസ്റ്റസ് അമ്മച്ചിമാരുടെ പ്രായാധിക്യത്തിലും വരെ എയര്‍ ഇന്ത്യയെ കുറ്റപ്പെടുത്തിയിരുന്ന ഞാന്‍ അവിടെ നിന്ന നില്‍പ്പില്‍ മനസാ വാചാ കര്‍മ്മണാ ചെയ്തു പോയ എല്ലാ തെറ്റുകള്‍ക്കും മാപ്പ് പറഞ്ഞു. അഞ്ചര മാസം കൂടുമ്പോള്‍ വെറും പതിനേഴു ദിവസത്തേക്ക്, അതായത് വെറും 408 മണിക്കൂര്‍ സമയത്തേക്ക് കിട്ടുന്ന പരോള്‍. അതില്‍ നിന്നും എട്ടു മണിക്കൂര്‍ കവര്‍ന്നെടുത്ത അധികൃതരെ മനസില്‍ മുട്ടന്‍ തെറി പറഞ്ഞുകൊണ്ട് ഞാന്‍ ലോഞ്ചിലേക്ക് നടന്നു. അവരുടെ മുമ്പിലിരിക്കുന്ന ഐപാഡിലേക്ക് അവസാനമായി ഒന്നുകൂടി പാളിനോക്കിയിട്ട് !!!!!!!!!!

പുലര്‍ച്ചെ, കൊച്ചിയിലേക്കുള്ള യാത്രയിലുടനീളം ഉദ്വേഗഭരിതമായിരുന്നു മനസ്. എന്താകും ആ നീലപെട്ടിക്കുള്ളിലെ അവസ്ഥ?ഉറക്കംതൂങ്ങി അടഞ്ഞു പോകുന്ന കണ്ണുകളെ   നഗ്നമായ ആ മീന്‍കഷണങ്ങള്‍ ഇടയ്ക്കിടെ കുത്തിയെഴുന്നേല്‍പ്പിച്ചു. രാവിലെ പത്തര മണിയോടെ നെടുമ്പാശ്ശേരി എയര്‍പോര്‍ട്ടിലെ നടപടിക്രമങ്ങള്‍
പൂര്‍ത്തിയാക്കി വെളിയില്‍ കടന്ന എന്നെയും വഹിച്ചു കൊണ്ടുള്ള വാഹനം മോയ്ദീനിക്കയുടെ മകളുടെ വീടിന്റെ പടിക്കല്‍ എത്തുമ്പോള്‍ സമയം പന്ത്രണ്ട് കഴിഞ്ഞിരുന്നു. ചെറുപയര്‍ പാത്രം മൂടി തുറന്നു വീണതുപോലെ ഒരു കൂട്ടം ആളുകള്‍ തിണ്ണയിലും മുറ്റത്തുമായിരുന്ന്  വെടി പറയുന്നു. പല പ്രായത്തിലും രൂപത്തിലുമുള്ളത് !!!!

ഇന്ന് പടികയറി വരുന്ന ഹമൂറിന്റെ കാര്യം അറിയാവുന്ന ആളുകള്‍ മാത്രം എന്റെ വണ്ടി കണ്ട് താല്പര്യത്തോടെ ഇറങ്ങി വന്നു.
മീന്‍ വണ്ടി താമസിച്ചു വന്നത് കൊണ്ട് മകളുടെ അമ്മായി അപ്പന്റെ മുഖത്ത് അല്പം നീരസമുണ്ടോ? ഹേയ്, എനിക്ക് തോന്നിയതാവണം. വൈകാന്‍ കാരണമായ സംഭവങ്ങള്‍ ഞാന്‍ ചെറിയ വാക്കുകളില്‍ പുള്ളിയെ വിവരിച്ചു കേള്‍പ്പിച്ചു. അപ്പോഴെല്ലാം ഇടയ്ക്കിടെ ആ കണ്ണുകള്‍ വണ്ടിക്കുള്ളിലിരിക്കുന്ന എന്റെ പെട്ടിയിലേക്ക് പോകുന്നത് ഞാന്‍ കണ്ടു.

