Pages

Sunday, May 1, 2011

പതിമൂന്ന് ആര്‍ക്ക് കറുത്ത വെള്ളി ?

കേരളത്തിലെ ഒരു കോടി എഴുപത്തിനാല് ലക്ഷത്തോളം സമ്മതിദായകര്‍ ഇക്കഴിഞ്ഞ പതിമൂന്നിന് വിവിധ മണ്ഡലങ്ങളിലായി നിക്ഷേപിച്ച വോട്ടുമുട്ടകള്‍  മേടച്ചൂട്  തട്ടി വിരിഞ്ഞ്  ഘടാഘടിയന്മാരായ 140 എം.എല്‍.എ' മാര്‍ പുറത്തുവരാന്‍ ഇനി വെറും പതിമൂന്ന് ദിനങ്ങള്‍ മാത്രം.  ഭാര്യയുടെ കടിഞ്ഞൂല്‍ പ്രസവവും കാത്ത്  ലേബര്‍ റൂമിന് മുമ്പില്‍  തേരാ പാരാ നടക്കുന്ന ഭര്‍ത്താക്കന്‍മാര്‍ക്ക് സമാനമായ സ്ഥാനാര്‍ഥികളുടെ വെപ്രാളവും, എത്ര കൂട്ടിയാലും 'ടാലിയാകാത്ത' മുന്നണികളുടെ അവകാശവാദങ്ങളും കാണുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പോലും ചിന്തിചിട്ടുണ്ടാകും, ഇത് ഇത്രയും നീട്ടേണ്ടിയിരുന്നില്ല എന്ന്. ഒന്നും രണ്ടും വെച്ച്  എണ്ണിപ്പെറുക്കിയിരുന്ന കാലത്ത് പോലും ഫലം അറിയാന്‍  ഇത്ര കാത്തുകെട്ടി ഇരിക്കേണ്ട ഗതികേട് ഉണ്ടായിരുന്നില്ല. കമ്മീഷന് ബുദ്ധിമുട്ടുണ്ടെങ്കില്‍ പറയണം. ചേര്‍ത്തലയിലെയോ, കടയ്ക്കലിലെയോ സര്‍ക്കാര്‍ ഡോക്ടര്‍മാരെ കാര്യം ഏല്‍പ്പിക്കാം നമുക്ക്. നിമിഷം നേരം കൊണ്ട് വോട്ടും മെഷീനും- രണ്ടും രണ്ടു പാത്രത്തില്‍ ഇട്ടു തരും അവര്‍.

മെയ്‌ 13 ആരുടെയെങ്കിലും കറുത്ത വെള്ളി ആയി മാറട്ടെ..... കൂടെ നടന്നവരും വന്നു കൂടിയവരും തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ എട്ടുകാലി മമ്മൂഞ്ഞ് വാദം പറഞ്ഞ് രണ്ട് വറ്റ് കൂടുതല്‍ ചോദിക്കട്ടെ! !!! കേരളം ഇടത്തേക്കോ വലത്തേക്കോ എത്ര ഡിഗ്രി ചെരിയും എന്ന് കണക്ക് കൂട്ടി തലപുകഞ്ഞിരിക്കുന്ന ഈ അവസരത്തില്‍ ഇരുമുന്നണികളും അവരുടെ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ചിലകാര്യങ്ങള്‍ എത്രമാത്രം പ്രായോഗികമാണെന്ന് നോക്കുന്നത് സമയം തള്ളിനീക്കാന്‍ നല്ലതാണെന്ന് തോന്നുന്നു.


