നിര നിരയായി കെട്ടി തൂങ്ങി കിടക്കുന്ന വഴക്കുലകളെ വകഞ്ഞ് മാറ്റി, അന്ന് രാവിലെ ഷേവ് ചെയ്ത എന്റെ മുഖം വാഴക്കായ്കളില്‍ മുട്ടാതെ അകത്തേക്ക് നീട്ടി പച്ചക്കറി കടക്കാരനോട് ഒറ്റ ശ്വാസത്തില്‍ പറഞ്ഞു..
"ഒരു കിലോ സവാള, ഒരു കിലോ തക്കാളി, ഒരു കിലോ ബീന്‍സ്, അര കിലോ വെളുത്തുള്ളി"!!!!.... ഞൊടിയിടയില്‍ അവിടമാകെ ഒരു നിശബ്ദത..കഥാപ്രസംഗത്തിനിടക്ക് സിംബല്‍ അടിച്ച് കഴിഞ്ഞുള്ള രണ്ടു സെക്കന്റ് പോലെ....കിരീടത്തില്‍ കീരിക്കാടന്‍ ജോസിനെ കാണിക്കുമ്പോള്‍ ബാക്ക് ഗ്രൌണ്ട് മ്യൂസിക് നിലച്ചത് പോലെ...
ഏങ്ങി വലിഞ്ഞ് കത്തുന്ന നിലവിളക്കിന്റെ തിരിപോലെയിരുന്ന കടക്കാരന്റെ മുഖം പെട്ടെന്ന് രണ്ട് കിലോയുടെ എണ്ണപ്പാട്ട വിളക്കിലേക്ക് മറിഞ്ഞു വീണത് പോലെ ആളി കത്തി..കടയില്‍ പച്ചക്കറി വാങ്ങാന്‍ നിന്നിരുന്ന കെട്ട് പ്രായം തികഞ്ഞതും കെട്ട് പൊട്ടിച്ച് പോയതുമായ പെണ്ണുങ്ങള് ആരാധനയോടെ എന്നെ നോക്കി മന്ദഹസിച്ചു...ടച് വുഡ്...
ഞാന്‍ വെറുതെ എന്റെ പോലീസ് സണ്‍ഗ്ലാസ് ഒന്ന് നേരെ വെച്ച്, സോഡിയാക് ഷര്‍ടിന്റെ കയ്യില്‍ ഒന്ന് മണത്തു നോക്കി..ഹും ...രാവിലെ അടിച്ച ചാനല്‍ നന്നായി വര്‍ക്ക് ഔട്ട് ചെയ്തു തുടങ്ങിയിരിക്കുന്നു.. വെറുതെയല്ല പെണ്ണുങ്ങള് ഇങ്ങനെ തറച്ചു നോക്കുന്നത് ..
എല്ലാം ഈ പറഞ്ഞ തൂക്കം തന്നെ വേണോ...? കടക്കാരന്റെ ആര്‍ത്തിയോടെയുള്ള ചോദ്യം..ബ്ലഡി പച്ചക്കറിക്കടക്കാരന് ...എന്തറിയാം ഈ ഗള്‍ഫുകാരെ പറ്റി? പുച്ഛത്തോടെ ചുണ്ട് ഒരു കോണിലേക്ക് വളച്ച് വെച്ച് തിരികെ ചോദിച്ചു...തന്റെ കേള്‍വിക്ക് എന്തേലും കുഴപ്പം..? ഐ മീന്‍ ..വേണ്ട വേണ്ട ...ഇംഗ്ലീഷ് വേണ്ട...ആളു പാവമാ ...ഞൊടിയിടയില്‍ വെളുത്ത കവറില്‍ പറഞ്ഞിരിക്കുന്ന സാധനങ്ങള്‍ 'പ്രയോറിറ്റി ബേസില്‍' മുമ്പിലെത്തി... കവര്‍ കയ്യില്‍ വാങ്ങി നൂറിന്റെ ഒരു നോട്ടെടുത്ത് കടക്കാരന്റെ ത്രാസ്സിലേക്ക് ഇട്ട് ധൃതിയില്‍ പുറത്തേക്കു നടന്ന എന്റെ പുറത്ത് തട്ടി കടക്കാരന് വിളിച്ചു...ബാക്കി?...ബാക്കി വേണ്ട ചേട്ടന് വെച്ചോ...ബാക്കി വാങ്ങുന്ന ശീലം എനിക്ക് പണ്ടേ ഇല്ല.. " ചേട്ടന് വെച്ചോളാം അനിയന് ആദ്യം ബാക്കി കാശ് തന്നിട്ട് പോ....രാവിലെ തല നിറച്ച് എണ്ണയും തേച്ച് വന്നപ്പോളേ തോന്നിയതാ മെനക്കേടാകുമെന്ന് . " മുന്നൂറ് രൂപേടെ സാധനോം വാങ്ങി 'നൂറ് ഉലുവേം' തന്നിട്ട് പോകുന്നോ? ഹെയര്‍ ക്രീമും പച്ച വെളിച്ചെണ്ണയും തിരിച്ചറിയാന്‍ കഴിയാത്ത, വാളയാര്‍ ചുരം കടന്നു വരുന്ന തമിഴന്റെ ലോറികളുടെ ബലത്തില്‍ മാത്രം തന്റെ ബിസിനെസ്സ് സാമ്രാജ്യം കൊണ്ട് നടക്കുന്ന അയാള്‍ എന്റെ നേരെ കോമരം തുള്ളുന്നു..!!