ഇനിയും വൈകിക്കേണ്ട, ഉദ്വേഗത്തിന്റെ നിമിഷങ്ങള്‍ക്ക് വിരാമം കുറിച്ച് കൊണ്ട് ഞാന്‍ എന്റെ  പെട്ടി അഴിച്ച് 'ബ്ലൂ ബോക്സ്‌' മൊയ്ദീന്‍ ഇക്കയുടെ മകളുടെ അമ്മായി അപ്പന് കൈമാറി.


" എന്നാ പിന്നെ ഞാന്‍ അങ്ങോട്ട്‌ " ?


"അതെന്നാ പോക്കാ ? ഊണൊക്കെ കഴിച്ചു പതുക്കനെ പോയാ പോരെ" ? യാത്ര ചോദിച്ച് എത്രയും വേഗം അവിടെ നിന്നും  മുങ്ങാന്‍ ശ്രമിച്ച എന്നെ പുള്ളി തടഞ്ഞുനിര്‍ത്തി ഒരു നിമിഷം എന്റെ നേരെ ഒന്ന് തറപ്പിച്ചു നോക്കി ആ പെട്ടി തുറന്നു.


ഇപ്പോള്‍ ഇത്രയും നേരം ഞാന്‍ എന്നോട് തന്നെ ചോദിച്ചുകൊണ്ടിരുന്ന ആ സംശയത്തിന് വ്യക്തമായ ഉത്തരം കിട്ടിയിരിക്കുന്നു. ഉള്ളിലുണ്ടായിരുന്ന സാധനം
ചീഞ്ഞു എന്ന് മാത്രമല്ല ചീഞ്ഞളിഞ്ഞ് ആ കുഞ്ഞു പെട്ടിക്കുള്ളില്‍ അടിച്ചമര്‍ത്തിയിരുന്ന ദുര്‍ഗന്ധം എല്ലാ കെട്ടുകളും ഭേദിച്ച് പ്രകൃതിയുടെ വിരിമാറിലേക്ക് പരന്നൊഴുകുക കൂടി ചെയ്തു. ഒരു നിമിഷം നീണ്ടകര ഫിഷിംഗ് ഹാര്‍ബറിലാണോ നില്‍ക്കുന്നതെന്ന് പോലും സംശയിച്ചുപോകുന്ന ഒന്നാംതരം സ്മെല്‍.

ഏതു കഠിന ഹൃദയനായ മാംസഭോജിയുടെയും കരളലിയിപ്പിക്കാന്‍ പോന്നതായിരുന്നു പെട്ടിക്കുള്ളിലെ കാഴ്ച. ഇച്ചിരി വെള്ളത്തില്‍ എന്തിനോ വേണ്ടി പറ്റിപ്പിടിച്ചുകിടക്കുന്ന കുറെ മീന്‍ കഷണങ്ങള്‍.
!!!!

പെട്ടി പൊട്ടിക്കുന്നതും കാത്ത് പ്രതീക്ഷയോടെ നിന്നിരുന്നവരുടെ മുഖം റിയാലിറ്റി ഷോയില്‍ നിന്നും ആദ്യ റൌണ്ടിലെ എലിമിനേഷനില്‍ പുറത്തായ മത്സരാര്‍ത്ഥിയുടെ
പോലെ മ്ലാനമായി. ഒരു മീന്‍പോലും കേടുകൂടാതെ കൊണ്ടുവരാന്‍ കഴിയാത്ത എന്റെ ആണത്തത്തെ ചോദ്യം ചെയ്തു കൊണ്ടായിരിക്കണം, ചുണ്ട് കോട്ടിക്കൊണ്ട് സ്ത്രീജനങ്ങള്‍ അകത്തേക്ക് പിന്‍വലിഞ്ഞു.

