Pages

Thursday, March 31, 2011

കല്‍ക്കട്ടയില്‍ കരയിച്ചതിന് മുംബൈയില്‍ കാണിച്ചു തരാം.

ദേ,കയ്യെത്തും ദൂരെയുണ്ട്
തോല്‍വികള്‍ ഏറ്റു വാങ്ങാന്‍ പാക്കിസ്ഥാന്റെ ജീവിതം പിന്നെയും ബാക്കി !!!!!!ഫൈനലിന് മുമ്പ് നടന്ന 'ഫൈനലില്‍' പാക്കിസ്ഥാനെ വാഗ ബൌണ്ടറിക്ക് മുകളിലൂടെ സിക്സര്‍ പറത്തി  ഇന്ത്യ മറ്റൊരു ലോകകപ്പ് വിജയം എന്ന ലക്‌ഷ്യത്തിലേക്ക് ഒരു പടി മാത്രം അകലെ എത്തി നില്‍ക്കുന്നു.....ഇന്ത്യ - പാക്‌ ലോകകപ്പ്‌ പോരാട്ടത്തിന്റെ വിധി മാറ്റി എഴുതുമെന്ന പാക്കിസ്ഥാന്റെ വെല്ലുവിളി മൊഹാലിയിലും പാഴ്വാക്ക് മാത്രമായി മാറിയിരിക്കുന്നു. ഇന്ത്യന്‍ ബൌളര്‍മാരുടെ കൃത്യതയാര്‍ന്ന പന്തുകളില്‍ (അങ്ങനെയൊക്കെയും സംഭവിക്കും വല്ലപ്പോഴും) പാക്‌ ബാറ്റ്സ്മാന്മാര്‍ ഒരോരുത്തരായി കൂടാരം കയറുമ്പോള്‍ പാക്‌ പ്രധാനമന്ത്രി ചോദിച്ചിട്ടുണ്ടാകണം... "നല്ലത് പോലെ കലക്കി ഒരു ഗ്ലാസ്‌ കൂടി തരട്ടെ" എന്ന് !!

രണ്ട് ഏഷ്യന്‍ രാജ്യങ്ങള്‍ ആദ്യമായി ഏറ്റുമുട്ടുന്ന ലോകകപ്പ് ഫൈനല്‍, ആതിഥേയരായ രണ്ടു രാജ്യങ്ങള്‍ തമ്മിലുള്ള ആദ്യ ഫൈനല്‍  തുടങ്ങിയ  പ്രത്യേകതകളുള്ള ഈ മത്സരത്തില്‍ ഒരു 'ലങ്കാ ദഹനത്തിനായി'  നമുക്ക് കാത്തിരിക്കാം... ഇരു ടീമുകളുടെയും ഇത് വരെയുള്ള പ്രകടനം കണക്കിലെടുത്താല്‍ കലാശ പോരാട്ടത്തിലെ വിജയികളെ പ്രവചിക്കാന്‍ പ്രയാസപ്പെടേണ്ടി വരും. പക്ഷേ ഒന്നുറപ്പുണ്ട്....  ഇന്ത്യ ഈ ടൂര്‍ണമെന്റില്‍ നേരിട്ട മറ്റേത് ടീമിനെക്കാളും ഒരു പടി മുന്നിലാണ് ശ്രീലങ്ക... ഇന്ത്യ ക്വാര്‍ട്ടറില്‍ നേരിട്ട ഓസ്ട്രേലിയയെക്കാളും സെമിയില്‍ ഇന്നലെ തോല്‍പ്പിച്ച പാക്കിസ്ഥാനെക്കാളും ശക്തമായ എതിരാളികള്‍... കഴിഞ്ഞ ഏതാനും വര്‍ഷത്തിനുള്ളില്‍ ഓസ്ട്രേലിയക്കൊപ്പം ഇത്രയും സ്ഥിരതയാര്‍ന്ന പ്രകടനം കാഴ്ച്ചവെച്ച മറ്റൊരു ടീമുണ്ടാകില്ല..  (കൈ മടക്കി പന്ത്  'എറിയുന്ന'  രണ്ട് ബൌളര്‍മാര്‍ അവരുടെ ടീമില്‍ ഉള്ളതാണ് ഈ പ്രകടനത്തിന് കാരണം എന്ന് ഞാന്‍ പറഞ്ഞിട്ടില്ല)