എന്താ പറഞ്ഞെ? എന്താ പറഞ്ഞേന്ന് ? അണിവിരളില്‍ തൂക്കാന്‍ മാത്രം കനം വരുന്ന ഇതിന് രൂപ മുന്നൂറോ? ഞെട്ടലോടെ തിരിഞ്ഞു നോക്കി..നേരെ നോക്കിയത് വില വിവര പട്ടികയിലേക്ക്... സവാള 80 .. വെളുത്തുള്ളി..260 .. ബാക്കി വായിക്കാന്‍ തോന്നിയില്ലാ..ഞാന്‍ ഇല്ലാത്ത ആറ് മാസം സമയം നോക്കി സകലമാന സാധനങ്ങള്‍ക്കും വില കൂട്ടിയിരിക്കുന്നു...വെളുത്തുള്ളിയും സവാളയുമെല്ലാം കണ്ണാടി കൂട്ടിനുള്ളില്‍ വൃത്തിയോടെ സൂക്ഷിച്ചിരുന്ന ആ ശരാശരി വെജിറ്റബിള്‍ സെല്ലറോട് എനിക്ക് തോന്നിയ ആദ്യാനുരാഗം ഞൊടിയിടയില്‍ പകയായി മാറി. സ്വന്തം നാടിനോടുള്ള ആത്മരോഷം കൊണ്ട് എന്റെ കണ്ണുകള്‍ ചുവന്നു..
"സാധനങ്ങള്‍ ഇങ്ങനെ വൃത്തിക്കും വെടിപ്പിനും കണ്ണാടി കൂട്ടിനുള്ളില്‍ വെച്ചിരിക്കുന്നു എന്ന് കരുതി തനിക്ക് തോന്നിയ പോലെ വില മേടിക്കാന്‍ ആര് തന്നു ലൈസെന്‍സ് " ??
"എന്ത് വൃത്തി ? എന്ത് വെടിപ്പ്? ഇത് അഖിലേന്ത്യാ തലത്തിലുള്ള വില വര്‍ധനയാണ് "..പിന്നെ കണ്ണാടികൂട് - വെളുത്തുള്ളിയുടെയും സവാളയുടെയും തൊലി പറന്നു പോയി എനിക്ക് കാപിറ്റല്‍ നഷ്ടം വന്നാല്‍ താന്‍ നികത്തുമോ ആ നഷ്ടം? ഒരു എക്കണോമിസ്റ്റിന്റെ വാക്ക്ചാതുര്യത്തോടെയുള്ള അയാളുടെ മറുപടിയില്‍ എനിക്ക് കാര്യങ്ങള്‍ കുറേശെ ബോധ്യമായി.
"ഇനി എപ്പോള്‍ കുറയും ഇതിന്റെ ഒക്കെ മുടിഞ്ഞ വില?" ഇത്തവണ എന്റെ ശബ്ദം അല്പം താഴ്ന്നിരുന്നു..അതിന് കുറെ സമയം എടുക്കും.. ജനിതക വഴുതനങ്ങ വരാന്‍ പോകുന്നു..രണ്ടാം ഘട്ടത്തില്‍ ജനിതക സവോളയും മറ്റും വരും..അപ്പോള്‍ പ്രതീക്ഷിക്കാം.. അയാളുടെ വിശദീകരണം എനിക്ക് തൃപ്തിയായില്ല . അല്ലെങ്കില്‍ ജനിതക വിത്തുകളെ അവഗണിച്ച് കളഞ്ഞത്, അതിനെ പറ്റി കൂടുതല്‍ അറിയാതിരുന്നത് അയാള്‍ക്ക് മറുപടി പറയാനുള്ള എന്റെ ആത്മവിശ്വാസത്തെ തളര്‍ത്തി കളഞ്ഞു.