"ഇതൊക്കെ വല്ല ഉത്തരവാദിത്തം ഉള്ളവരുടെയും കയ്യില്‍ കൊടുത്തു വിടണ്ടേ? നെടുമ്പാശ്ശേരി എത്തിയപ്പോഴേ ആ പെട്ടി തുറന്ന് കുറച്ച് ഐസ് ഇട്ടു കൊടുതിരുന്നേല്‍
കുറച്ചു മീനെങ്കിലും കേടുകൂടാതെ ഇങ്ങെത്തിയേനെ" !!!

ഹാമൂറ്‌ തിന്നാന്‍ കൈയും കഴുകി ഇരുന്ന, ചന്തിക്ക് പകുതിവെച്ച് ജീന്‍സ്‌ ഇട്ടിരുന്ന കൂട്ടത്തില്‍ പ്രായം കുറഞ്ഞവന്റെ കൊതിക്കെറുവ് ആത്മഗതാഗതമായി പുറത്തു ചാടി !!!


എന്നാ പിന്നെ ഈ നാല് കഷണം മീന്‍  കേടു കൂടാതെ കൊണ്ടുപോകാന്‍ നിനക്കൊരു മൊബൈല്‍ മോര്‍ച്ചറിയുമായി എയര്‍പോര്‍ട്ടില്‍ വന്ന് കാത്തുകെട്ടി
കിടക്കാമായിരുന്നില്ലേ എന്നെനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. പക്ഷെ അങ്ങനെ വല്ലതും ചോദിച്ചാല്‍ പിന്നാമ്പുറം കാണിച്ചിട്ടിരിക്കുന്ന ജീന്‍സ്‌ കുറച്ചു കൂടി ഇറക്കി അവന്‍ ഉമ്മറം കാണിക്കുമോയെന്ന് ഭയന്ന്,  തുറന്ന വായ്‌ അടച്ചുപിടിച്ച് ഞാന്‍ എന്റെ വണ്ടിയിലേക്ക് കയറി. തിരിച്ചടിക്കാന്‍ ആയുധമില്ലാതെ യുദ്ധമുഖത്ത് നില്‍ക്കുന്നവന്റെ തികച്ചും തന്ത്രപരമായ പിന്മാറ്റം!!!!!!.

ആ വീടിന്റെ പടി കടക്കുന്നതിനുമുമ്പ് കാറിന്റ ഗ്ലാസ്സുകള്‍ പരമാവധി മുകളിലേക്കുയര്‍ത്തിയിട്ടും,  ഒരു നേരത്തെ ഭക്ഷണത്തിനായി കണ്ടന്‍ പൂച്ചകള്‍ കടി പിടികൂടുന്ന ശബ്ദം എന്റെ കാതുകളില്‍ വന്ന് അലച്ചുകൊണ്ടിരുന്നു.

Tuesday, September 20, 2011

കൊമ്പാ, നിന്റെ സ്ഥാനം ഗ്യാലറിയിലാണ് .

വീട്ടിലെ പട്ടിണി മാറ്റാന്‍ ഗള്‍ഫില്‍ വേലക്കുപോയ മകന്‍ എങ്ങോ അലഞ്ഞുതിരിഞ്ഞു നടന്ന ഫിലിപ്പിനോ യുവതിയെ, വീട്ടുകാരെയും നാട്ടുകാരെയും പറ്റിക്കാന്‍ 'ശാലിനി മേനോന്‍' എന്ന ശാലീന നാമകരണവും നടത്തി കയ്യുംപിടിച്ചു വീട്ടില്‍കൊണ്ടുവന്നത് പോലെ, പേരില്‍ മാത്രമായൊരു കൊച്ചിയുമായി ഐ പി എല്‍ കളിക്കാന്‍ വന്ന കൊമ്പന്‍മാരെ കണ്ട അന്നുമുതലേ മലയാളിക്കൊരു സംശയമുണ്ടായിരുന്നു, ഇതെവിടം വരെ പോകുമെന്ന്. ഓരോ വര്‍ഷവും ബാങ്ക് ഗ്യാരന്‍റിയായി  അടയ്ക്കേണ്ട 156 കോടി രൂപയുടെ കാര്യത്തില്‍ അലംഭാവം കാണിക്കുന്നു എന്ന കാരണത്താല്‍ കൊച്ചി ടസ്കെഴ്സിന് ബി സി സി ഐ കൂച്ചുവിലങ്ങ് ഇട്ടതോടെ ആ സംശയത്തിന് അറുതിവന്നിരിക്കുന്നു.