ആ സ്കോര്‍ബോര്‍ഡില്‍ നോക്കിയാല്‍ ആരായാലും കരയും
പതിനഞ്ചു വര്ഷം മുമ്പ് കാണികള്‍ കളം നിറഞ്ഞാടിയ  ഒരു രാത്രിയില്‍, വിനോദ്‌ കാംബ്ലിയുടെ കണ്ണീര് വീണ ഈഡന്‍ ഗാര്‍ഡന്‍സില്‍  നിന്നും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്ലേക്ക് വണ്ടി കയറുമ്പോള്‍ മരതക ദ്വീപുകാരുടെ വിദൂര സ്വപ്നത്തില്‍ പോലും ഓസ്ട്രേലിയയെ തോല്‍പ്പിച്ചുകൊണ്ടുള്ള ഒരു ലോകകപ്പ്  ഉണ്ടായിരുന്നിരിക്കില്ല....ആദ്യ പതിനഞ്ചു ഓവറുകള്‍ 'സ്ഫോടനാത്മകമാക്കി'  ഏകദിന ക്രിക്കറ്റിന്റെ രൂപം മാറ്റിയെഴുതിയ ജയസൂര്യയും കലുവിതരണയും പിന്നെ ഒറ്റയ്ക്ക് കളി ജയിപ്പിക്കാന്‍ പ്രാപ്തനായിരുന്ന അരവിന്ദ ഡിസില്‍വയും അടങ്ങിയ ടീമായിട്ടുപോലും ക്രിക്കറ്റ്‌ പണ്ഡിതര്‍ അങ്ങനെ ഒരു അട്ടിമറി പ്രതീക്ഷിച്ചുമില്ല. അതാണ്‌ ശ്രീലങ്ക ... ശരാശരി കളിക്കാരെ വെച്ച് ലോകകപ്പ്‌ നേടുകയും അതില്‍ നിന്നും ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സന്തുലിതമായ ഒരു ടീം കെട്ടിപ്പെടുക്കുകയും ചെയ്ത ടീം. ധോണിയും സംഘവും സൂക്ഷിച്ചേ മതിയാകൂ...!!!!!!!!!!

അന്ന് ഇരു ടീമില്ലും ഉണ്ടായിരുന്നവരില്‍, പതിനഞ്ചു വര്‍ഷത്തിന്റെ 'അധിക ചെറുപ്പം' നല്‍കിയ പ്രസരിപ്പുമായി നമ്മുടെ ടീമില്‍ സച്ചിന്‍ മാത്രം ഉണ്ട്. ശ്രീലങ്കന്‍ ടീമില്‍ മുരളിയും . ഒരു പക്ഷെ ഇനി ഒരു ലോകകപ്പ് കൂടി കളിക്കാന്‍ സച്ചിന്‍ ടീമിലുണ്ടാവാനുള്ള സാധ്യത വളരെ വിരളമാണ്....ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിച്ച്, കൂടുതല്‍ സെഞ്ചുറികള്‍ തികച്ച്, ലോക ക്രിക്കറ്റിലെ ഒട്ടുമിക്ക എല്ലാ റെക്കോര്‍ഡുകളും തന്റെ ചെറിയ ശരീരത്തില്‍ കൊണ്ട് നടക്കുന്ന സച്ചിനെന്ന പ്രതിഭക്ക് നല്‍കാന്‍ പറ്റുന്ന ഏറ്റവും നല്ല സമ്മാനം ആയിരിരിക്കും ഈ വിജയം. പക്ഷെ മറു വശത്തും ഇത് തന്നെയാണ് അവസ്ഥ... കൈക്കുള്ളില്‍ ചതി ഒളിപ്പിച്ച പന്തും കണ്ണുകളില്‍ കൌശലവുമായി വരുന്ന   മുത്തയ്യ മുരളീധരന്‍ എന്ന ലോകോത്തര സ്പിന്നെറും തന്റെ അവസാന ലോകകപ്പ്‌ അവിസ്മരണീയമാക്കുവാനായിരിക്കും ശ്രമിക്കുക...