കുബൂസും ലെബാനും കഴിച്ചു മിച്ചം പിടിച്ച കാശ് ഇവിടെ രണ്ടാഴ്ച മാന്യമായി പച്ചക്കറി തിന്നാന്‍ പോലും തികയില്ല എന്ന സത്യം എന്നെ ഭ്രാന്ത് പിടിപ്പിച്ചു...ഇങ്ങനെ പോയാല്‍ രണ്ടറ്റം കൂട്ടി മുട്ടിക്കാന്‍ പാട് പെടുന്ന ശരാശരി മലയാളി എങ്ങനെ കഞ്ഞി കുടിക്കും? എല്ലാവരും നാട്ടുകൂട്ടത്തില്‍ വിധി പറയുന്നവരുടെ മക്കളും മരുമക്കളുമല്ലല്ലോ ? നേരെ വീട്ടിലേക്കോടി...എന്നെ രാവിലെ ഇതിന് പറഞ്ഞു വിട്ട് ഫോര്‍ പീപ്പിള്‍സിന്റെ മുമ്പില്‍ നാണം കെടുത്തിയ ഭാര്യ അടുക്കളയില്‍ കത്തിയുമായി എന്തോ പണിയിലാണ് ..ആ കത്തി പിടിച്ചു വാങ്ങി ഞാന്‍ പുറത്തേക്കോടി..ആരേം ഒന്നും ചെയ്യല്ലേ എന്ന് കരഞ്ഞു ഭാര്യ പുറകെയും...പുറത്തേക്കിറങ്ങി...
53 comments:
ഇത് ഗംഭീരം ...
" കുബൂസും ലെബാനും കഴിച്ചു മിച്ചം പിടിച്ച കാശ് ഇവിടെ രണ്ടാഴ്ച മാന്യമായി പച്ചക്കറി തിന്നാന്‍ പോലും തികയില്ല എന്ന സത്യം എന്നെ ഭ്രാന്ത് പിടിപ്പിച്ചു... "
ഇത് കലക്കി
ഹാഷിക്ക്,
ഒരു സ്വകാര്യം പറയാം.കുബൂസും ലെബാനും പോലും, ഞങ്ങള്‍ക്കിവിടെ കേരളത്തില്‍ കിട്ടുന്നില്ല.
ഒരു ചെകുത്താന്, വിശന്നിട്ട് ഇരുന്നു കരയുന്നു.
മറ്റൊരു ചെകുത്താന്,അവന്റെ കണ്ണു നീര് തൊട്ടു നക്കുന്നു. അല്ലാതെന്തു പറയാന്‍!
നാട്ടിലേക്ക് വരുന്നതിനു മുന്‍പ് ഒരു മെയില്‍ അയച്ചാല്‍,
പച്ചക്കറി കളുടെ വില നിലവാരം ഞാന്‍ അങ്ങോട്ടു ഈ മെയില്‍ ആയിട്ട് അയക്കാം.
സംഗതി എന്തായാലും അവതരണം കലക്കി ട്ടോ!
ഇതിനിടക്ക് എന്തിനാ നാട്ടുകൂട്ടത്തില്‍ വിധി പറയുന്നവരെയും മരുമക്കളെയും പിടിച്ചിട്ടേ? ആരെയും സമാധാനമായി കക്കാനും സമ്മതിക്കില്ലേ?
ഇത്ര വേഗം തിരിച്ചു വന്നോ? പെട്ടെന്ന് പറഞ്ഞു തീര്‍ത്ത പോലെ..എങ്കിലും ആര്‍ക്കിട്ടെങ്കിലും കുത്തിയിട്ട് പോകുന്ന സ്ഥിരം പതിവ് ഇഷ്ടപ്പെട്ടു...
valare nannayi ezhuthi.... aashamsakal....
യഥാര്ഥ്തം!
നന്നായി എഴുതി
എല്ലാ ആശംസകളും!
ചിന്തിപ്പിക്കുന്ന, നര്‍മത്തില്‍ പൊതിഞ്ഞ പോസ്റ്റ്....ആനുകാലിക സംഭവങ്ങള്‍ ഓരോന്നായി കോര്‍ത്തിണക്കി നന്നായി അവതരിപ്പിച്ചിരിക്കുന്നു....
അഭിനന്ദനങ്ങള്‍ ഹാഷിക്ക്....
ഹെയര്‍ ക്രീമും പച്ച വെളിച്ചെണ്ണയും തിരിച്ചു അറിയാത്ത
വെറും പച്ച, പച്ചക്കറി കടക്കാരന്റെ ജനിതക ശാസ്ത്രത്തിന്റെയും
ധനതത്വ ശാസ്ത്രത്തിന്റെയും മുന്നില്‍ തല കുനിച്ചു നില്കുന്ന
പാവം പ്രവാസി.
നര്‍മത്തിന്റെ മര്‍മം മാത്രം ചേര്‍ത്തു അതിപ്രസരം
ഇല്ലാതെ നല്ല തീഷ്ണമായ വരികളില്‍ പറഞ്ഞിരിക്കുന്ന പ്രമേയം വളരെ
ഗൌരവം ഏറിയ സാമൂഹ്യ അവസ്ഥയിലേക്ക് കൂടി വിരല്‍ ചൂണ്ടുന്നു.
