വീണ്ടും ഒരു അവധിക്കാലം. കുബൂസിന്റെയും ചുട്ട കോഴിയുടെയും ഇടയില്‍നിന്നും, എത്ര ചീത്ത കേട്ടാലും നാണമില്ലാതെ എന്നും വെളുപ്പാന്‍ കാലത്ത് കുലുക്കി വിളിക്കുന്ന, താളബോധമില്ലാത്ത മൊബൈല്‍ അലാറത്തിന്റെ ചെവി തുളക്കുന്ന ശബ്ദത്തില്‍ നിന്നും, മണല്‍ക്കാറ്റിന്റെയും വെള്ളിയാഴ്ച ഉറക്കത്തിന്റെയും ഇടയില്‍ നിന്ന് -- ഒരു ചെറിയ ഇടവേള!!.
ഇവിടെ വന്ന അന്ന് മുതല്‍ നാട്ടിലേക്കു പോകാന്‍ അവസരം കിട്ടുന്ന ഓരോ അവധിക്കാലവും പണ്ടത്തെ മധ്യവേനലവധി പോലെയാണ് . അവസാന പരീക്ഷയും കഴിഞ്ഞ് വീട്ടിലെത്തി സ്കൂള്‍ബാഗ് ഒരു മൂലയിലേക്കെറിഞ്ഞ് , പുറത്തേക്കു കുതിക്കാന്‍ വെമ്പുന്ന പഴയ സ്കൂള്‍ വിദ്യാര്‍ഥിയുടെ അതേ മാനസികാവസ്ഥ. ഇനി എത്ര തവണ പോയാലും അതിനൊരു മാറ്റമുണ്ടാകുമെന്ന് തോന്നുന്നുമില്ല.
നാട്ടിലേക്ക് പോകാനുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് കഴിഞ്ഞാല്‍ പിന്നെ മനസ് തറയിലിട്ട റബ്ബര്‍ പന്ത് പോലെയാണ്. അങ്ങനെ തെന്നി തെറിച്ചുകൊണ്ടിരിക്കും. തിരികെ വരാന്‍ സമയമാകുമ്പോള്‍ അത് പൊറോട്ടക്ക് കുഴച്ച് വെച്ച മൈദ മാവ് പോലെയാകും. വലിച്ചു പറിച്ചെടുക്കാന്‍ ശ്രമിച്ചാലും പറിഞ്ഞു വരാതെ ഒട്ടിയിരിക്കുന്ന അവസ്ഥ.അവസാനം ഒരു വിധം ഇവടെ തിരികെ എത്തിപ്പെട്ടാലോ ...വഴിയരികിലെ ചുവരുകളില്‍ പതിക്കുന്ന സിനിമ പോസ്റ്ററിന്റെ പകുതി ഏതെങ്കിലുമൊക്കെ ആട് വന്നു തിന്ന്, ബാക്കി കീറിപറിഞ്ഞ്, ഒട്ടിപിടിച്ചു അവിടെ തന്നെ ഇരിക്കുന്നത് കണ്ടിട്ടില്ലേ...?എന്ന് പറഞ്ഞപോലെ പകുതി നാട്ടില്‍ തന്നെയായിരിക്കും...ബാക്കി പകുതി ആടിന്റെ വയറ്റിലായ പോസ്റ്റര്‍ പോലെ നമ്മുടെ കൂടെ ഇങ്ങു പോരും!!.
ഇതെന്റെ മാത്രം അവസ്ഥയാണെന്ന് തോന്നുന്നില്ല. നാട്ടില്‍ നിന്നും അകന്ന്, പ്രവാസ ജീവിതം സ്വയം വിധിച്ച ശിക്ഷയായി ഏറ്റുവാങ്ങി, നാടിന്‍റെ പച്ചപ്പും ബന്ധങ്ങളുടെ ഊഷ്മളതയും മനസ്സില്‍ സൂക്ഷിക്കുന്ന നല്ലൊരു ശതമാനം പ്രവാസി മലയാളികളുടെയും അവസ്ഥ. വിമാനം നെടുമ്പാശ്ശേരിക്ക് മുകളിലെത്തി, നിലം തൊടാനുള്ള വ്യഗ്രതയില്‍ ചെരിഞ്ഞും തിരിഞ്ഞും വലം വെച്ച് പറക്കുമ്പോള്‍, കിളി വാതില്‍ പോലെയുള്ള ജാലകത്തില്‍ കൂടി വെളിയിലേക്ക് ആര്‍ത്തിയോടെ നോക്കുന്നവരെ കാണാം. കണ്ണെത്തുന്ന ദൂരത്തോളം തലയുയര്‍ത്തി നിക്കുന്ന തെങ്ങിന്‍തലപ്പുകളും കാലടി പട്ടണത്തിന്റെ ഒരു വശത്ത്കൂടി, വളഞ്ഞ് പുളഞ്ഞ് നിശ്ചലമായതുപോലെ കിടക്കുന്ന പെരിയാറും കാണുമ്പോള്‍ ഉള്ളിന്റെ ഉള്ളിലെങ്കിലും ഒരു ചെറു ചിരി വരാത്ത എത്ര പേരുണ്ടാകും? താഴെ കാണുന്നത് നമ്മുടെ സ്വന്തം കേരളമാണ്. ചെക്ക് പോയിന്റുകളില്‍ തിരിച്ചറിയല്‍ രേഖകള്‍ ആവശ്യമില്ലാത്ത, കുടി വെള്ളത്തിന് കാശ് കൊടുക്കണ്ടാത്ത, (കൊച്ചീല് കൊടുക്കേണ്ടി വരും.. കാഞ്ഞിരപ്പള്ളീല്‍ അതിന്റെ ആവശ്യമില്ല) കൈലി മുണ്ട് മടക്കി കുത്തി റോഡിലൂടെ ഞെളിഞ്ഞ് നടക്കാന്‍ സ്വാതന്ത്ര്യമുള്ള, സൌദിയേക്കാള്‍ രണ്ടര മണിക്കൂര്‍ മുമ്പേ കുതിക്കുന്ന നമ്മുടെ സ്വന്തം നാട്. കേന്ദ്ര നിയമ മന്ത്രിയുടെ വാക്കുകള്‍ മുഖവിലക്കെടുക്കാമെങ്കില്‍, ചൂണ്ടു വിരലില്‍ മഷി പുരട്ടി , സ്കൂളുകളുടെ മുമ്പില്‍ വരിയായി നിന്ന്, ഇനി വരാന്‍ പോകുന്ന തിരഞ്ഞെടുപ്പ് മാമാങ്കങ്ങളില്‍ പ്രവാസികളായ നമുക്കും പങ്കാളികളാകാന്‍ പറ്റുന്ന, ഇന്ത്യ മഹാരാജ്യത്തിലെ തെക്കേ കോണില് 38863 ചതുരശ്രകിലോമീറ്റെര്‍ ചുറ്റളവില്‍ സഹ്യപര്‍വതത്തിനും അറബിക്കടലിനും ഇടക്ക് തിങ്ങി ഞെരുങ്ങി 'വികസിക്കാന്‍' കഴിയാതെ നെടുവീര്‍പ്പുകളുമായി കഴിയുന്ന ദൈവത്തിന്റെ സ്വന്തം നാട്.