കൈമെയ്‌ മറന്നു പോരാടിയാല്‍ കലാശക്കളികളില്‍ കലം ഉടക്കുന്നവര്‍ എന്ന പേരുദോഷം മായിച്ചു കളയാന്‍ പര്യാപ്തമായ ടീമാണ് നമ്മുടേത്. പക്ഷെ രണ്ടായിരത്തി മൂന്നില്‍ വാണ്ടറേഴ്സില്‍ ടോസ് കിട്ടിയത് മുതല്‍ കാണിച്ച മണ്ടത്തരങ്ങളില്‍ നിന്നും പാഠം പഠിക്കണം.  കൊല്ലം തോറും കൊണ്ടാടുന്ന  ഐ പി എല്‍ എന്ന ക്രിക്കെറ്റ് മാമാങ്കത്തില്‍ കാണിക്കുന്നതിന്റെ പകുതിയെങ്കിലും ആത്മാര്‍ഥത വാംങ്കഡെ സ്റ്റേഡിയത്തില്‍ പുറത്തെടുക്കണം. എങ്കില്‍ കപില്‍ ദേവിന് ശേഷം മൂന്നു തവണ ഇന്ത്യയെ ലോകകപ്പില്‍ നയിച്ച അസ്ഹറുദീനും, ഓരോ തവണ വീതം നയിച്ച ഗാംഗുലിക്കും ദ്രാവിഡിനും കഴിയാത്തത്‌ ധോണിയിലൂടെ നേടാന്‍ നമുക്ക് സാധിക്കും.

എന്തായാലും മുംബൈയിലെ കാണികള്‍ക്ക്  നല്ല ഒരു മത്സരം പ്രതീക്ഷിക്കാം.. ഒപ്പം കളി കഴിയുന്നത് വരെ ലങ്കയെ വെല്ലുവിളിക്കുകയും ആവാം.. കല്‍ക്കട്ടയില്‍ തോറ്റതിന് മുംബൈയില്‍  കാണിച്ചു തരാം... ഈഡന്‍ ഗാര്‍ഡനില്‍ കാംബ്ലി കരഞ്ഞത് പോലെ കരയരുത് ധോണീ...കരയിക്കുകയും ചെയ്യരുത്... ഇനി ഒരു ലോകകപ്പിന് കൂടി സച്ചിന് ബാല്യമില്ല !!!!


ധോണീ പ്ലീസ്...ഇത് പോലെ ഒന്നുകൂടി.
ഇനി അല്പം അന്ധവിശ്വാസം... ..എണ്‍പത്തി മൂന്നില്‍ കപിലിന്റെ ചെകുത്താന്മാര്‍ ലോര്‍ഡ്‌സിന്റെ ബാല്‍ക്കണിയില്‍ പ്രുഡന്‍ഷ്യല്‍  ലോകകപ്പ്‌ ഉയര്‍ത്തി പിടിക്കുമ്പോള്‍ ആ ടീമില്‍ അംഗമായി സുനില്‍ വല്‍സന്‍ എന്ന മറുനാടന്‍ മലയാളി ഉണ്ടായിരുന്നു...ഒറ്റ മല്‍സരം പോലും കളിക്കാതെ അദൃശ്യ സാനിധ്യമായി....ഇരുപത്തിയെട്ട് വര്‍ഷത്തിനു ശേഷം ഇന്ത്യ മറ്റൊരു ഫൈനല്‍ കളിക്കുമ്പോള്‍, ഒറ്റ മല്‍സരം മാത്രം കളിച്ച് പിന്നീട്  മറ്റൊരു അദൃശ്യ സാന്നിധ്യമായ ഒരാള്‍ മലായാളിയുടെ രൂപത്തില്‍ ടീമിലുണ്ട്...അപ്പോള്‍ ഈ ലോകകപ്പ്‌ ആര്‍ക്കാണ്...? നമുക്ക് തന്നെ...സൂക്ഷിക്കുക...ഒരുപക്ഷെ ഈ വരുന്ന ശനിയാഴ്ച വൈകുന്നേരം കൊച്ചി നഗരത്തില്‍ രൂക്ഷമായ ലഡ്ഡു ക്ഷാമം നേരിട്ടേക്കാം....
-----------------------------------------------------------------------------------------------------------------------------
സ്ട്രെയിറ്റ് ഡ്രൈവ് : യൂസുഫ്‌ റാസ ഗിലാനിയെ  കളി കാണാന്‍ മൊഹാലിക്ക് വിളിച്ചു വരുത്തി പച്ചപ്പട തോല്‍ക്കുന്നത് കാണിച്ചു കൊടുത്ത നമ്മുടെ പ്രധാനമന്ത്രി തന്റെ നയതന്ത്ര ചാതുര്യം ഒരിക്കല്‍ കൂടി തെളിയിച്ചിരിക്കുന്നു. ഓവറുകള്‍ക്കിടയില്‍ പരസ്യം വരുന്നത് പോലെ ഓരോ ഓവറുകള്‍ കഴിയുമ്പോഴും ഓരോരോ കരാറുകളില്‍ ഒപ്പിട്ട് പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയുടെ കൈ കുഴഞ്ഞിട്ടുണ്ടാവണം ..(ഇത് കൊണ്ടൊക്കെ വല്ല ഗുണവുമുണ്ടോ എന്നാരും ചോദിക്കരുത്) . ഇനി ലങ്കന്‍ പ്രസിഡന്റിനെ  കൂടി മുംബൈക്ക് ക്ഷണിക്കണം. അങ്ങനെ ചൈനയുടെ തോളത്ത് കയ്യിട്ട് ഞെളിഞ്ഞു നടക്കുന്ന ലങ്കക്കാരനെ നമ്മുടെ വരുതിക്ക് കൊണ്ടുവരാന്‍ ക്രിക്കറ്റ് ബോളില്‍ നയതന്ത്രം ഒളിപ്പിച്ച് വെച്ചുള്ള  റിവേഴ്സ് സ്വിംഗ് എറിയണം .. എലിക്കെണിയില്‍ ചുട്ട തേങ്ങ വെച്ച് എലിയെ പിടിക്കുന്നത്‌ പോലെ...!!!!!!!!!!!