കത്തിയുമായി തികഞ്ഞ ക്രൌര്യത്തോടെ ഉള്ള പോക്കും, അരിഞ്ഞിടുന്ന സ്വന്തം
പുരയിടത്തിലെ വിളകളും climaxinte ഭംഗി കൂടുതല്‍ മികവുറ്റത് ആകി.
അഭിനന്ദനങ്ങള്‍ hashiq.
mothathil kalakki! climax super!
ഹാഷിക്കെ, നാട്ടില്‍ പോയി വന്നാല്‍ ഇമ്മാതിരി കിടിലന്‍ സാധനങ്ങള്‍ റെഡിയായുണ്ടാവുമെന്നു എനിക്കറിയാമായിരുന്നു. അതുകൊണ്ടല്ലേ ഞാന്‍ ചോദിച്ചത്. പക്ഷെ ഇത് വിചാരിച്ചതിനെയും കടത്തി വെട്ടി.
ഏതായാലും നാടിന്റെ ഗൃഹാതുരത്വം എന്നൊക്കെ പറഞ്ഞു എഴുതുന്ന ബ്ലോഗന്മാര് (ഞാന്‍ അടക്കം) ഇനി ചുപ് രഹോ.
നല്ലൊരു പ്രതികരണം നന്നായി അവതരിപ്പിച്ച് ഈ ‘നീതി സ്റ്റോർ’ നീതി പുലർത്തി ഹാഷിക് നാട്ടിലുള്ള ഭൂലോകരുടേയും,ബുലോഗത്തിന്റെയും കൈയ്യടി വാങ്ങിച്ചു...കേട്ടൊ
സബോള ഉല്പാദിപ്പിക്കാത്ത ഈ ബിലാത്തിയിൽ പോലും 5 കിലോ സബോള ബാഗിന് 85 രൂപയേയുള്ളൂ...!
പിന്നെ ഹാഷിക്കിനും കുടുംബത്തിനും അതിമനോഹരവും,
സന്തോഷപ്രദവുമായ പുതുവത്സര ആശംസകളും ഒപ്പം
ഐശ്വര്യപൂർണ്ണമായ നവവത്സര ഭാവുകങ്ങളും നേർന്നുകൊള്ളുന്നൂ....
സസ്നേഹം,
മുരളീമുകുന്ദൻ
തീപ്പിടിച്ച വിലക്കയറ്റം, എഴുത്ത് നന്നായി.
അപ്പൊ ഇത്ര വേഗം ലീവ് തീര്‍ന്ന് മടങ്ങിയോ?
നാട്ടിലിപ്പോ ഉള്ളിച്ചാക്കിനാ പോലീസ് എസ്കോര്‍ട്ട്!!അല്ലാതെ എസ് ബി റ്റിയുടേ കാഷ് വാനിനല്ല.പിന്നെ നാട്ടില്‍ വന്നിട്ട് ഉള്ളി മാത്രേ വാങ്ങാന്‍ പോയ്യുള്ളൂ..?തേങ്ങ ഇടുന്നവനെ തിരഞ്ഞ് പോയില്ലേ..?അവനാ ഇപ്പോ നാട്ടിലെ സൂപ്പര്‍സ്റ്റാര്‍.
വളരെ നന്നായിട്ടുണ്ട്...ആശംസകള്‍..
തനിയെ മുളച്ചുണ്ടാവുന്ന തവരയുടെ ഇല വീണ്ടും അടുക്കളയിലെ കറി പാത്രത്തില്‍ എത്തുന്ന അവ്സ്ഥയിലാണ് നാട്.. അതിനു കണ്ട സ്ഥലങ്ങളെല്ലാം കോണ്‍ഗ്രീറ്റ് കെട്ടിടങ്ങള്‍ വന്നതുകൊണ്ട് തവരയും കിട്ടാനില്ല അല്ലെ... .
വളരേ രസകരമായ എഴുത്തിലൂടെ നമ്മുടെ പ്രത്യേകിച്ചു ഉണക്കഖുബ്ബൂസും ലബനും കഴിച്ച് മിച്ചം വെച്ച കാശുകൊണ്ട് നാട്ടില്‍ ചെല്ലുന്ന പാവം “പ്രയാസി”യുടെ വേദന വരച്ചു കാട്ടി...
നല്ല പോസ്റ്റ്
ഹാഷിക്കെ, കാലത്ത് തന്നെ ആദ്യം കയറി പറ്റിയത് നിന്റെ പോസ്റ്റിലാ. സവാളയുടെ വില പോലെ നല്ല കനത്തില്‍ ഹാസ്യം നിറഞ്ഞു നില്ക്കുന്ന പോസ്റ്റ്. ആ കത്തിയുമായുള്ള അവസാനത്തെ ഓട്ടവും കെട്ട്യോളുടെ കമ്മന്റും എല്ലാം കൂടി നല്ല രസകരമായി പറഞ്ഞുതീര്‍ത്തു. ഇനിയും കാണും നാടന്‍ കാഴ്ചകള്‍ പറയാന്‍ . അതും പോന്നോട്ടെ.