ടീമിന് വേണ്ടി ആദ്യം രംഗത്ത്‌ വന്ന ശശി തരൂരും , പിന്നെ ലോക ഒളിമ്പിക്‌ അസോസിയേഷനെക്കാളും താരമൂല്യമുള്ള  കേരള ക്രിക്കറ്റ് അസോസിയേഷന്റെ തലവന്‍ ടി സി മാത്യുവും ഇത് ടീം മാനേജ്മെന്റിന്റെ മാത്രം പിടിപ്പുകേടാണ് എന്ന് പറയുമ്പോള്‍ പുറമേനിന്ന് കളികാണുന്ന നമുക്ക് അതില്‍ തല പുകയ്ക്കേണ്ട കാര്യമില്ല. എങ്കിലും, വന്ന അന്ന് മുതല്‍ അടിസ്ഥാനസൌകര്യങ്ങളുടെ കാര്യത്തില്‍ കേരള ക്രിക്കറ്റ്‌ അസോസിയേഷനെയും, ഇല്ലാത്ത പലിശ കൊടുത്ത് വണ്ടി വാങ്ങാന്‍ ചെല്ലുമ്പോള്‍ ബ്ലാങ്ക് ചെക്ക് ഒപ്പിട്ടു വാങ്ങുന്ന ന്യൂ ജെനറേഷന്‍ ബാങ്കുകാരെ പോലെ വില്‍ക്കാത്ത ടിക്കറ്റിന് സീലടിക്കണം എന്നും പറഞ്ഞ്  നമ്മുടെ കൊച്ചി കോര്‍പ്പറേഷനെയും വെള്ളം കുടിപ്പിച്ച ആളുകളാണ് ഇവര്‍. ആ  ഗുജറാത്തികളുടെ ഇന്നത്തെ സ്ഥിതിയില്‍ ഒരു ശരാശരി മലയാളിയുടെ കുനുപ്പും കുന്നായ്മയുമുള്ള എനിക്ക് സന്തോഷമില്ലേ എന്ന് ചോദിച്ചാല്‍ ഉണ്ട്. ഈ ടീമില്‍ കണ്ണുംനട്ട് തിരോന്തരത്തും കൊച്ചിയിലും ആരെങ്കിലും വിലക്കോ പാട്ടത്തിനോ ഗ്രൗണ്ടിനു വേണ്ടി സ്ഥലം അന്വേഷിക്കുന്നുണ്ടെങ്കില്‍ ജസ്റ്റ്‌ വെയിറ്റ്.... ഈ മാസം അവസാനം വരുന്ന ബി സി സി ഐ- യുടെ അവസാനതീരുമാനം വരെ ഒന്ന് ക്ഷമിക്കൂ......

അമ്മായി അപ്പന്റെ തല തെറിപ്പിച്ചുകൊണ്ട്‌ (തരൂരിന്റെ മന്ത്രിസ്ഥാനം തന്നെയാണ് ഉദ്ദേശിച്ചത്) വന്നു കയറിയ വീട്ടില്‍ അമ്മായിഅമ്മയ്ക്കും മറ്റും സ്ഥിരം സ്വൈര്യക്കേട്‌ ഉണ്ടാക്കിയിരുന്ന മരുമകളെ സ്ത്രീധനബാക്കിയുടെ ഭാഗമായി ഭര്‍ത്താവ് തന്നെ ചവിട്ടി പുറത്താക്കിയതായി കണ്ടാല്‍ മതി. അല്ലെങ്കില്‍ പിന്നെ, ഭര്‍തൃവീട്ടില്‍ പീഡനം സഹിക്കവയ്യാതെ മരുമകള്‍ വട്ടിപ്പലിശക്ക് പണം കടം  കൊടുക്കുന്ന അണ്ണാച്ചിയുടെ കൂടെ ഒളിച്ചോടി എന്ന് നാട്ടുകാര്‍ പറയുന്നത് പോലെ കൊച്ചിയുടെ കൊമ്പന്‍മാര്‍ അഹമ്മദാബാദില്‍ പോയി കളിക്കുന്നത് ഈ സീസണില്‍ കാണേണ്ടി വരുമായിരുന്നു.