25 comments:

ente lokam said...

കളിയെക്കുറിച്ച് ആധികാരികമായി ഒന്നും
അറിയില്ലെങ്കിലും ഭയങ്കര സന്തോഷം
തോന്നി വായിച്ചപ്പോള്‍..കളിയുടെ കൂടെ
കാര്യങ്ങള്‍ വ്യക്തമാകിയ ഈ പോസ്റ്റിനു
അഭിനന്ദനങ്ങള്‍. ഒരു നയതന്ത്ര രീതിയില്‍
തന്നെ ഈ പോസ്റ്റും.ഇന്നലത്തെ കളിയും
നയതന്ത്ര കളിയും പോലെ..!!!

Anonymous said...

ഈ ലോക കപ്പിലെ ഏറ്റവും മികച്ച ഓപണിംഗ് ജോഡിയാണ് ലങ്കയുടെത്. മുടിഞ്ഞ ഫോം. പാകിസ്ഥാനെ തോല്പിച്ചത്ര എളുപ്പപമല്ല ലങ്കയെ തോല്‍പ്പിക്കാന്‍ . എന്നാലും ഒരു ഇന്ത്യക്കാരന്‍ എന്നാ നിലയില്‍ ഞാന്‍ ആഗ്രഹിക്കുന്നതും പ്രാര്‍ഥിക്കുന്നതും ആ ലങ്കാ ദഹനത്തിന് തെന്നെയാണ്.
കാംബ്ലിയുടെ കരച്ചില്‍ മറന്നിട്ടില്ല. പക്ഷെ സച്ചിന്‍ കരയരുത്.

വാഴക്കോടന്‍ ‍// vazhakodan said...

മറ്റൊരു സ്വപ്നം കൂടി സാക്ഷാത്കരിക്കാനുള്ള ഒരു സുവര്‍ണ്ണാവസരം കൈവന്നിരിക്കുന്നു.ആ സ്വപ്നം മുംബയില്‍ പൂവണിയും എന്ന് തന്നെ കരുതട്ടെ.ഇന്ത്യന്‍ ടീമിനും ഈ പോസ്റ്റിനും ആശംസകള്‍

Yasmin NK said...

ഈ കളി എന്തോ എനിക്കിഷ്ട്ടമല്ല.അതു കൊണ്ട് കാണാറുമില്ല.എന്നാലും എഴ്ത്തിന്റെ ശൈലി കൊള്ളാം. കളിയും കാര്യവും നന്നായി സമന്വയിപ്പിച്ചിരിക്കുന്നു. അഭിനന്ദനങ്ങള്‍.

രമേശ്‌ അരൂര്‍ said...