ആശംസകള്‍
ഇപ്പൊ ഗള്‍ഫിലാ താരതമ്യേന വിലക്കുറവ് . അതിന്നാല്‍ എങ്ങനെ എങ്കിലും നാട്ടില്‍ ഉള്ളതെല്ലാം വിറ്റുപെറുക്കി ഇവിടെ കുടുംബസമേതം കഴിയാന്‍ പറ്റുമോന്നു നോക്കാം.
(വളരെ നന്നായി ആശയം പ്രകടിപ്പിച്ചു. കൊള്ളേണ്ടിടത് തന്നെ കൊണ്ടു.സ്വന്തം തൊടിയില്‍ ചീരയും വാഴക്കൂമ്പും ചേമ്പും ഉണ്ടായിട്ടുപോലും , തമിഴന്റെ രാസവളവും കീടനാശിനിയും തിന്നാലെ നമുക്ക് ഏമ്പക്കം വിടാനോക്കൂ...)
അഭിനന്ദനങ്ങള്‍
ഫൈസൂ- ആദ്യ വെടി പൊട്ടിച്ചു അല്ലെ?
നൌഷൂ- താങ്ക്സ്..
അപ്പച്ചന്...നന്ദി കേട്ടോ, ഇപ്പോള്‍ അച്ചായന്റെ മീശ കണ്ടാല്‍ പറയില്ലകുബൂസിനു ദാരിദ്ര്യം നേരിടുന്ന ആളാണ് എന്ന്.
ജയേഷ്, ലിജു, ജയരാജ്, മുഹമ്മദ് കുഞ്ഞി, അഭിപ്രായങ്ങള്‍ക്ക് നന്ദി........
ചാണ്ടിക്കുഞ്ഞ്...ആദ്യമായി വന്നതിനും അഭിപ്രായത്തിനും നന്ദി........
സെഫീര്‍ സിയാ...താങ്ക്സ്
കൊള്ളാം...മക്കളെയും മരുമക്കളെയുമെല്ലാം പറയാതെ തന്നെ മനസിലായി.............നന്നായിട്ടുണ്ട് ....
കാശ് ഉള്ളവന് വായ നിറച്ചു കഴിക്കാം...അല്ലാത്തവന് വായും പൊളിച്ചു ഇരിക്കാം...
Super !!!
നമ്മുടെ ചുറ്റുവട്ടത്ത് എന്താണുള്ളത്? എല്ലാം വേളിയിൽനിന്നും കൊണ്ട് വരണം.
ചേമ്പും വാഴകൂമ്പും ഒന്നും കിട്ടാനില്ല . അത് കൊണ്ട് ഞങ്ങൾ നീതി സ്റ്റോറിൽ എന്തെങ്കിലും പുഴുത്തത് ഉണ്ടോ എന്ന് ചികയുന്നു.
അവതരണം അസ്സലായി.
ആശംസകൾ……………
ഹ ഹ ഹ...
ഞാനന്നേ പറഞ്ഞില്ലേ?
ദേ ആ മുരളീ മുകുന്ദന് പറഞ്ഞത് 100 ശതമാനവും സത്യമാണു കേട്ടോ..അതുകൊണ്ട് അങ്ങോട്ടു കുടിയേറിയാലോ എന്നാണു ഞങ്ങളുടെ ആലോചന..അല്ലാതെ കേറളത്തില്ജീവിയ്ക്കാന്ഒരു നിവര്ത്തിയുമില്ലേ....
എന്തായാലും ഈനര്മ്മം നന്നായി.ിപ്പോഴത്തെ കാലാവസ്ഥയ്ക്ക് യോജിച്ചതാണെ
ആ നല്ലകാലം ഇനി ഓർമകൾ മാത്രം...കാര്‍ഷിക മേഖലയില്‍ സ്വയംപര്യാപ്തത നഷ്ട്ടപ്പെട്ട ഒരു സംസ്ഥാനം ഇതിനും അപ്പുറം കാണേണ്ടിയും അനുഭവിക്കെണ്ടിയും വരും ...
നവീന ലോകത്തെ ലക്കും ലഗാനുമില്ലാത്ത ‘വികസനത്തില്‍’ ഏറ്റവുമധികം നശിച്ചത് നമ്മുടെ പാടങ്ങളാണ്. വയലുകള്‍ നമുക്ക് ഒരുകാലത്ത് നാമമാത്രമായെങ്കിലും ഭഷ്യസുരക്ഷ തന്നിരുന്നുവെന്നു മാത്രമല്ല, കേരളത്തിന്റെ വാട്ടര്‍ ഷെഡുകളുമായിരുന്നു നമ്മുടെ പാടങ്ങള്‍. ഇന്ന് അവ ഏറെക്കുറെ അപ്രത്യക്ഷമായിരിക്കുന്നു.