ഈ ടീം കൊച്ചി വിട്ട് പോയതുകൊണ്ട് കേരളത്തിന്റെ കായിഗരംഗത്ത് ഒരു ചുക്കും ചുണ്ണാമ്പും സംഭവിക്കാന്‍ പോകുന്നില്ല. ആത്യന്തികമായി നോക്കിയാല്‍ ഈ ടീം വന്നതുകൊണ്ട് ഏറ്റവും കൂടുതല്‍ കോട്ടവും നേട്ടവും ഉണ്ടായത് ശ്രീമാന്‍ ശശി തരൂരിന് മാത്രമായിരിക്കും. പിന്നെ, കീശയിലെ കാശിന്റെ ബലത്തില്‍ കേരളത്തിന്റെ പിച്ചില്‍ ക്യാപ്സൂള്‍ ക്രിക്കെറ്റിന്റെ വിത്തിറക്കാന്‍ വന്ന ചില പട്ടേലുമാര്‍ക്കും. അതുകൊണ്ട്, കേരളത്തിന് എന്തോ ഭീമമായ നഷ്ടം സംഭവിച്ചു എന്ന മട്ടിലുള്ള ചാനല്‍ ചര്‍ച്ചകളിലേക്കും, കൊമ്പന് മേയാന്‍ സ്പോര്‍ട്സ്‌ പേജ് വിട്ടുകൊടുത്ത പത്രങ്ങളിലേക്കും നമുക്ക് പോകാതിരിക്കാം.  മലപ്പുറത്തും കോഴിക്കോടും കണ്ണൂരുമൊക്കെ ഒരു ബൂട്ട് പോലും വാങ്ങാന്‍  സഹായം കിട്ടാതെ  ഇടയ്ക്കു വെച്ച് പന്തുതട്ടുന്നത് നിര്‍ത്തി പോകുന്ന നല്ലനല്ല പ്രതിഭകളുണ്ട്.  കട്ടപ്പനയിലും രാജാക്കാടും, പിന്നെ പാലക്കാട്ടെ പറളിയിലുമെല്ലാം പഴംകഞ്ഞി കുടിച്ചുനിറച്ച അരവയറിന്റെ സമൃദ്ധിയില്‍ സ്കൂള്‍ കായികമേളയില്‍ നേട്ടങ്ങള്‍ കൊയ്യുന്ന മിടുക്കന്മാരും മിടുക്കികളുമുണ്ട്. കായികരംഗത്തെ ഉദ്ധരിക്കാന്‍ ഇറങ്ങി പുറപ്പെട്ടവര്‍ ഉണ്ടെങ്കില്‍ ചര്‍ച്ചകള്‍ ആ വഴിക്കുകൂടി ആവാം.  

ഓഫ്‌ ടോക് : ആനപ്പന്തി പൊളിച്ചു കളഞ്ഞ്, ശ്രീശാന്ത്‌ ഉള്‍പ്പെടയുള്ള കൊമ്പന്‍മാരെ തടിപിടിക്കാന്‍ കൊണ്ടുപോയാലും, തിരികെ വനത്തില്‍ മേയാന്‍ വിട്ടാലും വേണ്ടില്ല. ഇതിന്റെ പേരില്‍ ഇറക്കുമതി ചെയ്ത ഏതെങ്കിലും ചിയര്‍ ഗേള്‍സ്‌ കൊച്ചിയില്‍ ഉണ്ടെങ്കില്‍ പോകുന്ന പോക്കില്‍ അവരെ കൂടി പാക്ക്‌ ചെയ്തോണം. ‍ പ്ലീസ്‌..........