ഇദ്ദാണ് മിടുക്ക് ...കളി ജയിച്ചതില്‍ അല്ല ..ജയിച്ച ഉടനെ അവലോകനം നടത്തി പോസ്റ്റ്‌ ആക്കിയത് ....പത്ര പ്രവര്‍ത്തകനോ കളി നിരീക്ഷകനോ (മുന്‍ പരിചയം വല്ലതും ?) ആകാന്‍ യോഗ്യത യുണ്ട് ..എനിക്ക് ക്രിക്കറ്റ് അത്ര വശമില്ല അത് കൊണ്ട് എത്ര ബക്കറ്റ് കിട്ടി എന്നൊന്നും അറിയാന്‍ പറ്റില്ല ..ബോള്‍ എറി യുന്നവര്‍ക്ക് പന്തില്‍ പുരട്ടാന്‍ കുറെ തുപ്പല്‍ വേണമെന്നും അത് പാന്റിന്റെ അര ഭാഗത്ത് തേച്ചു പിടിപ്പിക്കണം എന്നും കളിക്കാന്‍ തുടങ്ങിയാല്‍ പെപ്സിയും മിനറല്‍ വാട്ടറും കുടിക്കാന്‍ കിട്ടും എന്നറിയാം അറിയാം.
..എന്നാലും ഇന്ത്യ ജയിക്കും എന്നൊക്കെ കേള്‍ക്കുമ്പോള്‍ എന്ത് പണ്ടാരം എങ്കിലും ആകട്ടെ എന്ന് കരുതി സമാധാനിക്കുന്നു ..മുംബയിലും അതാവര്‍ത്തിക്കാന്‍ പ്രാര്‍ഥിക്കുന്നു ..

ശ്രദ്ധേയന്‍ | shradheyan said...

ഇന്ത്യ ജയിക്കട്ടെ...!

ഷബീര്‍ - തിരിച്ചിലാന്‍ said...

കാംബ്ലി കരഞ്ഞത് ഏത് ക്രിക്കറ്റ് പ്രേമികള്‍ക്കാണ് മറക്കാനാവുക? ഏഴാം ക്ലാസ്സില്‍ പഠിയ്ക്കുംബോള്‍ ക്ലാസ്സ് കട്ട് ചെയ്ത് ഒരു ക്രിക്കറ്റ് പ്രേമിയായ പ്രായമായ ആളുടെ വീട്ടില്‍ നിന്നാണ് അന്ന് ഞാനും കൂട്ടുകാരും കളി കണ്ടിരുന്നത്. ക്ലാസ്സ് കട്ട് ചെയ്തതാണെന്നറിഞ്ഞിട്ടും അദ്ദേഹം ഞങ്ങളെ കളി കാണാന്‍ അനുവദിച്ചു. ശ്രീലങ്കയ്ക്ക് ഒരു റണ്‍സ് ഏടുത്തപ്പോഴേക്കും രണ്ട് വിക്കറ്റുകള്‍ നഷ്ടമായിരുന്നു. അതും തിളങ്ങി നില്‍ക്കുന്ന ജയസൂര്യയുടേയും, കലുവിതരണയുടേയും. പിന്നീട് അരവിന്ദ ഡിസില്‍വ കളി തിരിച്ചുപിടിയ്ക്കുകയായിരുന്നു. ചരിത്രം ആവര്‍ത്തിക്കപെടാതിരിക്കട്ടെ. നോക്കൗട്ട് കളികളിലും ഫൈനല്‍ മാച്ചുകളിലും ശ്രീലങ്കയെ കണ്ടാല്‍ കളി മറക്കുന്ന ഒരു ശീലം ഇന്ത്യക്കുണ്ട്. ഇത്തവണ അത് ഉണ്ടാവില്ല എന്ന് നമുക്ക് പ്രത്യാശിയ്ക്കാം...

ഈ കപ്പ് നമുക്ക് നേടിയേ മതിയാകൂ... സച്ചിനെന്ന ക്രിക്കറ്റ് ദൈവത്തിന് ടീം ഇന്ത്യ അര്‍പ്പിക്കേണ്ട കാണിയ്ക്കയാകുന്നു ഈ വേള്‍ഡ് കപ്പ്. തീര്‍ച്ചയായും ആ മഹാ പ്രതിഭ അത് അര്‍ഹിയ്ക്കുന്നു.