ഇനി, താങ്കള്‍ സൂചിപ്പിച്ച ബിടി വഴുതനയും സവാളയും... ബയോ ടെക്നോളജി എന്ന ശാസ്ത്ര ശാഖയെ നിരാകരിക്കുകയല്ലാ.. എന്നാല്‍, അത് അന്തകവിത്തെന്ന വിനാഷത്തെ പ്രോത്സാഹിപ്പിക്കുന്നതിന് കാരണമാകരുത്.
ഈ എഴുത്തില്‍ നര്‍മ്മത്തിലൂടെ കൈകാര്യം ചെയ്യപ്പെട്ട വിഷയങ്ങള്‍ അതീവ ഗൗരവമര്‍ഹിക്കുന്ന വര്‍ത്തമാന കാഴ്ചകള്‍ തന്നെ..!!
ha ha! kidu!
athile oru comedy copy aa.. ;-)
superb avatharanam.. enikkishtaayi!
സമകാലിക കേരളീയന്റെ ജീവിതാനുഭവങ്ങളുടെ നേര്കാഴ്ചകള്..ചിരിക്കുമ്പോഴും കരയുന്ന അല്ലെങ്കില്‍ കരയാന്‍ പോകുന്ന പാവം കേരളീയന്റെ വ്യഥകള്‍..ഫലിതം നന്നായി..നിലപാടും...
കാലോചിതമായ പോസ്റ്റ് , മികച്ച അവതരണം
സമകാലിക കേരളീയന്റെ ദൈന്യം ദിന പ്രശ്നങ്ങള്‍ക്ക് മേലുള്ള ഒരു കണ്ണ് തുരപ്പിക്കള് മാത്രമല്ല
ഒരു ശരാശരി ഗള്‍ഫുകാരന്റെ ഊതി വീര്‍പ്പിച്ച പത്രാസിന്റെ മുഖം മൂടി കൂടി ഇതില്‍ അഴിഞ്ഞു വീഴുന്നു
അഭിനന്ദനങ്ങള്‍ ആശിക്
വളരെ നന്നായി എഴുതി...രാഷ്ട്രീയ ചര്‍ച്ചകളില്‍ ഊറ്റം കൊള്ളുന്ന നാം മല്ലൂസിന്..ഈ അടിയന്തിര കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ നേരമില്ല ..
ഹാഷിക്ക്, ആദ്യമായിട്ട് എത്തിയതാ.. നര്‍മ്മത്തില്‍ പൊതിഞ്ഞ ചിന്താര്‍ഹാമായ ഒരു പോസ്റ്റ് വായിച്ചു പോകുന്നു. ഇനിയും വരാം. ആശംസകള്‍.
nte pahayaa ijj oru onn onnara thanaaaa
"ഒരു കിലോ സവാള, ഒരു കിലോ തക്കാളി, ഒരു കിലോ ബീന്‍സ്, അര കിലോ വെളുത്തുള്ളി"!!!!.... ഞൊടിയിടയില്‍ അവിടമാകെ ഒരു നിശബ്ദത..കഥാപ്രസംഗത്തിനിടക്ക് സിംബല്‍ അടിച്ച് കഴിഞ്ഞുള്ള രണ്ടു സെക്കന്റ് പോലെ....കിരീടത്തില്‍ കീരിക്കാടന്‍ ജോസിനെ കാണിക്കുമ്പോള്‍ ബാക്ക് ഗ്രൌണ്ട് മ്യൂസിക് നിലച്ചത് പോലെ.
കൊല്ല് എന്നെ കൊല്ല്
ഹോ പണ്ടാര കാച്ചാ ഗഡിയെ
"ഒരു കിലോ സവാള, ഒരു കിലോ തക്കാളി, ഒരു കിലോ ബീന്‍സ്, അര കിലോ വെളുത്തുള്ളി"!!!!.... ഞൊടിയിടയില്‍ അവിടമാകെ ഒരു നിശബ്ദത..കഥാപ്രസംഗത്തിനിടക്ക് സിംബല്‍ അടിച്ച് കഴിഞ്ഞുള്ള രണ്ടു സെക്കന്റ് പോലെ....കിരീടത്തില്‍ കീരിക്കാടന്‍ ജോസിനെ കാണിക്കുമ്പോള്‍ ബാക്ക് ഗ്രൌണ്ട് മ്യൂസിക് നിലച്ചത് പോലെ...
അങ്ങനെ വഴിക്ക് വാ. മലയാളി സ്വന്തം വീട്ടൂപുരയിടത്തിൽ നയിച്ചുണ്ടാക്കട്ടെ. വിഷം വാങ്ങിത്തിന്നാതെ. അതെങ്ങനാ, കൂട്ടിക്കൊടുപ്പുകാരന്റെയും ക്വട്ടേഷൻസംഘാംഗത്തിന്റെയും പെണ്ണുപിടിയന്മാരുടെയും വായിനോക്കികളുടെയും പോക്കറ്റടീക്കാരന്റെയുമൊക്കെ സ്റ്റാറ്റസ് നാം കൃഷിക്കാരനു കല്പിച്ചു നൾകിയിട്ടില്ലല്ലോ. കുനിഞ്ഞ് കുപ്പയെടുത്താൽ വീണുപോവുന്നതല്ലെ നാം വളർത്തിയെടുത്ത ഊതിവീർപ്പിച്ച പിണ്ണാക്ക് വ്യക്തിത്വം. എഴുത്ത് നന്നായി. പറയാനുള്ളത് പറഞ്ഞു.