പറഞ്ഞ് പറഞ്ഞ് കാടു കയറിയല്ലേ?...
എല്ലാതവണയും പോകുമ്പോള്‍ ചിന്തിക്കുന്നത് പോലെ ഇത്തവണയും ഒരുപാട് പദ്ധതികള്‍ മനസിലുണ്ട്.
'എല്‍ ഐ സി എജെന്റ് വരുമ്പോള്‍ യൂണിറ്റ് ലിങ്ക്ഡ് ഇന്‍ഷുറന്‍സ് പോളിസികളെക്കുറിച്ച് വാചാലമാകണം! . ഓഹരി വിപണിയിലെ നിക്ഷേപ സാധ്യതകളെക്കുറിച്ച് ഒരു ക്ലാസ്സ് എടുത്ത് അവരുടെ വെറുപ്പ് പിടിച്ച് പറ്റണം '.
'പത്ത് പേരെ ഒന്നിച്ച് കിട്ടിയാല്‍ കേരളത്തിലെ റോഡുകളുടെ ശോചനീയവസ്ഥയെയും ഗള്‍ഫിലെ റോഡുകളുടെ നിര്‍മ്മാണ വൈദഗ്ധ്യത്തെയും പറ്റി ഒരു കവല പ്രസംഗം നടത്തണം.!! " ഒരു പരിഷ്കാരി വന്നിരിക്കുന്നു" എന്ന് അവര്‍ മനസിലെങ്കിലും പറയുമല്ലോ....'
'പിന്നെയും സമയം ബാക്കിയുണ്ടല്ലോ'!!.
'ബാങ്ക് മാനേജരെ ചെന്ന് കണ്ട് എന്‍. ആര്‍ . ഐ അക്കൌണ്ടിന്റെ ബലത്തില്‍ ഒരു ലോണ് ചോദിക്കാം. കിട്ടിയാല്‍ മുസ്‌ലി പവെര്‍ എക്സ്ട്രായുടെ ഡീലര്‍ഷിപ്പിന് ശ്രമിക്കണം. പരസ്യത്തിന്റെ ഒരു ഫ്രീക്വെന്‍സി വെച്ച് നോക്കീട്ട് ഇതിലും നല്ല ഒരു വരുമാനമാര്‍ഗം വേറെ കാണാന്‍ കഴിയില്ല'.
'അല്ലെങ്കില്‍ ഏതെങ്കിലും നാട്ട് വൈദ്യന്മാരെ കൂട്ട് പിടിച്ച് കുടവയര്‍ കുറക്കാനുള്ള എണ്ണയുടെ 'പേര് ' കണ്ടു പിടിക്കണം'. 'എണ്ണ ആര്‍ക്ക് വേണമെങ്കിലും ഉണ്ടാക്കാമല്ലോ?'
'അന്തിയുറങ്ങുന്ന വീടും പറമ്പും വിറ്റിട്ടായാലും കുഴപ്പമില്ല ..ഏതെങ്കിലും നിയമന ദല്ലാളന്‍മാരെ കൂട്ടുപിടിച്ച് സര്‍ക്കാര്‍ ജോലി കിട്ടുമോന്ന് നോക്കണം'!! .
ഇതിലെല്ലാം പരാജയപ്പെട്ടാല്‍ സൌദിയുടെ ഇനിയങ്ങോട്ടുള്ള വികസനപാതയില്‍ എന്റെ തുടര്‍സേവനം ഉണ്ടായിരിക്കും.
'മുമ്പ് പറഞ്ഞ മൈദാ മാവിന്റെ പരുവത്തിലുള്ള കനം തൂങ്ങുന്ന, വിങ്ങുന്ന മനസുമായി കുബൂസിന്റെയും ഷവര്‍മയുടെയും ലോകത്തില്‍'...
' സര്‍വൈവല്‍ ഓഫ് ദി ഫിറ്റെസ്റ്റ് '!!!!.........................
'അപ്പോള്‍ പിന്നെ...പാസ്പോര്‍ട്ടില്‍ എക്സിറ്റ് സ്റ്റാമ്പ് പതിയേണ്ട സമയമാകുന്നു'.........വീണ്ടും കാണാം.....