ശ്രീലങ്കയുടെ പതിനൊന്ന് തലയുള്ള രാവണന്റെ ആദ്യ മൂന്ന് തലകള്‍ പെട്ടെന്ന് എറിഞ്ഞ് വീഴ്ത്താനായാല്‍ ജയം ഇന്ത്യക്കൊപ്പം. ഇന്നലെ കാഴ്ച്ചവച്ച പ്രകടനം ബൗളിംഗിലും ഉണ്ടായാല്‍ ജയം സുനിശ്ചിതം. നമുക്കുതന്നെ എന്ന് പ്രത്യശിയ്ക്കുന്നു. ഒപ്പം പ്രാര്‍ഥനകളോടെ...

പിന്നെ... പോസ്റ്റിനെ പറ്റി പറഞ്ഞില്ലല്ലോ... നന്നായിട്ടുണ്ട്. ഞാന്‍ ഈ വിഷയത്തില്‍ ഒരു പോസ്റ്റിടാന്‍ വിചാരിച്ചപ്പോഴേയ്ക്കും ഹാഷിക് ഓവര്‍ടേക്ക് ചെയ്ത് കഴിഞ്ഞു. പോസ്റ്റിടാന്‍ പറ്റാത്ത സങ്കടം കമന്റ് ഇട്ട് തീര്‍ക്കട്ടെ... ഹി..ഹി...

Naushu said...

ടീം ഇന്ത്യ വിജയിക്കട്ടെ !!!

റിയാസ് (മിഴിനീര്‍ത്തുള്ളി) said...

ക്രിക്കറ്റ് കളി താല്‍പ്പര്യമില്ല,
എങ്കിലും, ടീം ഇന്ത്യക്ക് വിജയാശംസകള്‍ നേരുന്നു

Hashiq said...

കുരുത്തക്കേടും തൊലിപ്പുറത്തെ പേടിയും കളഞ്ഞാല്‍ ഇന്ത്യ ജയിക്കും എന്ന് തന്നെ കരുതാം അല്ലെ?

@രമേശ്‌ അരൂര്‍- കമെന്റ്റ്‌ ഇഷ്ടമായി എന്ന് മാത്രമല്ല ചിരിപ്പിക്കുകയും ചെയ്തു..
@ ഷബീര്‍- പോസ്റ്റില്ലെങ്കില്‍ എന്താ കമെന്റ്റ്‌ വിശദമായി തന്നെ എഴുതിയല്ലോ?
മുകളില്‍ എല്ലാവരും പറഞ്ഞത് പോലെ ഇന്ത്യ ജയിക്കട്ടെ എന്ന് തന്നെ ആഗ്രഹിക്കുന്നു....

Shyl said...

എന്താ ഹാഷികെ ഇത്, എത്ര മനോഹരമായ ഒരു അവലോകനം
അതും കളി കഴിഞ്ഞു 12 മണിക്കൂര്‍ കൂടി ആവുന്നതിനു മുന്‍പ്..
I could say it is really marvelous !!!
ഇന്നലെ ഓഫീസില്‍ ഇന്ത്യയുടെ ബാറ്റിംഗ് കാണാന്‍ cricivid ഉം cricheat ഉം മാറി മാറി പരീക്ഷിക്കുവയിരുന്നു..
Cricket എന്താണെന്നു പോലും അറിയാത്ര 'Swedishukaar' ഒരു പക്ഷെ അത് ക്ഷമിച്ചു കാണുമായിരിക്കും...
Yes, y'day's match was really amazing (since india won :)) and all of us are looking forward for such a nice match in Mumbai as well..
Why can't you start such reviews after each Cochi IPL match as well :-)
It was really nice reading all your blogs, infact me and my wife had watched all the 50 episodes of "Akkarakkazhchal" in youtube plenty of times,
after that I should say that, what we repeatedly reading/looking forward is your blogs :-) (may be an overstatement, but it is true to some extent :-))

Really good work!!! keep blogging !!! All the best...

//Shyl

പട്ടേപ്പാടം റാംജി said...

എല്ലാം ഒരു തരം കളികള്‍.

Hashiq said...

@shyl: താങ്ക്സ്...ഇതൊക്കെയല്ലേ ആകെ ഇവിടെ ഒരു നേരംപോക്ക്... പിന്നെ, അടുത്ത ഫൈനലിന് cricivid- ല്‍ പോയി സമയം കളയേണ്ട..ഈ ലിങ്കുകളില്‍ ഏതെന്കിലും ഒന്ന് ട്രൈ ചെയ്യൂ.. crictime.com or cricket-365.tv

A said...