നല്ല തമാശ..വല്ല്യുള്ളി തമാശ!!
വായിച്ചു ചിരിച്ചു.
ഒരു കിലോ ഉള്ളി തികച്ചു വാങ്ങുന്നവരുടെ പിറകില്‍ പിരിവു കാരുടെ നീണ്ട നിരയായിരുന്നത്രേ..(തമാശപറഞ്ഞുനോക്കിയതാണ്.)
ഇപ്പൊ കിലോക്ക് നാല്പതാണ് ട്ടോ..
ഇനി അറിഞ്ഞില്ലാന്നു വേണ്ട.
ഇത് വായിച്ചപ്പോള്‍ അറബിക്കഥയില്‍ ശ്രീനിവാസന് കുബ്ബൂസ് കഴിക്കുമ്പോള്‍ സുരാജ് വെഞ്ഞാരയോടു പറയുന്ന ഇതിലേക്ക് ഇച്ചിരി മുളകും ഉള്ളിയും കൂടെ ഉണ്ടായിരുന്നെങ്ങില്‍ കഴിക്കാന്‍ ഒരു ടേസ്റ്റ് ഉണ്ടായിരുന്നു എന്ന് പറയുന്ന ഡയലോഗ് ഓര്‍ത്തു പോയി..
x pravasiniyude ബ്ലോഗില്‍ ഹാഷിക്കിനോടുള്ള ഒരു ചോദ്യം ഞാന്‍ ചോദിച്ചിരുന്നു. കണ്ടോ ആവൊ
ഈ അടുത്ത് ഈ മെയിലിലൂടെ പറന്നിരുന്ന തമാശയാണ് ഇന്ത്യയിലെ ഏറ്റവും വലിയ സമ്പന്നന് എന്ന തലക്കെട്ടില്‍ ഒരു കൂട്ടം ഉള്ളിചാക്കിന്റെ അടുത്ത് ഇരിക്കുന്ന ഒരു തൊഴിലാളി ...
ഇന്ന് സവാള മുറിച്ചാല്‍ മാത്രമല്ല ,, വാങ്ങിയാലും കണ്ണീരു തന്നെ അല്ലെ ഹാഷിക്ക്..
മനോഹരം.
ഹാഷിക് ..ഞാന്‍ രണ്ടു തവണ നാട്ടില്‍ പോയി വന്നത് കൊണ്ട് വിലക്കയറ്റത്തിന്റെ വിലക്കയറ്റം നേരത്തെ അറിഞ്ഞിരുന്നു !! അത് കൊണ്ട് ലുങ്കി മുണ്ടും ഉടുത്തും വള്ളി ചെരുപ്പിട്ടും പച്ചപ്പാവത്തെ പോലെ കാല്‍കിലോ തക്കാളി ,നൂറു സവാള എന്നൊക്കെ പറഞ്ഞു പതുങ്ങിയാ പച്ചക്കറിക്കടയില്‍ നിന്നത് ..അത് കൊണ്ട് കടക്കാരന്റെ ചീത്ത കിട്ടിയില്ല!!
കേരളത്തിലെ അവസ്ഥ ഈ ലേഖനം നന്നായി പ്രതിഫലിപ്പിച്ചു ..
കമന്റടി മോഡറേറ്റര്‍... അവിടെ ചോദിച്ച ചോദ്യം ഞാന്‍ കണ്ടു.വായിച്ചു കേട്ട അറിവെ എനിക്കും ആ കാര്യത്തില്‍ ഉള്ളൂ..
നന്ദി ഷുക്കൂര്‍.....
രേമേഷേട്ടന്‍ ....തിരികെ എത്തിയോ?
ആ ബാക്കി വെച്ചോലാന് പറഞ്ഞ സീന്‍ അടിപൊളി മാഷെ !പിന്നെ വാഴേടെ ചുണ്ട് നല്ലതാ കേട്ടോ..ലുലുവിലൊക്കെ അത് വില്ക്കാന് വെചെക്കുന്ന കാണാം!
നന്നായി എഴുതി കേട്ടോ..വീണ്ടും വരാം!
കുബൂസും ലെബാനും കഴിച്ചു മിച്ചം പിടിച്ച കാശ് ഇവിടെ രണ്ടാഴ്ച മാന്യമായി പച്ചക്കറി തിന്നാന്‍ പോലും തികയില്ല എന്ന സത്യം എന്നെ ഭ്രാന്ത് പിടിപ്പിച്ചു...