അരി മുടക്കിയതാരെന്നോ, കിട്ടിയ അരിയില്‍ കല്ല്‌ വാരി വിതറിയതാരെന്നോ ഉള്ള സംശയങ്ങള്‍ക്ക് ഇനി തെല്ലും സ്ഥാനമില്ല. മൂന്നു മുതല്‍ ഒരു രൂപയ്ക്കു വരെ അരി കൊടുത്ത് മലയാളിയുടെ കുംഭ നിറക്കുമെന്ന് ഇരു മുന്നണികളും ഒരേ ശബ്ദത്തില്‍ പറഞ്ഞത് കേട്ട് മലയാളി കയ്യും കഴുകി ഇരിക്കുകയാണ്. നെല്ലും വയലും എന്നത് അതിവേഗം വിസ്മൃതിയിലേക്ക് പൊയ്ക്കൊണ്ടിരിക്കുന്ന നമ്മുടെ നാട്ടില്‍, എവിടെനിന്നും എടുത്ത് ഇത് കൊടുക്കുമെന്ന കാര്യത്തില്‍ എന്തെങ്കിലും ഉപായം നിങ്ങള്‍ കണ്ടിട്ടുണ്ടോ? പറമ്പിലും പാടത്തും കോണ്‍ക്രീറ്റ് കാടുകള്‍ വെച്ചുപിടിപ്പിച്ച്, വര്‍ഷം മുഴുവന്‍ പഞ്ഞക്കര്‍ക്കിടകത്തെ കൂടെക്കൂട്ടിയ നമ്മുടെ കലത്തില്‍ അരി വേകണമെങ്കില്‍ ഇടതു ജയിച്ചാലും വലത് ജയിച്ചാലും മാര്‍ഗം ഒന്നേയുള്ളൂ..... മലയാളിയെ എന്‍ഡോസള്‍ഫാന് പകരം ഇനിയെന്ത് വിഷം കുടിപ്പിക്കുമെന്ന് ചിന്തിച്ചു വിഷമിച്ചിരിക്കുന്ന പവാര്‍ മന്ത്രിയുടെ അടുത്ത് കയ്യും നീട്ടി ചെല്ലണം. ചുരുക്കി പറഞ്ഞാല്‍, പത്തായം പെറും, ചക്കി കുത്തും, അമ്മ വെക്കും, ഞാന്‍ ഉണ്ണും എന്ന പരമ്പരാഗത മാര്‍ഗം തന്നെ അവലംബിക്കണമെന്ന് സാരം.

25 മുതല്‍ 35 ലക്ഷം വരെ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുമെന്ന മുന്നണികളുടെ മത്സരിച്ചുള്ള പ്രഖ്യാപനത്തില്‍ എന്‍റെയും അന്തരംഗം സന്തോഷത്താല്‍ ' വിജ്രുംഭിച്ച് ' പോയതാണ്. ഒരുവേള ഇവിടുള്ള ജോലിയും ഉപേക്ഷിച്ചു നാട്ടിലേക്ക് മടങ്ങിയാലോ എന്ന് പോലും വിചാരിച്ചു. പക്ഷെ പത്തു ദിവസം പോലും ഞാന്‍ തികച്ച് ഉറങ്ങിയിട്ടില്ലാത്ത എന്റെ വീടും ഫെഡറല്‍ ബാങ്കും തമ്മിലുള്ള 'അഭേദ്യമായ ബന്ധം' എന്നെ പുറകോട്ടു വലിച്ചു കളഞ്ഞു. ഞാന്‍ മാത്രമല്ല, നാടും വീടും വിട്ട് മറുനാട്ടില്‍ ജോലിചെയ്യുന്ന ഏതൊരുവനും പിന്നെ നാട്ടില്‍ ജോലിയില്ലാതെ നടക്കുന്നവരുമൊക്കെ ഇങ്ങനെയുള്ള വാഗ്ദാനങ്ങള്‍ കേട്ടാല്‍ ഒരുപക്ഷെ വിജ്രുംഭിച്ചു പോകും. അറ്റ്‌ലീസ്റ്റ്, കഞ്ഞി തിളച്ചെങ്കിലും തുടങ്ങട്ടെ, എന്നിട്ട് പോകാം കണ്ണും തിരുമ്മി എഴുന്നേറ്റ്............!!!!!!!!!

40,000 കോടി രൂപയുടെ റോഡ് വികസന പദ്ധതി എന്ന വാഗ്ദാനം വായിച്ച് കണ്ണ് മഞ്ഞളിച്ചുപോയെങ്കിലും ആ പറഞ്ഞ തുകയുടെ നാലിലൊന്ന് റോഡുവികസനം എങ്കിലും വരട്ടെയെന്ന് ആത്മാര്‍ഥമായി ആഗ്രഹിക്കുന്നു. അല്ലെങ്കില്‍ പിന്നെ, ഈ പറഞ്ഞ 40,000 കോടി, 400,000,000,000.00 (പൂജ്യം കൂടി പോയോ?) എന്ന് അക്കത്തില്‍ എഴുതാനുള്ള വീതി പോലുമില്ലാത്ത , മണിക്കൂറില്‍ ശരാശരി 30 കിലോമീറ്റര്‍ വേഗതയില്‍ താഴെ മാത്രം സഞ്ചരിക്കാന്‍ കഴിയുന്ന നമ്മുടെ റോഡുകളുടെ അപര്യാപ്തതയെ മറികടക്കാന്‍ വാഹനങ്ങളുടെ വില്പനയും ഉപയോഗവും തടയേണ്ടിവരും. ദാരിദ്ര്യനിര്‍മാര്‍ജനത്തിനുള്ള ഏകമാര്‍ഗം ഗര്‍ഭചിദ്രത്തിലൂടെ ജനസംഖ്യ കുറക്കുക എന്ന മണ്ടന്‍ തിയറിപോലെ...........