ക്രികെറ്റ്‌ പ്രേമികള്‍ക്ക് ഇഷ്ടമാവുന്ന മറ്റൊരു നല്ല പോസ്റ്റ്. ഞാന്‍ ആ ഗണത്തില്‍ വരില്ല എങ്കിലും. വായിച്ചു ആസ്വദിച്ചു

ajith said...

ക്രിക്കറ്റില്‍ വലിയ താല്പര്യമില്ലയെങ്കിലും ഇന്ത്യ ജയിക്കണം, സച്ചിനോട് വലിയ ബഹുമാനമുണ്ട്, പ്രിതഭയോടൊപ്പം ക്യാരക്ടറും ഒത്ത് വരുന്നത് അപൂര്‍വജന്മം തന്നെയാണല്ലോ. തികഞ്ഞ സ്പോര്‍ട്ട്സ്മാനായ അദ്ദേഹത്തിനും ടീം ഇന്‍ഡ്യയ്ക്കും വിശദമായി കളിയെഴുത്തും അവലോകനവും നടത്തിയ ഹാഷിക്കിനും ആശംസകള്‍. ബാക്കി ഏപ്രില്‍ രണ്ടാം തീയതി പറയാം.

ishaqh ഇസ്‌ഹാക് said...

കളിയേകുറിച്ച് കാര്യമായിപ്പറഞ്ഞത് കൊണ്ടല്ല,
മനോഹരമായി പറഞ്ഞപ്പോള്‍ അനുഭവിച്ചുതന്നെ വായിച്ചു ഈകളി ഇഷ്ടമല്ലാത്തഞാനും..!
പ്രാര്‍ത്ഥിക്കാനോരോ കാരണങ്ങള്‍..!
അഭിനന്ദനങ്ങള്‍ ഹാഷിക്.

Lipi Ranju said...

നല്ല പോസ്റ്റ്‌...
ആ അന്ധവിശ്വാസം(എങ്കിലും)
ഇന്ത്യയെ രക്ഷിച്ചാല്‍ മതിയായിരുന്നു!

TPShukooR said...

ഈ സെഞ്ച്വറി എന്ന് പറഞ്ഞാല്‍ നൂറ്റാണ്ടാണോ?
:)

ശ്രീ said...

പ്രതീക്ഷിച്ചിരിയ്ക്കുകയാണ്... സച്ചിനു വേണ്ടി ധോണി ലോകകപ്പ് ഉയര്‍ത്തുന്നത്...

Hashiq said...

ദേ ഫൈനല്‍ ഇലവനില്‍ ശ്രീശാന്തും....നിക്കണോ പോണോ?

kaattu kurinji said...

Sree kalikkunund..
nalla ezhuth!! sport desk i nalla bhaviund..

Rohith Anchery said...

ഹാഷിക്‌, രണ്ടായിരത്തി മൂന്നിലെത് പോലെ ടോസ് നഷ്ടപ്പെട്ടല്ലോ? പക്ഷെ ബോളിംഗ് മെച്ചമാണ്...നമ്മുടെ ചെക്കന്‍ തല്ല് കുറെ വാങ്ങുന്നു. ആഷിക് പറഞ്ഞത് പോലെ ലഡ്ഡു ക്ഷാമം വരില്ല..

ചാണ്ടിച്ചൻ said...

ധോണിയുടെ സിക്സരിലൂടെ പറന്നുയര്‍ന്നത് 1.21ബില്ല്യന്‍ ജനങ്ങളുടെ അഭിമാനമാണ്.....
ജയ് ഭാരത്‌...

ഷമീര്‍ തളിക്കുളം said...

മുംബൈയില്‍ ഇന്ത്യ പകരം വീട്ടിയിരിക്കുന്നു, തികച്ചും ആധികാരികമായി. ധോണി അവസരത്തിനൊത്തുയര്‍ന്നു. പോസ്റ്റിനു ആശംസകള്‍...

അബ്ദുൽ ജബ്ബാർ വട്ടപ്പൊയിൽ said...

ഞാനീ പോസ്റ്റ്‌ വായിച്ചപ്പോഴുക്കും ഇന്ത്യ ജയിച്ചു ............. ഇനി എന്തു പറയാന്‍ !

Post a Comment

hashiq.ah@gmail.com