ചിരിപ്പിച്ചു.
സത്യം പറയട്ടെ, ആ പച്ചക്കറിക്കടയില്‍ ഞാന്‍ തന്നെയായിരുന്നു എന്ന് തോന്നിപ്പോയി - അതുകൊണ്ടുതന്നെ ആ വിസ്തരിച്ചുള്ള ചമ്മല് നല്ലോണം അനുഭവപ്പെട്ടു. എനിക്കും നാട്ടില്‍ ചെല്ലുമ്പോള്‍ ഈ പറഞ്ഞ "ബാക്കി കൈയില്‍ വെച്ചോ!" എന്ന ഭാവം (അഹങ്കാരം) പതിവുള്ളതാണ്. മതി. ഇതോടുകൂടി ആ ഏര്‍പ്പാട് നിര്‍ത്തി.
ഒറ്റ വാക്കില്‍ പറഞ്ഞാല്‍ ഗംഭീരം...അതിശയോക്തി കലര്ത്തആതെ സട്ടയരിക് ആയി കാര്യങ്ങള്‍ പറഞ്ഞിക്കുന്നു.പുതിയ ബ്ലോഗൂട്ടുകാരനെ കിട്ടിയതില്‍ സന്തോഷം
ശ്ശോ വായിച്ചില്ലേല്‍ നഷ്ടമായേനേ.. കൊള്ളാംട്ടോ
തൊടിയിലും പറമ്പിലും കിട്ടുന്ന ഒഴിവുസമയത്ത് വല്ല ചേമ്പും ചേനയും വെച്ച് പിടിപ്പിച്ചാല്‍ സ്വല്പം ശുദ്ധമായ കറിക്കൂട്ടിനു കടകളില്‍ കടിപിടി കൂടേണ്ടി വരില്ലെന്ന് ഞാന്‍ എന്റെ ബീടരോട് പറയാറുണ്ട്. തക്കാളി, പാവയ്ക്ക, ചീര, മുരിങ്ങ, പച്ചമുളക്, പപ്പായ തുടങ്ങി നമ്മുടെ തൊടിയില്‍ വിളയാത്തതെന്തുണ്ട്? വെറുതെ കണ്ണീര് സീരിയലുകള്‍ക്ക് മുമ്പില്‍ ചടഞ്ഞിരിക്കാതെ ഇതിനൊക്കെ കുറച്ചു സമയം നീക്കിവെച്ചാല്‍ ബീടര്മാരുടെ ആരോഗ്യവും നമ്മുടെ കീശയും ചോരാതെ നോക്കാം. :)
പച്ചക്കറിയില്ലാതേം ജീവിക്കാമോന്ന് ഒന്ന് നോക്കട്ടെ.
ഹഹ..
ഗൗരവമുള്ള ഈ വിഷയം എത്ര ലളിതമായും രസകരമായും അവതരിപ്പിച്ചിരിക്കുന്നു.!!
അഭിനന്ദനങ്ങള്‍ ...
ഉള്ള പറമ്പില്‍ അത്യാവശ്യം പച്ചക്കറികള്‍ നട്ടു വളര്‍ത്തിയാല്‍ കൊള്ളവില കൊടുത്തു വിഷം വാങ്ങി കഴിക്കാതെ പോക്കറ്റും,ആരോഗ്യവും ചോരാതെ സൂക്ഷിക്കാം എന്നു നമ്മള് മലയാളികള്‍ തിരിച്ചറിയേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.അല്ലെ?
ആദ്യമായാണ് ഇവിടെ...
ഇനിയും വരാം..:)
ഇത്രയും ദിവസമായിട്ടും ഈ പോസ്റ്റ് എന്തേ എന്റെ കണ്ണില്‍ പെട്ടില്ല. രമേശ് ഭയിയുടെ പോസ്റ്റിലൂടെയാണ് ഇത്തിലെത്തിയത്.
രസകരമായി, അതിലുപരി തീഷ്ണമായി പറഞ്ഞു.
അഭിനന്ദനങ്ങള്‍.
നല്ല ഒന്നാംതരം പോസ്റ്റ്.. ക്ലൈമാക്സ് അത്യുഗ്രൻ.. ഞാൻ ആദ്യമായാണ് ഹാഷിക്കിന്റെ പോസ്റ്റ് വായിക്കുന്നതും കമെന്റ് എഴുതുന്നതും. വെളുത്തുള്ളിയുടെയും സവാളയുടെയും തൊലി പറന്നു പോയി എനിക്ക് കാപിറ്റല്‍ നഷ്ടം വന്നാല്‍ താന്‍ നികത്തുമോ ആ നഷ്ടം? ഈ ഒരു ഡയലോഗ് നന്നായിട്ടുണ്ട്. അഭിനന്ദനങ്ങൾ..
Post a Comment
hashiq.ah@gmail.com