വിദ്യാഭ്യാസ - ആരോഗ്യമേഖലകളില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍ രണ്ട് കൂട്ടരും അക്കമിട്ട് വിവരിച്ചിരിക്കുന്നത് കണ്ടു. കൂടുതല്‍ ഒന്നും പറയാനില്ല. മെഡിക്കല്‍ -എഞ്ചിനീയറിംഗ് എന്ട്രന്‍സ് റിസള്‍ട്ട് വന്നതിനു ശേഷം സ്വകാര്യ മാനേജ്മെന്റുകളുമായി ' വാണിയംകുളം കാളക്കച്ചവടം ' മോഡല്‍ ചര്‍ച്ചയില്‍ ഒതുങ്ങുന്നതാവരുത് വിദ്യാഭ്യാസമേഖലയില്‍ നടപ്പാക്കാന്‍ ഉദ്ദേശിക്കുന്ന പരിഷ്ക്കാരങ്ങള്‍. കൊതുകിന്‍റെ മൂളല്‍ കേള്‍ക്കുമ്പോള്‍ മാത്രം പനിച്ചു വിറച്ച് കിടക്കുന്നവന് പാരസെറ്റമോള്‍ വാങ്ങാന്‍ കര്‍ക്കിടക മഴയത്ത് കുടയും ചൂടി പോകുന്നതില്‍ ഒതുങ്ങരുത് ആരോഗ്യരംഗത്തെ പ്രവര്‍ത്തനങ്ങള്‍. വഴിതെറ്റി വന്നുപെടുന്ന വിനോദസഞ്ചാരിയുടെ ഒരു കയ്യില്‍നിന്നും നികുതിഭാരം ഇറക്കിവെച്ച് മറുകയ്യില്‍ സൈക്കിള്‍ ബ്രാന്‍ഡ്‌ അഗര്‍ബത്തി കത്തിച്ച് കൊടുത്ത് ടൂറിസം മേഖലയെ ഉദ്ധരിക്കാന്‍ നോക്കരുത്.

പ്രാദേശിക ടെലിവിഷന്‍ ചാനലുകളെ പ്രോത്സാഹിപ്പിക്കുമെന്ന വാഗ്ദാനവും ഒരു മുന്നണിയുടെ പ്രകടനപത്രികയില്‍ കണ്ടു. പ്ലീസ്‌...ഉപദ്രവിക്കരുത്... ഇപ്പോള്‍ തന്നെ മൂന്നേകാല്‍ കോടിയില്‍പരം ജനങ്ങള്‍ക്ക്‌ ദിവസം നാല്പ്പതിയെട്ടു മണിക്കൂറും മാറ്റി മാറ്റി പീഡിപ്പിക്കുവാനുള്ള ചാനലുകള്‍ നമുക്കുണ്ട്. ഇനി ഈ സൈസിലുള്ള ഒരെണ്ണം പോലും താങ്ങുവാനുള്ള ബാന്‍ഡ് വിഡ്ത് മലയാളിയുടെ ഉള്ളിലോടുന്ന കേബിളുകള്‍ക്കില്ല. ഇനി അഥവാ കൂടുതല്‍ ചാനലുകള്‍ വന്നാലേ ചെയ്തുകൂട്ടുന്ന സല്‍പ്രവര്‍ത്തികള്‍ ജനങ്ങളിലേക്ക് എത്തൂ എന്ന് കരുതുന്നുവെങ്കില്‍ ഘട്ടം ഘട്ടമായി മാത്രം പ്രോത്സാഹിപ്പിക്കുക. അല്ലെങ്കില്‍ ഒരു പക്ഷെ ' ഇടുങ്ങിയ ചാനലുകളില്‍ ' നിന്നും ഒരേസമയം പുറത്തുചാടുന്ന വളര്‍ച്ച മുരടിച്ച റിപ്പോര്‍ട്ടര്‍മാര്‍ തമ്മിലിടിച്ചു പരിക്കേല്‍ക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.

ഇപ്പറഞ്ഞതത്രയും വായിച്ച് ബോറടിച്ച എല്ലാവര്‍ക്കുമായി ഏറ്റവും ഒടുവിലത്തെ വാഗ്ദാനം സമര്‍പ്പിക്കുന്നു. " അഞ്ചുവര്‍ഷം കൊണ്ടു കേരളത്തെ ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വളരുന്ന സംസ്ഥാനമാക്കി മാറ്റും" (അതിവേഗം ബഹുദൂരം) !!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!!! ചിരിച്ചോ ചിരിച്ചോ...ടിന്റുമോന്‍ എന്ത് പറഞ്ഞാലും നിങ്ങളതെല്ലാം തമാശയായി എടുക്കും..........

---------------------------------------------------------------------------------------------------------------------------------
റീ- കൌണ്ടിംഗ് : ഇനി വരാന്‍ പോകുന്നത് ഇടതാണെങ്കിലും വലതാണെങ്കിലും ഒരു ചെറിയ അപേക്ഷ... പറഞ്ഞതെല്ലാം വിഴുങ്ങരുത്.... അല്‍ഷിമേഴ്സിന്റെ അന്തകവിത്ത്‌ ഹെലികോപ്റ്ററില്‍ കൊണ്ട് വന്ന് മലയാളിയുടെ ബോധമണ്ഡലത്തിലേക്ക് സ്പ്രേ ചെയ്ത്, പതിവ് പോലെ സ്വന്തം പാര്‍ട്ടിയിലെ തൊഴുത്തില്‍കുത്തും, മുന്നണിക്കുള്ളിലെ കലാപങ്ങളും, വെട്ടിത്തിരുത്തലുകളും വെട്ടിനിരത്തലുകളും, ഡല്‍ഹി യാത്രകളുമായി അഞ്ചു കൊല്ലം തള്ളി നീക്കാമെന്ന് ദയവുചെയ്ത് കരുതരുത്. ഈ പടച്ചുകൂട്ടിയ പ്രകടന പത്രികകള്‍ക്ക് അത് അടിച്ചുകൂട്ടിയ കടലാസിന്റെ വില പോലും നിങ്ങള്‍ കൊടുക്കില്ല എന്നറിയാം. പക്ഷെ, ' ഇനി ചിലപ്പോള്‍ ബിരിയാണി കൊടുക്കുന്നുണ്ടെങ്കിലോ' എന്ന് സ്വപ്നം കണ്ട് കയ്യിലെ എണ്ണമെഴുക്ക് കളയാന്‍ സോപ്പും കയ്യില്‍ വെച്ച് നടക്കുന്ന ഒരു ന്യൂനപക്ഷം ആള്‍ക്കാരെങ്കിലും നമ്മുടെ നാട്ടില്‍ ഉണ്ടെന്ന് ഓര്‍ത്താല്‍ നല്ലത്.... അവസാനം, ഇതെല്ലാം കണ്ടു കേട്ട് മനസ് മടുത്ത, ചിന്തിക്കാന്‍ കഴിവുള്ള ഇന്നത്തെ തലമുറയെ അരാഷ്ട്രീയവാദികളെന്നോ, സാമൂഹിക പ്രതിബദ്ധത ഇല്ലത്തവരെന്നോ വിളിച്ച് അധിക്ഷേപിക്കരുത്. അഴിമതിക്കെതിരെ ഈ അടുത്തുനടന്ന ചില സമരങ്ങള്‍ കൂടുതല്‍ വ്യാപ്തിയിലേക്ക് വളര്‍ന്നാല്‍ , ആ പ്രതിഷേധത്തിന്റെ ചൂട് താങ്ങാനുള്ള ശേഷി ഒന്ന് സണ്‍ബാത്ത് ചെയ്തു പോലും വെയില് കൊള്ളിക്കാത്ത നിങ്ങളുടെ ത്വക്കിന് ഉണ്ടായിക്കൊള്ളണമെന്നില്ല.

ജയ്‌ ഹിന്ദ്‌.... ഒപ്പം രണ്ട് ലാല്‍സലാമും.................